‘അപ്പനും അമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കുംവേണ്ടി ഓമന നടന്നത് 63000 കിലോമാറ്റര്‍’ എന്ന തലക്കെട്ടില്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ നായികയാണ് ഓമന തോമസ്. കോട്ടയം ജില്ലയിലെ മലയോരഗ്രാമമായ പയസ്മൗണ്ട് സ്വദേശിനി. 90 വയസുകഴിഞ്ഞ പ്രായമായ മാതാപിതാക്കളെയും തളര്‍ന്നുകിടക്കുന്ന മാനസികരോഗിയായ സഹോദരനെയും പരിചരിക്കുവാനും ഭക്ഷണം നല്‍കുവാനുമായി ഓമന തോമസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നു തീര്‍ത്ത ദൂരമാണ് 63,000 കിലോമീറ്റര്‍. ബസും മറ്റ് വാഹനസൗകര്യങ്ങളുമില്ലാതിരുന്ന കോവിഡ് കാലത്ത് ദിവസവും ഇരുപതിലധികം കിലോമീറ്റര്‍ ദൂരവും സാധാരണ ദിവസങ്ങളില്‍ ബസ് യാത്ര കൂടാതെ പത്തിലധികം കിലോമീറ്റര്‍ ദൂരവും ഇരുവശത്തേക്കുമായി കാല്‍നടയായി സഞ്ചരിച്ചാണ് ഒറ്റപ്പെട്ട സ്ഥലത്ത് കഴിയുന്ന മാതാപിതാക്കള്‍ക്കും സഹോദരനും ഓമന ഭക്ഷണമെത്തിക്കുന്നത്. ഇത്രയധികം ക്ലേശം സഹിച്ച് മാതാപിതാക്കളെയും സഹോദരനെയും പരിചരിക്കാനുള്ള ഓമനയുടെ സന്മനസ് ആ വീഡിയോ കണ്ട എല്ലാവര്‍ക്കും വലിയ പ്രചോദനവും ഊര്‍ജ്ജവും നല്‍കിയിട്ടുണ്ട് എന്നതിനുള്ള തെളിവാണ് ആരും ആവശ്യപ്പെടാതെ തന്നെ ഓമനെയെയും ആ കുടുംബത്തെയും സഹായിക്കുവാനായി സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ആ വീഡിയോയ്ക്ക അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആയിരക്കണക്കിന് കമന്റുകള്‍.
വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ പരിചരിക്കുന്നത് ഒരു പുണ്യമായി കണ്ടിരുന്ന കാലത്തില്‍ നിന്ന് ഒരു ഭാരമോ കുറഞ്ഞ പക്ഷം അസൗകര്യമോ ആയെങ്കിലും കരുതുന്ന കാലഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഓമന തോമസിന്റെ മാതൃക വേറിട്ട് നില്‍ക്കുന്നു. വാര്‍ധക്യത്തിലെത്തിയവരും രോഗബാധിതരുമായ മാതാപിതാക്കളെ പരിചരിക്കുവാന്‍ അസാമന്യ ത്യാഗങ്ങളെടുക്കുന്ന ഓമനയെപ്പോലെയുള്ളവര്‍ ഇന്നും സമൂഹത്തിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോഴും അത്തരക്കാരുടെ സംഖ്യ തുലോം കുറവാണെന്ന് പറയാതെ തരമില്ല. അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ജോലിഭാരവും സാമ്പത്തിക പരാധീനതകളും ഉള്‍പ്പെടെ നിരവധി ന്യായീകരണങ്ങള്‍ നിരത്താമെങ്കിലും ജീവിതത്തിന്റെ നല്ലകാലം മുഴവന്‍ കുടുംബത്തിനും മക്കള്‍ക്കും വേണ്ടി വ്യയം ചെയ്ത മാതാപിതാക്കളുടെ വാര്‍ധക്യത്തില്‍ അവര്‍ക്ക് തുണയാകുന്നതില്‍ നിന്ന് ഒഴിവുനേടാന്‍ ഇവയൊന്നും മതിയായ കാരണങ്ങളാകുന്നില്ല. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും സുവിശേഷമാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍പ്പോലും വാര്‍ധക്യ കാലത്ത് ഒറ്റയ്ക്കായി പോവുകയോ ഏകാന്തതയനുഭവിക്കുകയോ ചെയ്യുന്ന മാതാപിതാക്കളുടെ സംഖ്യ പെരുകിവരുകയാണെന്നുള്ള സത്യം ഒരു പുനര്‍വിചിന്തനത്തിന് നമ്മെ ക്ഷണിക്കുന്നു.
