– സ്വന്തം ലേഖകന്‍
ബില്ലുകളോ കാഷ് കൗണ്ടറുകളോ ഇല്ലാതെ രോഗികള്‍ക്ക് സൗജന്യമായി സാന്ത്വന പരിചരണം നല്‍കുന്ന ഒരാശുപത്രി – അമ്പതോളം രോഗികളെ കിടത്തി പരിചരിക്കുന്ന ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് കെയര്‍ ആശുപത്രിയായ ശാന്തിഭവന്‍ ആശുപത്രിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്. രോഗികള്‍ക്കും ഇവരുടെ കൂട്ടിരുപ്പുകാര്‍ക്കും സൗജന്യഭക്ഷണം, വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്, യാതൊരു ലാഭവുമെടുക്കാതെ മൊത്തവിലയില്‍ മരുന്നുകളും ലഭ്യമാക്കുന്ന ആശുപത്രി -ശാന്തി ഭവന്‍ എന്ന പാലിയേറ്റീവ് ആശുപത്രിയുടെ വിശേഷണങ്ങളും പ്രത്യേകതകളും നീളുകയാണ്. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിലെ പല്ലിശേരിയിലാണ് ശാന്തിഭവന്‍ എന്ന ഈ അത്ഭുത ആശുപത്രി ഉള്ളത്.
പാരസെറ്റമോള്‍ വില്‍ക്കാനായി ആയിരം കോടിരൂപ ഡോക്ടര്‍മാര്‍ക്ക് കമ്മീഷനായി നല്‍കിയ മരുന്നുകമ്പനികളുടെയും ടാര്‍ഗെറ്റ് തികയ്ക്കാനായി ആവശ്യമില്ലാത്ത ടെസ്റ്റുകളും, ഓപ്പറേഷന്‍ വരെയും നടത്തുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ആശുപത്രികളുടെയും നാട്ടില്‍ ഈ ആശുപത്രിയെ അക്ഷരം തെറ്റാതെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം – അത്ഭുത ആശുപത്രി. അതെ, ഇനിയൊരിക്കലും സുഖപ്പെടില്ലെന്ന് വൈദ്യശാസ്ത്രം വിധിച്ച രോഗികളുടെ മുഖത്ത് ആശ്വാസവും പ്രത്യാശയും ചിരിയും തിരികെയെത്തിക്കുന്ന അത്ഭുതം നടക്കുന്ന ആശുപത്രിയാണ് ശാന്തിഭവന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പരാധീനതകളുള്ളവരുമായ രോഗികളുടെ ചികിത്സയ്ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്.
തുടക്കം ഒരു രോഗി സന്ദര്‍ശനത്തില്‍നിന്ന്
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കാട് സ്വദേശി ഡോ. ജെറിയോടൊപ്പം ഒരു രോഗിയുടെ ഭവനത്തില്‍ എത്തിയപ്പോഴാണ് ഫാ. ജോയ് കുത്തൂരിന് ഇത്തരമൊരു ആശയം തോന്നിയത്. തൃശൂര്‍ അതിരൂപത സമ്മതം നല്കിയതോടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം നടത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
പല്ലിശേരി ദൈവാലയത്തില്‍ വികാരിയായിരുന്ന സമയമായിരുന്നു അത്. ഇടവകയില്‍ പുതിയതായി ആരംഭിച്ച ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ക്ലാര (എഫ്എസ്‌സി) സന്യാസിനികളുടെ സഹായത്തോടെ ഭവന കേന്ദ്രീകൃത സാന്ത്വന പരിചരണമാണ് ആദ്യം ആരംഭിച്ചത്. സിസ്റ്റര്‍ ബിയാട്രിസ് കാലിഞ്ചി, സിസ്റ്റര്‍ മരിയ ക്യാര കള്ളിയത്ത്പറമ്പില്‍ എന്നിവരായിരുന്നു ഇതിന്റെ മേല്‍നോട്ടം വഹിച്ചത്. 2014 ഫെബ്രുവരി എട്ടിനായിരുന്നു ശാന്തിഭവന്‍ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം. ആരംഭനാളുകളില്‍ സംഭാവനയായി കിട്ടിയ ഓട്ടോറിക്ഷയില്‍ വീടുകളില്‍ സാന്ത്വന പരിചരണത്തിനു പോയപ്പോള്‍, കിടപ്പുരോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ഒരാശുപത്രിയുടെ ആവശ്യകത ഫാ. ജോയിക്ക് മനസിലായി.
