Follow Us On

01

December

2022

Thursday

അംഗീകാരവും തിരിച്ചറിവുകളും

അംഗീകാരവും തിരിച്ചറിവുകളും

 

പ്രാചീന സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗ്രീസിനെ അടിമുടി നടുക്കിക്കൊണ്ട് ഒരിക്കല്‍ ഒരു സംഭവമുണ്ടായി. സീയൂസ് ദേവന്റെ ഭീമാകാര പ്രതിമ ആരോ തകര്‍ത്തു. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. നിമിഷനേരംകൊണ്ട് ദൈവാലയവും പരിസരവും ജനസമുദ്രമായി. ഇതിനിടയില്‍ ഉന്നതാധികാരികളുടെ കല്പനപ്രകാരം നാട്ടില്‍ ഒരു രാജകീയ അറിയിപ്പുണ്ടായി. ”കുറ്റവാളി ആരായാലും ഉടനെ കീഴടങ്ങിക്കൊള്ളുക! നീതിപീഠത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിക്കൊള്ളുക.”
ജനങ്ങളെല്ലാം നഗരത്തിലെ സ്‌ക്വയറില്‍ തടിച്ചുകൂടി. കുറ്റവാളി സ്വയം കുറ്റമേറ്റ് കീഴടങ്ങുന്നതും ശിക്ഷയേറ്റു വാങ്ങുന്നതും കാണാന്‍ അവര്‍ കാത്തുനിന്നു. അപ്പോഴേക്കും അതാ അടുത്ത വാര്‍ത്ത വരുന്നു. മറ്റൊരു ദേവീവിഗ്രഹം കൂടി ആരോ തകര്‍ത്തിരിക്കുന്നു. ഈ സംഭവത്തിനുശേഷം ഒരാഴ്ച തികയുന്നതിനുമുമ്പ് വീണ്ടും ഒരു ദേവീവിഗ്രഹംകൂടി തകര്‍ക്കപ്പെട്ടു.

ആ ദൈവവിരോധിയായ അക്രമിയെ പിടികൂടാന്‍ സര്‍വ സന്നാഹങ്ങളുമൊരുക്കി. ഒടുവില്‍ ഒരു ക്ഷേത്രഗോപുരത്തിന്റെ സമീപത്തുവച്ച് ആ കുറ്റവാളി പിടിക്കപ്പെട്ടു. താമസിക്കാതെ നീതിപീഠത്തിന്റെ മുന്‍പിലേക്ക് കുറ്റവാളിയെ എത്തിച്ചു.
സുന്ദരനായ ഒരു യുവാവ്, ആരോഗ്യവാന്‍. അയാളുടെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസങ്ങളും ഇല്ലായിരുന്നു. ന്യായാധിപന്‍ അയാളോടു ചോദിച്ചു: ‘എന്തു ശിക്ഷാവിധിയാണ് നിന്നെ കാത്തിരിക്കുന്നത് എന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ?’ ‘മരണശിക്ഷയാണ് എന്നെനിക്ക് വ്യക്തമായി അറിയാം.’ ആ യുവാവ് ന്യായാധിപന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി.

എന്നാല്‍ മരിക്കാന്‍ നിനക്ക് പേടിയില്ലേ എന്ന ന്യായാധിപന്റെ ചോദ്യത്തിന് മരിക്കാന്‍ എനിക്ക് പേടിയുണ്ട് എന്നാണ് അയാള്‍ മറുപടി പറഞ്ഞത്. എന്നിട്ടും നീ എന്തിനീ പാപം ചെയ്തു എന്ന ന്യായാധിപന്റെ ചോദ്യത്തിന് തെല്ലിട നേരത്തെ മൗനത്തിനുശേഷം ആ യുവാവ് നല്‍കിയ മറുപടി എല്ലാവരെയും വിസ്മയിപ്പിക്കുകതന്നെ ചെയ്തു.
”ഞാന്‍ ആരാലും ശ്രദ്ധക്കപ്പെടാത്തവനാണ്. മറ്റുള്ളവരില്‍നിന്നു ഭിന്നമായി ഒന്നും മുമ്പെങ്ങും ഞാന്‍ ചെയ്തിട്ടുമില്ല. ഒരുപക്ഷേ ഒരിക്കലും എനിക്കതിന് കഴിയുകയില്ലെന്നും എനിക്കു തോന്നി. എവിടെയും ഞാന്‍ അവഹേളിക്കപ്പെട്ടു, അവഗണിക്കപ്പെട്ടു. ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുംവിധം, എന്നുമെന്നെ ഓര്‍ക്കുംവിധം എന്തെങ്കിലും ചെയ്യണമെന്നു മാത്രമേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ.”

നീതിപീഠം നിശബ്ദമായി. ജനം ചുറ്റും മൗനമായി നിന്നു. യുവാവ് തുടര്‍ന്നു: ‘മറക്കപ്പെടുന്നവര്‍ മാത്രമേ മരിക്കുകയുള്ളു. അമരത്വത്തിനുവേണ്ടി, അനശ്വരതക്കുവേണ്ടി മരണം വരിക്കുന്നവര്‍ മരിക്കുന്നില്ല.’ അതെ, മരണത്തെ അതിജീവിച്ച് അമരനാകാന്‍, അനശ്വരത നേടാന്‍വേണ്ടി മരണം വരിക്കാന്‍ തയാറായതാണ് ആ യുവാവ്. ചില അവസരങ്ങളിലെങ്കിലും ഒരു നിമിഷനേരത്തെ തോന്നലുകളും അതുമൂലമുള്ള പ്രവര്‍ത്തനങ്ങളും നമ്മെ എല്ലാവര്‍ക്കും എല്ലാമാക്കിത്തീര്‍ക്കുന്നതുപോലെതന്നെ ചില അവസരങ്ങളിലെങ്കിലും നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഒന്നുമല്ലാതാക്കിത്തീര്‍ക്കുന്നുണ്ടെന്ന് ഈ യുവാവ് നമ്മെ ഓര്‍മിപ്പിക്കുന്നു.

