Follow Us On

19

April

2024

Friday

ക്രിസ്മസില്‍ ധ്യാനിക്കാന്‍ മൂന്ന് വിചാരങ്ങള്‍

ക്രിസ്മസില്‍ ധ്യാനിക്കാന്‍ മൂന്ന് വിചാരങ്ങള്‍

ക്രിസ്മസ് ആനന്ദത്തിന്റെ വിശേഷമായത് എങ്ങനെ എന്ന അന്വേഷണത്തില്‍ വെളിച്ചം പകരുന്ന മൂന്ന് വിചാരങ്ങള്‍ പങ്കുവെക്കുന്നു ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ
റവ.ഡോ.റോയ് പാലാട്ടി സി.എം.ഐ

കുഞ്ഞ് പിറന്നാല്‍ ഒരു വീടിനോ നാടിനോ സമുദായത്തിനോ ഗോത്രത്തിനോമാത്രം ആനന്ദം പകരുന്ന ഒന്നായിരുന്നു, അന്നുവരെ. എന്നാല്‍ കാലിത്തൊഴുത്തിലെ ഉണ്ണി രക്ഷകനെ തേടുന്ന എല്ലാവര്‍ക്കും ആനന്ദപ്പുലരി നല്‍കി. കാത്തിരിപ്പിന്റെ സുവിശേഷമായിരുന്നു ഉണ്ണിയേശു. വെറുമൊരു കാത്തിരിപ്പിന്റെ സന്തതിയല്ല, തലമുറകളായി പ്രവാചകര്‍ സ്വപ്‌നം കണ്ടതും ദാര്‍ശനികര്‍ അനുധ്യാനിച്ചതും സഞ്ചാരികള്‍ ഉന്നംവെച്ചതും ഈയൊരു അവതാരത്തെയാണ്. അതുകൊണ്ടുതന്നെ, ഈയൊരു പിറവിക്ക് സമാനതകളില്ല.

ക്രിസ്മസിന്റെ തലേരാത്രിയിലും ഇടയസ്ത്രീകളോട് കുഞ്ഞുങ്ങള്‍ ചോദിച്ചു: “അമ്മാ, ദൈവം എവിടെയാണ്?” അധ്വാനിച്ച് തളര്‍ന്ന ആ കരങ്ങള്‍ ഉയര്‍ത്തിക്കാട്ടും, നീലാകാശത്തിനുനേരെ. വിണ്ണിലിരുന്ന് എല്ലാം കാണുന്നുണ്ട് മക്കളേ എന്നു പറയും. എത്തിപ്പിടിക്കാവുന്ന അകലമല്ല നീലാകാശത്തിന് എന്നറിയുന്ന കുഞ്ഞിന്റെ മുഖം വാടും. എന്നാല്‍, അന്ന് ഡിസംബറിലെ ആ രാവില്‍ കഥ മാറി.

അതേ ചോദ്യം കുഞ്ഞുങ്ങള്‍ ചോദിച്ചു. വിണ്ണിലേക്കല്ല, മണ്ണിലേക്കാണ് അന്ന് ആ അമ്മ കൈചൂണ്ടിയത്, ബേത്‌ലഹേമിലെ കാലിത്തൊഴുത്തിലേക്ക്. നമ്മുടെ നിറവും മണവുമുള്ള ഒരു ദൈവം. നടന്നുപോകാന്‍ പാകത്തിനുള്ള അകലത്തില്‍ നമുക്കവിടംവരെ പോകാം. ആദ്യമായി ആ കുഞ്ഞിന്റെ മുഖത്ത് ആനന്ദം അലയടിച്ചു, ഒപ്പം അമ്മയുടെയും.

ക്രിസ്മസ് ആനന്ദത്തിന്റെ വിശേഷമായത് എങ്ങനെ എന്നന്വേഷിക്കാം. ഈ അന്വേഷണത്തിന് വെളിച്ചം പകര്‍ന്നേക്കാവുന്ന ചില വിചാരങ്ങള്‍.

