Follow Us On

29

February

2024

Thursday

പുതുവർഷം ആകുലകൾ ഇല്ലാത്തതാക്കാം, ജീവിതശൈലി ‘തിയോ ഡ്രാമ’യിലേക്ക് മാറ്റി എഴുതിയാൽ മതി!

പുതുവർഷം ആകുലകൾ ഇല്ലാത്തതാക്കാം, ജീവിതശൈലി ‘തിയോ ഡ്രാമ’യിലേക്ക് മാറ്റി എഴുതിയാൽ മതി!

പുതുവർഷം ആകുലരഹിതമക്കാൻ മാർഗമുണ്ട്, ജീവിതം ‘ഈഗോ ഡ്രാമ’യിൽനിന്ന് ‘തിയോ ഡ്രാമ’യിലേക്ക് മാറ്റിയെഴുതണം! വായിക്കാം ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സം.എം.ഐ പങ്കുവെക്കുന്ന പുതുവത്‌സര ചിന്ത.

ആകുലതകളുടെ ചെങ്കടൽ കുറുകെ കടക്കാനുള്ള വഴിയെന്താണ്? മലയിലെ പ്രസംഗത്തിൽ ക്രിസ്തു നൽകുന്ന പാഠം ധ്യാനിച്ചാൽ മതിയാകും. പുതുവർഷത്തിന്റെ നടുമുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ ഈ മൂന്നു ചിന്തകളെ ഗൗരവമായി സ്വീകരിക്കാൻ ശ്രമിക്കുമോ.

ഒന്ന്: ജീവിതത്തിന്റെ മുൻഗണന നിശ്ചയിക്കുക

ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തേക്കാൾ ശരീരവും പ്രധാനമുള്ളതാണ്. (മത്താ. 6:25). ജീവൻ നിലനിർത്താനാണ് ഭക്ഷണം. എന്നാൽ, ഭക്ഷിക്കാനായി ജീവിക്കാൻ തുടങ്ങിയാലോ. നിങ്ങളുടെ ജീവിതത്തിന്റെ ചക്രവാളങ്ങൾ എന്നെ ചുരുങ്ങിപ്പോകും. ജീവൻ നിലനിർത്താൻ ഭക്ഷിക്കുന്ന നാം, അതെ ജീവൻ നിലനിർത്താൻ ഭക്ഷണം ഒഴിവാക്കാറുണ്ട് എന്നോർക്കുക. കാരണം, ജീവനാണ് മുഖ്യം. മുഖ്യമായതിനെ അവഗണിച്ച് എന്തും ഭക്ഷിക്കാൻ തുടങ്ങിയാൽ നിങ്ങൾ രോഗിയാകും.

വസ്ത്രത്തിന്റെ കാര്യവും ഇതുതന്നെ. ശരീരത്തെ സംരക്ഷിക്കാനാണ് വസ്ത്രം. ശരീരത്തേക്കാൾ വസ്ത്രത്തിന് പ്രാധാന്യം നൽകിയാൽ അവരെന്നും ആകുലതകളുടെ കൈപ്പിടിയിലമരും. മാത്രമല്ല, അവരുടെ നഗ്‌നത മറയ്ക്കാൻ ഭൂമിയിലെ ഒരു വസ്ത്രത്തിനും ആവുകയുമില്ല. മുൻഗണനകൾ മറന്ന് നിങ്ങൾ ചെയ്യുന്നതെന്തും ‘ഈഗോ’യെ പോഷിപ്പിക്കാനാണ്. അതാകട്ടെ, എത്ര നിറച്ചാലും നിറയില്ല. നിങ്ങളാകെ തളർന്നുപോകും. ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും ഏറെ ആകുലപ്പെട്ട് ജീവിക്കാൻ മറന്നുപോകുന്ന ജീവിയാണോ മനുഷ്യൻ.

