ബെൽജിയം: ചരിത്രത്തിൽ ഇതാദ്യമായി ബ്രസൽസിലെ യൂറോപ്പ്യൻ പാർലമെന്റ് ആസ്ഥാനത്ത് ഇത്തവണ ക്രിസ്മസ് പുൽകൂട് ഉയരും. ‘അവിശ്വാസിളെ വേദനിപ്പിക്കും’ എന്ന തടസവാദങ്ങളിൽ കുരുങ്ങി ഇടം നഷ്ടപ്പെട്ട പുൽക്കൂടിന് ഇത്തവണ ഇടം ഒരുങ്ങാൻ കാരണമായത് ഒരു കൂട്ടം പാർലമെന്റേറിയൻമാരുടെ ഇടപെടലാണ്. സ്പാനിഷ് എം.പിയും കത്തോലിക്കാ വിശ്വാസിയുമായ ഇസബെൽ ബെഞ്ചുമിയയുടെ നാളുകൾ നീണ്ട പ്രതിരോധമായിരുന്നു ഇതിൽ നിർണായകം.
ഇന്ന് (നവം.30) ബ്രസൽസിലെ യൂറോപ്പ്യൻ പാർലമെന്റ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽവെച്ചാണ് അനാശ്ചാദന കർമം. യൂറോപ്പ്യൻ പാർലമെന്റ് പ്രസിഡന്റ് മാൽറ്റെസ് റോബർട്ട മെറ്റ്‌സോളയുടെ അംഗീകാരത്തോടെയാണ് പുൽക്കൂട് സ്ഥാപിക്കപ്പെടുന്നത്. നേറ്റിവിറ്റി ശിൽപ്പങ്ങൾ ഒരുക്കുന്നതിൽ വിഖ്യാതമായ സ്‌പെയിനിലെ ‘മുർസിയ’ റീജ്യണിൽനിന്നുള്ള പ്രമുഖ ശിൽപ്പി ജെസസ് ഗ്രിനനാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.

ഇസബെൽ ബെഞ്ചുമിയ (ഇടത്തുനിന്ന് മൂന്നാമത്)
യൂറോപ്പ്യൻ യൂണിയന്റെ റീജ്യൺ പ്രസിഡന്റ് ഫെർനാണ്ടോ ലോപ്പസ് മിറാസ്, എം.പി ഇസബെൽ ബെഞ്ചുമിയ, ശിൽപ്പി ജെസസ് ഗ്രിനൻ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാകും. ഇസബെൽ 2019ലാണ് യൂറോപ്പ്യൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത ക്രിസ്മസ് നാളിൽതന്നെ ബ്രസൽസ് ആസ്ഥാനത്ത് പുൽക്കൂടിന്റെ അഭാവം അവർ തിരിച്ചറിഞ്ഞു.
അത് പരിഹരിക്കാനുള്ള ശ്രമം അന്നേ തുടങ്ങിയെങ്കിലും ബ്യൂറോക്രസിയുടെ ചുവപ്പുനാട തടസമായി. ‘അവിശ്വാസികളെ വേദനിപ്പിക്കും’ എന്നതായിരുന്നു പ്രധാന തടസവാദം. എന്നാൽ വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല ഇസബെൽ. യൂറോപ്പിന്റെ ക്രിസ്ത്യൻ വേരുകളെ കുറിച്ച് അറിയാതെ യൂറോപ്പിനെ കുറിച്ച് അറിയാനാവില്ലെന്ന വസ്തുത ഉയർത്തി ഇസബെൽ നിരന്തരം നടത്തിയ ശ്രമങ്ങളാണ് ഇത്തവണ ബ്രസൽസിലെ ആസ്ഥാനമന്ദിരത്തിൽ പുൽകൂടിന് ഇടം നേടിക്കൊടുത്തത്.
ചരിത്രത്തിൽ ഇടംപിടിക്കുന്ന പുൽകൂട് ഒരുക്കാൻ തങ്ങളുടെ നാട്ടിൽനിന്നുള്ള ശിൽപ്പിയെ തിരഞ്ഞെടുത്ത യൂറോപ്പ്യൻ യൂണിയന്റെ നടപടി മുർസിയ പ്രവിശ്യയ്ക്ക് നൽകിയ ആദരമായാണ് പ്രദേശവാസികൾ കാണുന്നത്. രണ്ട് മീറ്റർ ഉയരമുള്ള തിരുരൂപങ്ങളാണ് പുൽക്കൂടിനായി ഒരുക്കിയിരിക്കുന്നത്. സെക്കുലറിസത്തിന്റെ മറപിടിച്ച് തിരുപ്പിറവി ദൃശ്യങ്ങൾ പൊതുസ്ഥലങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ പ്രബലമാകുമ്പോൾ സുപ്രധാനമാണ് ബ്രസൽസിൽനിന്നുള്ള ഈ സദ്വാർത്ത.
Leave a Comment
Your email address will not be published. Required fields are marked with *