ഒരു വര്‍ഷത്തിനുള്ളില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. 100 രൂപ മുതലുള്ള തുകകള്‍ ഓരോ മാസവും നല്‍കാന്‍ തയാറായ ആറായിരം പേരടങ്ങുന്ന കൂട്ടായ്മയായിരുന്നു ആശുപത്രിയുടെ സാമ്പത്തിക പിന്‍ബലം. ലാബ്, ഫാര്‍മസി, ഫിസിയോ തെറാപ്പി, ഡയാലിസിസ്, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും പടിപടിയായി ക്രമീകരിക്കപ്പെട്ടു. ഓരോ മാസവും ലക്ഷക്കണക്കിന് രൂപ ചിലവ് വന്നിട്ടും ഒരു രൂപപോലും രോഗികളില്‍നിന്ന് വാങ്ങിയില്ല. ഇന്ന് തൃശൂര്‍ പല്ലിശേരിയിലും തിരുവനന്തപുരത്ത് വട്ടപ്പാറയിലുമായി ശാന്തിഭവന്റെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ശാന്തിഭവന്‍ ആശുപത്രികളിലൂടെ സൗജന്യ സേവനം നല്‍കണമെന്നാണ് ആശുപത്രിയുടെ സിഇഒ ആയ ഫാ. ജോയി കുത്തൂരിന്റെ ആഗ്രഹം.
ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍
‘ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍’ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്. മരണാസന്നരും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്തവരുമായ രോഗികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ ഉന്നത നിലവാരത്തിലുള്ള സാന്ത്വനപരിചരണം ആശുപത്രിയില്‍ ഉറപ്പാക്കുന്നു. രോഗികളുടെ കൂട്ടിരിപ്പിനായി കുടുംബത്തില്‍ നിന്നാര്‍ക്കും വന്നു നില്‍ക്കാന്‍ കഴിയാത്ത സാഹര്യമുള്ളവര്‍ക്ക് ‘ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്’ എന്ന പേരില്‍ വിദഗ്ധ പരിശീലനം നേടിയ സഹായികളായ ബൈസ്റ്റാന്‍ഡര്‍മാരുടെ പരിചരണവും ലഭ്യമാക്കുന്നുണ്ട്. നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസും ഇവിടെ സൗജന്യമായി ചെയ്തു നല്‍കുന്നു.
ആഴ്ചയില്‍ മൂന്നും നാലും ഡയാലിസിസുകള്‍ നടത്തുക എന്നത് സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളില്‍ പോലും വലിയ ബാധ്യതയാണ് വരുത്തുന്നത്. ഈ സാഹര്യത്തിലാണ് പൂര്‍ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുന്ന ശാന്തി ഭവന്‍ നിര്‍ധരോഗികള്‍ക്ക് വലിയ ആശ്വാസമായി മാറുന്നത്. നൂറ്റമ്പതോളം പേരെ ദത്തെടുത്തു സൗജന്യമായി ഡയാലിസിസ് നടത്താവുന്ന രീതിയിലേക്ക് സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശാന്തി ഭവന്‍. സോളാര്‍ സംവിധാനത്തിലാണ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. നെഫ്രോളജിസ്റ്റിന്റെയും നഴ്‌സുമാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സേവനത്തിന് പുറമെ നിര്‍ധനരായ രോഗികള്‍ക്ക് ഇവിടേക്കെത്താനുള്ള വാഹനസൗകര്യംപോലും സൗജന്യമായാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ശാന്തിഭവനിലെ മെഡിക്കല്‍ ലാബില്‍ കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്താനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സിസ്റ്റം, വെന്റിലേറ്റര്‍, സര്‍വ്വസജ്ജീകരണങ്ങളുമുള്ള ഐസിയു, കാഷ്വാലിറ്റി എന്നിവയും ശാന്തിഭവനിലുണ്ട്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് രോഗികള്‍ക്ക് കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം ലക്ഷ്യമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. വീടുകളില്‍ കഴിയുന്ന സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഏത് സമയത്തും സഹായമെത്തിക്കുന്നതിനായി 15 വാഹനങ്ങളും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘവും ഇവിടെ സുസജ്ജമാണ്. നിലവില്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമാണ് ഈ ശുശ്രൂഷ ലഭ്യമാക്കുന്നത്.
അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ശാന്തിഭവന്‍ രൂപകല്പന ചെയ്ത ‘ജോയ്‌സ് ടച്ച്’ എന്ന പേരിലുള്ള അത്യാധുനിക ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സ്മാര്‍ട്ട് വാച്ചും വാര്‍ധക്യത്തിലെത്തിയവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും അതേസമയം തന്നെ ആവശ്യമായ ശുശ്രൂഷകള്‍ സ്വീകരിക്കാനും അവസരമൊരുക്കുന്ന പ്രായമായവരുടെ വില്ലേജ് തുടങ്ങിയ പദ്ധതികളും ഫാ. ജോയ് കുത്തൂരിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *