Follow Us On

18

April

2024

Thursday

അന്യായമായി തടവിലടയ്ക്കപ്പെട്ട ബിഷപ്പിനും പീഡിത സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ നിക്കരാഗ്വൻ കർദിനാൾ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ

അന്യായമായി തടവിലടയ്ക്കപ്പെട്ട ബിഷപ്പിനും പീഡിത സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ നിക്കരാഗ്വൻ കർദിനാൾ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ

അസീസി: ബിഷപ്പിനെ അന്യായമായി തടവിലടച്ചും കന്യാസ്ത്രീകളെ നാടുകടത്തിയും സഭയ്‌ക്കെതിരെ നിക്കരാഗ്വൻ ഭരണകൂടം പീഡനം അഴിച്ചുവിടുമ്പോൾ, മാതൃരാജ്യത്തിനും സഭയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ നിക്കരാഗ്വൻ കർദിനാൾ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ. മനാഗ്വ ആർച്ച്ബിഷപ്പുകൂടിയായ കർദിനാൾ ലിയോപോൾഡോ ഹൊസെ സോളോർസാനോയാണ് രാജ്യത്ത് സമാധാനം പുലരാൻ വിശുദ്ധന്റെ മാധ്യസ്ഥം തേടി കബറിടത്തിൽ പ്രാർത്ഥനാ നിരതനായത്.

തിരുസഭ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച നവംബർ ഒന്നിന് നടന്ന സംഭവം മനാഗ്വ അതിരൂപതാ മാധ്യമമായ ‘റേഡിയോ സാന്റാ ലൂസിയ’ ഫേസ്ബുക്കിലൂടെയാണ് പരസ്യമാക്കിയത്. നിക്കരാഗ്വയിലെ ജനങ്ങളെ ഒന്നടങ്കവും ബിഷപ്പുമാരും വൈദികരും ഉൾപ്പെടെയുള്ള വിശ്വാസീസമൂഹത്തെയും വിശുദ്ധന്റെ കബറിടത്തിന് സമർപ്പിച്ച് കർദിനാൾ പ്രാർത്ഥിച്ചെന്നും അവർ വ്യക്തമാക്കി. കൂടാതെ, വിശുദ്ധ ഫ്രാൻസിസ് അസീസി പ്രാർത്ഥിച്ചിരുന്ന വിഖ്യാതമായ ‘സാൻ ഡാമിയാനോ കുരിശി’ന് മുമ്പിലും പ്രാർത്ഥിനയ്ക്കണഞ്ഞ അദ്ദേഹം അന്നുതന്നെ വിശുദ്ധ ക്ലാരയുടെ കബറിടത്തിലും പ്രാർത്ഥനാ നിരതനായി.

അതിരൂപതയിലെ ജുഡീഷ്യൽ വികാർ ഫാ. ജൂലിയോ അരാനയ്ക്കൊപ്പം നടത്തിയ വത്തിക്കാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ആർച്ച്ബിഷപ്പ് വിശുദ്ധന്റെ കബറിടം സന്ദർശിച്ചത്. ഈ വാർത്ത പുറത്തുവിട്ടതിനൊപ്പം, നിക്കരാഗ്വയിലെ ജനത്തിനും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂപത വിശ്വാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

‘മിഷണറീസ് ഓഫ് ചാരിറ്റി’ സഭാംഗങ്ങളായ 18 കന്യാസ്ത്രീകളെ നാടുകടത്തിയതിനും അഞ്ച് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനും പിന്നാലെ, കഴിഞ്ഞ ഓഗസ്റ്റിലാണ് മാതഗൽപ്പ ബിഷപ്പ് റോളാൻഡോ അൽവാരിസിനെ ഒർട്ടേഗാ ഭരണകൂടം അന്യായമായി തടവിലടച്ചത്. അദ്ദേഹത്തോടൊപ്പം രണ്ട് സെമിനാരി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴു പേരെയും തടവിൽ അടച്ചിട്ടുണ്ട്. ഒർട്ടേഗാ ഭരണകൂടത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്തിയതാണ് ബിഷപ്പിനെതിരായ പ്രതികാര നടപടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?