Follow Us On

29

February

2024

Thursday

പുതിയ ഇടയനെ വരവേൽക്കാൻ തയാറെടുത്ത് ചിക്കാഗോ രൂപത, മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോബർ ഒന്നിന്

പുതിയ ഇടയനെ വരവേൽക്കാൻ തയാറെടുത്ത് ചിക്കാഗോ രൂപത, മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഭാരതത്തിന് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇടയനായി നിയുക്തനായ മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഒക്‌ടോബർ ഒന്നിന്. ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന തിരുക്കർമങ്ങളിൽ ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉൾപ്പെടെ യു.എസിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള 18 ബിഷപ്പുമാരും 100ൽപ്പരം വൈദീകരും സഹകാർമികരാകും. തിരുക്കർമങ്ങൾ ശാലോം ടി.വി തത്‌സമയം ലഭ്യമാക്കും.

രാവിലെ 9.00ന് കാർമികർ തിരുവസ്ത്രങ്ങളിഞ്ഞ് മാർത്തോമാ ശ്ലീഹാ കത്തിഡ്രിലിന്റെ പാരിഷ് ഹാളിൽനിന്ന് പ്രദഷിണമായി ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമാകുക. ഭക്തിനിർഭരമായ ചരിത്ര നിമിഷത്തിന് മാറ്റുകൂട്ടാൻ സി.സി.ഡി.വിദ്യാത്ഥികൾ പേപ്പൽ പതാകകളുമായി പ്രദക്ഷിണത്തിന്റെ ഇരുവശങ്ങളിലും അണിചേരും.

മാർ ജോയ് ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചുകൊണ്ടുള്ള പേപ്പൽ ഉത്തരവ് അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ വായിക്കുന്നതാണ് തിരുക്കർമങ്ങളുടെ പ്രഥമ ഭാഗം. തുടർന്ന് അതിന്റെ മലയാള പരിഭാഷ ചാൻസിലർ ഫാ. ജോർജ് ദാനവേലിൽ വായിക്കും. ഡിട്രോയിറ്റിലെ കൽദായ കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് കലബത്ത് വചനസന്ദേശം നൽകും.

മാർ അങ്ങാടിയത്തിന് നന്ദി അർപ്പിക്കാനും മാർ ആലപ്പാട്ടിന് ആശംസ നേരാനുമായി ഉച്ചയ്ക്ക് 1.30ന് സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മാർ ആലഞ്ചേരി അധ്യക്ഷനായിരിക്കും. ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ബിഷപ്പ് കുർട് ബർണറ്റ്, വികാരി ജനറൽ ഫാ. തോമസ് മുളവനാൽ, വികാരി ജനറലും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളിൽ ഉൾപ്പെടെയുള്ളവർ ആശംസകൾ നേരും. തുടർന്ന് മാർ അങ്ങാടിയത്തും മാർ ആലപ്പാട്ടും മറുപടി പ്രസംഗം നടത്തും.

1993ൽ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിൽ നിയോഗിക്കപ്പെട്ട മാർ ആലപ്പാട്ട് 2014 സെപ്തംബർ 27 മുതൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായമെത്രാനായിരുന്നു. രൂപതയുടെ അജപാലന പ്രവർത്തനങ്ങളിൽ മാർ അങ്ങാടിയത്തിനോട് ചേർന്ന് സഹായമെത്രാനെന്ന നിലയിൽ എട്ടു വർഷം പ്രവർത്തിച്ചതിന്റെ അനുഭവസ മ്പത്തുമായാണ് മാർ ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

തൃശൂർ പറപ്പുക്കരയിൽ പരേതരായ ആലപ്പാട്ട് വർഗീസ്- റോസി ദമ്പതികളുടെ മകനാണ് മാർ ആലപ്പാട്ട്. 1981 ഡിസംബർ 31ന് തിരുപ്പട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നെ മിഷനിലും സേവനം ചെയ്ത ഇദ്ദേഹം ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും വാഷിംഗ്ണിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽനിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷനിൽ ഉന്നത വിജയവും നേടിയിട്ടുണ്ട്.

മികച്ച ജീവിതസാഹചര്യങ്ങൾതേടി അമേരിക്കയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളെ ഒരുമിച്ച് ചേർക്കുക, അവർക്ക് തനത് ആരാധനക്രമത്തിൽ വളരാൻ സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളുമായി 2001 ജൂലൈ ഒന്നിനാണ് ചിക്കാഗോ കേന്ദ്രീകരിച്ച് സെന്റ് തോമസ് രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപത എന്നതിനപ്പുറം ഭൂവിസ്തൃതിയിൽ ഏറ്റവും വലുപ്പമുള്ള രൂപത എന്ന ഖ്യാതികൂടിയുണ്ട് ചിക്കാഗോ രൂപതയ്ക്ക്. 50 സംസ്ഥാനങ്ങളുള്ള അമേരിക്കൻ ഐക്യനാടുകൾ മുഴുവനുമാണ് ചിക്കാഗോ രൂപതയുടെ അധികാര പരിധി.

******

തിരുക്കർമങ്ങൾ ശാലോം അമേരിക്ക ചാനലിൽ തത്‌സമയം സംപ്രേഷണം ലഭ്യമാക്കുന്നതിനൊപ്പം പുറമെ ശാലോം മീഡിയയുടെ വെബ്‌സൈറ്റിലും (shalommedia.org/live) ഫേസ്ബുക്ക് പേജിലും (facebook.com/ShalomMedia.org) യൂടൂബ് ചാനലിലും (www.youtube.com/watch) തത്‌സമയം കാണാൻ സൗകര്യമുണ്ടാകും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?