Follow Us On

05

December

2023

Tuesday

ക്രിസ്മസ് നല്‍കുന്ന ഉറപ്പ്

ക്രിസ്മസ്  നല്‍കുന്ന ഉറപ്പ്

നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നിമയുടെ പപ്പയുടെ ബിസിനസ് തകരുന്നത്. എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ നിന്ന് ഒറ്റമുറി വാകടവീട്ടിലേക്കുള്ള മാറ്റവും ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടായ ഞെരുക്കവും ആ കുരുന്നിന് മനസിലാക്കാവുന്നതിലും അപ്പുറമായിരുന്നു. നല്ല ഭക്ഷണത്തിനും പുതിയ വസ്ത്രത്തിനുംവേണ്ടി വാശി പിടിച്ച നിമയോട് അവളുടെ അമ്മ ഒരു കാര്യം പറഞ്ഞുകൊടുത്തു – ‘ഈശോയോട് ചോദിക്ക്. ഈശോ തരാതെ നമുക്ക് ഒന്നുമില്ല.’ അമ്മയുടെ വാക്കുകള്‍ നിമയുടെ മനസില്‍ പതിഞ്ഞു. അത് അവളുടെ വ്യക്തിപരമായ പ്രാര്‍ഥനയുടെ തുടക്കമായിരുന്നു പിറ്റേദിവസം മുതല്‍ ആ നാലാം ക്ലാസുകാരി കിട്ടുന്ന ഇടവേളകളിലെല്ലാം കോണ്‍വെന്റ് സ്‌കൂളിലെ ചാപ്പലിലേക്ക് ഓടി. പത്ത് വയസുള്ള ഒരു കുട്ടിയുടെ ആഗ്രഹങ്ങളൊക്കെ തന്നെയായിരുന്നു ഈശോയോടുള്ള നിമയുടെ പ്രാര്‍ഥന – ‘പുതിയ ഉടുപ്പ് വേണം, പുതിയ ബാഗ് വേണം, നല്ല ഭക്ഷണം വേണം.’….എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടു. കുറെകാലം മുട്ടുകുത്തി പ്രാര്‍ഥിച്ചിട്ടും പക്ഷേ യാതൊരു മാറ്റവുമില്ല. മാത്രമല്ല, വീട്ടിലെ അവസ്ഥ കൂടുതല്‍ മോശമായും വരുന്നു.

തന്റെ പ്രാര്‍ഥനക്ക് എന്തോ കുഴപ്പുമുണ്ടെന്നും താന്‍ പറയുന്നത് ഈശോക്ക് മനസിലാകുന്നില്ലെന്നും അവള്‍ക്ക് തോന്നി. തന്റെ പ്രാര്‍ഥന ഈശോ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവള്‍ പല ടെക്‌നിക്കുകളും പ്രയോഗിച്ചു നോക്കി. ഉറക്കെ പ്രാര്‍ഥിക്കാനും പ്രാര്‍ഥനകള്‍ എഴുതി സമര്‍പ്പിക്കാനും തുടങ്ങി. മാത്രമല്ല കൂടുതല്‍ നല്ല കുട്ടിയായി എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ആ ഇടയ്ക്കാണ് നിമ ഒരു കാര്യം ശ്രദ്ധിച്ചത്. പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വലിയ ഇഷ്ടമാണ്. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയാല്‍ തനിക്കും ടീച്ചര്‍മാരുടെയും ഒപ്പമുള്ള കുട്ടികളുടെയും സ്‌നേഹവും പരിഗണനയുമൊക്കെ കൂടുതലായി കിട്ടുമെന്ന് അവള്‍ക്ക് തോന്നി. അന്നുമുതല്‍ അവള്‍ മറ്റ് നിയോഗങ്ങളെല്ലാം പ്രാര്‍ത്ഥനയില്‍ നിന്ന് ഒഴിവാക്കി. നന്നായി പഠിക്കുന്നതിനായുള്ള ജ്ഞാനം ലഭിക്കുന്നതിന് വേണ്ടി മാത്രമായിരുന്ന പിന്നീടുള്ള അവളുടെ പ്രാര്‍ഥനകള്‍. ഇക്കുറി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ വൈകിയില്ല. ആറാം ക്ലാസില്‍ വച്ച് ആദ്യമായി നിമക്ക് ക്ലാസില്‍ രണ്ടാം സ്ഥാനം ലഭിച്ചു. പിന്നീടങ്ങോട്ട് പഠനത്തിന്റെ മേഖലയില്‍ നിമക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

തനിക്ക് വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തി തരുന്നതുപോലെ പഠിക്കാനിരിക്കുമ്പോള്‍, ഈ ഭാഗം പഠിച്ചോ, ഇവിടെ നിന്ന് ചോദ്യം വരും, എന്ന് ഈശോ പറഞ്ഞുകൊടുക്കുന്ന അനുഭവങ്ങള്‍. വീട്ടിലെ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും നിമ തുടര്‍ന്നുള്ള ക്ലാസുകളിലൊക്കെ ഉയര്‍ന്ന് മാര്‍ക്ക് നേടി പാസായി. പിന്നീട് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തീയാക്കിയ നിമ കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവില്‍ ഐടി പ്രഫഷണലായി ജോലി ചെയ്യുകയാണ്. നിമ ലിന്റോയെന്ന ഈ പെണ്‍കുട്ടിയാണ് അഞ്ച് ലക്ഷത്തോളം പേരെ പിന്നിലാക്കി 2022 ലെ ലോഗോസ് ബൈബിള്‍ ക്വിസ് മത്സരത്തില്‍ പ്രതിഭാപട്ടം സ്വന്തമാക്കിയത്. ലോഗോസ് പ്രതിഭാ അവാര്‍ഡ് സ്വീകരിച്ചശേഷം തന്റെ അനുഭവസാക്ഷ്യം പങ്കുവച്ച നിമ ഇങ്ങനെകൂടെ കൂട്ടിച്ചേര്‍ത്തു – ‘ഇന്ന് എന്റെ വാര്‍ഡ്‌റോബിലുള്ള ഡ്രസുകള്‍ ഞാന്‍ വെറുതെ എണ്ണിനോക്കാറുണ്ട്. ഒരു പുത്തനുടുപ്പിന് വേണ്ടി പ്രാര്‍ഥിച്ച നാലാം ക്ലാസുകാരിയെ ദൈവം എപ്രകാരമാണ് അനുഗ്രഹിച്ചതെന്ന് ഓര്‍മിച്ച് ദൈവത്തിന് നന്ദി പറയാന്‍. ഒരു പ്രാര്‍ഥനയും വൃഥാവിലല്ല. എല്ലാ പ്രാര്‍ഥനക്കും ഉത്തരം ലഭിക്കുക തന്നെ ചെയ്യും.”

ഉത്തരമില്ലാത്ത ഒരു പ്രാര്‍ഥനകളും ഇല്ല എന്ന് ദൈവം മനുഷ്യകുലത്തിന് നല്‍കിയ ഉറപ്പാണ് ക്രിസ്മസ്. രക്ഷകനുവേണ്ടിയുള്ള കാലങ്ങളായുള്ള പ്രാര്‍ഥനക്ക് ദൈവം നല്‍കിയ ഉത്തരം മനുഷ്യന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു. ജീവിതപ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സ്വര്‍ഗം നല്‍കിയ ഉത്തരമായി പുല്‍ക്കൂട്ടിലെ ഉണ്ണിയേശു മാറി. പുല്‍ക്കൂടിന്റെ നിസാരതയ്‌ക്കോ എണ്ണമില്ലാത്ത അലച്ചിലുകള്‍ക്കോ അധികാരികളുടെ ആക്രമണത്തിനോ ഒന്നും തിരുക്കുടുംബത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കാനായില്ല. അതിന്റെ കാരണം, ഉണ്ണിയേശുവിന്റെ സാന്നിധ്യമായിരുന്നു. അനീതിയും രോഗവും യുദ്ധവും നിറഞ്ഞ ലോകത്തില്‍ പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ സാന്നിധ്യം ഇന്നും ആശ്വാസം നല്‍കുന്നു.

നമ്മുടെയും ചുറ്റുമുള്ളവരുടെയും സഭയുടെയും വേദനകളും സഹനങ്ങളും ത്യാഗങ്ങളും ഉണ്ണീശോയുടെ പുകഴ്ചയ്ക്കായി സമര്‍പ്പിച്ചുകൊണ്ട് അവയെ രക്ഷാകരമാക്കി മാറ്റാന്‍ സാധിക്കുമെന്ന് നസ്രത്തിലെ തിരുക്കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. ശത്രുക്കളോട് ക്ഷമിക്കാനും, സുഹൃത്തുക്കളെ ഓര്‍മിക്കുവാനും, അയല്‍ക്കാരുടെ സന്തോഷങ്ങളിലും വേദനകളിലും പങ്കുചേരുവാനും, ലഭിച്ച അനുഗ്രഹങ്ങള്‍ പങ്കുവയ്ക്കുവാനും അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്താനുമുള്ള അവസരമായി ഈ ക്രിസ്മസ് കാലം മാറട്ടെ. വാശികളും പിണക്കങ്ങളും ഉപേക്ഷിക്കുവാനും എല്ലാം പുതിയതായി ആരംഭിക്കാനുമുള്ള അവസരമാണല്ലോ പുതുവര്‍ഷാരംഭം. ആയുസിന്റെ ദിനങ്ങളില്‍ നിന്ന് ഒരു വര്‍ഷം കൂടെ വേര്‍പെടുമ്പോള്‍ കൃതജ്ഞതാ നിര്‍ഭരമായ ഒരു മനസിനായി, നമ്മിലൂടെ നിറവേറണ്ട ദൈവികപദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കൃപയ്ക്കായി ദൈവത്തോട് നമുക്ക് പ്രാര്‍ഥിക്കാം. ഒരു കാര്യം മറക്കാതിരിക്കാം. ഒരു പ്രാര്‍ഥനയും, മനസിന്റെ ഒരു വിങ്ങലും ദൈവം കാണാതെ പോകുന്നില്ല.

ദൈവകൃപ നിറഞ്ഞ ഒരു ക്രിസ്മസും പുതുവത്സരവും എല്ലാ വായനക്കാര്‍ക്കും നേരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?