Follow Us On

01

December

2022

Thursday

കമ്മ്യൂണിറ്റ്, ഇസ്ലാമിക രാജ്യങ്ങളിൽ തിരുവചനമെത്തിക്കാൻ ജീവൻ പണയംവെച്ച ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’  യാത്രയായി

കമ്മ്യൂണിറ്റ്, ഇസ്ലാമിക രാജ്യങ്ങളിൽ തിരുവചനമെത്തിക്കാൻ ജീവൻ പണയംവെച്ച ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’  യാത്രയായി

ആംസ്റ്റർഡാം: കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കുള്ളിലും ഇസ്ലാമിക തീവ്രവാദം അരങ്ങുവാഴുന്ന രാജ്യങ്ങളിലും ക്രിസ്തുസന്ദേശം എത്തിക്കാൻ ജീവൻ പണയപ്പെടുത്തിയ ബ്രദർ ആൻഡ്രൂ എന്ന ആൻഡ്രൂ വാൻഡർ ബൈൽ (94) യാത്രയായി. ക്രിസ്തുവിശ്വാസംതന്നെ നിരോധിതമായ നാടുകളിൽ ബൈബിൾ ലഭ്യമാക്കാൻ സാഹസിക മാർഗം തിരഞ്ഞെടുത്തതിലൂടെ ‘ദൈവത്തിന്റെ കള്ളകടത്തുകാരൻ’ എന്ന വിശേഷണം കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ വിയോഗം സെപ്തംബർ 28നായിരുന്നു. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ ബദ്ധശ്രദ്ധരായ ‘ഓപ്പൺ ഡോർസ്’ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകൻകൂടിയാണ് ഇദ്ദേഹം.

ശീതയുദ്ധം കൊടുംപിരികൊണ്ട നാളുകളിൽ പോളണ്ട്, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവ്യ, കിഴക്കൻ ജർമനി, ബൾഗേറിയ ഉൾപ്പെടെയുള്ള സോവിയറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ബൈബിളുകൾ എത്തിച്ച ഇദ്ദേഹം 1955 ലാണ് ‘ഓപ്പൺ ഡോർസി’ന് തുടക്കം കുറിച്ചത്. ബൈബിൾ ലഭ്യമാക്കുന്നതിനപ്പുറം ഒറ്റപ്പെട്ടുപോകുന്ന, അടിച്ചമർത്തപ്പെടുന്ന, മുഖ്യധാരാ സമൂഹം പലപ്പോഴും മറന്നുപോകുന്ന പീഡിത ക്രൈസ്തവരെ ചേർത്തുപിടിക്കാനും അവർക്കായി ശബ്ദമുയർത്താനും രൂപീകൃതമായ ‘ഓപ്പൺ ഡോർസ്’ 60ൽപ്പരം രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംരംഭമാണിപ്പോൾ.

1928ൽ നെതർലൻഡ്‌സിലെ ദരിദ്രകുടുംബത്തിൽ ജനിച്ച ആൻഡ്രുവിന്റെ ജീവിതം മാറ്റിമറിച്ചത് പട്ടാള സേവനത്തിനിടയിലുണ്ടായ ഒരു അപകടമാണ്. ഡച്ച് കോളനിയായ ഇന്തോനേഷ്യയിൽ സേവനം ചെയ്യുന്ന നാളുകളിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ് ചികിത്‌സയിലായിരിക്കവേ അവിചാരിതമെന്നോണം കൈയിൽ കിട്ടിയ ബൈബിൾ ആൻഡ്രുവിനെ അടിമുടി മാറ്റിമറിച്ചു. ബൈബിളിൽനിന്ന് ലഭിച്ച ആ ദൈവാനുഭവം അദ്ദേഹത്തെ നയിച്ചത് സ്‌കോട്ട്‌ലൻഡിലെ മിഷണറി ട്രയിനിംഗ് കോളജിലേക്കാണ്. അതേ തുടർന്നായിരുന്നു, സാഹസികമെന്നോ സമാനതകളില്ലാത്തതെന്നോ വിശേഷിപ്പിക്കാവുന്ന മിഷൻ പ്രവർത്തനത്തിന്റെ ആരംഭം.

‘ഓപ്പൺ ഡോർസി’ന്റെ രൂപീകരണത്തോടെ 1955മുതൽ 1967വരെയുള്ള കാലഘട്ടത്തിൽ ഈസ്റ്റേൺ യൂറോപ്പിലേക്ക് ബൈബിളുകൾ എത്തിക്കാൻ അദ്ദേഹം നടത്തിയ യാത്രകൾക്ക് കണക്കില്ല. ഇദ്ദേഹത്തിന്റെ മിഷണറി തീക്ഷ്ണത തിരിച്ചറിഞ്ഞ് ഒരു വൃദ്ധദമ്പതികൾ സമ്മാനിച്ച ഫോക്‌സ് വാഗൺ ബിറ്റീൽ കാറിൽ ബൈബിളുകൾ നിറച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെല്ലാം. യാത്രയ്ക്കിടയിൽ സോവിയറ്റ് സൈന്യത്തിന്റെ പിടിയിൽ പെടാമായിരുന്നത് ഉൾപ്പെടെ നേരിടേണ്ടിവന്ന വെല്ലുവിളികളും നിരവധിയത്രേ.

സോവിയറ്റ് രാജ്യങ്ങളിൽമാത്രം ഒതുങ്ങിനിന്നിരുന്ന ‘ഓപ്പൺ ഡോർസി’ന്റെ പ്രവർത്തനങ്ങൾ 1970കളിൽ ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും വ്യാപിക്കുകയായിരുന്നു. ചൈനയിലെ പീഡിത സഭയെ സഹായിക്കാൻ ‘പ്രൊജക്റ്റ് പേൾ’ എന്ന പേരിൽ 1981ൽ ആരംഭിച്ച ദൗത്യമായിരുന്നു ഏഷ്യയിലെ ആദ്യകാല പ്രവർത്തനങ്ങളിൽ ശ്രദ്ധേയം. 1981ലെ ഒരൊറ്റ രാത്രികൊണ്ട് ഒരു ദശലക്ഷം ബൈബിളുകളാണ് ‘ഓപ്പൺ ഡോർസ്’ ചൈനയിലെ പീഡിത സഭാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്.

ചൈനയ്ക്കു പുറമെ ഏഷ്യയിൽ കമ്മ്യൂണിസം പിടിമുറുക്കിയിരുന്ന നോർത്ത് കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ മിഷൻ ദൗത്യം മുന്നേറുന്ന 1970^ 80 കാലഘട്ടത്തിൽതന്നെയാണ് ഇസ്ലാമിക രാജ്യങ്ങളിലെ സമ്മർദങ്ങളും പീഡനങ്ങളും നേരിടുന്ന കൈസ്തവ സമൂഹത്തിലേക്കും ‘ഓപ്പൺ ഡോർസി’ന്റെ ശ്രദ്ധ പതിയുന്നത്. പീഡിത ക്രൈസ്തവരെ കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുക, അടിയന്തര സഹായങ്ങൾ ലഭ്യമാക്കുക, സഭാനേതാക്കൾക്കുവേണ്ടിയുള്ള പരിശീലനങ്ങൾ നൽകുക, പീഡിത ക്രൈസ്തവരുടെ സാമൂഹിക^ സാമ്പത്തിക ഉന്നമനത്തിനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ ബഹുമുഖമായ പദ്ധതികളാണ് ‘ഓപ്പൺ ഡോർസി’നെ സവിശേഷമാക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?