Follow Us On

05

October

2022

Wednesday

യുദ്ധക്കെടുതിയിലായ സിറിയൻ ജനതയെ ചേർത്തുപിടിച്ച് പരിശുദ്ധ ദെവമാതാവ്; മൂന്ന് വർഷം ദീർഘിച്ച മരിയൻ പര്യടനത്തിന് പരിസമാപ്തി

യുദ്ധക്കെടുതിയിലായ സിറിയൻ ജനതയെ ചേർത്തുപിടിച്ച് പരിശുദ്ധ ദെവമാതാവ്; മൂന്ന് വർഷം ദീർഘിച്ച മരിയൻ പര്യടനത്തിന് പരിസമാപ്തി

ഹോംസ്: യുദ്ധക്കെടുതിയിലായ തങ്ങളോരോരുത്തർക്കും ആശ്വാസം പകരാനെത്തിയ വ്യാകുലമാതാവിന്റെ പര്യടനത്തിന് കൃതജ്ഞതാഭരിതമായ പരിസമാപ്തി ഒരുക്കി സിറിയൻ ജനത. ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹാശിസുകളോടെ പൊന്തിഫിക്കൻ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) സംഘടിപ്പിച്ച മൂന്ന് വർഷത്തെ മരിയൻ പര്യടനത്തിന് വ്യാകുലമാതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു സമാപനം. യുദ്ധക്കെടുതി രൂക്ഷമായി അനുഭവിക്കേണ്ടി ഹോംസ് നഗരത്തിൽ ക്രമീകരിച്ച മരിയൻ പ്രദക്ഷിണത്തോടെയാണ് തിരുസ്വരൂപ പ്രയാണത്തിന് തിരശീലവീണത്.

അൽ സിന്നാറിലെ സിറിയൻ ഓർത്തഡോക്‌സ് ദൈവാലയത്തിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം പുനരുദ്ധരിച്ച ഔർ ലേഡി ഓഫ് പീസ് മെൽക്കൈറ്റ് ദൈവാലയത്തിലാണ് സമാപിച്ചത്. യുദ്ധത്തിൽ തകർന്ന ശേഷം ‘എ.സി.എന്നി’ന്റെ സഹായത്തോടെ നിർമിക്കപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നാണ് ഔർ ലേഡി ഓഫ് പീസ് മെൽക്കൈറ്റ് ദൈവാലയം. സഭാ നേതൃത്വത്തിനൊപ്പം ‘എ.സി.എൻ’ മധ്യപൂർവേഷ്യയുടെ മുൻ പ്രൊജക്റ്റ് ഡയറക്ടറും മരിയൻ പര്യടനം എന്ന ചിന്ത പകരുകയും ചെയ്ത ഫാ. ആൻഡ്രസേജ് ഹാലെംബ, പര്യടനത്തിനുള്ള തിരുരൂപം തയാറാക്കിയ ഫാ. സ്പിരിഡോൺ കബ്ബാഷ് എന്നിവരും സന്നിഹിതരായിരുന്നു.

സമാപനത്തിന്റെ പിറ്റേന്ന് റാബ്ലെയിലെ സെന്റ് എലീശ്വ ആശ്രമത്തിൽ നടന്ന തിരുരൂപ പ്രതിഷ്ഠാകർമത്തിലും നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2011നും 2022നും ഇടയിൽ സിറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട 1271 ക്രൈസ്തവരുടെ പേരുകൾ രേഖപ്പെടുത്തിയ പുസ്തകം പ്രതിഷ്ഠാ തിരുക്കർമമധ്യേ, എ.സി.എൻ പ്രസിഡന്റ് ഹെയിൻ ഗെൽഡേൻ പരിശുദ്ധ മാതാവിന്റെ തൃപ്പാദത്തിൽ സമർപ്പിച്ചതും ശ്രദ്ധേയമായി.

‘വ്യാകുലമാതാവ്: സിറിയൻ ജനതയുടെ ആശ്വാസദായിക’ എന്ന വിശേഷണവുമായി 2019ൽ ഫ്രാൻസിസ് പാപ്പ പ്രത്യേകം ആശീർവദിച്ച് നൽകിയ വ്യാകുലമാതാവിന്റെ തിരുരൂപം ഇക്കാലത്തിനിടെ രാജ്യത്തെ എല്ലാ കത്തോലിക്കാ, ഓർത്തഡോക് ദൈവാലയങ്ങളിലും പര്യടനം നടത്തി. യുഎന്നിന്റെ കണക്കുപ്രകാരം, സിറിയൻ യുദ്ധംമൂലം കഴിഞ്ഞ 11 വർഷത്തിനിടെ 67 ലക്ഷം പേർ ഭവനരഹിതരായിട്ടുണ്ട്; 66 ലക്ഷം പേർക്ക് പലായനം ചെയ്യേണ്ടിവന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?