ബ്യുണേഴ്‌സ് ഐരിസ്: കോവിഡ് രോഗം ഗുരുതരമായി ഏതാണ്ട് 50 ദിനങ്ങൾ ‘കോമ’ അവസ്ഥയിലായിരുന്ന സെമിനാരി വിദ്യാർത്ഥിയുടെ തിരുപ്പട്ട സ്വീകരണം അവിസ്മരണീയമാക്കി അർജന്റീനയിലെ വിശ്വാസീസമൂഹം. ഡീക്കൻ നഥാനേൽ ആൽബെറിയോൺ എന്ന 33 വയസുകാരന്റെ തിരുപ്പട്ട സ്വീകരണത്തിന് ഇക്കഴിഞ്ഞ ദിവസമാണ് അർജന്റീനിയൻ നഗരമായ കൊമഡോറോ സാക്ഷ്യം വഹിച്ചത്. മരണകരമായ സാഹചര്യത്തെ അതിജീവിച്ച സെമിനാരിക്കാരന്റെ തിരുപ്പട്ട സ്വീകരണത്തിന് വന്നെത്തുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ച തിരുക്കർമമധ്യേ ഫ്രാൻസിസ് പാപ്പയുടെ ആശംസാ സന്ദേശം വായിച്ചതും ശ്രദ്ധേയമായി.
അർജന്റീനയിലെ കോർഡോബ സ്വദേശിയായ ഫാ. നഥാനേൽ പാറ്റഗോണിയൻ പ്രവിശ്യയിലെ കോമോഡോറോ റിവാൻഡവിയ രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2021ഏപ്രിലിൽ ഇദ്ദേഹം ‘കോമ’ അവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് അനേകർ ഇദ്ദേഹത്തിന്റെ സൗഖ്യത്തിനായി പ്രാർത്ഥിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം ചേർന്ന് ദൈവത്തിന് കൃതജ്ഞത അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് തിരുക്കർമങ്ങൾക്ക് അണഞ്ഞത്. തിരുക്കർമമധ്യേ വൈകാരികമായ നിരവധി നിമിഷങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി. കൊമഡോറോ നഗരത്തിന്റെ മേയർ ഉൾപ്പെടെയുള്ള പൗരപ്രമുഖരും സന്നിഹിതരായിരുന്നു.

നവവൈദീകൻ മേയറിനൊപ്പം.
കോമോഡോറോ റിവാൻഡവിയ ബിഷപ്പ് ജൊവാകിം ഗിമെന്റോ ലാഹോസിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ‘നന്ദി എന്ന ഒറ്റ വാക്കുകൊണ്ട് എനിക്കുണ്ടായ നന്മകൾക്ക് കൃതജ്ഞതയർപ്പിക്കാനാവില്ല. രോഗാവസ്ഥ ഗുരുതരമാകുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ചത്, വൈദീകനാകാൻ സാധിക്കില്ലെങ്കിൽ എന്റെ ജീവൻ തിരിച്ചെടുത്തോളൂ എന്നായിരുന്നു. ‘കോമ’യിൽ ആകുംമുമ്പ് നടത്തിയ പ്രാർത്ഥന യും അതായിരുന്നു. ‘കോമ’യിൽ ചെലവഴിച്ച ദിനങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഞാൻ ഉണർന്നത്. എന്റെ ജീവിതത്തിലെ വഴിത്തിരിവും പുതിയ ആരംഭവുമായിരുന്നു അത്,’ ഫാ. നഥാനേൽ വികാരനിർഭരനായി.
തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നവരെ ഇപ്പോഴും കണ്ടുമുട്ടുന്നതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം, ദൈവം നൽകിയ ഈ അവസരത്തോട് ഉചിതമായി പ്രത്യുത്തരിക്കാനുള്ള പ്രാർത്ഥനയിലാണെന്നും വ്യക്തമാക്കി. ഇതിനുള്ള ഉത്തരമെന്ന് വിശേഷിപ്പിക്കാവുന്ന വാക്കുകളോടെയായിരുന്നു പാപ്പയുടെ ആശംസാ സന്ദേശം. നിങ്ങളുടെ വേരുകളോ നിങ്ങളെ വിളിച്ച ഈശോയേയോ മറക്കരുതെന്ന് പറഞ്ഞ പാപ്പ, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരണമെന്ന ആഹ്വാനവും നവവൈദീകന് നൽകി. പരിശുദ്ധ അമ്മയ്ക്ക് നവവൈദീകനെ സമർപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *