Follow Us On

01

December

2022

Thursday

ഒരു ബസ് യാത്രയുടെ ഓര്‍മയ്ക്ക്‌

ഒരു ബസ് യാത്രയുടെ ഓര്‍മയ്ക്ക്‌

– ഫാ. മാത്യു ആശാരിപറമ്പില്‍

നാലുമാസങ്ങള്‍ക്കുമുമ്പാണ് ദുബായില്‍നിന്ന് ഷേര്‍ളി വിളിച്ച് സൗഹൃദം പുതുക്കിയത്. ”ഞങ്ങളുടെ വിവാഹത്തിന് പ്രസംഗം പറഞ്ഞത് അച്ചനാണ്. അച്ചന്‍ അത് ഓര്‍ക്കുന്നുണ്ടോ…?” അവള്‍ ചോദിച്ചു (എത്രയോ വിവാഹങ്ങള്‍…. എത്രയോ പ്രസംഗങ്ങള്‍…. എവിടെ ഓര്‍ക്കാന്‍!).
’25 വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ചന്‍ പറഞ്ഞ പ്രസംഗം ഞങ്ങള്‍ മറക്കില്ല. വീട്ടുകാരും ഇന്നും പറയാറുണ്ട്. ഞങ്ങളുടെ വിവാഹത്തിന്റെ രജതജൂബിലി ഓഗസ്റ്റ് മാസത്തില്‍ കോട്ടയം നീണ്ടൂര്‍വച്ച് ആഘോഷിക്കുകയാണ്. ഇളയവനായ ജെയിംസിന്റെ ആദ്യകുര്‍ബാനയുമുണ്ട്. അച്ചന്‍ വരണം; പ്രസംഗവും പറയണം.’
പിന്നീട് പലവട്ടം വിളിച്ച് എന്റെ സാന്നിധ്യം ഉറപ്പാക്കി. ഓഗസ്റ്റ് 15-ന് ഇടവക വികാരിയെന്ന നിലയില്‍ തിരക്കുള്ള ദിവസമായിട്ടും ഞാന്‍ ആ ജൂബിലിക്ക് പോയി. അവര്‍ ആവശ്യപ്പെട്ടതുപോലെ പ്രസംഗവും പറഞ്ഞു.

വളരെ രസകരമായ ഓര്‍മയാണ് ആ കുടുംബത്തെക്കുറിച്ചുള്ളത്. 1995-കളില്‍ ബംഗളൂരുവില്‍ ജീസസ് യൂത്ത് ഒരുക്കിയ ധ്യാനത്തിന്റെ അവസരത്തിലാണ് എഞ്ചിനീയറായ ജോസിയെയും എംഎസ്‌സി നഴ്‌സായ ഷേര്‍ളിയെയും കണ്ടുമുട്ടുന്നത്. അന്നു തുടങ്ങിയ സൗഹൃദം കത്തുകളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും ഹൃദയസ്പര്‍ശിയായി. സ്വാഭാവികമായി വന്ന ആലോചനയിലാണ് ഇവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്.
ജോസിയുടെ നാട്ടില്‍- നീണ്ടൂരില്‍ നടന്ന വിവാഹത്തിന് ഫാ. ജോയി പന്നിക്കല്‍ എംഎസ്റ്റി ദിവ്യബലിയര്‍പ്പിച്ചു. ഞാന്‍ സന്ദേശം നല്‍കി (ജോയി അച്ചനും ജൂബിലിക്ക് എത്തിട്ടുണ്ടായിരുന്നു). അന്ന് പറഞ്ഞ പ്രസംഗം വളരെ ലളിതമായിരുന്നു.
ആ ദിവസങ്ങളില്‍ ഒരു ബസ് വെഞ്ചരിച്ചതിന്റെ ഓര്‍മയോടെ ഞാന്‍ പറഞ്ഞു: വിവാഹജീവിതം ഒരു ബസ് യാത്രപോലെയാണ്. പൂമാലയിട്ട്, ചുറ്റിലും കളഭമൊക്കെ പൂശി, പുത്തന്‍ നിറവും അലങ്കാരവുമായി ഒരു ബസ് ഓട്ടം തുടങ്ങുന്നു. അതുപോലെ ഭര്‍ത്താവായ ഡ്രൈവറും കണ്ടക്ടറായ ഭാര്യയും ചേര്‍ന്ന് ബസ്‌യാത്ര തുടങ്ങുകയാണ്.

