മനാമ: ഒരു മതം യഥാർത്ഥത്തിൽ ‘സമാധാനത്തിന്റെ മതം’ ആകണമെങ്കിൽ പ്രസ്തുത അവകാശവാദത്തിന് അപ്പുറം വിശ്വാസത്തെപ്രതി അക്രമങ്ങൾ നടത്തുന്നവരെ തള്ളിപ്പറയണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ‘കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം’ എന്ന വിഷയത്തിലൂന്നി ബഹറൈനിൽ സംഘടിപ്പിച്ച സമ്മിറ്റിനെ അഭിസംബോധന ചെയ്യവേയാണ് വിശ്വാസത്തെപ്രതി അക്രമം അഴിച്ചുവിടുന്നവർക്കെതിരെ മതവിശ്വാസികൾ നിലപാടെടുക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടത്.
‘സമാധാനത്തിന്റെ മതം എന്ന് പ്രഖ്യാപിച്ചാൽ പോര. പ്രസ്തുത മതത്തെ നിന്ദിക്കുംവിധം ആക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും അപലപിക്കുകയും വേണം. തീവ്രവാദത്തിൽനിന്നും അസഹിഷ്ണുതയിൽനിന്നും സ്വയം അകലം പാലിക്കുന്നതുമാത്രം പോര, മറിച്ച്, നാം അവർക്കെതിരെ നിൽക്കുകയും വേണം,’ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ വിവിധ മതനേതാക്കളുടെ സാന്നിധ്യത്തിൽ പാപ്പ വ്യക്തമാക്കി. സ്വാർത്ഥ താൽപ്പര്യങ്ങളും യുദ്ധവും മുന്നിട്ടു നിൽക്കുന്ന ലോകത്തിൽ മതനേതാക്കൾക്ക് മനുഷ്യകുലത്തെ ശുശ്രൂഷിക്കാൻ കടമയുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.
യുദ്ധത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം, യഥാർഥ മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയും ശക്തമായി അവതരിപ്പിച്ചു. ‘ആരാധിക്കാൻ അനുമതി നൽകുന്നതും ആരാധനാ സ്വാതന്ത്ര്യം അംഗീകരിക്കുന്നതും മാത്രം പോര, മറിച്ച് യഥാർത്ഥമായ മതസ്വാതന്ത്ര്യം കൈവരിക്കേണ്ടത് അനിവാര്യതയാണ്. ഒരു സമൂഹം എന്നല്ല, ഓരോ മതസമൂഹവും ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ വിളിക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മതപരമായ ബലപ്രയോഗം, ദൈവത്തിന് നിരക്കാത്തതാണ്,’ നിർബന്ധിതമായ മതം ഒരു വ്യക്തിയെയും ദൈവവുമായുള്ള ബന്ധത്തിലെത്തിക്കില്ലെന്ന ബഹറിൻ പ്രഖ്യാപനം ഉദ്ധരിച്ച് പാപ്പ വിശദീകരിച്ചു.
സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മറഞ്ഞുകിടക്കുന്ന മറ്റു ദുരിതങ്ങളെ നാം കാണാതിരിക്കരുത്. ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും അനുഭവിക്കുന്ന അനീതി, പട്ടിണി, കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന ദുരന്തങ്ങൾ എന്നിവ നമ്മുടെ പൊതുഭവനത്തെ വേണ്ടത്ര പരിരക്ഷിക്കാത്തതിന്റെ അടയാളങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ മതനേതാക്കൾ തീർച്ചയായും പ്രതിബദ്ധതയുള്ളവരും മാതൃകകളുമാകണമെന്നും പാപ്പ പറഞ്ഞു. സ്ത്രീകൾക്ക് നൽകേണ്ട അംഗീകാരം, കുട്ടികളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള വിഷങ്ങളും പാപ്പ പരാമർശിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *