സൈജോ ചാലിശേരി
കൂടുതല്‍ മക്കള്‍ കൂടുതല്‍ അനുഗ്രഹമാണെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയാണ് കാസര്‍ഗോഡ് ജില്ലയിലെ ഒരു കുടുംബം. തോമാപുരം ഇടവകാംഗങ്ങളായ ഷിനോജ് ജേക്കബും ഭാര്യ നിഷ ജോസഫും അടിയുറച്ച ദൈവവിശ്വാസികളാണ്. ഇരുവരും പ്ലസ്ടു അധ്യാപകരാണ്. കൂടുതല്‍ മക്കളുണ്ടായാല്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കൂടുമെന്ന് പലരും പറയാറുണ്ടെങ്കിലും ഈ ദമ്പതികള്‍ പറയുന്നത് അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ്.
2007-ല്‍ ഷിനോജും നിഷയും വിവാഹിതരാകുന്ന സമയത്ത് രണ്ടുപേര്‍ക്കും സ്ഥിരം ജോലിയില്ലായിരുന്നു. എന്നാല്‍ 2011-ല്‍ രണ്ടാമത്തെ കുട്ടിയുണ്ടായപ്പോളാണ് ഷിനോജിന് സ്ഥിരം ജോലി ലഭിച്ചത്. മൂന്നാമത്തെ കുട്ടിയുണ്ടായപ്പോള്‍ കാര്‍ വാങ്ങാന്‍ സാധിച്ചു. 2015-ല്‍ അഞ്ചാമത്തെ കുട്ടി ആയപ്പോള്‍ നിഷയ്ക്ക് സ്ഥിരം ജോലി. ആറാമത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ഒരു വീട് വയ്ക്കും എന്ന സന്ദേശം കിട്ടി. ഒരു പ്ലാനിങ്ങുമില്ലാതെതന്നെ കോവിഡ് കാലഘട്ടത്തില്‍ വീടുപണി ആരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിച്ചു. അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ദൈവം അത്ഭുതകരമായി ഈ കുടുംബത്തെ വഴി നടത്തിക്കൊണ്ടിരുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
നാലാമത്തെ പ്രസവം നടന്ന സമയത്ത് നിരവധി പേര്‍ പ്രസവം നിര്‍ത്താന്‍ പ്രേരിപ്പിച്ചതായി നിഷ പറയുന്നു. എന്നാല്‍ ഈ സമയത്ത് ബൈബിള്‍ തുറന്നു വായിച്ചപ്പോള്‍ കിട്ടിയത് ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (യോഹന്നാന്‍ 10:10) എന്ന വചന ഭാഗം ആയിരുന്നു. ഇതിലൂടെ ദൈവത്തെ അനുസരിക്കുന്നവരെ അവിടുന്ന് സംരക്ഷിക്കുമെന്ന ബോധ്യം നിഷയ്ക്ക് ദൈവം നല്‍കി. ആറ് കുട്ടികളും ഇവര്‍ക്ക് ലഭിച്ചത് സുഖപ്രസവത്തിലൂടെയായിരുന്നു എന്നത് ദൈവത്തിന്റെ വലിയ കരുതലായി ഇവര്‍ കാണുന്നു.
മൂന്നു വര്‍ഷം ശമ്പളമില്ലാതെ ജോലി ചെയ്തശേഷമാണ് ഷിനോജിന് ജോലി സ്ഥിരമായത്. പലപ്പോഴും ശമ്പളമില്ലാതെ ജോലി ചെയ്ത നാളുകളില്‍ പണമില്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്തൊക്കെ ”ആകാശത്തിലെ പറവകളെ നോക്കുവിന്‍, അവ വിതക്കുന്നില്ല കൊയ്യുന്നില്ല അറപ്പുരകളില്‍ ശേഖരിക്കുന്നില്ല. എന്നിട്ടും സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവരെക്കാള്‍ ശ്രേഷ്ഠരല്ലേ നിങ്ങള്‍” എന്ന ദൈവവചനം പലവട്ടം ഉരുവിട്ടു പ്രാര്‍ത്ഥിക്കുകയാണ് ഇവരുടെ പതിവ്. അപ്പോഴൊക്കെ ദൈവത്തിന്റെ കരുതല്‍ ഈ കുടുംബം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഷിനോജ് പറയാതെതന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരാള്‍ പണമിട്ട് സഹായിച്ച അനുഭവം പോലുമുണ്ട്. ഒരിക്കല്‍ നാട്ടിലെ എല്ലാ തെങ്ങുകള്‍ക്കും മണ്ടചീയല്‍ രോഗം ബാധിച്ചെങ്കിലും ഷിനോജിന്റെ പറമ്പിലെ തെങ്ങുകള്‍ക്ക് രോഗം ബാധിക്കാതെ ദൈവം അത്ഭുതകരമായി പരിപാലിച്ച അനുഭവവും ഇവര്‍ക്കുണ്ട്. കുട്ടികളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചതിലൂടെ പനി വിട്ടുപോയ അനുഭവവും ഇവര്‍ പങ്കുവയ്ക്കുന്നു.
