Follow Us On

19

April

2024

Friday

നിങ്ങൾക്കായി പ്രാർത്ഥിക്കാത്ത ഒരൊറ്റ ദിനംപോലും എന്റെ ജീവിതത്തിലില്ല; യുക്രേനിയൻ ജനതയ്ക്ക് പാപ്പയുടെ ഹൃദയസ്പർശിയായ കത്ത്

നിങ്ങൾക്കായി പ്രാർത്ഥിക്കാത്ത ഒരൊറ്റ ദിനംപോലും എന്റെ ജീവിതത്തിലില്ല; യുക്രേനിയൻ ജനതയ്ക്ക് പാപ്പയുടെ ഹൃദയസ്പർശിയായ കത്ത്

വത്തിക്കാൻ സിറ്റി: റഷ്യൻ ആക്രമണം അറുതിയില്ലാതെ ഒമ്പതാം മാസവും തുടരുമ്പോൾ, യുക്രേനിയൻ ജനതയെ നെഞ്ചോട് ചേർത്ത് ഫ്രാൻസിസ് പാപ്പയുടെ ഹൃദയസ്പർശിയായ കത്ത്. യുക്രേനിയൻ ജനതയ്ക്കായി പ്രാർത്ഥിക്കാത്ത ഒരൊറ്റ ദിനംപോലും തന്റെ ജീവിതത്തിൽ ഇല്ലെന്ന് വ്യക്മാക്കിയും യുക്രേനിയൻ ജനത അനുഭവിക്കുന്ന സഹനങ്ങൾ തന്റെകൂടി സഹനമാണെന്ന് ഏറ്റുപറഞ്ഞും പാപ്പ തയാറാക്കിയ കത്ത് അത്രമേൽ വികാരനിർഭരമാണ്. കുട്ടികൾ മുതൽ വയോവൃദ്ധർവരെയുള്ള ഓരോ യുക്രേനിയനും അനുഭവിക്കുന്ന ദുരിതങ്ങൾ പരാമർശിച്ചുകൊണ്ടാണ് പാപ്പ തന്റെ വേദനയും സാമീപ്യവും വ്യക്തമാക്കുന്നത്.

ഫെബ്രുവരി 24ന് റഷ്യ ആരംഭിച്ച സായുധാക്രമണം ഒമ്പതു മാസം പിന്നിട്ട നവംബർ 24നുതന്നെയാണ് പാപ്പയുടെ കത്ത് പുറത്തുവന്നത്: ‘യുക്രേനിയൻ ജനതയെ എന്റെ ഹൃദയത്തിൽ സംവഹിക്കാത്തതും അവർക്കായി പ്രാർത്ഥിക്കാത്തതുമായ ഒരൊറ്റ ദിനംപോലും ഇല്ല. അവരുടെ സഹനങ്ങൾ എന്റെ സഹനങ്ങളാണ്. യുദ്ധ ഭീകരത അനുഭവിക്കുന്ന യുക്രേനിയൻ ജനതയെ ഞാൻ ക്രിസ്തുവിന്റെ കുരിശിൽ കാണുന്നു.യുക്രേനിയൻ ജനതയുടെ മൃതദേഹങ്ങളിൽ കണ്ടെത്തിയ പീഡനങ്ങളിൽ യേശുവിനെ പീഡിപ്പിച്ച കുരിശ് ജീവിക്കുന്നു.’

ദുരിതങ്ങൾക്കിടയിലും പ്രാർത്ഥിക്കുകയും പൊരുതുകയും പ്രതിരോധിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന സധൈര്യരായ യുക്രേനിയൻ ജനതയെ ലോകം തിരിച്ചറിയുന്നുവെന്ന് പറഞ്ഞ പാപ്പ, ഹൃദയംകൊണ്ടും പ്രാർത്ഥനകൊണ്ടും ജീവകാരുണ്യപരമായ ഔത്സുക്യംകൊണ്ടും താൻ എപ്പോഴും സമീപസ്ഥനാണെന്നും പാപ്പ അവർക്ക് ഉറപ്പു നൽകി. ഭാവി സ്വപ്‌നങ്ങൾ പേറേണ്ട യുവജനങ്ങൾ രാജ്യ രക്ഷയ്ക്കായി ആയുധമേന്തേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് പമാർശിച്ച പാപ്പ, അവിടത്തെ കുഞ്ഞുങ്ങളെ പ്രതിയുള്ള സങ്കടവും പങ്കുവെച്ചു.

യുദ്ധംമൂലം വിധവകളാകേണ്ടിവന്നവർ, യുദ്ധത്തിന്റെ മുൻനിരയിലേക്ക് പോകേണ്ടിവന്ന യുവജനങ്ങൾ, ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വൃദ്ധസമൂഹം, പലായനം ചേയ്യേണ്ടിവന്നവർ, യുദ്ധമുഖത്ത് വ്യാപരിക്കുന്ന സന്നദ്ധ പ്രവർത്തകർ, വൈദീകർ, ഭരണാധികാരികൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കായി പാപ്പ പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അവരുടെ സഹനങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിച്ചുകൊണ്ടാണ് പാപ്പ കത്ത് ചുരുക്കിയത്.

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 6500ൽപ്പരം സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഏറെയാണെന്നും ചുരുങ്ങിയത് 40,000 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യുക്രേനിയൻ ഉദ്യോഗസ്ഥർ ചുണ്ടിക്കാട്ടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?