നിങ്ങളെ ആകുലപ്പെടുത്തുന്ന ഏതാനും കാര്യങ്ങളുടെ ഒരു ലിസ്റ്റ് എടുക്കാമോ? ഒരു കാര്യം വ്യക്തമാകും. നമ്മളാകെ മാറിയിരിക്കുന്നു! ഇത്രയൊന്നും വിഭവങ്ങളുടെ സാധ്യത ഇല്ലാതിരുന്നപ്പോൾ പോലും ഉണ്ടാകാതിരുന്ന ആകുലതകൾ ഇന്നുണ്ട്. നാം ആകെ മാറിപ്പോയിരിക്കുന്നു.

രണ്ട്: നീ നിന്റെ വിലയറിയുക

പക്ഷിക്കു കൂടും കുറുനരികൾക്ക് മാളവും ഒരുക്കിയ ദൈവം തന്റെ പ്രിയർക്കായി അപ്പവും ഭവനവും ഒരുക്കാതിരിക്കുമോ? (മത്താ.6:26). നമ്മെ നിരുന്മേഷകരും മടിയരുമാക്കാനല്ല ഈ വചനം മറിച്ച്, ഉത്കണ്~യിൽ ജീവിതം ഓടിത്തീർക്കുന്ന ഏകജീവി മനുഷ്യനാണെന്ന് ഓർമപ്പെടുത്താനാണ്. ഉത്കണ്~ ഇന്നൊരു വികാരം മാത്രമല്ല, ഒരു രോഗം കൂടിയാണ്. ആയുസിന്റെ ദൈർഘ്യമോ അതിലെ ചില ഏടുകളുടെ വലുപ്പമോ കൂട്ടാനാണ് നാമെല്ലാം കഷ്ടപ്പെടുന്നത്.

സത്യത്തിൽ, പലരുടെയും ആയുസിന്റെ ദൈർഘ്യം ഇന്നു കറഞ്ഞുപോകുന്നതിന്റെ കാരണം ഈ ഉത്കണ്ഠയാണെന്ന് ധ്യാനപൂർവം ചിന്തിച്ചാൽ പിടികിട്ടും. ‘ദൈവം മനുഷ്യനെ സരള മാനസനായി സൃഷ്ടിച്ചു. സങ്കീർണ്ണമായ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണെന്ന,’ സഭാപ്രസംഗകന്റെ വാക്കുകൾ ഓർക്കുക (സഭാ. 7:29). നാം ആരാണ് എന്നല്ല നാമിനി ചോദിക്കേണ്ടത്. മറിച്ച് നാം ആരുടേതാണ് എന്നാണ്.

നാം ദൈവത്തിന്റേതാണെങ്കിൽ പിന്നെയെന്തിന് ഉത്കണ്ഠപ്പെടണം. ഭൂമിയിലെ എല്ലാ മഹത്വവും നൽകപ്പെട്ട സോളമനെക്കാൾ ഉന്നതരാണ് നമ്മളെന്ന് ഈശോ തന്നെ പറയുമ്പോൾ ഇനിയും നമ്മുടെ മഹത്വം മറന്നു സഞ്ചരിക്കുന്നത് അപരാധമല്ലേ. അകാരണമായി നാം ദേഷ്യപ്പെടുന്നതും അവിവേകത്തോടെ പെരുമാറുന്നതും അനുപാതികമല്ലാത്ത വിധത്തിൽ അധ്വാനിക്കുന്നതുപോലും നാം ആരെന്ന് മറന്നുപോകുന്നതുകൊണ്ടാണ്.

ഞാൻ എന്റെ ദൈവത്തിന്റേതാണെന്ന് കുറച്ചാവർത്തി ഈയാണ്ടിൽ പറയാൻ ശ്രമിച്ചു നോക്കു. ഉത്കണ്~ പടികടക്കും. ‘സ്ട്രസ്സ്’ എന്ന വാക്ക് എല്ലാക്കാലത്തിലും അധികമായി ഇന്ന് നമ്മുടെ ഭാഷാപ്രയോഗത്തിലുണ്ട്. കുഞ്ഞിനെ ഗർഭം ധരിക്കുമ്പോഴുണ്ട്, വളർത്തുമ്പോഴുണ്ട്, അഡ്മിഷനുവേണ്ടിയുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോഴുണ്ട്, ജോലി കിട്ടുമ്പോഴുണ്ട്, അകലെയായിരിക്കുമ്പോഴുണ്ട്- സർവത്ര സ്ട്രസ്സ്. നീ ദൈവത്തിന്റേതാണ് എന്നു പറഞ്ഞുനോക്കു. ഉത്കണ്ഠയ്ക്കുള്ള ഏക വാക്സിൻ ഇതുതന്നെയാകണം.

മൂന്ന്: ദൈവത്തെ തേടുക

ആദ്യം തേടേണ്ടത് ദൈവത്തെയും അവന്റെ രാജ്യത്തെ നിയമങ്ങളെയുമാണ്. ബാക്കിയെല്ലാം കൂട്ടിച്ചേർത്തു നൽകപ്പെടും, അതാണല്ലോ വചനം (മത്താ. 6:33). സൃഷ്ടി വസ്തുക്കളിൽ അഭിരമിച്ച് ആയുസിന്റെ ദിനങ്ങൾ തള്ളി മാറ്റുന്ന നമുക്ക് ശേഷിക്കുന്ന ദിനങ്ങൾ ദൈവത്തെ തേടുന്ന നാളുകളാക്കി മാറ്റാനാകണം. കാഴ്ചയിൽ കുടുങ്ങിപ്പോകുന്ന നമ്മുടെ കണ്ണുകളെ കാഴ്ചക്കപ്പുറമുള്ളതിലേക്ക് ഉന്നം വയ്ക്കാനാകുക എന്നത് ആകുലതയകറ്റാനുള്ള പാതയാണ്.

കാഴ്ചയും കേൾവിയും നമ്മെ നിരന്തരം ആകുലചിത്തരും ഭയചകിതരുമാക്കും. എന്നാൽ, നമ്മിലെ ദൈവത്തെ തേടുമ്പോൾ ഈശോയുടെ മുഖം തെളിഞ്ഞുവരും. നാളെയെക്കുറിച്ച് ആകുലപ്പെട്ടും നെടുവീർപ്പിട്ടും ഇന്നിന്റെ മനോഹാരിത നഷ്ടമാക്കുന്ന നമ്മെ ഈശോ ഓർമപ്പെടുത്തുന്നത് ശ്രദ്ധിക്കുക: ‘ഓരോ ദിവസത്തിനും അത് അർഹിക്കുന്ന ക്ലേശം മതി,’ (മത്താ.6:34).

ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഫോൺ ബർത്തസാർ രണ്ടുതരം ഡ്രാമകളെക്കുറിച്ച് പറയുന്നുണ്ട്: ഈഗോ ഡ്രാമ, തിയോ ഡ്രാമ. ഈഗോ ഡ്രാമയിൽ നിങ്ങളുടെ ജീവിതത്തിന്റെ കഥ എഴുതുന്നതും ഡയറക്റ്റ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും റോൾ അഭിനയിക്കുന്നതും നിങ്ങൾ തന്നെ. അവിടെ ആകുലതയും ഭയവും നിങ്ങളെ വിട്ടുപോകില്ല.

തിയോ ഡ്രാമ അങ്ങനെയല്ല. ദൈവമാണവിടെ കഥ എഴുതുന്നത്, ഡയറക്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും ദൈവം തന്നെ. നിങ്ങൾക്ക് അതിൽ ഒരു റോൾ അഭിനയിക്കാൻ അവസരം തരുന്നു. അതു നന്നായി അഭിനയിക്കുമ്പോൾ നിങ്ങളുടെ നിയോഗം പൂർത്തിയാകുന്നു. തിയോ ഡ്രാമയിലാകണം നമ്മുടെ ജീവിതം. ദൈവം പറയുന്നവ അനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തു. അവനിലെ ആശ്രയം നിങ്ങളുടെ ഭീതി അകറ്റും, തീർച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?