Follow Us On

02

December

2023

Saturday

ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെടുത്തി കണ്ണിമ ചിമ്മാതെ കാത്തുപാലിച്ച കുഞ്ഞിനെ സ്വർഗത്തിലേക്ക് യാത്രയാക്കി ക്രൈസ്തവ ദമ്പതികൾ

സച്ചിൻ എട്ടിയിൽ

ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെടുത്തി കണ്ണിമ ചിമ്മാതെ കാത്തുപാലിച്ച കുഞ്ഞിനെ സ്വർഗത്തിലേക്ക് യാത്രയാക്കി ക്രൈസ്തവ ദമ്പതികൾ

ഗർഭച്ഛിദ്രം ചെയ്യുന്നതാണ് ഉചിതമെന്ന ഡോക്ടർമാരുടെ ഉപദേശങ്ങൾക്ക് മാതാപിതാക്കൾ ചെവികൊടുക്കാത്തതുകൊണ്ടുമാത്രം ഈ ലോകത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ച ഒന്നര വയസുകാരൻ ഇമ്മാനുവൽ യാത്രയായി. ആ കുഞ്ഞുമാലാഖ ഇനി ഈ ഭൂമിയിലില്ലെങ്കിലും നിത്യവും രോഗക്കിടക്കയിലായ ആ കുഞ്ഞിനെ കണ്ണിമ ചിമ്മാതെ കാത്തുപാലിച്ചുകൊണ്ട് ആ മലയാളി ദമ്പതികൾ പകർന്ന ജീവന്റെ സാക്ഷ്യം ശ്രദ്ധേയമാകുകയാണ്. ആ കുഞ്ഞിന്റെ ജനനം നിങ്ങളുടെ സന്തോഷം കൊടുത്തുമെന്ന് സകലരും പറഞ്ഞിട്ടും ദൈവം തന്ന ഉദരഫലത്തെ അതുപോലെതന്നെ സ്വീകരിച്ച ആ അമ്മയുടെ പേര് മിലി, അപ്പന്റെ പേര് സോജൻ.

ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിൽ സ്ഥിര താമസമാക്കിയ ഇവരുടെ അഞ്ചാമത്തെ കുഞ്ഞായ ഇമ്മാനുവൽ ഇക്കഴിഞ്ഞ നവംബർ ഒൻപതിനാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. തലച്ചോറിൽ വെള്ളം കെട്ടുന്ന ഹൈഡ്രോസെഫലസ് ബാധിതനായി ജനിച്ച ഇമ്മാനുവൽ ഒന്നര വർഷംമാത്രമാണ് ഈ ലോകത്തിൽ മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം ജീവിച്ചത്. ഗർഭച്ഛിദ്രം പാപമാണെന്നും ഉദരഫലം ദൈവത്തിന്റെ സമ്മാനമാണെന്നുമുള്ള ഉറച്ചബോധ്യമാണ്, കത്തോലിക്കാ വിശ്വാസികളായ സോജൻ- മിലി ദമ്പതികളെ വെല്ലുവിളി നിറഞ്ഞ ഈ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ പ്രാപ്തരാക്കിയത്.

ഐ.ടി പ്രൊഫഷണലാണ് സോജൻ, മിലി രജിസ്റ്റേർഡ് നഴ്‌സും. സിഡ്‌നിയിലെ തിരക്കേറിയ പ്രവാസ ജീവിതത്തിലും വിശ്വാസജീവിതം മുറുകെപ്പിടിച്ച് മുന്നേറുന്ന ഇവർ സ്വപ്‌നം കണ്ടതും കൂടുതൽ മക്കളുള്ള കുടുംബമാണ്. അഞ്ചാമത്തെ കുട്ടിയെ ഗർഭം ധരിച്ച സമയത്താണ് പ്രമുഖ വചനപ്രഘോഷകൻ ഡോ. ജോൺ ഡി. നയിച്ച ശാലോമിന്റെ ധ്യാനത്തിൽ ഇരുവരും പങ്കെടുത്തത്. അവരെ സംബന്ധിച്ചിടത്തോളം ദൈവത്തെ പ്രത്യേകമാംവിധം അനുഭവിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്.

അവിടെ അർപ്പിച്ച ദിവ്യബലിമധ്യേ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം ദർശനത്തിലെന്നപോലെ മിലിയുടെ മുന്നിൽ തെളിഞ്ഞു. ക്രിസ്തുവിന്റെ സഹനത്തിൽ പങ്കാളിയാകാനുള്ള ക്ഷണമായാണ് മിലി അതിനെ ഉൾക്കൊണ്ടത്. പിന്നീട് സാധാരണയായി നടത്തുന്ന വൈദ്യ പരിശോധനയിലാണ് ഗർഭസ്ഥശിശു ഹൈഡ്രോസെഫലസ് ബാധിതനാണെന്ന് കുടുംബം അറിയുന്നത്. അസാധാരണമാംവിധം ശിരസിന്റെ വലുപ്പം കൂടുക, തലച്ചോറിലെ പ്രവർത്തനം സാധാരണ പോലെ സാധ്യമാകാതെ വരുക തുടങ്ങിയവയാണ് ഹൈഡ്രോസെഫലസിന്റെ അനന്തര ഫലങ്ങൾ.

ഈ ഘട്ടത്തിലാണ് ഗർഭച്ഛിദ്രം നടത്താനുള്ള ഉപദേശമെത്തിയത്. എന്നാൽ, കത്തോലിക്കാ വിശ്വാസികളായ തങ്ങൾ കുഞ്ഞിനെ കൊല്ലില്ലെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. കുഞ്ഞ് ജനിച്ചശേഷവും ദയാവദത്തിന് സമാനമെന്നോണം കുഞ്ഞിനെ ഒഴിവാക്കാമെന്ന പ്രലോഭനവുമായി ചിലരെത്തി. കുഞ്ഞിന് ചികിത്‌സ നിഷേധിച്ചാൽ അധികസമയം പിന്നിടുംമുമ്പേ അവൻ മരിച്ചോളും എന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. എന്നാൽ, തങ്ങളുടെ കുഞ്ഞിന് സാധ്യമായ എല്ലാ ചികിത്‌സയും ലഭ്യമാക്കാനുള്ള തയാറെടുപ്പിലായിരുന്നു മാതാപിതാക്കൾ.

ഇമ്മാനുവലിന്റെ അവസ്ഥയിൽ കഠിന ദുഃഖം അനുഭവിക്കുമ്പോഴും ദൈവഹിതം പൂർത്തിയാകട്ടെയെന്ന ചിന്തയിൽ ഇരുവരും പ്രാർത്ഥനയും ചികിത്‌സയും തുടർന്നു. ആശുപത്രിയിൽ ഇമ്മാനുവലിനെ ചികിത്‌സിക്കാൻ എത്തിയിരുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെല്ലാം ഈ കുടുംബത്തിന്റെ വിശ്വാസജീവിതം പ്രചോദനാത്മക സാക്ഷ്യമായി. ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴും ഇമ്മാനുവലിനൊപ്പം ആയിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കാഴ്ചയില്ലായിരുന്ന കുഞ്ഞനുജനെ വലിയ സ്‌നേഹത്തോടെയാണ് ചേച്ചിമാരും, ചേട്ടന്മാരും പരിചരിച്ചത്.

ഇമ്മാനുവൽ അതിവേഗം വീട്ടിലെ താരമായി മാറി. ഇമ്മാനുവലിന് പ്രത്യേകം മുറിയൊരുക്കി. അവിടെ സദാസമയവും ദൈവവചനങ്ങൾ അലയടിക്കാൻ ഓഡിയോ ബൈബിളും സ്ഥാപിച്ചു. ക്ലേശദിനങ്ങളിലും ദൈവസ്‌നേഹാനുഭവം പങ്കുവെക്കുന്ന ഇവരുടെ വാക്കുകൾ സകലരെയും അമ്പരപ്പിച്ചു. അവനെ ഒരു ഭാരമായല്ല, മറിച്ച്, ദൈവസമ്മാനമായി സ്വീകരിച്ചു എന്നതാണ് അവർ അനുഭവിച്ച ആത്മീയാനന്ദത്തിന്റെ കാരണം. ഇമ്മാനുവൽ അത്രമേൽ ദൈവത്തിന് പ്രിയപ്പെട്ടവനാണെന്ന ബോധ്യത്തോടെ അവർ നിറവേറ്റിയ ദൈവഹിതം, വരും നാളുകളിൽ അനേകർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?