വൈദികനാകാന്‍ ആഗ്രഹിച്ച കുടുംബനാഥന്‍
ഷിനോജ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടവക ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വന്ന ഒരു വൈദികന്‍ വീട്ടില്‍വന്ന് ഷിനോജിന്റെ കൈയില്‍ ഒരു വിശുദ്ധന്റെ പടം കൊടുത്തിട്ട് പറഞ്ഞു, ‘നീ വളര്‍ന്ന് വലുതാകുമ്പോള്‍ ഒരു വൈദികനാകണം.’ അതൊരു ആഗ്രഹമായി മാറി. ചെറുപ്പം മുതലേ അമ്മയുടെ പ്രേരണയുണ്ടായിരുന്നതുകൊണ്ട് എന്നും ദൈവാലയത്തില്‍ പോകുമായിരുന്നു. അള്‍ത്താര സംഘാംഗമായിരുന്നു. ദൈവാലയത്തില്‍ പാട്ടും പാടാറുണ്ട്. ആ സമയത്താണ് ഉത്തരേന്ത്യയില്‍ പോയി ഈശോയ്ക്കുവേണ്ടി സുവിശേഷപ്രഘോഷണം നടത്തണമെന്ന മോഹം ഷിനോജിന്റെ മനസിലുദിച്ചത്.
എസ്എസ്എല്‍സി പഠനശേഷം ഷിനോജ് വൈദിക പരിശീലനത്തിനായി എംഎസ്എഫ്എസ് സെമിനാരിയില്‍ ചേര്‍ന്നു. എന്നാല്‍ നൊവിഷ്യേറ്റ് കാലത്ത് വൈദികപഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. സഭയോടുള്ള സ്‌നേഹവും കൂറും ആധ്യാത്മികതയും വളരാന്‍ നൊവിഷ്യേറ്റ് കാലം കാരണമായതായി അദ്ദേഹം പറയുന്നു. 1989-ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് വെള്ളരിക്കുണ്ടില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത് നവീകരണാനുഭവത്തിലേക്ക് വന്നത്.
വീട്ടിലെത്തിയശേഷം ബിഎ ഇംഗ്ലീഷ് പഠിച്ചു. ബിഎഡും പിജിയും എടുത്തു. ഈ സമയത്ത് 1997-ല്‍ ഷിനോജ് ജീസസ് യൂത്തില്‍ അംഗമായി. ബിഎസ്‌സി നഴ്‌സിങ്ങ്, പാരലല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിപേര്‍ക്ക് ഇംഗ്ലീഷ് അധ്യാപകനായിട്ടുണ്ട്. പലര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് ക്ലാസുകള്‍ എടുത്തുകൊടുത്തിട്ടുമുണ്ട്.
ഒരിക്കല്‍ ജീസസ് യൂത്തിന്റെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമ്പോള്‍ കൗണ്‍സിലിങ്ങിലൂടെ ഇംഗ്ലീഷില്‍ ശുശ്രൂഷ ചെയ്യാന്‍ ദൈവിക സന്ദേശം ലഭിക്കുകയുണ്ടായി. ബിഎഡ് പഠിക്കാന്‍ ആസാമിലാണ് പോയത്. അവിടെവച്ച് ഇംഗ്ലീഷില്‍ ധാരാളം ശുശ്രൂഷകള്‍ ചെയ്ത് ഈശോയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. നാഗാലാന്റ്, ആസാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലൊക്കെ പോയി സുവിശേഷം പ്രഘോഷിച്ചു. കൂടാതെ പല സ്ഥലങ്ങളില്‍ ധ്യാനടീമിനോടൊപ്പം ശുശ്രൂഷ ചെയ്യാനും ഷിനോജിന് സാധിച്ചു.
വൈദികനാകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ ജീവിതമാണ് ദൈവവിളിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വഴിയിലൂടെ സന്തോഷത്തോടെ സഞ്ചരിക്കുകയാണ് ഷിനോജ്. നിഷ കരുവഞ്ചാല്‍ സ്വദേശിയാണ്. ആറുമക്കള്‍: ഷിയോണ ട്രീസ (14), ഷിമ്മെറിന്‍ റോസ് (13), ഷോണിമ മരിയ (10), ഷാലിന്‍ ആന്‍ (9), ഷോണ്‍ ജേക്കബ് (8), ഷെയിന്‍ ഇമ്മാനുവല്‍ (4).
Leave a Comment
Your email address will not be published. Required fields are marked with *