– സൈജോ ചാലിശേരി
കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ കബറിടത്തിലേക്ക് തൃശൂരില്‍നിന്നും കാല്‍നടയായി തീര്‍ത്ഥാടനം നടത്തിയെന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നും. മധ്യവയസു കഴിഞ്ഞവരായിരുന്നു തീര്‍ത്ഥാടകസംഘത്തിലെ മൂന്നുപേരും എന്നതാണ് മറ്റൊരു പ്രത്യേകത. താമസിക്കാനുള്ള സ്ഥലങ്ങളൊന്നും മുന്‍കൂട്ടി നിശ്ചയിക്കാതെയായിരുന്നു യാത്ര. ഇസ്രായേല്‍ ജനത്തിന് ദൈവം മേഘത്തണലും ദീപസ്തംഭവും മന്നയും നല്കിയ അനുഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്. ഓഗസ്റ്റ് 14ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 14 ന് പൂര്‍ത്തിയായി. അങ്ങനെ 62 ദിവസംകൊണ്ട് അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തി. എരനെല്ലൂര്‍ ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരിയും ഇടവകാംഗങ്ങളും ചേര്‍ന്നായിരുന്നു അവരെ യാത്രയയച്ചത്. യാത്രയെക്കുറിച്ചറിഞ്ഞ് അനേകര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ സംഘാംഗങ്ങളെ അറിയിച്ചിരുന്നു. 62 ദിവസം നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ത്തന്നെ അവയില്‍ പലതും നിറവേറിക്കഴിഞ്ഞിരുന്നു. യാത്രയില്‍ ഉടനീളം ദൈവം കരങ്ങളില്‍ താങ്ങിയ അനുഭവങ്ങളാണ് മൂന്നുപേര്‍ക്കും പറയാനുള്ളത്.
കരുത്തു പകര്‍ന്ന ഫോണ്‍വിളി
യാത്രയുടെ പ്രധാന നിയോഗം, എരനെല്ലൂര്‍ ഇടവകയുടെ സ്റ്റേഷന്പള്ളിയായി കൈപ്പറമ്പില്‍ വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തില്‍ നിര്‍മിക്കുന്ന ദൈവാലയ നിര്‍മാണം എത്ര യും വേഗം പൂര്‍ത്തിയാകണം എന്നതായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദൈവാലയ നിര്‍മാണം മന്ദഗതിയിലായിരുന്നു. അവര്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴേക്കും ആ നിയോഗത്തിന്റെമേല് ദൈവം തന്റെ അനുഗ്രഹമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. യാത്രക്കിടയില്‍ ഒരു ദിവസം വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരിയുടെ ഫോണ്‍വിളി വന്നു.
പ്രതീക്ഷിക്കാത്ത പല വ്യക്തികളില്‍നിന്നും ദൈവാലയ നിര്‍മാണത്തിനുള്ള പണം ലഭിച്ചെന്നായിരുന്നു അച്ചന്റെ വാക്കുകള്‍. ദൈവാലയ നിര്‍മാണത്തി ന് പുരോഗതിയുണ്ടായതായി അച്ചന് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അച്ചന്റെ ഫോണ്‍വിളി വീണ്ടും വന്നു. ദൈവാലയം വെഞ്ചരിപ്പ് ഡിസംബര്‍ 25-ന് തീരുമാനിച്ച വിവരമായിരുന്നു അച്ചന് അറിയിക്കുവാന്‍ ഉണ്ടായിരുന്നത്.
പറപ്പൂര് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായി 2022 മാര്‍ച്ചില്‍ വിരമിച്ച പി.ഡി. വിന്‍സന്റ് പാണേങ്ങാടന്, എം.പി സ്റ്റീഫന്‍ മേയ്ക്കാട്ടുകുളം, കുണ്ടന്നൂര്‍, സി.കെ ജോയി ചിരിയങ്കണ്ടത്ത്, വടക്കാഞ്ചേരി എന്നിങ്ങനെ എരനെല്ലൂരിന്റെ സമീപ ഇടവകകളായ പറപ്പൂര്, കുണ്ടന്നൂര്‍, വടക്കാഞ്ചേരി ഇടവകകളിലെ മൂന്നുപേരായിരുന്നു തീര്‍ത്ഥാടകസംഘത്തിലെ അംഗങ്ങള്‍. ഇതില്‍ സ്റ്റീഫന്‍ ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ആളും ജോയി കൂലിപ്പണിക്കാരനുമാണ്.
2010 മുതല്‍ വേളാങ്കണ്ണി, മൈലാപ്പൂര്, ഭരണങ്ങാനം, ഗോവ, നാഗര്‍കോവിലിലെ കാറ്റാടിമല, മാന്നാനം, കുഴിക്കാട്ടുശേരി, വിശുദ്ധ മദര്‍ മറിയം ത്രേസ്യ കബറിടം എന്നിവിടങ്ങളിലേക്കും ഇവര്‍ കാല്‍നടയായി തീര്‍ത്ഥാടനം നടത്തിയിട്ടുണ്ട്. കൈപ്പറമ്പില്നിന്നും ആരംഭിച്ച തീര്‍ത്ഥാടന യാത്രയുടെ ആദ്യവിശ്രമകേന്ദ്രം മണ്ണുത്തി ദൈവാലയമായിരുന്നു. വികാരി ഫാ. പോളി നീലങ്കാവിലിന്റെ നേതൃത്വത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്കി. പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് യാത്ര തുടങ്ങി. ഉച്ചയോടെ പാലക്കാട് രൂപതയിലെ പന്തലാം ദൈവാലയത്തില്‍ എത്തി, വിശ്രമിച്ചശേഷം നാലുമണിക്ക് യാത്ര ആരംഭിച്ചു. കഞ്ചിക്കോട്ട് റാണിയുടെ പ്രാര്ത്ഥനാഗൃഹവും സന്ദര്‍ശിച്ചു.
രാമനാഥപുരം ബിഷപ്സ് ഹൗസില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ചു. തമിഴ്നാട്ടിലേക്ക് യാത്ര കടന്നപ്പോള്‍ പെട്രോള്‍ പമ്പിലായിരുന്നു വിശ്രമം. തെരുവു വിളക്കുകളോ നിലാവോ ഇല്ലാത്ത രണ്ടു ഭാഗവും മലകള്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെയും രാത്രി നടക്കേണ്ടി വന്നിട്ടുണ്ട്. ബാഗിനു പിന്നില്‍ റിഫ്ളക്റ്റ് ലൈറ്റുകള്‍ പിടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ടോര്‍ച്ച് തെളിച്ചതുകൊണ്ട് ക്രമേണ അതിന്റെ വെളിച്ചം ഇല്ലാതായി. നായ്ക്കളുടെ ശല്യവും നേരിടേണ്ടി വന്നു. ഇതിനിടയില്‍ വിശ്രമിക്കാന്‍ രണ്ട് പെട്രോള്‍ പമ്പുകാ ര്‍ അനുവാദം നിഷേധിച്ച അനുഭവവും ഉണ്ടായി. സേ ലം-ബാംഗ്ലൂര്‍ ഹൈവൈയില്‍ ദീര്‍ഘമായ കയറ്റവും വാഹനങ്ങളുടെ വലിയ തിരക്കും കുരങ്ങന്മാരുടെ പിന്നാലെയുള്ള വരവും വെയിലിന്റെ കാഠിന്യവും ശാരീരികമായി തളര്‍ത്തിയെങ്കിലും പ്രാര്‍ത്ഥനയില്‍ ആശ്രയിച്ച് കൂടുതല്‍ കരുത്തോടെ മുമ്പോട്ടുപോയി.
ആന്ധ്രയിലെ ഹോമിയോ ഗുളികകള്‍
ആന്ധ്രയില്‍ വച്ച് ഒരു ഹോമിയോ ഡോക്ടറെ പരിചയപ്പെട്ടത് വ്യത്യസ്ത നിറഞ്ഞ അനുഭവമായി. കേരളത്തിലെ പല സ്ഥലങ്ങളിലും ജോലി നോക്കിയിട്ടുള്ള നെല്ലൂര്‍ സ്വദേശി ഡോ. യശ്വന്ത് റെഡി ഏറെ സന്തോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചായയും അസിഡിറ്റി ഉണ്ടാകുമ്പോള്‍ കഴിക്കാന്‍ ഒരു കുപ്പി ഹോമിയോ ഗുളികകളും നല്‍കുകയും ചെയ്തു.