രണ്ടുപേര്‍ക്കും സ്വതന്ത്രവും വ്യത്യസ്തവുമായ ജോലികളാണ്. രണ്ടുപേരുംകൂടി ധാരണയിലും പൊരുത്തത്തിലും പോയാല്‍ യാത്ര സുഖകരമാണ്! ധാരാളം യാത്രക്കാര്‍ വാഹനത്തില്‍ കയറും. ഉപകാരപ്രദമാകുകയും ചെയ്യും. അപ്പോഴാണ് ബസിന് നല്ല വരുമാനം ലഭിക്കുന്നതും ബസ് യാത്ര ലാഭത്തിലാകുന്നതും.
എന്നാല്‍ കണ്ടക്ടര്‍ ബെല്‍ അടിച്ചാല്‍ ഡ്രൈവര്‍ നിര്‍ത്തിയില്ലെങ്കിലോ, കണ്ടക്ടര്‍ അലസതയിലും അഹങ്കാരത്തിലും പെരുമാറിയാലോ… യാത്രക്കാര്‍ കയറാതാവും. വരുമാനവും കുറയും…. യോജിപ്പും സ്‌നേഹവുമുണ്ടെങ്കില്‍ വരുമാനം വര്‍ധിപ്പിക്കാം. നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും നല്ല പൊരുത്തമുള്ള ഡ്രൈവറും കണ്ടക്ടറുംപോലെ സന്തോഷത്തോടെ യാത്ര ചെയ്ത് നല്ല കളക്ഷന്‍ നേടണം.

ഷേര്‍ളി ചിരിച്ചുകൊണ്ട് ഫോണില്‍ പറഞ്ഞു ”അച്ചാ, ഞങ്ങള്‍ക്ക് നല്ല കളക്ഷനാണ്. ആറുമക്കളുണ്ട്. സന്തോഷത്തിന്റെ ഉയര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെങ്കിലും ഈ കാലഘട്ടത്തിന്റെ തികച്ചും വ്യത്യസ്ത അനുഭവമായ മക്കളുടെ എണ്ണത്തിലും അവര്‍ നല്ല കളക്ഷന്‍ നേടിയിരിക്കുന്നു. അലക്‌സ് (24), ജൊവാനാ (20), പോള്‍ (16), ജോണ്‍ (14), തെരേസ (13), ജെയിംസ് (10).
കരിസ്മാറ്റിക് നവീകരണരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ദമ്പതികളാണിവര്‍. ജീസസ് യൂത്തിലൂടെ ലഭിച്ച ദൈവാനുഭവത്തില്‍ വളരുവാനും നിലനില്‍ക്കുവാനും സ്വന്തം കുടുംബത്തെ രൂപീകരിക്കുവാനും അവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തി.
ജോലി ലഭിച്ച് ദുബായില്‍ എത്തിയപ്പോഴും തിരക്കിന്റെയും അലച്ചിലിന്റെയും കാലഘട്ടത്തിലും ആത്മീയ ശുശ്രൂഷകള്‍ക്ക് ഒരു കുറവും അവര്‍ വരുത്തിയില്ല. ധ്യാനത്തില്‍ പങ്കെടുക്കുവാനും ദമ്പതിധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുവാനും ഈ ദമ്പതികള്‍ തയാറായി. സമ്പത്തിന്റെ ദശാംശം മാത്രമല്ല, സമയത്തിന്റെ ദശാംശവും അവര്‍ കര്‍ത്താവിനായി സമര്‍പ്പിച്ചു.

