Follow Us On

01

December

2022

Thursday

മ്യാൻമറിലെ സഭയിലേക്ക് 10 നവവൈദീകർ കൂടി;  സംഘർഷങ്ങൾക്ക് നടുവിലും മ്യാൻമറിൽ വീണ്ടും പൗരോഹിത്യ വസന്തം, ഇതുവരെ നടന്നത് 29 തിരുപ്പട്ട സ്വീകരണങ്ങൾ

മ്യാൻമറിലെ സഭയിലേക്ക് 10 നവവൈദീകർ കൂടി;  സംഘർഷങ്ങൾക്ക് നടുവിലും മ്യാൻമറിൽ വീണ്ടും പൗരോഹിത്യ വസന്തം, ഇതുവരെ നടന്നത് 29 തിരുപ്പട്ട സ്വീകരണങ്ങൾ

യാങ്കൂൺ: പട്ടാള അട്ടിമറിയെ തുടർന്നുണ്ടായ സംഘർഷഭരിതമായ ദിനങ്ങളിലും വിശ്വാസീസമൂഹത്തിന് പ്രത്യാശയേകി മ്യാൻമറിൽ വീണ്ടും തിരുപ്പട്ട സ്വീകരണം. മ്യാൻമർ പട്ടാളത്തിന്റെ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകുന്ന കയാ സംസ്ഥാനത്തെ ലോയ്ക്കാവ് രൂപതാ കത്തീഡ്രലിൽവെച്ച് ഇക്കഴിഞ്ഞ ദിവസം 10 പേരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. സംഘർഷം രൂക്ഷമായ 2021 ഫെബ്രുവരി ഒന്നു മുതൽ ഇതുവരെ മ്യാൻമറിലെ സഭ സാക്ഷ്യം വഹിച്ചത് 29 തിരുപ്പട്ട സ്വീകരണങ്ങൾക്കാണ്.

സംഘർഷം രൂക്ഷമായശേഷം മ്യാൻമറിലെ സഭയിൽ ആദ്യമായി തിരുപ്പട്ട സ്വീകരണം നടന്നത് 2021 ജൂണിലാണ്. സലേഷ്യൻ സന്യാസ സമൂഹാംഗങ്ങളായ ആറ് പേർ അന്നേ ദിനം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു. 2022 മാർച്ചിലായിരുന്നു അടുത്ത തിരുപ്പട്ട സ്വീകരണം. യാങ്കൂൺ അതിരൂപതയുടെ ആസ്ഥാന ദൈവാലയമായ സെന്റ് മേരീസ് കത്തീഡ്രൽവെച്ച് അഞ്ച് സന്യാസസഭാംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അന്ന് പൗരോഹിത്യം സ്വീകരിച്ചത്.

മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും 10 പേരുടെ തിരുപ്പട്ട സ്വീകരണത്തിനുകൂടി മ്യാൻമർ സാക്ഷ്യം വഹിക്കുമ്പോൾ, അത് അവിടത്തെ സഭയ്ക്ക് സമ്മാനിക്കുന്ന പ്രത്യാശ വളരെ വലുതാണ്. ഇതോടൊപ്പം, ഒരു ഡീക്കൻ പട്ട സ്വീകരണത്തിനും കായാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ലോയ്ക്കാവിലെ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലിൽ സാക്ഷ്യം വഹിച്ചു. 10 നവവൈദീകരിൽ ഒമ്പത് പേർ ലോയ്ക്കാവ് രൂപതയിൽ നിന്നുള്ളവരും മറ്റൊരു വൈദികനും ഡീക്കനും മിഷനറി ഓഫ് ഫെയ്ത്ത് സന്യാസസഭാംഗങ്ങളുമാണ്.

പെഖോൺ രൂപതാ ബിഷപ്പ് പീറ്റർ ഹ്ലയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ നൂറുകണക്കിന് വിശ്വസികൾ സന്നിഹിതരായിരുന്നു. ക്രിസ്തുവിന്റെ വാക്കുകൾ ശ്രവിച്ചുകൊണ്ട് പീഡിത ജനതയുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ നവവൈദീകർ പ്രതിജ്ഞാബദ്ധരാകണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ലോയ്ക്കാവ് രൂപത ഉൾപ്പെടുന്ന കയാ സംസ്ഥാനം. രൂപതയിലെ ഏഴ് ദൈവാലയങ്ങളും ഒരു കോൺവെന്റും മ്യാൻമർ സൈന്യത്തിന്റെ പീരങ്കി ഷെല്ലാക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്തതിനാൽ നിരവധി ദൈവാലയങ്ങൾ പ്രദേശത്ത് ഉപേക്ഷിച്ച നിലയിലാണ്. മൂന്ന് ലക്ഷത്തോളം ജനസംഖ്യയുള്ള ഇവിടെനിന്ന് 1,70,000 പേർ പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?