ദോഹ: ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ വിജയഗോൾ നേടിയശേഷം മൈതാനത്ത് മുട്ടുകുത്തിനിന്ന് ഇക്വഡോറിയൻ ഫുട്‌ബോൾ ടീം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ചിത്രം തരംഗമായിരുന്നു. അതിനു പിന്നാലെ, ഇക്വഡോറിയൻ ടീം ഡ്രസിംഗ് റൂമിൽ കരംകോർത്ത് പിടിച്ച് പ്രാർത്ഥിക്കുന്ന വീഡിയോയും തരംഗമാവുകയാണ്. ലോകകപ്പ് മത്‌സരങ്ങൾക്ക് തുടക്കം കുറിച്ച നവംബർ 20ന് ടീമിലെ മിഡ്ഫീൽഡറായ കാർലോസ് ഗ്രൂസോയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രമുഖ സ്പാനിഷ് ക്രിസ്റ്റ്യൻ മ്യൂസിക് ബാൻഡായ ‘ബറാക്ക്’ ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനത്തിന്റെ ഈരടികളോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

കാർലോസ് ഗ്രൂസോ
വീഡിയോ ചിത്രീകരിച്ച തിയതിയെ കുറിച്ച് സൂചനയില്ലെങ്കിലും, ദൈവത്തിന് മഹത്വം അർപ്പിച്ചുകൊണ്ട്, ‘ഇന്ന് ഒരു പുതിയ കഥ ആരംഭിക്കുന്നു,’ എന്നു തുടങ്ങുന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ന് ഒരു പുതിയ കഥ തുടങ്ങുകയായി. നമ്മുടെ ഓരോ ചുവടും നിയന്ത്രിക്കുന്നത് ദൈവമാണ്. അവിടുന്നില്ലാതെ ഞങ്ങൾക്കു ഒന്നും ചെയ്യാനാവില്ല. എല്ലാ പുകഴ്ച്ചയും ബഹുമാനവും അങ്ങേയ്ക്കുമാത്രം’ – ഇൻസ്റ്റഗ്രാം കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ ഗോൾ നേട്ടത്തിന് ശേഷമായിരുന്നു ഇക്വഡോറിയൻ താരങ്ങൾ മുട്ടിന്മേൽനിന്ന് ഒരുമിച്ച് ദൈവത്തിന് നന്ദി അർപ്പിച്ചത്. 2014ലെ ലോകകപ്പിൽ മെക്‌സിക്കോയ്‌ക്കെതിരെ വിജയം നേടിയശേഷവും ഇക്വഡോർ ടീം ഇതുപോലെ ദൈവത്തിന് നന്ദി പറയുന്ന രംഗം അക്കാലത്ത് ശ്രദ്ധേയമായിരുന്നു. ജനസംഖ്യയുടെ 80%വും കത്തോലിക്കാ വിശ്വാസികളുള്ള നാടാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോർ. ടീം അംഗങ്ങളിൽ ഒട്ടുമിക്കവരും ക്രിസ്തുവിശ്വാസം പിന്തുടരുന്നവരാണെന്നതും ശ്രദ്ധേയം.
Leave a Comment
Your email address will not be published. Required fields are marked with *