Follow Us On

28

March

2024

Thursday

ബൾഗേറിയൻ പട്ടാളം മോഷ്ടിച്ച ആയിരം വർഷം പഴക്കമുള്ള ബൈബിൾ കൈയെഴുത്തുപ്രതി തിരിച്ചുകിട്ടി; നിർണായകമായത് ബൈബിൾ മ്യൂസിയത്തിന്റെ ഇടപെടൽ

ബൾഗേറിയൻ പട്ടാളം മോഷ്ടിച്ച ആയിരം വർഷം പഴക്കമുള്ള ബൈബിൾ കൈയെഴുത്തുപ്രതി തിരിച്ചുകിട്ടി; നിർണായകമായത് ബൈബിൾ മ്യൂസിയത്തിന്റെ ഇടപെടൽ

ഏഥൻസ്: ഗ്രീസിലെ സന്യാസിനീ മഠത്തിൽനിന്ന് ബൾഗേറിയൻ പട്ടാളം മോഷ്ടിച്ചുകൊണ്ടുപോയ, ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള ബൈബിൾ കൈയെഴുത്തുപ്രതി തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഗ്രീക്ക് ഓർത്തഡോക്‌സ് സഭാംഗങ്ങൾ. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിലെ വിഖ്യാത ബൈബിൾ മ്യൂസിയത്തിന്റെ ഇടപെടലാണ് ‘ഐക്കോസൈഫോനീസ മാനുസ്‌ക്രിപ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കൈയെഴുത്തുപ്രതി വീണ്ടെടുക്കാൻ സഹായകമായത്.

പത്തോ പതിനൊന്നോ നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ‘ഐക്കോസൈഫോനീസ മാനുസ്‌ക്രിപ്റ്റ്’ ഇക്കഴിഞ്ഞ ദിവസം ബൈബിൾ മ്യൂസിയം അധികാരികൾ യഥാർത്ഥ ഉടമകളായ ഈക്കോസിഫോനിസ സന്യാസ ആശ്രമത്തിന് സമ്മാനിക്കുകയായിരുന്നു. 1917ൽ ബൾഗേറിയൻ പട്ടാളം ആശ്രമത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയ കൈയെഴുത്തുപ്രതി പല കൈ മറിഞ്ഞ് 2014ലാണ് ബൈബിൾ മ്യൂസിയത്തിൽ എത്തിയത്. ഏറ്റവും അധികം പഴക്കം കൽപ്പിക്കപ്പെടുന്ന സുവിശേഷങ്ങളുടെ ഗ്രീക്ക് കൈയെഴുത്തുപ്രതികൂടിയാണ് ‘ഐക്കോസൈഫോനീസ മാനുസ്‌ക്രിപ്റ്റ്’.

ഒന്നാം ലോക മഹായുദ്ധ കാലത്ത്, 1917ൽ ബൾഗേറിയൻ പട്ടാളം സന്യാസിനീ ആശ്രമത്തിൽനിന്ന് പ്രസ്തുത കൈയെഴുത്തുപ്രതി ഉൾപ്പെടെ ഏതാണ്ട് 400ൽപ്പരം അമൂല്യവസ്തുക്കളാണ് മോഷ്ടിച്ച് കടത്തിയത്. ഇത് കണ്ടെത്താനായാൽ തിരിച്ചുതരണമെന്ന് കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രീയർക്കിസ് ബർത്തലോമിയോ നാളുകൾക്കുമുമ്പ് ഒരു അഭ്യർത്ഥന നടത്തിയിരുന്നു. അതേ തുടർന്നാണ്, പ്രസ്തുത കൈയെഴുത്തുപ്രതിയുടെ സാന്നിധ്യം ബൈബിൾ മ്യൂസിയം അധികൃതർ സ്ഥിരീകരിച്ച് അത് ഗ്രീക്ക് സഭയ്ക്ക് തിരിച്ചു നൽകാനുള്ള സന്നദ്ധത അറിയിച്ചത്.

അമൂല്യവസ്തുക്കളുടെ ലേലം നടത്തുന്ന പ്രമുഖ കമ്പനിയായ ‘ക്രിസ്റ്റീസി’ൽനിന്ന് 2011ൽ ഉടമസ്ഥാവകാശം കരസ്ഥമാക്കിയ ഒക്‌ലഹോമയിലെ ‘ഗ്രീൻ കളക്ഷൻസാ’ണ് പ്രസ്തുത കൈയെഴുത്തുപ്രതി 2014ൽ ബൈബിൾ മ്യൂസിയത്തിന് കൈമാറിയത്. കൈയെഴുത്തുപ്രതി കൈമാറിയ സമ്മേളനത്തിൽ യു.എസിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പ് എൽഫിഡോഫോറസ് ഉൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതനായിരുന്നു. കൈയെഴുത്തിപ്രതി തിരിച്ചുനൽകിയ മ്യൂസിയത്തെ അഭിനന്ദത്താൽ പൊതിയുകയും ചെയ്തു ആർച്ച്ബിഷപ്പ് എൽഫിഡോഫോറസ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?