Follow Us On

22

September

2023

Friday

‘ചലിക്കുന്ന പുൽക്കൂട്’ തയാർ! വചനാഭിമുഖ്യം വളർത്തുന്ന  വിഖ്യാത ക്രിസ്മസ് ക്രിബ് ഡബ്ലിനിൽ ഇന്ന് തുറക്കും

‘ചലിക്കുന്ന പുൽക്കൂട്’ തയാർ! വചനാഭിമുഖ്യം വളർത്തുന്ന  വിഖ്യാത ക്രിസ്മസ് ക്രിബ് ഡബ്ലിനിൽ ഇന്ന് തുറക്കും

ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി ഇന്ന് (നവം.24) തുറക്കും. ജനുവരി എട്ടുവരെ കാണാം ആ കൗതുകക്കാഴ്ചകൾ.

‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്‌ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. ഐറിഷ് സമയം രാവിലെ 11.00 മുതൽ വൈകിട്ട് 5.30വരെയായിരിക്കും പ്രദർശനം. ‘ചലിക്കുന്ന പുൽക്കൂട്’ എന്നാണ് പേരെങ്കിലും, പ്രധാന ബൈബിൾ സംഭവങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുംവിധം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ സവിശേഷത.

ക്രിസ്മസുമായി ബന്ധിപ്പിച്ച്, ജനങ്ങളിൽ വിശിഷ്യാ, കുട്ടികളിൽ ബൈബിൾ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാ. ലൂയിസ് കൊഫെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ‘ദ മൂവിംഗ് ക്രിബ്’. മുഖവും കൈകാലുകളും ചലിപ്പിക്കുന്ന ബൈബിൾ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ് ഈ പേരിന് കാരണം. ദൃശ്യങ്ങളിലെ പക്ഷിമൃഗാദികളും ചലനാത്മകമാണ്. ആദ്യത്തെ പ്രദർശനത്തിൽ, തിരുപ്പിറവി ദൃശ്യവത്ക്കരിക്കുന്ന പുൽക്കൂട് മാത്രമാണ് ഉണ്ടായിരുന്നത്.

സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ, ഏതാണ്ട് ഒരു ലക്ഷം പേർ ‘ചലിക്കുന്ന പുൽക്കൂട്’ കാണാനെത്തിയതോടെ പുൽക്കൂടിനൊപ്പം വിവിധ ബൈബിൾ സംഭവങ്ങളും ചലനാത്മകമായി ദൃശ്യവത്ക്കരിച്ചു തുടങ്ങുകയായിരുന്നു. ആദ്യ മാതാപിതാക്കളും നോഹയുടെ പെട്ടകവും ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചവെക്കുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ പ്രദർശനത്തിന്റെ ആകർഷണമാണ്.

പ്രദർശനത്തിന്റെ 66-ാം പിറന്നാളാണ് ഈ വർഷം. കോവിഡ് നിയന്ത്രണങ്ങൾമൂലം 2020ൽ പ്രദർശനം റദ്ദാക്കേണ്ടിവന്നെങ്കിലും കഴിഞ്ഞ വർഷം അനേകരാണ് പ്രദർശനം കാണാനെത്തിയത്. പ്രദർശനം ആസ്വദിക്കാനെത്തുന്നവരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ് ജനറൽ മാനേജർ ഡറാഗ് മർഫിയും സംഘവും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?