വത്തിക്കാൻ സിറ്റി: വത്തിക്കാൻ പൂന്തോട്ടത്തിൽ സായാഹ്‌നം ചെലവഴിക്കുന്ന ബെനഡിക്ട് 16-ാമന്റെ ഏറ്റവും പുതിയ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ബെനഡിക്ട് 16-ാമന്റെ പേരിലുള്ള ‘ജോസഫ് റാറ്റ്‌സിംഗർ ഫൗണ്ടേഷൻ’ ഇക്കഴിഞ്ഞ ദിവസമാണ് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പാപ്പാ എമരിത്തൂസിന്റെ പുതിയ ചിത്രം പ്രസിദ്ധീകരിച്ചത്. പ്രായത്തിന്റേതായ അവശതകൾ ഉണ്ടെങ്കിലും യന്ത്രക്കസേരയിൽ ആരോഗ്യവാനായി ഇരിക്കുന്ന ബെനഡിക്ട് 16-ാമനെയാണ് ചിത്രത്തിൽ കാണാനാകുക.
‘ഈ അടുത്ത ദിവസം, വത്തിക്കാൻ ഗാർഡനിലെ ഒരു സായാഹ്ന നടത്തത്തിനിടയിൽ പോപ്പ് എമിരിത്തൂസ് ബെനഡിക്റ്റ് 16-ാമൻ,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വിശ്വാസതിരുസംഘം മുൻ അധ്യക്ഷനും ജർമൻ കർദിനാളുമായ ഗെർഹാർഡ് മുള്ളറിനെയും രണ്ട് സന്യാസിനിമാരെയും ചിത്രത്തിൽ കാണാം. ഫ്രാൻസിസ് പാപ്പയും പുതിയ കർദിനാൾമാരുമായും ഏപ്രിൽ 16ന് നടത്തിയ കൂടിക്കാഴ്ചയായികുന്നു ബെനഡിക്ട 16-ാമൻ ഇതിനുമുമ്പ് പങ്കെടുത്ത പൊതുപരിപാടി.
റഷ്യൻ ചിത്രകാരിയായ നതാലിയ സാർകോവയ്ക്ക് ചിത്രീകരിച്ച ബെനഡിക്ട് 16-ാമന്റെ ചിത്രം ഈയിടെ പ്രകാശനം ചെയ്തത് വലിയ വാർത്തയായിരുന്നു. ബെനഡിക്ട് 16-ാമൻ തന്റെ ചരിത്രപരമായ സ്ഥാനത്യാഗത്തിനുശേഷം ‘മാത്തർ എക്ലേസിയ’യിൽ പ്രാർത്ഥനയിലും ധ്യാനത്തിലും ചെലവിടുന്ന രംഗമായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം. പാപ്പാ എമരിത്തൂസിന്റെ സെക്രട്ടറിയും സന്തത സഹചാരിയായ മോൺ. ജോർജ് ഗാൻസ്വീനെയും നാല് സന്യാസിനികളെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിംഗർ (സീനിയർ)- മരിയ റാറ്റ്‌സിംഗർ ദമ്പതികളുടെ മകനായി 1927 ഏപ്രിൽ 16നായിരുന്നു ജോസഫ് റാറ്റ്‌സിംഗർ എന്ന ബെനഡിക്ട് 16-ാമന്റെ ജനനം. 1951 ജൂൺ 29നായിരുന്നു തിരുപ്പട്ട സ്വീകരണം. 2005 ഏപ്രിൽ 19ന് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28ന് പരിശുദ്ധ സിംഹാസനത്തിൽനിന്ന് സ്ഥാനത്യാഗം ചെയ്ത അദ്ദേഹം എട്ട് വർഷം ആഗോളസഭയെ നയിച്ചു. സ്ഥാനത്യാഗത്തിനുശേഷം ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ് 95 വയസ് പിന്നിട്ട ഇദ്ദേഹത്തിന്റെ വാസം.
Leave a Comment
Your email address will not be published. Required fields are marked with *