Follow Us On

31

January

2023

Tuesday

ദൈവകരുണയുടെ മാതാവ്‌

ദൈവകരുണയുടെ മാതാവ്‌

ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍

വാഴ്ത്തപ്പെട്ട ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ ദൈവകരുണയുടെ സന്ദേശങ്ങളെയും അതിന്റെ ഭക്തിയേയും സഭയില്‍ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ പാപ്പ ഇങ്ങനെ പറഞ്ഞു; ഈസ്റ്ററിന്റെ രണ്ടാം ഞായറില്‍ നമ്മളിലേക്ക് കടന്നുവരുന്ന ദൈവകരുണയുടെ സന്ദേശങ്ങള്‍ സ്വീകരിക്കുക എന്നത് പ്രാധാന്യമേറിയതാണ്. ഇന്നുമുതല്‍ ആഗോള സഭയില്‍ ഇത് ദൈവകരുണയുടെ ഞായര്‍ എന്ന് അറിയപ്പെടും.

ഭൗതികതയുടെ അഗാധഗര്‍ത്തത്തില്‍ ഉഴലുന്ന മനുഷ്യര്‍ക്ക് മൂന്നാം സഹസ്രാബ്ദത്തിലേക്കായി നല്‍കിയിരിക്കുന്ന പാലമായിട്ടാണ് പാപ്പ ദൈവകരുണയെ വിശേഷിപ്പിച്ചത്. പാപ്പ 2005 ഏപ്രില്‍ 3 ഞായറാഴ്ചത്തെ ദൈവകരുണയുടെ തിരുനാളിനായി എഴുതിയ സന്ദേശത്തിന്റെ അവസാന വരികള്‍ ഏവരുടേയും കണ്ണുതുറപ്പിക്കുന്ന ഒരു തേങ്ങലായിരുന്നു. അദ്ദേഹം ഇങ്ങനെ കുറിച്ചുവച്ചു; ലോകം ദൈവകരുണയെ എത്രമാത്രം പ്രാധാന്യത്തോടെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവകരുണ എന്ന ദൈവിക രഹസ്യത്തെ നമുക്ക് മനസിലാക്കാനും അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും മനുഷ്യബുദ്ധി ഉപയോഗിച്ച് തികച്ചും അസാധ്യമാണ്. എന്നാല്‍ ദൈവകരുണയുടെ മാതാവിലൂടെ തന്റെ പുത്രനായ ദൈവകരുണയെ അല്ലെങ്കില്‍ ദൈവകരുണയുടെ ഈശോയെ മനസിലാക്കുക എന്നത് എളുപ്പമാണ്. ദൈവകരുണയെപ്പറ്റി ജോണ്‍ പോള്‍ മാര്‍പാപ്പ രചിച്ച ചാക്രിക ലേഖനത്തില്‍ (Dives in Misericordia), മറിയത്തെ ദൈവകരുണയുടെ മാതാവായി ചൂണ്ടിക്കാണിക്കുന്നു. ദൈവകരുണ എന്ന ദിവ്യരഹസ്യത്തിന്റെ ആഴങ്ങള്‍ മറിയം മാത്രം മനസിലാക്കിയെന്നും, മറിയം അതിന്റെ വിലയും മഹത്വവും കണ്ടെത്തിയെന്നും പാപ്പ എടുത്തുപറയുന്നു.

കൃപാവരത്തിന്റെ അമ്മ
ദൈവകരുണ എന്നത് രക്ഷയുടെയും വിശുദ്ധീകരണത്തിന്റെയും മഹത്വീകരണത്തിന്റയും കൃപാസമൃദ്ധിയാണെങ്കില്‍, കൃപാവരത്തിന്റെ ക്രമത്തില്‍ മറിയം നമുക്ക് അമ്മയാണെന്ന് വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. മനുഷ്യാവതാര പദ്ധതിയില്‍ മംഗലവാര്‍ത്ത മുതല്‍ കാല്‍വരിവരെ മറിയം തന്റെ പുത്രനോടൊപ്പം അചഞ്ചലവും അസാധാരണവുമായ വിധത്തില്‍ സഹകരിച്ചതു മൂലമാണ് കൃപാവരത്തിലുള്ള മാതൃത്വം മറിയത്തിന് ലഭിച്ചത്. മാത്രമല്ല, മറിയം സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടപ്പോള്‍ രക്ഷാകരമായ ഈ ദൗത്യം അവള്‍ മാറ്റിവച്ചില്ല. നമുക്ക് രക്ഷയ്ക്കാവശ്യമായ ദാനങ്ങള്‍ തന്റെ വിവിധ തരത്തിലുള്ള മാധ്യസ്ഥം വഴി തുടര്‍ന്നും നല്‍കിക്കൊണ്ടിരിക്കുന്നു (CCC 969). അതുകൊണ്ടാണ് മറിയത്തിനെ കൃപാവരത്തിന്റെ അമ്മയായും സകല കൃപകളുടെ വിതരണക്കാരിയായും സഭ കാണുന്നത്.