ഒന്ന്

ദൈവം ശരീരമെടുത്ത രാത്രിയാണിത്. വാക്ക് മാംസമായ രാത്രി. ശരീരത്തെ വെറുത്തും ആത്മാവിനെ പുറത്താക്കാനുള്ള ശ്രമത്തിലായിരുന്നു സാധുക്കളും ഭക്തരുമെല്ലാം. എന്നാല്‍ ആത്മാവായവന്‍ ശരീരമെടുത്തപ്പോഴോ. ഇനി, അവന്‍ നമ്മിലാണ്; നമുക്കൊപ്പം, ഇമ്മാനുവേല്‍.

മയിലുകളെ ജീവനുതുല്യം സ്‌നേഹിച്ച ഒരു മനുഷ്യന്‍ സമ്പാദ്യമെല്ലാം മയിലുകളെ തീറ്റാന്‍ ചെലവിട്ടു. മയിലിന് ഭക്ഷണം കൊടുത്ത് മാറിനിന്ന് അതിന്റെ നൃത്തവും ഭംഗിയും ആസ്വദിക്കും. താനിത്രയും സ്‌നേഹിക്കുന്നതല്ലേ, ഒരു ദിവസം മയിലുകളുടെ അടുത്തേക്കയാള്‍ ചെന്നു. മയില്‍ ഓടി രക്ഷപ്പെട്ടു. വഴിവക്കില്‍ ദു$ഖിച്ചിരുന്ന അയാളോട് കാര്യം തിരക്കിയ വഴിപോക്കന്‍ പറഞ്ഞു:

“നിങ്ങള്‍ മയിലുകളെ സ്‌നേഹിക്കുന്നു എന്നത് സത്യമാണ്. പക്ഷേ, നിങ്ങള്‍ അവയെ സ്‌നേഹിക്കുന്നുവെന്ന് അവയ്ക്ക് അറിയില്ലല്ലോ. അതുകൊണ്ട് ഇനി ഒരൊറ്റ വഴിയേയുള്ളൂ. മയിലിനെപ്പോലെയാകാന്‍ ശ്രമിക്കുക.” തനിക്ക് മയിലാകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അയാളേറെ വിഷമിച്ചു.

സ്‌നേഹം തെളിയിക്കപ്പെടണം വാക്കിലല്ല, മാംസത്തില്‍. പഠനത്തിലല്ല, പ്രയോഗത്തില്‍. തെളിയിക്കപ്പെടാത്ത സ്‌നേഹം മനസിലാക്കാനാവില്ല. ദൈവം തന്റെ സ്‌നേഹം തെളിയിച്ച പുലരിയാണിത്, ക്രിസ്മസ്. മയിലാകാന്‍ മനുഷ്യനാവില്ല. എന്നാല്‍, മനുഷ്യനാകാന്‍ ദൈവത്തിനാകും.

ദൈവം മനുഷ്യനെ കരങ്ങളിലെടുത്തു എന്നത് ശരിതന്നെ. എന്നാല്‍, ക്രിസ്മസില്‍ മനുഷ്യന് ദൈവത്തെ കൈയിലെടുക്കാനാവുന്നു. പിഞ്ചുബാലികയ്ക്കുപോലും ഉണ്ണിയെ വഹിക്കാം, സ്പര്‍ശിക്കാം, സ്‌നേഹിക്കാം, സംസാരിക്കാം. കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവസാന്നിധ്യത്തെ കണ്ട് ഭയന്നു വിറച്ച കഥകള്‍ പറഞ്ഞു ശീലിച്ചവരായിരുന്നു അവര്‍. ഇനിമുതല്‍ ഭയപ്പെടേണ്ട എന്ന നല്ല വാര്‍ത്ത കേള്‍ക്കാന്‍ കഴിയുന്നു. കാലത്തിനപ്പുറം നിലകൊണ്ടവന്‍ കാലത്തിലേക്കും സമയത്തിലേക്കും പ്രവേശിച്ചു.

ബേത്‌ലഹെമെന്നാല്‍ അപ്പത്തിന്റെ വീടെന്നാണര്‍ത്ഥം. ഏതാനും നാളുകള്‍ കഴിയുമ്പോള്‍ അപ്പമായി മാറാനും അത് പങ്കിടാനുമാണ് അപ്പത്തിന്റെ വീട്ടില്‍ പിറന്നത്. ആദ്യം ശരീരത്തിലേക്ക്, തുടര്‍ന്ന് അപ്പത്തിലേക്ക്. ദമ്പതിമാരുടെ കറ തീര്‍ന്ന സ്‌നേഹത്തില്‍ ശരീരം പങ്കിടും. പരസ്പരം നല്‍കും. അപ്പോഴും ശരീരം മുറിച്ച് കൊടുക്കാനാവില്ല. ഉണ്ണിക്കതിനുമാകും. അങ്ങനെ ദൈവം നമ്മിലൊരുവനായി.

ദൈവം ശരീരത്തിലിറങ്ങിയതിനാല്‍ ഇനിമുതല്‍ പ്രഥമ ആരാധന ശരീരത്തിലാണ്. ശരീരമാണ് ദൈവാലയം. അവിടെ ദൈവത്തെ മുഖ്യമായി മഹത്വപ്പെടുത്താതെ ശരീരത്തിനുപുറത്ത് ആരാധന ചെയ്യുന്നത് ക്രിസ്തീയമല്ല. എന്തും വില്‍ക്കുകയും വാങ്ങുകയും ചെയ്യാവുന്ന വിശാല ചന്തയായി ലോകം മാറുമ്പോള്‍ മനുഷ്യാവതാരം ചെയ്ത ഉണ്ണിയേശു നമ്മുടെ മന$സാക്ഷിയെ അലോസരപ്പെടുത്തണം. സ്വകാര്യാഹ്ലാദങ്ങളില്‍ ഉണ്ണിയെ ചേര്‍ത്തുപിടിക്കാതെ പൊതു ആരാധനയില്‍ അവിടുത്തെ ആദരിക്കാനാവില്ല. നമ്മുടെ നെഞ്ചകത്തില്‍ ഉണ്ണിയ്ക്ക് ഇടം നല്‍കാതെ അവനെ ആരാധിക്കാനാവില്ല നമുക്ക്.

ഖനിത്തൊഴിലാളികള്‍ക്കിടയില്‍ ജോലി ചെയ്യുന്ന വൈദികന്‍. ആരെയും ദൈവാലയത്തില്‍ കാണാനില്ല, ബലി നടക്കുമ്പോള്‍ അദ്ദേഹമേറെ വിഷമിച്ചു. പല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഖനിയിലേക്കിറങ്ങി, അവരുടെ വിശേഷങ്ങള്‍ തിരക്കി. അന്ന് വൈകിട്ടാണ് ബലിയര്‍പ്പണം. ക്ഷീണിച്ച് ഏറെ വാടിയ മുഖവുമായി ബലി തുടങ്ങിയപ്പോള്‍ ആരുടെയൊക്കെയോ കാലടി ശബ്ദം അദ്ദേഹം ശ്രദ്ധിച്ചു. ബലിക്ക് ജനം വരുന്ന ശബ്ദം. എന്താണിങ്ങനെയൊരു മാറ്റം? കാര്യം ലളിതമാണ്.

അന്ന് ആ വൈദികന് ഖനത്തൊഴിലാളികളുടെ മുഖമായിരുന്നു. നമ്മുടെ മുഖമുള്ള യേശുവാണ് നമുക്ക് പ്രിയം. എങ്കില്‍, സ്‌നേഹത്തെ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. സിറ്റികളില്‍ എവിടുത്തേതുംപോലെ മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, പല മക്കള്‍ക്കും അതനുഭവപ്പെടുന്നില്ല. വിലകൂടിയ സ്‌നേഹം സ്വഭവനത്തില്‍ കിട്ടാതെ വരുമ്പോള്‍ വിലകുറഞ്ഞ പൊതുനിരത്തിലെ സ്‌നേഹം അവരെ ആകര്‍ഷിക്കും. മക്കളെ സ്‌നേഹിച്ചാല്‍ മാത്രം പോരാ, നിങ്ങളവരെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് തോന്നണം. അങ്ങനെ തോന്നിപ്പിക്കാന്‍ ഈ ക്രിസ്മസില്‍ നിങ്ങളെന്തു ചെയ്യും?

രണ്ട്

വാക്ക് മാംസം ധരിച്ചതാണ് ഉണ്ണി. വാക്കിലാണ് സൃഷ്ടി. സ്ഥിതിയും സംഹാരവും അതില്‍തന്നെ ആദിയിലേ ഉള്ള വചനം കാലത്തിന്റെ പൂര്‍ത്തിയില്‍ മണ്ണിലവതരിച്ചു. അതാണ്, യോഹന്നാന്‍ശ്ലീഹാ പറയുന്ന മനുഷ്യാവതാരം. അവതരിച്ച വചനം മടങ്ങിപ്പോയി. എന്നാലും പറഞ്ഞ വചനം നിതാന്തമായി ഇന്നും ജീവിക്കുന്നു. വചനം പറഞ്ഞവര്‍ കടന്നുപോയാലും വചനം ഈ പ്രപഞ്ചത്തില്‍ത്തന്നെ നിലകൊള്ളും. യുഗാന്ത്യത്തോളം ഞാന്‍ കൂട്ടിനുണ്ടെന്ന് സ്വര്‍ഗാരോഹണത്തില്‍ ക്രിസ്തു പറഞ്ഞത് ഇതുകൊണ്ടാണ്. വാക്കിനെ നശിപ്പിക്കാനാവില്ല. ശരീരത്തെ കൊല്ലാം. വാക്കുകൊണ്ട് നമുക്ക് തളര്‍ന്നവരെ ജീവിപ്പിക്കാം, ജീവിക്കുന്നവരെ കൊല്ലാം. വാക്ക് വാളാണ്. വാക്കുകൊണ്ട് ബലപ്പെടുത്തുക.

ഒരിക്കല്‍, വിശുദ്ധ മദര്‍ തെരേസയോട് പത്രപ്രവര്‍ത്തകന്‍ ചോദിച്ചു: “മദര്‍ ഇവിടെ എന്തു ചെയ്യുന്നു?” മദര്‍ പറഞ്ഞു: “ഞാന്‍ സഹായിക്കുന്നു. മരിക്കും മുമ്പ് ഒന്നു ചിരിക്കാന്‍ ഇവരെ സഹായിക്കുന്നു.” അതെ, വാക്കുകൊണ്ട് ജീവിപ്പിക്കുക, ഈ ക്രിസ്മസില്‍. എങ്കില്‍, വാക്കിന്റെ ഉടയവന്‍ നമ്മെയും ജീവിപ്പിക്കും.

മൂന്ന്

പുല്‍ക്കൂട്ടിലെ കുഞ്ഞ് രക്ഷകനാണ്. അതെ, കുഞ്ഞുങ്ങള്‍ക്കേ ഈ ലോകത്തെ വീണ്ടെടുക്കാനാവൂ. നിഷ്‌കളങ്കതയുടെ രൂപമാണല്ലോ കുഞ്ഞ്. ഏറെ കറവീണ ജീവിതത്തില്‍ നഷ്ടമായവ വീണ്ടെടുക്കാന്‍ കുഞ്ഞാകണം. ഏറെ സങ്കീര്‍ണമായ ജീവിതത്തില്‍ കുറച്ചുകൂടി ലളിതമായി ജീവിതത്തെ സമീപിക്കാം. ഏതെല്ലാം മേഖലകളില്‍ നാം അടിമത്തം അനുഭവിച്ചാലും പുല്‍ക്കൂട്ടിലെ കുഞ്ഞിന് നമ്മെ രക്ഷിക്കാനാകും. അതുകൊണ്ടാണ് സ്വര്‍ഗവാസികള്‍ ആര്‍പ്പുവിളിച്ചത്- അത്യുന്നതങ്ങളില്‍ മഹത്വം; ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.

രക്ഷകന്റെ വരവ് മൂന്ന് പ്രതികരണങ്ങള്‍ അന്ന് ആ സമൂഹത്തില്‍ ഉണ്ടാക്കി. ഒന്ന്, ഭയം. ഹേറോദേസ് ഒരു കുഞ്ഞിനെ ഭയക്കുന്നതെന്തിന്? കൊട്ടാരം പുല്‍ക്കൂടിനെ പേടിക്കുന്നതെന്തിന്? രാഷ്ട്രീയ അധികാരമല്ല, മന$സാക്ഷിയുടെ സ്വസ്ഥത ഈ കുഞ്ഞ് കെടുത്തിയേക്കുമെന്ന് അവനറിയാം. തിന്മ നിരൂപിക്കുന്നവര്‍ക്ക് ഉണ്ണി ഭയവും നന്മ കാംക്ഷിക്കുന്നവര്‍ക്ക് ആശ്വാസവുമാണ്.

അറിവുള്ള ചിലരുണ്ടായിരുന്നു അന്നവിടെ. ഉയര്‍ന്ന ചിന്തയും ദര്‍ശനവും ഉള്ളവര്‍. അവരും പിഴച്ചുപോയി. കണക്കുകൂട്ടലിനപ്പുറമാണ് ഉണ്ണിയേശു എന്നറിയുന്നതില്‍ അവര്‍ അമ്പേ പരാജയപ്പെട്ടു. അറിവിനെ ഹോമിച്ചും ആരാധിക്കാന്‍ അവര്‍ മടിച്ചു. അറിവിന്റെ ഗര്‍വിലല്ല, സമര്‍പ്പണത്തിന്റെ എളിമയില്‍ കാലിത്തൊഴുത്തിലേക്ക് പോവുക.

മറ്റൊരു കൂട്ടര്‍ ഇടയന്മാരായിരുന്നു. അക്കാലത്ത് കള്ളന്മാരായിപ്പോലും ചിത്രീകരിക്കപ്പെട്ടിരുന്നവരാണിവര്‍. വിലയില്ലാത്തവര്‍. അവര്‍ക്കന്ന് ആ പുലരിയില്‍ വിലയുണ്ടായി. ആടിനെ കാത്തിരുന്നവര്‍ക്ക് നല്ലയിടയന്‍ അനുഗ്രഹമായി. ഒരുപക്ഷേ, മാലാഖമാര്‍ കാഹളം അവര്‍ക്കുമീതെ ഊതിയില്ലെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്ത ഒരിക്കലും അവരുടെ കാതില്‍ എത്തില്ല. ജ്ഞാനികളുടെ അന്വേഷണത്തിനുമീതെ താരകം ഉദിച്ചു. ഇടയന്മാരുടെ കാത്തിരിപ്പിനുമീതെ മാലാഖമാര്‍ നൃത്തം ചെയ്തു. അവനെത്തേടുക; അവനെ കാത്തിരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്കും ഈ പുലരി ആനന്ദത്തിന് ഇട നല്‍കും.

തലേന്ന് സന്ധ്യവരെ വലിയ മൂല്യം കല്‍പ്പിച്ചിരുന്ന പല നോട്ടുതുട്ടുകള്‍ക്കും പിറ്റേന്ന് പ്രഭാതത്തില്‍ വിലയില്ലാതായി. എന്നാല്‍, ഒരു വിലയും കല്‍പ്പിക്കാതിരുന്ന ആ കാലിത്തൊഴുത്തിന് ഇന്നും ഏറെ മൂല്യമുണ്ടുതാനും. ആപേക്ഷികമൂല്യം മാത്രമുള്ള ലോകവസ്തുക്കളെ ചേര്‍ത്തുപിടിക്കണമോ; അതോ, കാലാതിര്‍ത്തിയിലും മൂല്യത്തിന് മാറ്റു കുറയാത്ത ഉണ്ണിയെ നമിക്കണമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?