Follow Us On

20

March

2023

Monday

ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് മൂന്ന് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി; ഒരാൾ മോചിതനായെന്ന് റിപ്പോർട്ട്

ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് മൂന്ന് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി; ഒരാൾ മോചിതനായെന്ന് റിപ്പോർട്ട്

അബൂജ: ആറ് ദിനങ്ങൾക്കിടെ നൈജീരിയയിൽനിന്ന് ആയുധധാരികൾ മൂന്ന് കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ. ബെനുവിൽനിന്നുള്ള ഫാ. മാർക്ക് ഒജോടു, കടുണയിൽ നിന്നുള്ള ഫാ. സിൽവസ്റ്റർ ഒകെചുക്വു, അബിയയിൽനിന്നുള്ള ഫാ. ഒഗിഡെ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബർ 17മുതൽ 22വരെയുള്ള ദിനങ്ങൾക്കിടയായിരുന്നു സംഭവം. ഒടുക്‌പൊ രൂപതാംഗമായ ഫാ. മാർക്ക് ഒജോടുവാണ് ഏറ്റവും ഒടുവിൽ ബന്ധിയാക്കപ്പെട്ടത്. ഡിസംബർ 24ന് ഫാ. മാർക്കിന്റെ മോചനം സാധ്യമായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

ഡിസംബർ 22നാണ് സാന്താ മരിയ ഡെ ഒക്‌പോഗ ആശുപത്രി ചാപ്ലൈനായ ഇദ്ദേഹത്തെ ബന്ധികൾ തട്ടിക്കൊണ്ടുപോയത്. ബെന്യു സംസ്ഥാനത്തിലെ ഒക്‌പോഗ- ഒജാപോ ഹൈവേയിൽവെച്ചായിരുന്നു സംഭവം. ഇതിന് രണ്ട് ദിവസംമുമ്പ്, അതായത് ഡിസംബർ 20നാണ് കടുണ സംസ്ഥാനത്തിലെ സാൻ അന്റോണിയോ ഡെ കഫാൻചാൻ ഇടവക വികാരി ഫാ. സിൽവസ്റ്റർ ഒകെചുക്വു ആയുധധാരികളുടെ പിടിയിലായത്. അദ്ദേഹത്തെ താമസസ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അബിയ സംസ്ഥാനത്തിലെ ഉമുവാഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫർ ഒഗിഡെയെ ഡിസംബർ 17നാണ് ബന്ധിയാക്കിയത്. സാന്റാ മരിയ അസുന്ത ഇടവക ദൈവാലയത്തിൽനിന്ന് സമീപമുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ഒടുക്‌പോ ബിഷപ്പ് മോൺ. മൈക്കേൽ എകോവി അപോച്ചി വിശ്വാസികളോട് അഭ്യർത്ഥിച്ചു. വൈദീകരുടെ സുരക്ഷിതമായ മോചനത്തിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രൂപതകൾ അറിയിച്ചിട്ടുണ്ട്.

കത്തോലിക്കാ വൈദീകർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമങ്ങൾ നൈജീരിയയിൽ വ്യാപകമാകുകയാണ്. ഇസ്ലാമിക തീവ്രവാദികൾ മുതൽ സായുധ ആക്രമികൾവരെ ഇതിന് പിന്നിലുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദീകരെ ഇവർ ബന്ധികളാക്കുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് പ്രധാന വെല്ലുവിളി.

നൈജീരിയയിൽ 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31വരെയുള്ള 10 മാസത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി 4020 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് സന്നദ്ധ സംഘടനയായ ‘ഇന്റർ സൊസൈറ്റി’ പുറത്തുവിട്ടിരുന്നു. ഇക്കാലത്തിനിടെ 2315 ക്രൈസ്തവരെ ബന്ധികളായി തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബന്ധികളാക്കപ്പെട്ട ക്രൈസ്തവരിലെ 10% പേരെങ്കിലും തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?