രക്ഷാകരചരിത്രത്തില്‍ മറിയത്തിന്റെ സ്ഥാനം അനാദി മുതലേ നിര്‍ണയിക്കപ്പെട്ടതും, മാറ്റമില്ലാതെ തുടരുന്നതുമാണെങ്കിലും, വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്വര്‍ഗീയ ബഹുമതികളോടെ തിരുസഭ മറിയത്തെ വണങ്ങിപ്പോരുന്നു. മറിയത്തിന് തിരുസഭ രണ്ടു തരത്തിലുള്ള സ്വര്‍ഗീയ വിശേഷണങ്ങള്‍ നല്‍കി ആദരിക്കുന്നു. ഒന്നാമതായി, മറിയത്തിന്റെ സ്വാഭാവികവും, അതിസ്വാഭാവികവും പ്രകൃത്യാതീതവുമായ പുണ്യങ്ങളെ ആസ്പദമാക്കിയ സ്വര്‍ഗീയ വിശേഷണങ്ങളാണ് കാരുണ്യത്തിന്റെ മാതാവ്, മറിയത്തിന്റെ അമലോത്ഭവം, സ്വര്‍ഗാരോപണം എന്നിവയോടൊപ്പം ലുത്തിനിയായിലെ സകല വിശേഷണങ്ങളും. രണ്ടാമതായി തിരുസഭ നല്‍കിയിരിക്കുന്ന സ്വര്‍ഗീയ വിശേഷണങ്ങള്‍ യേശുവിന്റെ മനുഷ്യാവതാരപദ്ധതിയുമായി ബന്ധപ്പെട്ടുള്ളവയാണ്. ഉദാഹരണമായി ‘ദൈവമാതാവ്’, ‘രക്ഷകന്റെ അമ്മ’ എന്നിവ.

അങ്ങനെയെങ്കില്‍ ‘ദൈവകരുണയുടെ മാതാവ്’ എന്ന വെളിപ്പെടുത്തലിനെ സ്വര്‍ഗീയ സ്ഥാനങ്ങളുടെ പൂര്‍ണ്ണതയായി കാണാം. ഇന്നുവരെ സഭയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മരിയന്‍ വിശ്വാസസത്യങ്ങള്‍ക്കു പുറമേ മറിയത്തിന്റെ ലുത്തിനിയായിലും, മറ്റു മരിയന്‍ ലിഖിതങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന എണ്ണമറ്റ സ്വര്‍ഗീയ ബഹുമതികളുടെ ആകെത്തുകയാണ് ദൈവകരുണയുടെ മാതാവ് എന്ന അത്യുന്നത സ്ഥാനം.

ലോകത്തെ ഒരുക്കുന്ന മാതാവ്
ഈശോയുടെ ആദ്യവരവ് മറിയത്തിലൂടെ ആയിരുന്നതുപോലെ രണ്ടാംവരവും മറിയത്തിലൂടെയാണെന്ന് ഈ കാലഘട്ടത്തില്‍ നടക്കുന്ന മരിയന്‍ വെളിപ്പെടുത്തലുകള്‍ നമ്മെ അനുസ്മരിപ്പിക്കുന്നു. വി. ഫൗസ്റ്റീനയ്ക്കു നല്‍കപ്പെട്ട ഒരു ദര്‍ശനത്തില്‍ ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ സ്വര്‍ഗരാജ്ഞി മാത്രമല്ല, കരുണയുടെ മാതാവും നിങ്ങളുടെ അമ്മയും കൂടിയാണ്'(ഡയറി 300). ഈശോയുടെ രണ്ടാംവരവിനു മുന്നോടിയായി ദൈവകരുണ ചൊരിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, ലോകം മുഴുവന്‍ ദൈവകരുണയില്‍ പൊതിഞ്ഞ് സംരക്ഷിക്കപ്പെടുവാന്‍ നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയം പ്രവര്‍ത്തിക്കണം എന്നത് പിതാവായ ദൈവത്തിന്റെ തീരുമാനമാണ്. ‘മറിയത്തിന്റെ വിമലഹൃദയം ലോകത്ത് വിജയിക്കുക’ എന്ന ഫാത്തിമ സന്ദേശത്തിന്റെ ഉള്ളടക്കം നടപ്പാകാന്‍ ദൈവകരുണയുടെ മാതാവിന്റെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.

‘മറിയം-സഹരക്ഷകയും, അഭിഭാഷകയും, മധ്യസ്ഥയും’ എന്ന അഞ്ചാമത്തെ മരിയന്‍ വിശ്വാസസത്യം സഭ പ്രഖ്യാപിക്കുന്നതിനായും പുത്രനായ ദൈവത്തിന്റെ അരൂപിയെ ഭൂമിയിലേക്ക് അയക്കുന്നതിനും, സകലജനപദങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നതിന് പ്രാര്‍ത്ഥിക്കാനുമായി ആവശ്യപ്പെട്ട് ആംസ്റ്റര്‍ഡാമില്‍ ‘സകല ജനപദങ്ങളുടെയും നാഥ’യായി മാതാവ് പ്രത്യക്ഷപ്പെട്ടു.

അഭിഭാഷകയായ മറിയം
ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ ഏക മധ്യസ്ഥന്‍ യേശു മാത്രമാണെങ്കിലും, മധ്യസ്ഥ എന്ന മറിയത്തിന്റെ സ്ഥാനം മൂന്നു വിധത്തിലാണ് നിര്‍വചിക്കപ്പെടുന്നത്. കൃപനിറഞ്ഞവളും, ദൈവമാതാവുമായ മറിയം സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും ഇടയില്‍ മധ്യസ്ഥയായി നിലകൊള്ളുന്നു. രണ്ടാമതായി, മറിയം തന്റെ ഈ ലോക ജീവിതത്തില്‍ മനുഷ്യരെ ദൈവവുമായി രമ്യപ്പെടുത്താന്‍ യേശുവിന്റെ കാല്‍വരിബലിയില്‍ സജീവമായി പങ്കുകൊണ്ടതുപോലെ കാല്‍വരി ബലിയുടെ പുനരാവിഷ്‌കാരമായ ഓരോ ദിവ്യബലിയിലും മറിയം ഇന്നും സജീവമായി സഹകരിക്കുന്നു. മൂന്നാമതായി, രക്ഷണകൃത്യത്തിലൂടെ ഉളവാക്കപ്പെട്ട സകല കൃപകളും ദൈവം മനുഷ്യരില്‍ വിതരണം ചെയ്യുന്നത് മറിയം വഴിയാണ്. ദൈവത്തിന്റെ എല്ലാ കൃപകളുടെയും കൈവഴി മറിയമാണെന്ന് പഠിപ്പിക്കുന്നുണ്ടെങ്കിലും മറിയത്തിന്റെ സ്ഥാനം ക്രിസ്തുവിന്റെ സ്വയം പര്യാപ്തമായ ഏക മധ്യസ്ഥന്‍ എന്ന സ്ഥാനത്തിനു വിധേയമായും, ക്രിസ്തുവിന്റെ കീഴിലുമാണ്.

സ്വര്‍ഗത്തില്‍ മറിയത്തിന്റെ അഭിഭാഷക സ്ഥാനത്തിന്റെ പ്രാധാന്യം മനസിലാക്കണമെങ്കില്‍, ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങള്‍ എത്ര വലുതാണെന്നും, നമ്മുടെ നന്മപ്രവൃത്തികളുടെ സമാഹാരം എത്ര നിസാരമാണെന്നും തിരിച്ചറിയാന്‍ സാധിക്കണം. കുമ്പസാരത്തിലൂടെ ഒരുവന് പാപമോചനം ലഭിക്കുന്നുണ്ടെങ്കിലും മാരകപാപത്തിന്റെയും മറ്റു ഉത്തരിപ്പുകടങ്ങളുടെയും പാപകടം ഈ ലോകത്തു വച്ച് സഹനങ്ങള്‍ വഴിയും സ്വന്തം വിശുദ്ധിയിലൂടെയും വീട്ടപ്പെട്ട് സ്വര്‍ഗപ്രവേശനം എത്ര ദുഷ്‌ക്കരമായിരിക്കും. ഇവിടെയാണ് മറിയം എന്ന അഭിഭാഷകയുടെ പ്രാധാന്യം. തന്നില്‍ ആശ്രയിക്കുന്ന പാപിയുടെ അനുതാപവും, ചെറിയ നന്മകളും ഉയര്‍ത്തിക്കാട്ടി മറിയം ദൈവനീതിയുടെ സിംഹാസനത്തിനു മുമ്പില്‍ അവനുവേണ്ടി ഈശോയുടെ പീഢാസഹനയോഗ്യതയാല്‍ കരുണയ്ക്കുവേണ്ടി വാദിക്കുകയും, അവന്റെ എണ്ണമില്ലാത്ത തിന്മകള്‍ക്കു ന്യായമായി ലഭിക്കേണ്ട ശിക്ഷകളില്‍ നിന്ന് ഇളവ് വാങ്ങിക്കൊടുക്കുന്നതോടൊപ്പം, അവന് അര്‍ഹതപ്പെടാത്ത അനവധി അനുഗ്രഹങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മറിയത്തെ ‘പാപികളുടെ സങ്കേതം’ എന്നു സഭ വിശേഷിപ്പിച്ചു പോരുന്നത്.

ത്രിത്വേക ദൈവത്തിന്റെ മുമ്പില്‍ മറിയത്തിന്റെ അഭിഭാഷക സ്ഥാനത്തിന്റെ ശക്തി പരിത്രാണ കര്‍മ്മത്തില്‍ സഹരക്ഷക എന്ന മറിയത്തിന്റെ സ്ഥാനമാണ്. മനുഷ്യാവതാര പദ്ധതിയില്‍ സഹരക്ഷകയായി ഇന്നും തുടര്‍ന്നുകൊണ്ടും, ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ മധ്യസ്ഥയായും ദൈവസിംഹാസനത്തിനു മുമ്പില്‍ പാപികള്‍ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകയായും മറിയം ഭൂമിയിലും സ്വര്‍ഗത്തിലും ഒരു പോലെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ദൈവകരുണയുടെ മാതാവ് എന്ന സ്ഥാനത്തിന് യോഗ്യയാകുന്നത്.

വിശുദ്ധി എന്ന പുണ്യം
വിശുദ്ധ ഫൗസ്റ്റിനയ്ക്ക് ഈശോ നല്‍കിയ സന്ദേശങ്ങളില്‍ ശരണപ്പെട്ട് ദൈവകരുണയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ലോകജനതയ്ക്ക് സാധിക്കുന്നില്ല എന്നത് സത്യമാണ്. മാതാവ് മനുഷ്യരില്‍നിന്ന് ആവശ്യപ്പെടുന്നത്- വിശുദ്ധി മാത്രമാണ്. ദൈവകരുണയില്‍ ശരണപ്പെട്ട് ദൈവജനം തങ്ങളുടെ ജീവിതം വിശുദ്ധീകരിക്കണം എന്നതാണ് മാതാവിന്റെ ആഗ്രഹം. നമ്മുടെ കുടുംബങ്ങളിലെ ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞ മാതാപിതാക്കള്‍ ഉള്‍പ്പെടെ മുന്‍തലമുറയിലുള്ള നമ്മുടെ പ്രിയപ്പെട്ടവരേയും ദൈവകരുണയിലേക്ക് സമര്‍പ്പിച്ച് അവര്‍ക്ക് ദൈവകൃപകള്‍ നേടിക്കൊടുക്കാനാണ് മാതാവ് ആവശ്യപ്പെടുന്നത്. അതിനായി ആദ്യം നമ്മെതന്നെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.
നല്ല കുമ്പസാരം നടത്തി പാപമോചനം നേടി, പത്തുപ്രമാണങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ അനുസരിക്കുകയും; കൂദാശകളാല്‍ പരിപോഷിപ്പിക്കപ്പെട്ട്, ദൈവവചനം പാലിച്ച്, ദൈവകരുണയില്‍ ശരണപ്പെട്ട് ജീവിതത്തെ വിശുദ്ധീകരിക്കുകയും വേണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?