റിയോ ഡി ജനീറോ: പരസ്യമായ ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങൾക്ക് ഫുട്ബോൾ മത്സര വേദികൾ നിരവധി തവണ വേദിയായിട്ടുണ്ട്. ഖത്തറിൽ പുരോഗമിക്കുന്ന ഫിഫ വേൾഡ് കപ്പും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. കളിക്കളത്തിൽനിന്ന് മാത്രമല്ല, കളിക്കളത്തിന് പുറത്തുനിന്നുള്ള വിശ്വാസസാക്ഷ്യങ്ങൾക്കുകൂടി ലോകകപ്പ് സീസൺ അവസരമാകാറുണ്ട്.
അക്കൂട്ടത്തിൽ ഏറ്റവും പുതുതാണ്, മൈതാനത്തിന് സമീപം ബ്രസീലിയൻ കോച്ച് അഡെനോർ ലിയോനാർഡോ ബാച്ചി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ദൃശ്യം. ചിത്രീകരിച്ച തിയതി വ്യക്തമല്ലെങ്കിലും ഒരുപക്ഷേ, ഈ വേൾഡ് കപ്പ് സീസണിലേത് അല്ലെങ്കിൽപോലും കാമറയിൽ പതിഞ്ഞ ഈ രംഗം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
ആദ്യ മത്സരത്തിനുമുമ്പ് ബ്രസീലിയൻ താരം നെയ്മർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തിരുവചനം അനേകർ ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെയാണ്, പരിശീലന വേഷത്തിൽ മൈതാനത്തിന് അരികിലൂടെ അഡെനോർ ജപമാല ചൊല്ലി നടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് ബ്രസീലിയൻ പ്രൊഫഷണൽ ഫുട്ബോളർ കൂടിയായ ഇദ്ദേഹം.
61 വയസുകാരനായ ഇദ്ദേഹം 2016ലാണ് ബ്രസീലിയൻ ദേശീയ ടീമിന്റെ കോച്ചായി നിയമിക്കപ്പെട്ടത്. സാവോ പോളോയിലെ പൊന്തിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കാംപിനാസിൽനിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം നേടിയിട്ടുമുണ്ട്, നിരവധി ക്ലബുകൾക്കുവേണ്ടി ബൂട്ട് അണിയുകയും പരിശീലനം നൽകുകയും ചെയ്തിട്ടുള്ള അഡെനോർ.
Leave a Comment
Your email address will not be published. Required fields are marked with *