Follow Us On

22

February

2024

Thursday

അകമ്പടിയായി ജലയാനങ്ങൾ, അഭിവാദ്യമേകി ജനസാഗരം; വികാരനിർഭര നിമിഷങ്ങൾ സമ്മാനിച്ച് ദൈവമാതാവിന്റെ ജലഘോഷയാത്ര!

അകമ്പടിയായി ജലയാനങ്ങൾ, അഭിവാദ്യമേകി ജനസാഗരം; വികാരനിർഭര നിമിഷങ്ങൾ സമ്മാനിച്ച് ദൈവമാതാവിന്റെ ജലഘോഷയാത്ര!

ടിഗ്രേ: സ്വീകരിച്ചാനയിക്കാൻ നാവീക സേനാ പ്രതിനിധികൾ, അകമ്പടിയേകാൻ ജലയാനങ്ങളുടെ വ്യൂഹം, അഭിവാദ്യമേകാൻ ജനസാഗരം… അവിസ്മരണീയവും വികാരനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനിയൻ നഗരമായ ടിഗ്രേയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര. ‘പരിശുദ്ധ കന്യകയുടെ ദിനം’ എന്ന പേരിൽ സഭാ നേതൃത്വവും ടിഗ്രേ നഗര ഭരണകൂടവും ചേർന്ന് പരമ്പരാഗതമായി ക്രമീകരിക്കുന്ന കൃതജ്ഞതാർപ്പണ ദിനത്തിന്റെ മുഖ്യ സവിശേഷതയാണ്, അലംകൃതമായ ജലവാഹനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവുമായി നടത്തുന്ന പ്രദക്ഷിണം.

May be an image of crowd and the Basilica of the National Shrine of the Immaculate Conception

‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ പങ്കെടുത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ ടിഗ്രെ നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി. മൈതാനത്ത് ഒരുക്കിയ ബലിപീഠത്തിൽ അർജന്റീനയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും സാൻ ഇസിഡ്രോ ബിഷപ്പുമായ ഓസ്‌കാർ ഓജിയയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആഘോഷങ്ങളുടെ ആരംഭം. ദിവ്യബലിക്കുശേഷം പരിശുദ്ധ അമ്മയുടെ തിരുരൂപം ഡെൽറ്റ സോൺ നാവിക കേന്ദ്രത്തിലേക്ക് പ്രദക്ഷിണമായി എത്തിക്കുകയായിരുന്നു.

May be an image of 4 people, boat and text

തെരുവിന്റെ ഇരുവശങ്ങളിലും അണിചേർന്ന നൂറുകണക്കിനാളുകൾ സ്‌കാർഫുകളും ബാനറുകളും വീശി പരിശുദ്ധ അമ്മയ്ക്ക് അഭിവാദ്യം അർപ്പിച്ചു. തിരുരൂപം നാവികസേന ഉദ്യോഗസ്ഥർ കപ്പലിന്റെ മേൽതട്ടിലേക്ക് ആനയിച്ചു, തുടർന്ന് അലങ്കരിച്ച പീഠത്തിൽ സ്ഥാപിച്ചു. ജലഘോഷയാത്രയുടെ ആരംഭത്തിൽ മറ്റൊരു കപ്പൽ ജലപീരങ്കിയാൽ സല്യൂട്ട് നൽകി ആചാരപരമായ ആദരവേകി. അപ്പോഴേക്കും അകമ്പടിസേവിക്കാൻ ജലയാനങ്ങളുടെ ഒരു വ്യൂഹംതന്നെ തയാറെടുത്തു കഴിഞ്ഞിരുന്നു.

May be an image of 1 person and boat

പരിശുദ്ധ അമ്മ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയേകാനും അമ്മയുടെ മാധ്യസ്ഥം തേടാനും നൂറുകണക്കിനാളുകളാണ് നദിക്കരയിലും അണിചേർന്നത്. 1854മുതൽ ടിഗ്രേ നഗരം സാക്ഷിയാകുന്ന ‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ 1949 മുതലാണ് ജലഘോഷയാത്ര ആരംഭിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?