മാതാപിതാക്കളുടെ സ്‌നേഹവും കരുതലുമെല്ലാം മാധുര്യമുള്ള ഓര്‍മകളായി കാത്തുസൂക്ഷിക്കുന്ന മക്കള്‍ക്ക് പോലും പ്രായോഗികമായ അസൗകര്യങ്ങളുടെ പേരില്‍ വാര്‍ധക്യകാലത്ത് അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള സ്‌നേഹവും സാമീപ്യവും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് പൊതുവെ കണ്ടുവരുന്നത്. ”ചെയ്യേണ്ട നന്മ ഏതെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു”(യാക്കോബ് 4:17) എന്ന് ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു. തങ്ങളുടെ സന്തോഷത്തെക്കാളും ആഗ്രഹങ്ങളെക്കാളും മക്കളുടെ സന്തോഷങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും എന്നും പ്രാധാന്യം നല്‍കുന്നവരാണ് മാതാപിതാക്കള്‍. വാര്‍ധക്യ കാലത്തെ അവശതകള്‍ തളര്‍ത്തുമ്പോഴും മക്കളോടുള്ള കരുതലിന് പ്രാധാന്യം നല്‍കുന്നതിനാല്‍ അവര്‍ കൂടെയുണ്ടാകണമെന്ന് പല മാതാപിതാക്കളും ശഠിക്കാറില്ല. എന്നിരുന്നാലും പിച്ചവച്ച് നടക്കാന്‍ പഠിപ്പിച്ച ആ കരങ്ങള്‍ ദുര്‍ബലമാകുന്നത് തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു നല്‍കേണ്ടത് മക്കളുടെ കടമയാണ്. മറ്റെന്തിനെക്കാളുമുപരിയായി മക്കളുടെ സ്‌നേഹവും പരിചരണവും സാമീപ്യവുമാണ് മാതാപിതാക്കള്‍ വാര്‍ധക്യത്തില്‍ ആഗ്രഹിക്കുന്നത്. ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ മക്കള്‍ തമ്മില്‍ മുന്‍കൂട്ടി ആലോചിച്ച് ജോലിയും കുടുംബകാര്യങ്ങളും ക്രമീകരിച്ചാല്‍ മക്കളില്‍ ആരെങ്കിലുമൊക്കെ വാര്‍ധക്യത്തില്‍ എപ്പോഴും മാതാപിതാക്കളോടൊത്തുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിക്കും. ഇത് മാതാപിതാക്കള്‍ക്കും മക്കള്‍ക്കും വലിയ ആത്മനിര്‍വൃതി പ്രദാനം ചെയ്യുന്നതിനൊപ്പം കുടുംബത്തിന് മുഴുവന്‍ അനുഗ്രഹകകാരണവുമാകുകയും ചെയ്യും. ”പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക. നൊന്തുപെറ്റ അമ്മയെ മറക്കരുത്.”(പ്രഭാ.7:27)
ഉയര്‍ന്ന ജോലികള്‍ പോലും വേണ്ടെന്ന് വച്ച് മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവരുടെയും കിടപ്പിലായ മാതാപിതാക്കളെപ്പോലും യാതൊരു പരാതിയും കൂടാതെ സ്‌നേഹപൂര്‍വം പരിചരിക്കുന്നവരുടെയും ഓമനെയപ്പോലെ മാതാപിതാക്കളുടെ സന്തോഷത്തില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്നവരുടെയും മാതാപിതാക്കന്‍മാരെ സമൂഹം വിളിക്കുന്ന ഒരു പേരുണ്ട് – ഭാഗ്യപ്പെട്ടവര്‍ എന്ന്. അവര്‍ ഭാഗ്യപ്പെട്ടവരായാല്‍ നമ്മള്‍ അനുഗ്രഹിക്കപ്പെട്ടവരാകും. നമ്മുടെയും മാതാപിതാക്കള്‍ ഭാഗ്യപ്പെട്ടവരായി മാറട്ടെ; നമ്മള്‍ അനുഗ്രഹിക്കപ്പെട്ടവരും.
Leave a Comment
Your email address will not be published. Required fields are marked with *