– രഞ്ജിത്ത് ലോറന്‍സ്
മൂത്ത മകളായ എയ്മി എന്ന് വിളിക്കുന്ന എയ്മിലിന്‍ റോസ് തോമസ് സെക്കന്‍ഡ് ഗ്രേഡില്‍ പഠിക്കുന്ന സമയത്താണ് മെര്‍ലിന്‍ രണ്ടാമതും ഗര്‍ഭിണിയായത്. ഗര്‍ഭകാലത്ത് നടത്തിയ സ്‌കാനിംഗുകളില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടിരുന്നുവെങ്കിലും ദൈവത്തിലാശ്രയിച്ചുകൊണ്ട് അവര്‍ പ്രത്യാശയോടെ മുമ്പോട്ട് പോയി. അക്കാലത്ത് മെര്‍ലിനും ഭര്‍ത്താവ് ജോസ് തോമസും മുടങ്ങാതെ ചൊല്ലിയിരുന്ന നൊവേന പ്രാര്‍ത്ഥനയായിരുന്നു പ്രാഗിലെ ഉണ്ണീശോയോടുള്ള നൊവേന. ഒരു ദിവസം രാത്രിയില്‍ ഉണ്ണീശോയോടുള്ള നൊവേന ഇരുവരും ചേര്‍ന്ന് ചൊല്ലുന്നതിനിടയില്‍ കുഞ്ഞിന് ഉണ്ണീശോയുടെ പേരായ ‘ഇമ്മാനുവേല്‍’ എന്ന് തന്നെ ഇടണമെന്ന് മെര്‍ലിന് ശക്തമായ ഒരു പ്രേരണ ഉണ്ടായി. ഈ വിവരം പ്രാര്‍ത്ഥന കഴിഞ്ഞ് ഭര്‍ത്താവിനോട് പറയാമെന്ന വിചാരത്തില്‍ മെര്‍ലിന്‍ പ്രാര്‍ത്ഥന തുടര്‍ന്നു. നേരത്തെ തങ്ങള്‍ കണ്ടുവച്ചിരുന്ന ഏതെങ്കിലും പേര് തന്നെ ഇടണമെന്ന് ഭര്‍ത്താവ് ശഠിച്ചാല്‍ പേരിന്റെ ഏതെങ്കിലുമൊരുഭാഗത്തെങ്കിലും ഇമ്മാനവേല്‍ എന്ന് ചേര്‍ക്കണമെന്ന ചിന്തയോടെയാണ് തുടര്‍ന്നുള്ള സമയം മെര്‍ലിന്‍ പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ മെര്‍ലിന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ജോസ് ഇങ്ങനെ ചോദിച്ചു – ‘ നമ്മുടെ കുഞ്ഞിനെന്തിനാ വേറെ പേര് തേടുന്നത്? നമുക്കവന് ഇമ്മാനുവേല്‍ എന്ന് പേരിട്ടാലെന്താ?’ അങ്ങനെ ദൈവത്തിന്റെ പ്രത്യേകമായ പദ്ധതിപ്രകാരമാണ് മാനി എന്ന് വിളിക്കുന്ന ഇമ്മാനുവേല്‍, ജോസിന്റെയും മെര്‍ലിന്റെയും എയ്മിയുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ഇമ്മാനുവല്‍ ഈസ് എ ബ്ലസിംഗ്
ഏഴ് വര്‍ഷക്കാലം ഒറ്റക്കുട്ടിയായി ജീവിച്ച എയ്മിലിനും വലിയ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു തനിക്കൊരു കുഞ്ഞനുജന്‍ ജനിക്കാന്‍ പോകുന്നുവെന്ന വിവരം. എന്നാല്‍ ഇമ്മാനുവേല്‍ ജനിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അവന് സാരമായ പ്രശ്‌നങ്ങളുള്ളതായി മാതാപിതാക്കളായ ജോസും മെര്‍ലിനും തിരിച്ചറിഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന സിഎഫ്‌സി അഥവാ ‘കാര്‍ഡിയോഫേസിയോ ക്യൂട്ടേനിയസ് സിന്‍ഡ്രം’ എന്ന അപൂര്‍വ ജനിതക രോഗമായിരുന്നു ഇമ്മാനുവേലിന്. മറ്റുള്ളവരെപ്പോലെ നടക്കുവാനോ സംസാരിക്കുവാനോ ഭക്ഷണം കഴിക്കുവാനോ ഒന്നും ഇമ്മാനുവേലിന് സാധിക്കുമായിരുന്നില്ല.
ലോകത്തില്‍ 500-ല്‍ താഴെയാളുകളെ മാത്രം ബാധിച്ചിട്ടുള്ള ഈ അപൂര്‍വ്വ ജനിതക രോഗം ഇമ്മാനുവേലിന്റെ മസ്തിഷ്‌കത്തെയും ശ്വാസകോശത്തെയും അടക്കം ശരീരത്തിന്റെ പല ഭാഗങ്ങളെയും സാരമായി തകരാറിലാക്കി. കുഞ്ഞനുജന്റെ രോഗാവസ്ഥയും മാതാപിതാക്കള്‍ക്ക് കൂടുതല്‍ സമയം ഇമ്മാനുവേലിന് വേണ്ടി ചിലവഴിക്കേണ്ട സാഹചര്യവുമെല്ലാം ഏതൊരു സാധാരണ കുട്ടിയെയും പോലെ എയ്മിലിനെയും ഒറ്റപ്പെടലിലേക്കും അരക്ഷിതത്വത്തിലേക്കും നയിച്ചു. എന്നാല്‍ ‘ഇമ്മാനുവേല്‍ ഒരു അനുഗ്രഹം’ ആണെന്നും ചേച്ചി എന്ന നിലയില്‍ ഇമ്മാനുവേലിന് വേണ്ട കാര്യങ്ങള്‍ എയ്മിലന്‍ ചെയ്യണമെന്നും മാതാപിതാക്കള്‍ സ്‌നേഹത്തോടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മാതാപിതാക്കളുടെ ക്രിയാത്മകമായ ഇടപെടലിലൂടെയും വീട്ടില്‍ ഇമ്മാനുവേലിനെ പരിചരിക്കാന്‍ വരുന്ന ഹോം നഴ്‌സുമാരുടെ മാതൃകാപരമായ ഇടപെടലിന്റെയും ഫലമായി എയ്മിലിന്‍ ഇമ്മാനുവേലിന്റെ രോഗാവസ്ഥയെ അംഗീകരിക്കുവാനും ചെറിയ സഹായങ്ങള്‍ ചെയ്യുവാനും തുടങ്ങി. എന്നാല്‍ ‘ഇമ്മാനുവേല്‍ ഈസ് എ ബ്ലസിംഗ്’ എന്നത് വെറും ആശ്വാസവാക്കല്ലെന്നും ഇമ്മാനുവേല്‍ യഥാര്‍ത്ഥത്തില്‍ ഒരനുഗ്രഹമാണെന്നും എയ്മിലിനും അവളുടെ മാതാപിതാക്കളും കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ ഇടയാക്കിയ സംഭവങ്ങളാണ് തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിച്ചത്.
ഇമ്മാനുവേലിനെ ചികിത്സിച്ചുകൊണ്ടിരുന്ന ആശുപത്രിക്കുവേണ്ടി വലിയൊരു ധനസമാഹരണ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിച്ചത് എയ്മിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. മൂന്ന് വര്‍ഷങ്ങളിലായി നാല് ലക്ഷത്തോളം ഡോളറാണ് എയ്മിലിന്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കമ്മിറ്റി സമാഹരിച്ചത്. ഇത് എയ്മിലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
ഈശോയുടെ മാനിയും മാനിയുടെ എമിലിനും
മറ്റു പലരും അസൗകര്യമെന്നോ വേദനാജകമെന്നോ വിശേഷിപ്പക്കാവുന്ന പ്രത്യേക പരിഗണന ആവശ്യമുള്ള മാനി എന്ന കുഞ്ഞനുജനായിരുന്നു എമിലിന്റെ ജീവിതത്തില്‍ മുമ്പോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജമായി മാറിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഇമ്മാനുവേലിനെ ചികിത്സിച്ചുകൊണ്ടിരുന്ന ആശുപത്രിക്കുവേണ്ടി വലിയൊരു ധനസമാഹരണ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിച്ചത് എയ്മിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അന്ന് മൂന്ന് വര്‍ഷങ്ങളിലായി നാല് ലക്ഷത്തോളം ഡോളറാണ് എയ്മിലിന്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കമ്മിറ്റി ഈ ആശുപത്രിക്കുവേണ്ടി സമാഹരിച്ചത്. ഇത് എയ്മിലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തന്റെ അനുജനെപ്പോലെ വേദനിക്കുന്ന, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും ഏറെ കാര്യങ്ങള്‍ ചെയ്യുവാന്‍ തനിക്ക് സാധിക്കുമെന്ന് അതിലൂടെ എയ്മിലിന്‍ തിരിച്ചറിഞ്ഞു. ഇമ്മാനുവേല്‍ ഒാരോ ദിവസവും കടന്നുപോകുന്ന വെല്ലുവിളികളിലൂടെ കൂടുതലായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവം എയ്മിലിനെ വിളിക്കുകയായിരുന്നു.
‘മാനി ദി സര്‍വൈവര്‍’
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ‘കമ്മിറ്റി ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ചൈല്‍ഡ്'(സിആര്‍സി) ലോകമെമ്പാടും നിന്ന് 30 പേരെ തിരഞ്ഞെടുത്തതില്‍ ഒരാള്‍ എയ്മിലിനായിരുന്നു. ആ തിരഞ്ഞെടുപ്പിന് നിമിത്തമായതാകട്ടെ ഇമ്മാനുവേലിനെക്കുറിച്ച് എയ്മിലിന്‍ രചിച്ച ‘മാനി ദി സര്‍വൈവര്‍’ എന്ന കവിതയും. ആ കവിതയില്‍ ആകൃഷ്ടനായ ഒരു പ്രഫസറുടെ ശുപാര്‍ശയാണ് കമ്മിറ്റിയിലേക്കുള്ള എയ്മിലിന്റെ പ്രവേശനം സുഗമമാക്കിയത്. രണ്ട് വര്‍ഷം ആ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. അതിന്റെ അവസാനമാണ് ‘ഡേ ഓഫ് ജനറല്‍ ഡിസ്‌കഷന്‍’ എന്ന പൊതുചര്‍ച്ച നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സിആര്‍സിയുടെ നേതൃത്വത്തിലുള്ള ആ പൊതുസമ്മേളനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റിയെ പ്രതിനിധീകരിച്ച് ആമുഖ പ്രഭാഷണം നടത്തുവാന്‍ എയ്മിലിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമിതിയുടെ ചെയര്‍മാന്‍, അസോസിയേറ്റ് ഡയറക്ടര്‍, യൂണിസെഫിന്റെ ആഗോള മേധാവി തുടങ്ങിയ പ്രമുഖരായിരുന്നു മറ്റ് പ്രഭാഷകര്‍.
സഹോദരന്‍ ഇമ്മാനുവേലിനെ പരിചരിച്ച അനുഭവം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിന് തനിക്ക് പ്രചോദനമായെന്ന് പ്രഭാഷണത്തില്‍ എയ്മിലിന്‍ പറഞ്ഞു. പ്രത്യേക പരിചരണം വേണ്ട കുട്ടികളുടെ ആവശ്യങ്ങളെയും അവര്‍ക്ക് നല്‍കേണ്ട പരിചരണത്തെയുംകുറിച്ച് സ്വന്തം ജീവിതത്തിലെ അനുഭവങ്ങളില്‍നിന്നു പഠിച്ച കാര്യങ്ങള്‍ എയ്മിലിന്‍ വേദിയില്‍ പങ്കുവച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ള സഹോദരനെ ശുശ്രൂഷിക്കുന്നതിലൂടെ ആര്‍ജ്ജിച്ച ജീവിതാനുഭവങ്ങള്‍, എയ്മിലിനെ ഇത്തരത്തിലുള്ള കുട്ടികളുടെ അവകാശങ്ങളെകുറിച്ച് ബോധവതിയും അവരുടെ വക്താവുമാക്കി മാറ്റുകയായിരുന്നു.
ബൈഡന്‍ മുതല്‍ തരൂര്‍ വരെ
ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിലെ ആ ആമുഖപ്രഭാഷണം ശ്രദ്ധിക്കപ്പെട്ടു. ലോകമെമ്പാടുനിന്നും എയ്മിലിന് അഭിനന്ദനം പ്രവഹിച്ചു. യുഎസിലെ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ ഇഷ്ടഭക്ഷണമാണ് മസാലദോശ. ഈ തെന്നിന്ത്യന്‍ വിഭവത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പുറം ലോകമറിയുന്നത് എയ്മിലിനിലൂടെയാണ്. എയ്മിലിന്റെ അസാധാരണമായ നേട്ടങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് ഗവര്‍ണേഴ്‌സ് ഓഫീസില്‍ എയ്മിലിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മസാലദോശയോടുള്ള ഇഷ്ടം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ മനസുതുറന്നത്. പെന്‍സില്‍വാനിയ ഗവര്‍ണറുടെ മാത്രമല്ല യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെയുള്ള നിരവധി വിഐപികളുമായി കൂടിക്കാഴ്ച നടത്തിയിക്കഴിഞ്ഞ എയ്മിലിന് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദമറിയിച്ചുകൊണ്ടുള്ള കത്തും ലഭിച്ചു. ഫിലാഡല്‍ഫിയ ആര്‍ച്ച്ബിഷപ് നെല്‍സണ്‍ ജെ പെരെസ്, സീറോ മലബാര്‍ സഭാതലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മജീഷ്യന്‍ മുതുകാട് തുടങ്ങിയവരാണ് അഭിനന്ദനമറിയിച്ച മറ്റ് ചില പ്രമുഖര്‍. എയ്മിലിനെ അഭിനന്ദനം അറിയിക്കാന്‍ ഫോണില്‍ വിളിച്ച സുരേഷ് ഗോപി എംപി തന്റെ കാത്തലിക്ക് സ്‌കൂള്‍ പഠനകാലത്തെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ പങ്കുവച്ചതും അവിടെ നിന്ന് പഠിച്ച സ്വര്‍ഗസ്ഥനായ പിതാവേ ജപവും നന്മ നിറഞ്ഞ മറിയമേ ജപവും ചൊല്ലിയതും ഇവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറി. യുഎസ് പ്രസിഡന്റ് മുതല്‍ ശശി തരൂര്‍ എംപി വരെയുള്ളവരുടെ അഭിനന്ദനം കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാനുള്ള ഓര്‍മപ്പെടുത്തലാണെന്ന് എയ്മിലിന്‍ പറയുന്നു.
അവരുടെ സ്വപ്‌നങ്ങള്‍ക്കും ചിറകുകള്‍ നല്‍കാം
യുഎസിലെ ഫിലാഡല്‍ഫിയായിലെ സ്പ്രിംഗ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ഗണിത അധ്യാപകനായ പാലാ ആവിമൂട്ടില്‍ ജോസ് തോമസിന്റെയും മൂലമറ്റം കുന്നക്കാട്ട് മെര്‍ലിന്‍ അഗസ്റ്റിന്റെയും മക്കളാണ് എയ്മിലിനും ഇമ്മാനുവേലും. ഇമ്മാനുവേലിനെ ഭരമേല്‍പ്പിക്കാന്‍ ദൈവം ഭൂമിയില്‍ തിരഞ്ഞെടുത്ത ആ കുടുംബം ഇന്നും ദൈവം ഭരമേല്‍പ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിര്‍വഹിക്കുന്നു. തങ്ങളുടെ സമയവും ആരോഗ്യവും സ്‌നേഹവും ഇമ്മാനുവേലിന് വാരിക്കോരി നല്‍കുന്ന ഈ കുടുംബത്തിന് ദൈവം ഇമ്മാനുവേലില്‍ കൂടെ തന്നെ നല്‍കിയ സമ്മാനമായിരുന്നു എയ്മിലിന് ലഭിച്ച നേട്ടങ്ങള്‍.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ (സ്‌പെഷ്യല്‍ നീഡ്‌സ്’) ലോകം വ്യത്യസ്തമാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിക്കൊണ്ട് ഇമ്മാനുവേലിനെപ്പോലെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പരിചരിക്കുന്ന കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളും സഹനങ്ങളും അനവധിയാണ്. ഇത്തരം കുടുംബങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ങ്ങളും വേദനകളും ദൈവം കാണുന്നുണ്ടെന്നും അതിന് പിന്നില്‍ ഒരു ദൈവികപദ്ധതിയുണ്ടെന്നുമുളള ഓര്‍മപ്പെടുത്തല്‍ കൂടെയായിരുന്നു എയ്മിലിനിലൂടെ ഈ കുടുംബത്തിലേക്ക് എത്തിയ നേട്ടങ്ങള്‍.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ഉള്ള പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കും മികച്ച പരിചരണം ലഭ്യമാക്കുന്നതിനായി തനിക്ക് ലഭിച്ച അംഗീകാരങ്ങളും ബന്ധങ്ങളും ഉപയോഗിക്കുവാനാണ് എയ്മിലിന്‍ ആഗ്രഹിക്കുന്നത്. ബിരുദപഠനത്തിനായി ന്യൂറോ സയന്‍സ് തിരഞ്ഞെടുത്തിരിക്കുന്ന എയ്മിലിന് ഒരു പീഡിയാട്രിക്ക് സര്‍ജനാകുവാനാണ് ആഗ്രഹം. ലോകമെമ്പാടുമുള്ള കുട്ടികളുടെ, പ്രത്യേകിച്ചും സ്‌പെഷ്യല്‍ നീഡ്‌സുള്ള കുട്ടികളുടെ, സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍വേണ്ടി ്ര്രപവര്‍ത്തിക്കുന്ന എയ്മിലിന്‍ ഇന്ന് ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്.
എയ്മിലിനിലൂടെയും ഒപ്പം ഇമ്മാനുവേലിലൂടെയും ദൈവം പ്രവര്‍ത്തിക്കാന്‍ പോകുന്ന വലിയ കാര്യങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *