Follow Us On

31

January

2023

Tuesday

അനുരഞ്ജനത്തിന്റെ വാതില്‍ തുറക്കപ്പെടട്ടെ

അനുരഞ്ജനത്തിന്റെ  വാതില്‍ തുറക്കപ്പെടട്ടെ

‘എഫ്ഫാത്താ’ എന്ന വാക്ക് ഉതിര്‍ന്നുവീണത് ഒരു മനുഷ്യന്റെ അധരങ്ങളില്‍നിന്നല്ല, പ്രത്യുത ദൈവപുത്രനായ യേശുവിന്റെ അധരങ്ങളില്‍നിന്നാണ്. തുറക്കപ്പെടട്ടെ എന്ന് അര്‍ത്ഥമുള്ള ഈ ഹീബ്രുവാക്ക് പരാമര്‍ശിക്കപ്പെടുന്നത് യേശു ഒരു ബധിരന്റെ ചെവികള്‍ തുറക്കുമ്പോഴാണ്. അവിടുന്ന് അവന്റെ ചെവികളില്‍ വിരലിട്ടുകൊണ്ട് ഒരു നെടുവീര്‍പ്പോടെ സ്വര്‍ഗത്തിലേക്ക് നോക്കി എഫാത്താ എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് യേശു ആ സമയം നെടുവീര്‍പ്പിട്ടത് എന്നത് വ്യക്തമല്ല. ഒരുപക്ഷേ നിശബ്ദതയുടെ തടവറയിലായിരുന്ന ആ മനുഷ്യന്റെ വേദന യേശു ഉള്ളില്‍ അനുഭവിച്ചതുകൊണ്ടാവണം അങ്ങനെ ചെയ്തത്.
എങ്കില്‍ കുര്‍ബാനക്രമത്തെച്ചൊല്ലി സീറോ മലബാര്‍ സഭയിലുണ്ടായിട്ടുള്ള ഭിന്നിപ്പും വിവാദങ്ങളും കാണുമ്പോള്‍ അവിടുന്ന് എത്ര അധികമായി നെടുവീര്‍പ്പിടുന്നുണ്ടാവണം! മൗതിക ശരീരത്തിലുണ്ടായ ആഴത്തിലുള്ള മുറിവ് ശിരസായ ക്രിസ്തുവിനെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ആ തിരിച്ചറിവാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്ന ആദ്യത്തെ പടി. ‘ഞാന്‍ മൂലം, എന്റെ പ്രവൃത്തിമൂലം എന്റെ ഈശോ വേദനിക്കരുത്’ എന്ന് ഓരോ വ്യക്തിയും ചിന്തിക്കുമ്പോള്‍ പാത തുറക്കുകയായി.
ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. നവീകരിച്ച കുര്‍ബാനക്രമം സീറോ മലബാര്‍ സഭയ്ക്ക് ഒരു ഐഡന്റിറ്റി നല്‍കുന്നുണ്ട്. സ്വത്വബോധം ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് വളരെ സഹായിക്കുന്നതുപോലെതന്നെ ഒരു സമൂഹത്തിന്റെയും സഭയുടെയും ത്വരിതഗമനത്തിന് കാരണമാകും. കേരളസഭയിലെ മറ്റു രണ്ട് റീത്തുകള്‍ക്കും അവരുടേതായ ഐഡന്റിറ്റി ഉണ്ട്. മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത് പൂര്‍ണമായും അള്‍ത്താരാഭിമുഖമായിട്ടാണെങ്കില്‍, ലത്തീന്‍ റീത്തില്‍ അത് പൂര്‍ണമായും ജനാഭിമുഖമായിട്ടാണ്. ഇവയുടെ രണ്ടിന്റെയും വളരെ മനോഹരമായ ഒരു സ്വാംശീകരിക്കല്‍ സീറോ മലബാര്‍ സഭയുടെ കുര്‍ബാനക്രമത്തിലുണ്ട്. ലോകത്തിലെവിടെപ്പോയാലും ഈ വിധത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കപ്പെടുന്നത് കാണുമ്പോള്‍ തിരിച്ചറിയുവാന്‍ സാധിക്കും അത് സീറോ മലബാര്‍ സഭയുടേതാണെന്ന്.
ആഗോള കത്തോലിക്കാ സഭയിലെ ഒരു വ്യക്തിസഭയെന്ന നിലയില്‍ സീറോ മലബാര്‍ സഭയ്ക്ക് ഈ വ്യക്തിത്വ അടയാളം അഥവാ തനിമ കൂടിയേ തീരൂ. നാനാത്വത്തിലെ ഏകത്വമാണ് കത്തോലിക്കാസഭയുടെ മനോഹാരിത. ഏഴ് വര്‍ണങ്ങള്‍ ഒരു വെള്ള രശ്മിയില്‍ അടങ്ങിയിട്ടുണ്ട്. പക്ഷേ പുറമേനിന്ന് നോക്കുമ്പോള്‍ നാം കാണുന്നത് ആ വെള്ള രശ്മി മാത്രമാണ്. വൈവിധ്യം ഐക്യത്തിന് ഒരു തടസമേയല്ലെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. ശിരസായ ക്രിസ്തുവിനോടും ക്രിസ്തുവിന്റെ കാണപ്പെട്ട പ്രതിനിധിയായ പരിശുദ്ധ പിതാവിനോടുംചേര്‍ന്ന് വിവിധ വ്യക്തിസഭകള്‍ അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒറ്റക്കെട്ടായി, ഐക്യത്തോടെ നിലനില്‍ക്കുന്നതുതന്നെയാണ് ആഗോള കത്തോലിക്കാ സഭയുടെ ശക്തിയുടെ രഹസ്യം.
ഈ സാര്‍വത്രിക കാഴ്ചപ്പാട് കൈമോശം വന്നാല്‍ അത് വലിയ അപകടത്തിലേക്ക് നയിക്കും. ആഗോള സഭയില്‍ത്തന്നെ വിള്ളലുണ്ടാക്കുന്ന ഈ പ്രശ്‌നം അടിയന്തിരമായിത്തന്നെ പരിഹരിക്കേണ്ടതായിട്ടുണ്ട്. അതിന് സഭാപിതാക്കന്മാര്‍ മുന്‍കൈ എടുക്കണമെന്ന് ദൈവജനം ആഗ്രഹിക്കുന്നു. ഐക്യത്തിനായി തീവ്രമായി ദാഹിക്കുന്ന ദൈവമക്കള്‍ ഈ നാളുകളില്‍ ഉയര്‍ത്തിയ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനകള്‍ ഒരു പരിഹാരം കണ്ടെത്തുവാന്‍ പിതാക്കന്മാരെ നിശ്ചയമായും സഹായിക്കും.
ഏതു പ്രശ്‌നവും പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകള്‍ അനിവാര്യമാണ്. അല്പം പിന്നോട്ടുപോകുന്നത് മുന്നോട്ട് പോകുവാന്‍ വേണ്ടിത്തന്നെയാണ്. വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വലിയ വീഴ്ചയുണ്ടാകും എന്ന ഓര്‍മപ്പെടുത്തല്‍ കൂടുതല്‍ ജാഗ്രത പകരും. അതിനാല്‍ അനുരഞ്ജനത്തിന് ചേര്‍ന്ന ഒരു സ്‌നേഹാന്തരീക്ഷം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. അനാവശ്യമായ കുറ്റപ്പെടുത്തലുകളും പഴിചാരലുകളും പരാമര്‍ശങ്ങളും പൂര്‍ണമായും ഒഴിവാക്കുകതന്നെ വേണം. ഉദാഹരണമായി എറണാകുളം അതിരൂപതയിലെ വൈദികരെ വിമതന്മാരും വിമത പ്രവര്‍ത്തനം നടത്തുന്നവരുമായിട്ടാണ് ചില ക്രൈസ്തവമാധ്യമങ്ങള്‍പോലും ചിത്രീകരിക്കുന്നത്. ഇങ്ങനെയുള്ള വാക്കുകള്‍ കൂടുതല്‍ മുറിവുണ്ടാക്കുവാനേ ഉപകരിക്കൂ. സ്‌നേഹത്തില്‍ കുറ്റപ്പെടുത്തലിന് ഇടമില്ലല്ലോ.
ഇപ്പോഴുള്ള വിടവുകളിലേക്കും മുറിവുകളിലേക്കും ഉന്നതത്തില്‍നിന്നുള്ള പിതാവിന്റെ നിഷ്‌കളങ്കസ്‌നേഹം ഒഴുകിയിറങ്ങട്ടെ. തന്റെ ഏകജാതനെപ്പോലും നല്‍കുന്നവിധത്തില്‍ നമ്മെ സ്‌നേഹിച്ച ആ പിതാവിന്റെ സ്‌നേഹകരങ്ങള്‍ നമ്മുടെമേല്‍ ഉയര്‍ന്നുനില്‍പുണ്ട്. അവര്‍ണനീയമായ ആ ദാനത്തിന്റെ ഓര്‍മപ്പെടുത്തലുമായി ഒരു ക്രിസ്മസ്‌കൂടി സമാഗതമാകുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണി ഒറ്റനോട്ടത്തില്‍ നിസഹായനാണ്. ആ കിടപ്പു കണ്ടാല്‍ അങ്ങനെയേ ആര്‍ക്കും തോന്നൂ. പക്ഷേ ആ ശിശു യഥാര്‍ത്ഥത്തില്‍ സര്‍വശക്തനാണ്, ദാവീദ് ഭവനത്തിന്റെ താക്കോല്‍ കരങ്ങളില്‍ വഹിക്കുന്നവന്‍ (ഏശയ്യാ 22:22, വെളിപാട് 3:7). അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല. അനൈക്യത്തിന്റെ വാതില്‍ എന്നന്നേക്കുമായി അടയ്ക്കുവാന്‍ സാധിക്കുന്നവന്‍, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വാതില്‍ നിത്യമായി സഭയ്ക്കായി തുറന്നുകൊടുക്കുവാന്‍ സാധിക്കുന്ന ആ രക്ഷകന്‍ അതു ചെയ്യുകതന്നെ ചെയ്യും. അതിനായി നമുക്ക് കാത്തിരിക്കാം, പ്രത്യാശയോടെ, പ്രാര്‍ത്ഥനയോടെ.

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?