Follow Us On

18

April

2024

Thursday

ഈശോയെ ഒത്തിരി ഒത്തിരി സ്‌നേഹിച്ച മുന്നാസ്! കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ‘സ്വർഗത്തിൽ ചിൽ’ ചെയ്യുന്ന 25 വയസുകാരൻ മുന്നാസിനെ അനുസ്മരിച്ച് വൈദികൻ

സച്ചിൻ എട്ടിയിൽ

ഈശോയെ ഒത്തിരി ഒത്തിരി സ്‌നേഹിച്ച മുന്നാസ്! കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ‘സ്വർഗത്തിൽ ചിൽ’ ചെയ്യുന്ന 25 വയസുകാരൻ മുന്നാസിനെ അനുസ്മരിച്ച് വൈദികൻ

തൃശൂർ: ‘കൂടുതൽ ദുഃഖിക്കുന്നത് നിറുത്തൂ… ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി,’ എന്ന ചരമക്കുറിപ്പ് സമ്മാനിച്ച് ഈ ലോകത്തുനിന്ന് വിടചൊല്ലിയ മൊയലൻ വീട്ടിൽ ജോസ് റെയ്‌നി എന്ന 25 വയസുകാരൻ മുന്നാസിന്റെ ആത്മീയ ശക്തിയുടെ ഉറവിടം വെളിപ്പെടുത്തി വൈദീകൻ നടത്തിയ അനുസ്മരണാ സന്ദേശം ശ്രദ്ധേയമാകുന്നു. മൃതസംസ്‌ക്കാര ശുശ്രൂഷാമധ്യേ, അവന്റെ സുഹൃത്തുകൂടിയായ ഫാ. ഡൊമിനി ചാഴൂരാണ്, ‘ഈശോയെ ഒത്തിരി സ്നേഹിച്ച മുന്നാസ്,’ എന്ന ആമുഖത്തോടെ മുന്നാസിന്റെ ദൈവവിശ്വാസത്തെ കുറിച്ച് അനുസ്മരിച്ചത്.

‘കഠിനമായ വേദനക്കിടയിലും ഈശോയെ അത്രമേൽ സ്‌നേഹിച്ച മുന്നാസ് ദൈവവചനത്തിൽ നിന്നും വിശുദ്ധ കുർബാനയിൽനിന്നുമാണ് ശക്തി സംഭരിച്ചത്,’ ഫാ. ഡൊമിനി സാക്ഷിച്ചു. രോഗശയ്യയിലും കട്ടിലിന് സമീപം ബൈബിളും പ്രാർത്ഥനാ പുസ്തകങ്ങളും മുന്നാസ് സൂക്ഷിച്ചിരുന്നതായി ഫാ. ഡൊമിനി ഓർത്തെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചശേഷം കുറേയേറെ സമയം മുന്നാസ് ഈശോയോട് പ്രാർത്ഥിക്കുമായിരുന്നു.

വളരെ ചെറുപ്പംമുതൽ തന്നെ വിശ്വാസ കാര്യങ്ങളിൽ തീക്ഷ്ണമതിയായിരുന്നു മുന്നാസ്. ആശുപത്രി കിടക്കയിൽ ആ ചെറുപ്പക്കാരനെ സന്ദർശിക്കുമ്പോൾ, ഒരു കൈ ഉയർത്താൻ സാധിക്കില്ലായിരുന്നെങ്കിലും, മറുകൈ ഉയർത്തി അവൻ തനിക്ക് സ്തുതി നൽകുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

മുന്നാസിന്റെ പിതാവായ റെയ്നിയ്ക്കും മാതാവ് രഞ്ജിത റെയ്നിയ്ക്കും വേദനയ്ക്കിടയിലും മകൻ പ്രകടിപ്പിച്ച ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. വീട്ടിലെത്തുന്ന വൈദികരും സന്യസ്തരും മകനോട് പ്രാർത്ഥന വാഗ്ദാനം ചെയ്യുമ്പോൾ, ‘നിങ്ങൾക്കു വേണ്ടി ഞാനും പ്രാർത്ഥിക്കാം,’ എന്ന മറുപടിയാണ് മുന്നാസ് നൽകിയിരുന്നതെന്ന് അമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ‘ഇങ്ങോട്ട് സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അങ്ങോട്ട് കൊടുക്കാൻ ആഗ്രഹിക്കുന്ന ആളായിരുന്നു മുന്നാസ്.’

ഇതോടൊപ്പം മറ്റൊരു കാര്യവും അമ്മ ഓർത്തെടുത്തു: ‘എല്ലാ ദിവസവും കിടക്കാൻ പോകുംമുമ്പ് ഓരോ കുടുംബാംഗങ്ങളുടെയും അടുത്തുചെന്ന് അവരുടെ കൈകളിൽ പിടിച്ച് ഗോഡ് ബ്ലെസ് യു, മമ്മാ മേരി ലൗസ് യു, സെന്റ് ജോസഫ് ലൗസ് യു, ആർക്കെയ്ഞ്ചൽസ് ബീ വിത്ത് യു, ഗാർഡിയൻ ഏഞ്ചൽസ് പ്രൊട്ടക്ട് യു, ഹോളി സ്പിരിറ്റ് ഫിൽ ഇൻ യു എന്ന് മകൻ പറയുമായിരുന്നു.’ താൻ വീട്ടിൽ ഇല്ലാത്ത സമയത്താണെങ്കിൽ ഈ സന്ദേശം മൊബൈലിൽ മകൻ അയച്ചു തരുമായിരുന്നു എന്ന് പിതാവായ റെയ്‌നി പറഞ്ഞു.

മുന്നാസിന് മൂന്ന് വർഷംമുമ്പാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ബി.ബി.എ കോഴ്‌സ് കഴിഞ്ഞ് എം.ബി.എ കോഴ്‌സിന് ചേരാൻ ഒരുങ്ങുമ്പോഴായിരുന്നു അത്. ആൽപ്‌സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനു ശേഷവും യാത്രകൾ തുടർന്നു. തലയോട്ടി തുറന്നുള്ള രണ്ട് ശസ്ത്രക്രിയയ്ക്കാണ് മൂന്ന് വർഷത്തിനിടെ മുന്നാസ് വിധേയനായത്. രണ്ടാമത്തെ ശസ്ത്രക്രിയക്കുശേഷം ശരീരത്തിന്റെ ഒരു ഭാഗം തളർന്നു.

യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല. ശസ്ത്രക്രിയയ്ക്ക് നഴ്‌സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു. ചികിത്സിച്ച ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനും ഉൾപ്പെടെ ടിഷ്യു പേപ്പറിൽ കത്തുകൾ കൈമാറുന്നതും പതിവായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ കുറിപ്പാണ് ഇപ്പോൾ തരംഗമായത്. പൂജ റെയ്നി, മരിയ റെയ്നി എന്നിവരാണ് മുന്നയുടെ രണ്ട് സഹോദരിമാർ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?