ഓഗസ്റ്റ് 31-ന് യാത്രയില്‍ അസ്വസ്ഥത തോന്നിയപ്പോള്‍ അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന് വോയ്സ് മെസേജ് അയച്ചു. ഉടനെതന്നെ അദ്ദേഹം തിരിച്ചു വിളിച്ച് നെല്ലൂര്‍ ബിഷപ്സ് ഹൗസില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. അവിടെ ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ആ വഴിയില്‍ ഉണ്ടായിരുന്ന ഒരു കോണ്‍വെന്റിലെ സിസ്റ്റേഴ്സ് പ്രോട്ടീന്‍ ബിസ്ക്കറ്റ് പായ്ക്കറ്റുകളും നല്‍കിയാണ് യാത്രയാക്കിയത്. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചശേഷമാണ് യാത്ര ആരംഭിച്ചിരുന്നത്. യാത്രയിലുടനീളം കരുണക്കൊന്തയും ജപമാലയും ചൊല്ലിയത് വഴികളില്‍ പ്രകാശമായി. നിയോഗങ്ങള്‍ ഏല്പിച്ച പലര്‍ക്കും ഫലപ്രാപ്തിയുണ്ടായതായി അവര്‍ സന്തോഷത്തോടെ വിളിച്ചറിയിക്കുമ്പോള്‍ അതും ചുവടുകള്‍ക്ക് കരുത്തായി മാറുകയായിരുന്നു.
വെളുപ്പിനെ മൂന്നു മുതല്‍ രാത്രി പത്തുവരെയായിരുന്നു നടത്തം. ആന്ധ്രപ്രദേശിലൂടെ പോയപ്പോള്‍ കനത്ത ചൂട് നേരത്തേ തുടങ്ങിയതിനാല്‍ കാല്‍നടയാത്ര നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. വന്മരങ്ങളുടെ ചുവട്ടിലും ബസ്സ്റ്റോപ്പുകളിലും ഫ്ളൈ ഓവറുകളുടെ ചുവട്ടിലുമായിരുന്നു പ്രധാന വിശ്രമ കേന്ദ്രങ്ങള്‍. പലപ്പോഴും വിജനമായ വഴികളിലൂടെ യാത്ര നടത്തേണ്ടി വന്നിട്ടുണ്ട്. രാത്രിയില്‍ പാമ്പുകളെ കണ്ടപ്പോള്‍ ആശങ്ക ജനിച്ച അവസരങ്ങളുമുണ്ടായി. രാത്രിയില്‍ വെയിറ്റിങ്ങ് ഷെഡുകളില്‍ കയറി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഒരു ദിവസം പെട്രോള്‍ പമ്പിലുള്ള ആര്യവേപ്പിന് അടിയിലാണ് രാത്രി വിശ്രമിച്ചത്. മറ്റൊരു ദിവസം പഴയ പീടികമുറിയുടെ വരാന്തയാണ് കിടക്കാന്‍ കിട്ടിയത്. സിമന്റും മണലും ഇഷ്ടികയുമൊക്കെ കൂടിക്കലര്‍ന്ന് കിടക്കുന്നതിനിടയില്‍ മൂന്നുപേരും സ്ഥലമൊരുക്കി കിടന്നു.
നീല ജുബയും മുണ്ടുമായിരുന്നു യാത്ര പുറപ്പെടുമ്പോള്‍ വേഷം. ഒഡീഷയിലേക്ക് കടന്നപ്പോള്‍ സുരക്ഷിതത്വത്തിനായി കാവി വസ്ത്രത്തിലേക്ക് മാറി. യാത്രയിലുടനീളം എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതായി സംഘത്തലവന് വിന്‍സന്റ് മാസ്റ്റര്‍ പറയുന്നു. കൊല്ക്ക ത്ത യാത്രയില്‍ 23,00 കിലോമീറ്റര്‍ ദൂരമാണ് ഈ മൂവര്‍സംഘം കാല്‍നടയായി പിന്നിട്ടത്. ആന്ധ്രപ്രദേശിലൂടെ നടന്നപ്പോള്‍ മദര്‍ തെ രേസ കോണ്‍വെന്റുകള്‍ പലതും സന്ദര്‍ശിച്ചു. പ്രോട്ടീന്‍ ബിസ്ക്കറ്റുകള്‍ നല്‍കിയാണ് അവ ര്‍ യാത്രയാക്കിയത്. കൊള്ളക്കാരുടെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ദൈവാനുഗ്രഹത്താല്‍ അങ്ങനെയുള്ള സംഭവങ്ങളൊന്നും ഉണ്ടായില്ല.
