ബൊഗോട്ട: കൊളംബിയൻ എയർപോർട്ടിലെ കത്തോലിക്കാ ചാപ്പൽ സർവമത പ്രാർത്ഥനാലയം ആക്കാനുള്ള ശ്രമം അധികാരികൾ ഉപേക്ഷിക്കുമ്പോൾ വിശ്വാസീസമൂഹത്തിന് അഭിമാനിക്കാം. ഒരൊറ്റ മനസോടെ അവർ നടത്തിയ പ്രതിഷേധവും പ്രാർത്ഥനാ യജ്ഞങ്ങളുമാണ് ഗൂഢലക്ഷത്തോടെ അധികൃതർ നടത്തിയ നീക്കം തടയാൻ കാരണമായത്. കൊളംബിയയിലെ എൽ ഡൊറാഡോ ഇന്റർനാഷണൽ എയർപോർട്ടിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ചാപ്പൽ അടച്ചുപൂട്ടി അവിടം സർവമത പ്രാർത്ഥനാലയം ആക്കാനുള്ള അധികൃതരുടെ തീരുമാനം വലിയ വാർത്തയായിരുന്നു.
വിമാനത്താവളം പ്രവർത്തിപ്പിക്കുന്ന മാനേജ്മെന്റ് കമ്പനിയായ ‘ഒപെയ്ൻ’ കൈക്കൊണ്ട തീരുമാനം വിവാദമായതോടെ, എയർ ടെർമിനൽ അഡ്മിനിസ്‌ട്രേറ്റർമാരും സഭാനേതൃത്വവും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ചാപ്പൽ തുറന്നുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഫോന്തിബോൺ ബിഷപ്പ് ഫോന്തിബോൺ ഹുവാൻ വിച്ചെന്തെ കോർഡോബ വെളിപ്പെടുത്തി. കൊളംബിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ലൂയിസ് ഹൊസെ റുവേഡയും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ചാപ്പലിന് രൂപമാറ്റം വരുത്തി സർവമത പ്രാർത്ഥനാലയമാക്കാനുള്ള തീരുമാനം അധികാരികൾ പ്രഖ്യാപിച്ചത്. ഇതിനായി ചാപ്പലിലെ തിരുരൂപങ്ങൾ ഉൾപ്പെടെയുള്ള ആരന്ധനക്രമ സാമഗ്രികൾ മാറ്റാൻ ചാപ്പലിന്റെ മേൽനോട്ടം നിർവഹിച്ചിരുന്ന ഫോന്തിബോൺ രൂപതയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് വിശ്വാസികൾ പ്രതിഷേധത്തിനൊപ്പം പ്രാർത്ഥനാ യജ്ഞവും ക്രമീകരിച്ചു. അടച്ചുപൂട്ടിയ ചാപ്പലിന് പുറത്ത് വിശ്വാസികൾ ഒത്തുകൂടി ജപമാല അർപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഇതിന് ഐക്യദാർഢ്യമെന്നോണം കത്തോലിക്കാസഭാ പ്രതിനിധികളും രാഷ്ട്രീയക്കാരും പൗരപ്രമുഖരും എയർപോർട്ട് അധികാരികളെ തീരുമാനത്തെ ചോദ്യം ചെയ്തതും ശ്രദ്ധേയമായി. പ്രതിഷേധം വ്യാപകമായതോടെ ചർച്ചയ്ക്കുള്ള വഴി തുറക്കുകയായിരുന്നു. കത്തോലിക്കാ ചാപ്പൽ അവിടെതന്നെ പ്രവർത്തിക്കാൻ അനുവദിക്കുന്നതോടൊപ്പം മറ്റ് മതങ്ങൾക്കായി പൊതുവായ ആരാധന കേന്ദ്രം പുതുതായി ആരംഭിക്കാനുമാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി ചാപ്പൽ ഉടൻ തുറന്നുനൽകുമെന്നും സഭാനേതൃത്വം വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *