ന്യൂയോർക്ക്: അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത ’40 ഡേയ്‌സ് ഫോർ ലൈഫ്’ പ്രാർത്ഥനാ യജ്ഞത്തിന് തയാറെടുത്ത് 600ൽപ്പരം നഗരങ്ങൾ. ഉപവാസം അനുഷ്ഠിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’. സെപ്തംബർ 28ന് ആരംഭിക്കുന്ന പുതിയ കാംപെയിൻ നവംബർആറിനാണ് സമാപിക്കുക.
നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങൾക്കു പുറമെ ബെൽജിയം, ജർമനി, യു.കെ, അയർലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നൈജീരിയ, എത്യോപ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലാണ് ഇത്തവണ ’40 ഡേയ്സ് ഫോർ ലൈഫ്’ നടക്കുക. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ മുന്നിൽ ഓരോ ദിവസവും 12 മണിക്കൂർ നേരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ സവിശേഷതയാകും.
2004ലാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’ എന്ന പ്രാർത്ഥനാ സംരംഭം സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാലു പേരായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 63 രാജ്യങ്ങളിലെ 1000ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്.’
Leave a Comment
Your email address will not be published. Required fields are marked with *