മറ്റു മനുഷ്യര്‍ ചിന്തിക്കാത്ത വഴികളിലൂടെയുള്ള ചിന്തകളും അവര്‍ ഗൗനിക്കാതെ തള്ളിക്കളയുന്ന പല കാര്യങ്ങളും അതീവ ഗൗരവത്തോടെ കണക്കിലെടുക്കുകയും അവയെക്കുറിച്ച് അമിതമായി വ്യാകുലപ്പെടുകയും ചെയ്തതുകൊണ്ടാണ് ഈ യുവാവ് ഇത്തരമൊരു ബുദ്ധിമോശം കാണിക്കാന്‍ ഇടയായത്. ഏതു കാര്യത്തെക്കുറിച്ചാണെങ്കിലും പരിധി വിട്ടുള്ള വ്യാകുലചിന്തകളും വ്യഥകളും ആകാംക്ഷയും മനുഷ്യനെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അബദ്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

നമ്മില്‍ പലരും മറ്റുള്ളവരില്‍നിന്നും വളരെയേറെ പ്രതീക്ഷിക്കുന്നവരാണ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സ്വാര്‍ത്ഥത ഏറിയവരാണ്. സ്വന്തം പ്രതീക്ഷകള്‍ സഫലമാകാതെ വരുമ്പോള്‍ നമ്മള്‍ നൈരാശ്യത്തിനും നമ്മോടുതന്നെയും മറ്റുള്ളവരോടുമുള്ള രോഷത്തിനും അടിമപ്പെടുന്നു. ഇതോടെ നമ്മുടെ വിവേചനശക്തിക്ക് കോട്ടം സംഭവിക്കുകയും എന്തിനും ഏതിനും മറ്റുള്ളവരെ കുറ്റപ്പെടുത്താനും താഴ്ത്തിക്കെട്ടാനുമുള്ള പ്രവണത ശക്തിപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ മറ്റുള്ളവരോടുള്ള വെറുപ്പ് നമ്മില്‍ നിറയുകയും മറ്റുള്ളവരാല്‍ നമ്മള്‍ വെറുക്കപ്പെടുകയും ചെയ്യുന്നു.
മനഃപൂര്‍വം നമ്മുടെ മനോഭാവത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ഒരു കാര്യത്തിലും അനാവശ്യമായ മുന്‍വിധികള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ വലതും ചെറുതുമായ പല അനര്‍ത്ഥങ്ങളും ജീവിതത്തില്‍നിന്നും ഒഴിവാക്കാന്‍ കഴിയും.

പലരും പല രീതിയില്‍ നമ്മോടു പെരുമാറാറുണ്ടെങ്കിലും പൊതുവെ എല്ലാവരും നല്ലവരാണ് എന്ന തിരിച്ചറിവ് നമ്മില്‍ ആഴപ്പെട്ടാല്‍ അനുദിന ജീവിതത്തില്‍ അലട്ടിക്കൊണ്ടിരിക്കുന്ന മാനസികവും വൈകാരികവുമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാനാകും.
ഈ ലോകത്തില്‍ ജീവിക്കുന്ന ഒട്ടുമിക്ക മനുഷ്യര്‍ക്കുമുള്ള അന്തഃപ്രേരണയാണ്, അറിയപ്പെടുക, മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടുക എന്നുള്ളത്. സഹജീവികളുടെ, സമൂഹത്തിന്റെ, ലോകത്തിന്റെ അംഗീകാരം നേടാനാകുന്നില്ലെങ്കില്‍ നാമെല്ലാം ജനസംഖ്യാകണക്കിലെ വെറുമൊരു അക്കം മാത്രമായി അനന്തകോടിയില്‍ ഒരണ്ണം മാത്രമായി അവശേഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എവിടെയും ശ്രദ്ധിക്കപ്പെടാന്‍ നാമെല്ലാം ആഗ്രഹിക്കുന്നു. അതിനായി പലതും നമ്മള്‍ ചെയ്തുകൂട്ടുന്നു. നന്മയിലൂടെ നേടാനാവാത്തത് തിന്മയിലൂടെ തേടുന്നവരുമുണ്ട്. ചിലപ്പോള്‍ അവര്‍ നേടുന്നു. മറ്റുചിലപ്പോള്‍ കൂടുതല്‍ നഷ്ടങ്ങളിലേക്കവര്‍ കൂപ്പുകുത്തുന്നു.
ഒരു കാര്യം മറക്കാതിരിക്കാം. പലപ്പോഴും പല കാര്യങ്ങളിലും നമ്മള്‍ അംഗീകരിക്കപ്പെടാതെ പോകുന്നുണ്ടെങ്കിലും പല കാര്യങ്ങളിലും മറ്റു പലരെയുംകാള്‍ മുന്നില്‍ത്തന്നെയാണ് നമ്മള്‍. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കില്‍ നാളെ നമ്മളും ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. നന്മ ചെയ്തതിനുള്ള അംഗീകാരമാണ് നമ്മെ തേടിയെത്തുന്നതെന്ന് ഉറപ്പാക്കുന്നതിനായി ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് പരിശ്രമിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?