വത്തിക്കാൻ സിറ്റി: ഊഹാപോഹങ്ങൾക്ക് വിട നൽകി വത്തിക്കാന്റെ സ്ഥിരീകരണം- നവംബർ മൂന്നു മുതൽ ആറുവരെ ഫ്രാൻസിസ് പാപ്പ ബഹറൈനിൽ അപ്പസ്‌തോലിക പര്യടനം നടത്തും. രാജ്യം സന്ദർശിക്കാനുള്ള ഭരണകൂടത്തിന്റെയും പ്രാദേശീക സഭാ നേതൃത്വത്തിന്റെയും ക്ഷണം പാപ്പ അംഗീകരിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്. സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബഹറൈൻ ഇതാദ്യമായാണ് പേപ്പൽ പര്യടനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
‘കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്വം’ എന്ന വിഷയത്തിലൂന്നി ബഹറൈനിൽ സമ്മേളിക്കുന്ന സമ്മിറ്റിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പേപ്പൽ പര്യടനം. മനാലി, അവാലി നഗരങ്ങളിലാണ് പ്രധാനമായും പാപ്പ സന്ദർശിക്കുക. യാത്രയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വരും ദിനങ്ങളിൽ വത്തിക്കാൻ പുറത്തുവിടും. രാജ്യത്ത് ആദ്യമായി എത്തുന്ന കത്തോലിക്കാ സഭയുടെ പരമാചാര്യനെ വരവേൽക്കാൻ പേർഷ്യൻ ഗൾഫ് ദ്വീപ് രാഷ്ട്രമായ ബഹറൈൻ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
അറേബ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലമായ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ സ്ഥിതി ചെയ്യുന്ന രാജ്യം കൂടിയാണ് ബഹറൈൻ. ബെനഡിക്ട് 16^ാമൻ പാപ്പ 2008ൽ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ബഹറൈൻ രാജാവ് സമ്മാനിച്ച സ്ഥലത്ത് നിർമിച്ച ദൈവാലയം കഴിഞ്ഞ വർഷമാണ് കൂദാശ ചെയ്തത്. അതിന് മുന്നോടിയായി ബഹറൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കാനെത്തിയപ്പോൾ മുതൽ പേപ്പൽ സന്ദർശനത്തിനായി ഉറ്റുനോക്കുകയായിരുന്നു രാജ്യം. പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച വിവരം അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു.
നിർമിക്കാനുദ്ദേശിക്കുന്ന കത്തീഡ്രലിന്റെ മാതൃക ബഹറൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ 2014ൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചതും വലിയ വാർത്തയായിരുന്നു. ഇസ്ലാമിക രാജ്യമായ ബഹറൈനിൽ 1,70,000 ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. ഇതിൽ 1,40,000 പേർ കത്തോലിക്കരാണ്. ഇതിൽ ബഹറൈൻ പൗരന്മാരുടെ എണ്ണം 1000 മാത്രമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് മറ്റുള്ളവർ.
Leave a Comment
Your email address will not be published. Required fields are marked with *