Follow Us On

02

December

2023

Saturday

സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം

സ്ഥിരതയോടെ  പ്രാര്‍ത്ഥിക്കണം

സ്ഥിരതയോടെയുള്ള പ്രാര്‍ത്ഥനയുടെ ഏറ്റവും മികച്ച ഉദാഹരണം ഈശോ തന്നെയാണെന്ന് പ്രാര്‍ത്ഥനയെക്കുറിച്ച് നടത്തിവന്ന പ്രഭാഷണപരമ്പരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നിരന്തരമായി പിതാവുമായി നടത്തിയിരുന്ന സംഭാഷണമായിരുന്നു യേശുവിന്റെ മിഷന്റെ കേന്ദ്രബിന്ദു. മടുപ്പുതോന്നാതെ പ്രാര്‍ത്ഥിക്കണമെന്ന് ഈശോ ശിഷ്യന്‍മാരെ പഠിപ്പിക്കുന്നതായി സുവിശേഷത്തില്‍ വായിക്കുന്നുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു.
പ്രാര്‍ത്ഥനയെക്കുറിച്ച് ഇത്രയേറെ സംസാരിക്കണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്? അത് ആവശ്യമാണ്. കാരണം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നമുക്ക് ജീവിതത്തില്‍ മുമ്പോട്ട് പോകാനുള്ള ശക്തി ലഭിക്കില്ല. പ്രാര്‍ത്ഥന ആത്മീയ ജീവിതത്തിന്റെ ജീവവായുവാണ്. വിശ്വാസത്തോടെ തിരുഹൃദയത്തിന്റെ വാതിലില്‍ സ്ഥിരതയോടെ മുട്ടുന്ന ആരും നിരാശരാകില്ലെന്ന് പാപ്പ പറഞ്ഞു. ദൈവം എപ്പോഴും പ്രത്യുത്തരം നല്‍കുന്നു. നമ്മുടെ പിതാവിന് നമുക്ക് എന്താണ് വേണ്ടതെന്ന് നന്നായി അറിയാം. സ്ഥിരതയോടെയുള്ള പ്രാര്‍ത്ഥന നമ്മുടെ ആവശ്യത്തെക്കുറിച്ച് പിതാവിനെ ബോധ്യപ്പെടുത്തുമെന്നതിലുപരി നമ്മുടെ ഉള്ളിലെ ആഗ്രഹവും പ്രതീക്ഷയും വളര്‍ത്തുകയാണ് ചെയ്യുന്നത്. തിന്മയിലേക്കോ പാപത്തിലേക്കോ വീഴാതെ ദൈവവുമായി ചില വാഗ്വാദങ്ങള്‍ നടത്തുന്നതുപോലും വിശ്വാസത്തിന്റെ പ്രകടനമാണെന്ന് പാപ്പ പറഞ്ഞു.

വിനയത്തിന്റെ അരൂപിയില്‍ മാത്രമേ യഥാര്‍ത്ഥ പ്രാര്‍ത്ഥന നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഫരിസേയന്റെയും ചുങ്കക്കാരന്റെ ഉപമ വ്യക്തമാക്കുന്നു. വാസ്തവത്തില്‍ പ്രാര്‍ത്ഥനയില്‍ നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് ചോദിക്കുവാന്‍ ശക്തി തരുന്നത് വിനയമാണ്. സുവിശേഷം നമ്മെ പഠിപ്പിക്കുന്ന കാര്യം വ്യക്തമാണ്. എല്ലാ സമയത്തും നാം പ്രാര്‍ത്ഥിക്കണം – പ്രാര്‍ത്ഥന നിഷ്പ്രയോജനകരമാണെന്ന് തോന്നുമ്പോഴും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്ന തോന്നുമ്പോഴും പ്രാര്‍ത്ഥിച്ച് വെറുതെ സമയം പാഴാക്കുകയാണ് എന്ന് ചിന്തിക്കുമ്പോഴും നാം പ്രാര്‍ത്ഥന തുടരണം.
സ്വര്‍ഗം നമ്മില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുകയാണെങ്കിലും ക്രിസ്ത്യാനി പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നില്ല. വിശ്വാസം എന്നത് ഒരു മിഥ്യയാണെന്ന് തോന്നുന്ന ദിവസങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തെയും തരണം ചെയ്യുവാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കും- ‘ പിതാവേ, പ്രാര്‍ത്ഥിച്ചിട്ടും യാതൊരു അനുഭവും എനിക്കുണ്ടാകുന്നില്ല. എന്റെ ഹൃദയം വരണ്ടുണങ്ങിയിരിക്കുന്നു.’ എന്ന് പിതാവിനോട് ഏറ്റുപറയുക. നിര്‍വികാരത അനുഭവപ്പെടുന്ന ഇത്തരം അവസരങ്ങളിലും നിര്‍ത്താതെ പ്രാര്‍ത്ഥന തുടരുക. നിരവധി വിശുദ്ധര്‍ ദൈവം നിശബദ്ധത പുലര്‍ത്തിയ സമാനമായ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ സ്ഥിരതപുലര്‍ത്തിക്കൊണ്ടാണ് അവര്‍ ആ രാത്രികളെ അതിജീവിച്ചത്.

വിശ്വാസത്തിന്റെ ഈ രാത്രികളില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ ഒറ്റയ്ക്കല്ലെന്നും, യേശു അവരോടൊപ്പമുണ്ടെന്നും പാപ്പ പറഞ്ഞു. യേശുവിലൂടെയും യേശുവിലും പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ്. നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നതിന്റെ ഉറപ്പ് യേശുവിന്റെ പ്രാര്‍ത്ഥനയാണെന്ന് കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു. മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ക്ക് ലഭിക്കണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന ചിറകുകകള്‍ പ്രാര്‍ത്ഥനക്ക് നല്‍കുന്നത് യേശുവിന്റെ പ്രാര്‍ത്ഥനയാണ്. ക്രിസ്തുവിലാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. യേശുവിനെ കൂടാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ട മാനുഷികപരിശ്രമങ്ങള്‍ മാത്രമായി അധഃപതിക്കുന്നു. എന്നാല്‍ നമ്മുടെ ഒരോ കരച്ചിലും, ഒരോ ഞരക്കവും, ഒരോ ആഘോഷവും, ഒരോ യാചനയും മനുഷ്യന്റെ എല്ലാ പ്രാര്‍ത്ഥനയും യേശു തന്നെ ഏറ്റെടുത്തിരിക്കുന്നു. ഒപ്പം നമ്മുടെ ഉള്ളിലിരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധാത്മാവിനെ നാം മറക്കരുത്. പരിശുദ്ധാത്മാവാണ് നമ്മെ പ്രാര്‍ത്ഥനയിലേക്കും യേശുവിലേക്കും നയിക്കുന്നതെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?