മാവോയിസ്റ്റുകളുടെ നാട്ടിലേക്ക്
വഴിയിലുടനീളം വ്യക്തിപരമായും സമൂഹമായും ജപമാലയും കരുണക്കൊന്തയും ചൊല്ലി മുന്നോട്ട് നീങ്ങിയ സംഘത്തിന് യാത്രയ്ക്കുള്ള വലിയ ശക്തി ലഭിച്ചു. വിശ്വാസത്തില്‍ ആഴപ്പെടാനും ബോധ്യങ്ങള്‍ ഉറപ്പിക്കാനും യാത്ര സഹായിച്ചെന്ന് സംഘാംഗങ്ങള്‍ പറയുന്നു. വിശുദ്ധ മദര്‍ തെരേസയുടെ കല്ലറയ്ക്കു മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചതും നവ്യാനുഭവമായി. മാവോയിസ്റ്റുകളുടെ ഭീഷണിയുള്ള സ്ഥലങ്ങളിലും ഒരു പോറല്‍പോലും ഏല്ക്കാതെ ദൈവം സംരക്ഷിച്ചെന്ന് സംഘാംഗം സ്റ്റീഫന്‍ മേയ്ക്കാട്ടുകുളം പറയുന്നു. ഈ യാത്രാവേളയില്‍ നാട്ടില്‍നിന്നും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുടെ പിന്താങ്ങല് ലഭിച്ചതായി സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു.
യാത്ര പുറപ്പെടുമ്പോള്‍ വഴിച്ചെലവിനായും നേര്‍ച്ച സമര്‍പ്പിക്കാനും പണം നല്കിയ ഒരുപാടുപേരുണ്ട്. 2014 മുതല്‍ ആഗ്രഹിച്ചതാണ് കൊല്‍ക്കത്തയിലേക്കുള്ള കാല്‍നടയാത്രയെന്നും അത് കൂലിപ്പണിക്കാരനായ തനിക്ക് സാധിച്ചത് വലിയ ദൈവാനുഗ്രഹമാണെന്നും സി.കെ ജോയി പറയുന്നു. കൈപ്പറമ്പില്‍ വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള ദൈവാലയം പണിയുന്നിടത്തുനിന്നായിരുന്നു തീര്‍ത്ഥാടനയാത്ര ആരംഭിച്ചത്. വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് തിരുശേഷിപ്പുമായാണ് അവര്‍ തിരിച്ചെത്തിയത്. തൃശൂര്‍ അതിരൂപതയിലെ വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള ആദ്യ ദൈവാലയമാണ് കൈപ്പറമ്പില്‍ പുരോഗമിക്കുന്നത്.
കൊല്ക്കത്തയില്വച്ച് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി ജോസഫിനെ കാണാന്‍ അവസരം ലഭിച്ചു. സിസ്റ്റര്‍ മേരി ജോസഫായിരുന്നു വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് അവര്‍ക്ക് നല്കിയതും. യാത്രയുടെ അനുഭവങ്ങള്‍ സിസ്റ്റര്‍ ചോദിച്ചറിഞ്ഞു. ഇങ്ങനെയൊരു തീര്‍ത്ഥാടനയാത്ര ആദ്യമായിട്ടാണ് ഇവിടെ എത്തിയതെന്നും ഈ യാത്ര ഞങ്ങളെ വിസ്മയിപ്പിക്കുന്നു എന്നുമായിരുന്നു സിസ്റ്റര്‍ മേരി ജോസഫിന്റെ വാക്കുകള്‍. 62 ദിവസത്തെ നടപ്പുക്ഷീണം മുഴുവന്‍ മറക്കാന്‍ ആ വാക്കുകള്‍ ധാരാളമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *