Follow Us On

02

December

2023

Saturday

ഇസ്ലാം ഭൂരിപക്ഷ രാജ്യമായ കിർഗിസ്ഥാനിൽ കത്തോലിക്കാ സഭയുടെ പ്രഥമ കത്തീഡ്രൽ ദൈവാലയം ഉയരുന്നു

ഇസ്ലാം ഭൂരിപക്ഷ രാജ്യമായ കിർഗിസ്ഥാനിൽ കത്തോലിക്കാ  സഭയുടെ പ്രഥമ കത്തീഡ്രൽ ദൈവാലയം ഉയരുന്നു

ബിഷ്‌കെക്ക്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കിർഗിസ്ഥാനിൽ കത്തോലിക്കാ സഭയുടെ പ്രഥമ കത്തീഡ്രൽ ഉയരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കൂദാശ ചെയ്യാനാകും വിധം ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. തലസ്ഥാന നഗരിയായ ബിഷ്‌കെക്കിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റിവ്‌വെച്ചാണ് കിർഗിസ്ഥാൻ പ്രസിഡന്റ് സാദിർ ജാപ്പറോവിന്റെ ഉപദേഷ്ടാവും അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേഷൻ പ്രതിനിധിയും ചേർന്നാണ് ഈ സന്തോഷ വാർത്ത വെളിപ്പെടുത്തിയത്.

ബിഷ്‌കെക്കിൽ നിർമിക്കുന്ന കത്തീഡ്രലിന്റെ അടിസ്ഥാന ശില, കസാഖിസ്ഥാനിലെ അപ്പസ്‌തോലിക പര്യടനമധ്യേ ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് നൽകിയിരുന്നു. ബിഷ്‌കേക്ക് കേന്ദ്രീകരിച്ചുള്ള നഗരവികസനത്തിന്റെ ഭാഗമായാണ് പുതിയ കത്തീഡ്രൽ നിർമാണം. 1999ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മിഷൻ കേന്ദ്രമായി ആരംഭിക്കുകയും ബെനഡിക്ട് 16-ാമൻ 2006ൽ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേഷനായി ഉയർത്തുകയും ചെയ്ത കിർഗിസ്ഥാനിലെ സഭയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ചുവടുവെപ്പാണ് കത്തീഡ്രൽ നിർമാണ പദ്ധതി.

ജനസംഖ്യയുടെ 90%വും മുസ്ലീം വിശ്വാസികളായ ഇവിടെ നിലവിൽ കത്തോലിക്കാ സഭയ്ക്ക് മൂന്ന് ദൈവാലയങ്ങൾ മാത്രമാണുള്ളത്. ഏഴ് ശതമാനം മാത്രമാണ് ക്രൈസ്തവർ. അതിൽതന്നെ ന്യൂനപക്ഷമാണ് കത്തോലിക്കർ. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ കണക്കുകൾ പ്രകാരം കത്തോലിക്കരുടെ എണ്ണം 1000 മാത്രമാണ്. 10 ജെസ്യൂട്ട് സന്യാസ സഭാംഗങ്ങളും സ്ലോവാക്യയിൽ നിന്നുള്ള ഒരു രൂപതാ വൈദികനും ഉൾപ്പെടെ 11 വൈദീകരും എട്ട് കന്യാസ്ത്രീകളും ഇവിടെ സേവനം ചെയ്യുന്നുണ്ട്.

പുതിയ കത്തീഡ്രലിന്റെ നിർമാണത്തിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ടെന്നും മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങൾ രാഷ്ട്രം പാലിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും കിർഗിസ്ഥാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ കൗൺസിലർ വാലേരിജ് ദിൽ പറഞ്ഞു. ദാരിദ്ര്യവും അഴിമതിയും വ്യാപകമായ രാജ്യത്ത് കത്തോലിക്ക സഭ എല്ലായ്‌പ്പോഴും ജനങ്ങളുടെ സേവനത്തിന് സജ്ജമാണെന്ന് കിർഗിസ്ഥാൻ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേഷൻ ട്രഷററും ജെസ്യൂട്ട് സഭാംഗവുമായ ബ്രദറുമായ ഡാമിയൻ വോജ്‌സിയെച്ചോവ്‌സ്‌കി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?