ആദ്യകാലങ്ങളില്‍ രണ്ടുപേരും ജോലി ചെയ്തിരുന്നു. പിന്നീട് ഷേര്‍ളി ജോലി രാജിവച്ച് കുട്ടികളുടെ പഠനത്തിലും വിശ്വാസ പരിശീലനത്തിലും ശ്രദ്ധിക്കുന്ന അമ്മ മാത്രമായി. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ധ്യാനശുശ്രൂഷയ്ക്കായി ദുബായില്‍ ചെന്നപ്പോഴാണ് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇവരെ കണ്ടുമുട്ടുന്നത്. അന്നാണ് ഞാന്‍ പറഞ്ഞ പ്രസംഗം അവര്‍ ഓര്‍മിപ്പിച്ചതും കളക്ഷനെക്കുറിച്ച് സന്തോഷത്തോടെ പങ്കുവച്ചതും.
ഒരാളുടെ വരുമാനംകൊണ്ട് ഈ വലിയ കുടുംബത്തിന്റെ ചെലവുകള്‍, പ്രത്യേകമായി കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ദുബായ് പോലുള്ള നഗരത്തില്‍ നിറവേറ്റാന്‍ കഴിയുമോ? ഞാന്‍ ചിന്തിച്ചു. ഉയര്‍ന്ന ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ചിട്ടാണ് കുട്ടികള്‍ക്കും കുടുംബത്തിനുമായി ഷേര്‍ളി ജീവിതത്തെ പുനഃക്രമീകരിച്ചത്. അതിനെത്തുടര്‍ന്ന് മതാധ്യാപകയായും ജോലി ചെയ്യുന്നു. അതിനിടെ നാട്ടില്‍ വീടുവയ്ക്കുകയും സ്വന്തഗ്രാമത്തിലേക്ക് പറിച്ച് നടന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

കര്‍ത്താവിന്റെ ശക്തമായ കരുതലിന്റെയും പരിപാലനയുടെയും നേര്‍സാക്ഷ്യമായി അവര്‍ ജീവിക്കുകയാണ്. ‘എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് ആവശ്യമുള്ളതെല്ലാം നല്‍കുമെന്ന’ തിരുവചനം (ഫിലിപ്പി 4:19) നൂറുശതമാനം ശരിയാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. രണ്ട് കുട്ടികള്‍ ഉള്ളപ്പോള്‍ ലഭിച്ചതിനെക്കാള്‍ ശമ്പളവര്‍ധന നാലുപേര്‍ ഉണ്ടായപ്പോള്‍ കര്‍ത്താവ് ഒരുക്കിത്തന്നുവെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഒരാള്‍ ജോലി ചെയ്താല്‍പോലും ആവശ്യങ്ങളെല്ലാം ഭംഗിയായി നടക്കുവാന്‍മാത്രം ശമ്പളവര്‍ധനവും ബിസിനസില്‍ ഉയര്‍ച്ചയും കര്‍ത്താവ് തന്നുകൊണ്ടിരിക്കുന്നുവെന്ന സാക്ഷ്യത്തിന്റെ മുമ്പില്‍ അത്ഭുതത്തോടെ നില്‍ക്കാനേ നമുക്ക് കഴിയൂ. ആവശ്യമുള്ളത്, ആവശ്യമുള്ള സമയത്ത് തമ്പുരാന്‍ തരുമെന്ന് വിശ്വസിച്ച് മുന്നേറുന്നവന് എവിടെ കുറവ് വരുവാനാണ്?

സ്ത്രീകള്‍ക്ക് ജോലി അനിവാര്യമാണ്; ജോലി ചെയ്ത് സ്ത്രീകള്‍ക്കും സ്വന്തം വരുമാനം ഉണ്ടാകണമെന്ന സ്ത്രീപക്ഷ ചിന്താഗതികളുടെ മുന്‍പിലാണ് ഉയര്‍ന്ന ജോലി രാജിവച്ച് ഷേര്‍ളി വീട്ടിലേക്ക് ചേക്കേറിയത്. നല്ല ഭാര്യയാകുക, നല്ല അമ്മയായുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജോലിയെന്ന് അവള്‍ പ്രഖ്യാപിക്കുന്നു.
മക്കളെ നേര്‍വഴിക്ക് നയിക്കുവാന്‍ സമയവും ആരോഗ്യവും മാറ്റിവയ്ക്കാന്‍ തയാറാകാതെ വരുമാനവും സമ്പാദ്യവുമാണ് സ്ത്രീജന്മത്തിന്റെ അസ്തിത്വമെന്ന ഭൗതികചിന്ത ഈ കാലഘട്ടത്തെ വഴിതെറ്റിക്കുന്നുണ്ട്. സ്ത്രീപക്ഷചിന്തകളും സ്ത്രീസ്വാതന്ത്ര്യവാദങ്ങളും തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അമ്മയെന്ന, ഭാര്യയെന്ന മഹാദൗത്യത്തെ മറന്നുള്ള ഏത് ജീവിതചര്യകളും ഊതിവീര്‍പ്പിച്ച ബലൂണുകളാണ്. പൊട്ടിത്തകരുകതന്നെ ചെയ്യും. ഇന്നത്തെ യുവതലമുറയുടെ ആസക്തികളുടെയും അസ്വസ്ഥതകളുടെയും പുറകില്‍ കിട്ടാതെപോയ അമ്മസ്‌നേഹത്തിന്റെ വിതുമ്പലുകളില്ലേ…?

”നിങ്ങള്‍ ആദ്യം ദൈവത്തിന്റെ രാജ്യം അന്വേഷിക്കുക… എല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും” (മത്തായി 6:33) എന്ന തിരുവചനം മുറുകെ പിടിക്കുവാന്‍ ഇവര്‍ ബദ്ധശ്രദ്ധരായിരിക്കുന്നു. ദിവ്യബലിയും കൗദാശിക ജീവിതവും മതബോധനവും മാറ്റിവച്ച് ഒരു പ്രവര്‍ത്തനത്തിനും അവര്‍ തയാറായില്ല. കര്‍ത്താവിനോടുള്ള ബന്ധവും വിശ്വാസവും കുടുംബത്തിന്റെ ഏറ്റവും വലിയ സ്വത്തായി കുഞ്ഞുങ്ങള്‍ക്ക് അവര്‍ പകര്‍ന്നു കൊടുക്കുന്നു. കരിസ്മാറ്റിക് നവീകരണത്തിന്റെ നല്ല ഫലങ്ങള്‍ കായ്ക്കുന്ന അത്തിമരമാണ് അവര്‍. ട്യൂഷനും ഭൗതിക വ്യഗ്രതകള്‍ക്കുമായി മതബോധനം മുടക്കുന്ന കുട്ടികളും മാതാപിതാക്കളും ഏറെയുണ്ട് ചുറ്റുവട്ടത്തില്‍. പഠനത്തില്‍ റാങ്ക് നേടിയവരായിരുന്നുവോ മാതാപിതാക്കളെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചത്? വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ഒരു നോക്കു കാണാന്‍പോലും കിട്ടാതെ അവര്‍ വിദേശരാജ്യങ്ങളില്‍ കൂട് കെട്ടുന്നു. അനാഥത്വം പേറുന്ന മുതിര്‍ന്ന തലമുറയെ കണ്ട് നാം ഇനിയെങ്കിലും പഠിക്കണം. സ്‌നേഹത്തിന്റെ സര്‍വകലാശാലകളിലെ റാങ്കുകളാണ് സുപ്രധാനമെന്ന്.

കൂടുതല്‍ കുഞ്ഞുങ്ങള്‍, വലിയ ലാഭമെന്ന ചിന്ത പുലര്‍ത്തുന്ന ജോസിക്കും ഷേര്‍ളിക്കും അഭിനന്ദനങ്ങള്‍… മനുഷ്യമക്കളാണ് ഏറ്റവും വിലപിടിപ്പുള്ള നിധികള്‍ എന്ന് തിരിച്ചറിയുന്ന ഇത്തരം ദമ്പതികളെ എല്ലാവരെയും ഓര്‍ത്തുകൊണ്ട് ആശംസ നേരുന്നു…. ”നിങ്ങള്‍ യേശുക്രിസ്തുവിന്റെ പരിമളമാണ്.”

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?