Follow Us On

01

December

2022

Thursday

‘ദ ചോസൺ’ ബൈബിൾ പരമ്പരയ്ക്ക് തീയറ്ററുകളിൽ ഗംഭീര പ്രതികരണം; മൂന്ന് ദിനംകൊണ്ട് നേടിയത് 8.2 മില്യൺ ഡോളർ

‘ദ ചോസൺ’ ബൈബിൾ പരമ്പരയ്ക്ക് തീയറ്ററുകളിൽ ഗംഭീര പ്രതികരണം; മൂന്ന് ദിനംകൊണ്ട് നേടിയത് 8.2 മില്യൺ ഡോളർ

വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ ‘ദ ചോസൺ’ ബൈബിൾ പരമ്പരയുടെ മൂന്നാം സീസണിന് തീയറ്ററുകളിൽ ഗംഭീര പ്രതികരണം. അമേരിക്കയിലെ 2000ൽപ്പരം തീയറ്ററുകളിൽ നവംബർ 18ന് പ്രദർശനത്തിന് എത്തിയ ‘ദ ചോസൺ’ മൂന്ന് ദിനങ്ങൾകൊണ്ട് വാരിക്കൂട്ടിയത് 8.2 മില്യൺ ഡോളറാണ്. ഇക്കഴിഞ്ഞ ആഴ്ചയിലെ റാങ്കിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ് ‘ചോസൺ’. പ്രമുഖ ഹോളിവുഡ് ചലച്ചിത്രങ്ങളുമായി മത്‌സരിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയതെന്നതും ശ്രദ്ധേയം.

എട്ട് എപ്പിസോഡുകളുള്ള സീസൺ മൂന്നിലെ ആദ്യ രണ്ട് എപ്പിസോഡുകളാണ് തീയറ്ററിൽ പ്രദർശനത്തിന് എത്തിച്ചത്. ‘ദ ചോസണി’ന്റെ സൗജന്യ സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ ലഭ്യമാക്കുന്നതിനു മുമ്പ് ഏതാനും ദിവസത്തേക്കു മാത്രമായിരിക്കും തീയറ്ററിലെ പ്രദർശനം. പരമ്പരയിലെ ശേഷിക്കുന്ന ആറ് എപ്പിസോഡുകൾ ഉൾപ്പെടെയുള്ളവ ഡിസംബർ മുതൽ ആഴ്ചതോറും സൗജന്യ സ്ട്രീമിംഗ് ആപ്ലിക്കേഷനിൽ കാണാനാകുമെന്നാണ് റിപ്പോർട്ടുകൾ.

‘ദ ചോസണി’ന്റെ ട്രയിലർ തീയറ്ററിൽ പ്രദർശിപ്പിച്ചു തുടങ്ങിയ ഒക്‌ടോബർ 25 മുതൽ ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഇപ്പോഴും ഗംഭീരമായി മുന്നേറുകയാണ്. തീയറ്ററുകളിൽനിന്ന് ലഭിച്ച അത്ഭുതാവഹമായ പ്രതികരണങ്ങൾ, ഭാവിയിൽ ദ ചോസൺ പരമ്പരകളുടെ തീയറ്റർ റീലീസുകൾക്ക് വഴിതുറന്നേക്കാമെന്ന് പരമ്പരയുടെ സംവിധായകനും സഹനിർമാതാവുമായ ഡാളസ് ജെങ്കിൻസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ബൈബിളിനെ അടിസ്ഥാനപ്പെടുത്തി, ക്രൗഡ് ഫണ്ടിംഗിലൂടെ (പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി) നിർമിക്കുന്ന വമ്പൻ പ്രൊജക്ട് എന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച ടി.വി പരമ്പരയാണ് ‘ദ ചോസൺ’. ഏഴ് സീസണുകളിലായി 50ൽപ്പരം എപ്പിസോഡുകൾ ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്ന പരമ്പര 2017ലാണ് സംപ്രേഷണം ആരംഭിച്ചത്.

ജോനാഥൻ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന പരമ്പര ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകർഷിക്കുന്നുണ്ട്. ആദ്യ രണ്ട് സീസണുകൾക്കു ലഭിച്ച പ്രതികരണങ്ങൾതന്നെ അതിന് തെളിവ്. ‘ദ ചോസണി’ന്റെ ഔദ്യോഗിക ആപ്പിലൂടെ മാത്രം ഇതിനകം എപ്പിസോഡുകൾ വീക്ഷിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളും പരമ്പരയുടെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?