Follow Us On

31

January

2023

Tuesday

‘കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും’; സോഷ്യൽ മീഡിയയിൽ തിരുവചനം പങ്കുവെച്ച് നെയ്മർ ജൂനിയർ

‘കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും’; സോഷ്യൽ മീഡിയയിൽ  തിരുവചനം പങ്കുവെച്ച് നെയ്മർ ജൂനിയർ

ദോഹ: സോഷ്യൽ മീഡിയയിൽ തിരുവചനം പങ്കുവെച്ച് ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മർ ജൂനിയറിന്റെ വിശ്വാസസാക്ഷ്യം. ബ്രസീലിന്റെ ആദ്യ മത്‌സരത്തിന് മുമ്പാണ് തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിലൂടെ സൂപ്പർ താരം തന്റെ വിശ്വാസസാക്ഷ്യം വീണ്ടും പ്രഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു പ്രസ്തുത പോസ്റ്റുകൾ.

‘ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ,’ എന്ന കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ഗ്രാഫിക് ചിത്രത്തിലാണ് പോർച്ചുഗീസ് ഭാഷയിൽ സങ്കീർത്തന ഭാഗം രേഖപ്പെടുത്തിയിട്ടുള്ളത്. 23-ാം സങ്കീർത്തനം ആറാം വാക്യമാണ് ചിത്രത്തിലുള്ളത്: ‘അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.’

സോഷ്യൽ മീഡിയയിലും കളിക്കളത്തിലും നിരവധി തവണ ക്രിസ്തുവിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മർ. മത്‌സരത്തിനിടെ ‘100% ജീസസ്’ എന്നെഴുതിയ ബാൻഡ് നെറ്റിയിൽ ധരിച്ച് മൈതാനത്ത് വിശ്വാസം പ്രഘോഷിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ ലോകകപ്പിൽനിന്ന് പുറത്തായിട്ടും ദൈവത്തിന് നന്ദി പറഞ്ഞ് നെയ്മർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പും തരംഗമായിരുന്നു.

‘ദുഃഖകരമായ ഈ സാഹചര്യത്തെ നേരിടാൻ ദൈവം തനിക്ക് കരുത്ത് തരുമെന്ന് തീർച്ചയാണ്. അതിനാൽ തോൽവിയിൽ പോലും ഞാൻ ദൈവത്തിന് നന്ദി പറയും. ദൈവത്തിന്റെ വഴി എന്റെ വഴിയെക്കാൾ മികച്ചതാണെന്ന് എനിക്കറിയാം,’ ഇപ്രകാരമായിരുന്നു അന്ന് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ സംഗ്രഹം. മുട്ടുകുത്തി കരങ്ങൾ സ്വർഗത്തിലേക്ക് ഉയർത്തി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അന്ന് കുറിപ്പ് പോസ്റ്റ് ചെയ്തത്.

ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ മടി കാട്ടാത്ത നെയ്മർ തന്റെ ട്വിറ്റർ പേജിന്റെ ‘ബയോ’ സെക്ഷനിൽ നൽകിയിരിക്കുന്ന വിശേഷണം ‘ദൈവത്തിന്റെ മകൻ’ എന്നത്രേ. മുമ്പ് സ്‌കോട്‌ലൻഡിലെ സോക്കർ ക്ലബ് കത്തോലിക്കർക്ക് അംഗത്വം നൽകില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും നെയ്മർ പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?