Follow Us On

01

December

2022

Thursday

യൂറോപ്പിന്റെ എഴുത്തുപെട്ടി

യൂറോപ്പിന്റെ എഴുത്തുപെട്ടി

ബിജു ഡാനിയേല്‍

കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങിലും ഗോപ്യഭാഷകള്‍ നിര്‍മിക്കുന്ന ബീജാക്ഷര ലേഖനവിദ്യയിലും വ്യാപകമായി ഉപയോഗിക്കുന്ന മേഴ്‌സെന്‍ പ്രൈം നമ്പര്‍ കണ്ടുപിടിച്ചത് ഫ്രഞ്ച് ബഹുമുഖ പ്രതിഭയായ മാരിന്‍ മേഴ്‌സെന്‍ ആണ്. ഗണിത ശാസ്ത്രലോകത്തെ പ്രാമുഖ്യത്തോടൊപ്പം സംഗീത ശാസ്ത്രത്തിനും താത്വിക വ്യാഖ്യാനം നല്‍കുവാന്‍ കഴിഞ്ഞ പ്രതിഭാധനനായിട്ടാണ് കത്തോലിക്കാ പുരോഹിതനായ മേഴ്‌സെന്‍ അറിയപ്പെടുന്നത്. സംഗീതവും സംഗീതോപകരണങ്ങളുമായും ബന്ധപ്പെട്ട തിയറികളാണ് 1636-ല്‍ പ്രസിദ്ധീകരിച്ച ഹാര്‍മണി യൂണിവേഴ്‌സെല്ലയില്‍ കാണുന്നത്. നിരവധി മേഖലകളില്‍ സ്വതന്ത്രവും വിശാലവുമായി വ്യാപരിച്ച ഇദ്ദേഹമാണ് മേഴ്‌സെന്‍സ് നിയമം വികസിപ്പിച്ചത്. സംഗീതോപകരണങ്ങളായ ഗിറ്റാറിലും പിയാനോയിലുമൊക്കെ ഉപയോഗിക്കുന്ന ഘനം കുറഞ്ഞ കമ്പികളുടെയും നാരുകളുടെയും കമ്പനം ഉയര്‍ത്തുന്ന ശ്രുതിമാധുര്യം വിശദീകരിക്കുന്ന നിയമമാണിത്. ശബ്ദവിന്യാസത്തെയും ശബ്ദക്രമീകരണങ്ങളെയും അടിസ്ഥാനമാക്കി മേഴ്‌സെന്‍ നടത്തിയ പ്രാഥമിക പഠനങ്ങളുടെ പരിഗണനയില്‍ ‘ശബ്ദക്രമീകരണങ്ങളുടെ പിതാവ്’ (Father of acoustics) എന്നദ്ദേഹം അറിയപ്പെടുന്നു.

1600-കളുടെ ആദ്യപകുതിയിലെ സയന്‍സിന്റെയും കണക്കിന്റെയും ലോകകേന്ദ്രമെന്നും പൊതുജനങ്ങളുമായി സജീവബന്ധം പുലര്‍ത്താനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കഴിവിനെ പരിഗണിച്ച് ‘യൂറോപ്പിന്റെ എഴുത്തുപെട്ടി’ (the post box of Europe) എന്നും മേഴ്‌സെന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
1588 സെപ്റ്റംബര്‍ എട്ടിന് മൗളിയറിന്റെയും ജൂലിയന്‍ മേഴ്‌സെന്റെയും മകനായി ഫ്രാന്‍സിലെ മായിനിലായിരുന്നു ജനനം. ലെമാന്‍നിലും ലെ ഫ്‌ളെഷിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. 1611 ജൂലൈ 17-ന് മിനിം ഫ്രയേഴ്‌സിന്റെ സമൂഹത്തില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. ദൈവശാസ്ത്രവും ഹീബ്രുവും പഠിക്കുകയും ദൈവശാസ്ത്രാധിഷ്ഠിതവും തത്വശാസ്ത്രാധിഷ്ഠിതവുമായുള്ള പഠനങ്ങളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്തിരുന്നു. 1613-ല്‍ വൈദികാന്തസിലേക്കു പ്രവേശിച്ചു.

1614-നും 18-നുമിടയില്‍ അദ്ദേഹം നെവേഴ്‌സില്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിപ്പിച്ചു. 1620-ല്‍ തിരിച്ച് പാരീസിലെത്തിയ അദ്ദേഹം കണക്കും സംഗീതവും പഠിക്കാനാരംഭിച്ചു. ഗലീലിയോയുടെ നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ നല്‍കുകയും അദ്ദേഹത്തിന്റെ യന്ത്രനിര്‍മിത പ്രവര്‍ത്തനങ്ങളുടെ വിവര്‍ത്തനങ്ങളില്‍ സഹായിയായി വര്‍ത്തിക്കുകയും ചെയ്തിരുന്നു.

പത്രപ്രവര്‍ത്തനവും കണ്ടുപിടിത്തങ്ങളും
1635-ല്‍ മെഴ്‌സന്‍ ആരംഭിച്ച അക്കാദമിക പ്രസിദ്ധീകരണത്തില്‍ ജ്യോതിശാസ്ത്രജ്ഞരും തത്വചിന്തകരും ഗണിത ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 140 ലേഖകര്‍ എഴുത്തുകാരായിട്ടുണ്ടായിരുന്നു. തര്‍ക്കങ്ങളെയോ വിയോജിപ്പുകളെയോ ഭയപ്പെടാതെയുള്ള പത്രപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഓരോരുത്തര്‍ക്കും അവരവരുടേതായ വീക്ഷണങ്ങളും ആശയങ്ങളും തുറന്നെഴുതുവാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നതിനോടൊപ്പം അതിനെതിരെയുള്ള പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും അതിജീവിക്കാനുള്ള കരുത്തും മെഴ്‌സെന്‍ പ്രകടിപ്പിച്ചിരുന്നു.

ഒരു ചലനത്തിന് ഒരു സെക്കന്റ് സമയമെടുത്ത് ആടുന്ന പെന്‍ഡുലത്തിന്റെ നീളം കണ്ടുപിടിച്ചത് മേഴ്‌സെനാണ്. നീളം കൂടിയതും കുറഞ്ഞതുമായ ദണ്ഡുകളുള്ള പെന്‍ഡുലങ്ങളുടെ ഊയലാട്ടങ്ങള്‍ എല്ലാം കൃത്യവും സമാനവുമാണെന്നുള്ള ഗലീലിയോയുടെ വാദത്തിലെ പിഴവ് ആദ്യമായി തിരിച്ചറിഞ്ഞതും മേഴ്‌സെനായിരുന്നു. വ്യത്യസ്ത ഉയരങ്ങളില്‍നിന്നു താഴേക്കു പതിക്കുന്ന വസ്തുക്കളുടെ വേഗതയുടെ വ്യതിയാനം കണക്കാക്കിയതിനുശേഷം നീളവ്യത്യാസമുള്ള ദണ്ഡുകളുള്ള പെന്‍ഡുലങ്ങളുടെ ആട്ടത്തിന്റെ ഏകീകരണം 1644-ല്‍ പ്രസിദ്ധീകരിച്ച കൊഗിറ്റാറ്റ ഫിസിക്കോ മാത്തമാറ്റിക്കയില്‍ വിവരിച്ചു.
യൂക്ലിഡ്, അപ്പളോണിയൂസ്, ആര്‍ക്കിമെഡിസ് തുടങ്ങിയ ഗ്രീക്കു ഗണിതശാസ്ത്രകാരന്മാരുടെ പഠനങ്ങളെല്ലാംതന്നെ അദ്ദേഹം എഡിറ്റു ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞരുമായും ഗണിത ശാസ്ത്രവിചക്ഷണന്മാരുമായുമുള്ള കത്തിടപാടുകളിലൂടെ അറിവിന്റെ കൈമാറ്റത്തിനുള്ള ശൃംഖലാകേന്ദ്രമായി മേഴ്‌സെന്‍ മാറിയിരുന്നു.

വ്യത്യസ്തതകളുള്ള ടെലിസ്‌കോപ്പുകളുടെ നിര്‍മാണത്തിന് വഴിയൊരുക്കിയ ടെലിസ്‌കോപ്പിന്റെ ഭ്രൂണമാതൃക കണ്ടുപിടിക്കാനായി എന്നത് മേഴ്‌സെന്റെ പ്രവര്‍ത്തനനേട്ടമാണ്. രണ്ടു പാരാബോളിക് സ്ഫടികങ്ങളുടെയും ഹൈപ്പര്‍ ബോളോയിഡിന്റെയും സഹായത്തോടെ വൃത്തവ്യതിയാനമുള്ള സ്ഫടികങ്ങളുടെ ദൃശ്യപരിഹരണം നടത്തുവാന്‍ മേഴ്‌സെനു സാധിച്ചിരുന്നു.
ദൈവശാസ്ത്രത്തിനും തത്വചിന്തയ്ക്കുമായി സ്വയം സമര്‍പ്പിച്ച മേഴ്‌സെന്‍ 1623-ല്‍ Celebrated questions on the book of Genesis പ്രസിദ്ധീകരിച്ചു. വിശുദ്ധ ബൈബിളിലെ ഉല്‍പത്തി പുസ്തകത്തിനുള്ള വ്യാഖ്യാനമായിട്ടാണ് ഇതദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. 1648 സെപ്റ്റംബര്‍ ഒന്നിന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ മൂര്‍ഛിച്ച് അദ്ദേഹം മരണമടഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?