Follow Us On

25

April

2024

Thursday

അവതാരങ്ങള്‍

അവതാരങ്ങള്‍

ഫാ. മാത്യു ആശാരിപറമ്പില്‍

ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ ജന്മമെടുത്ത്, കര്‍മംകൊണ്ട് മഹത്വം തേടി കടന്നുപോകുന്ന പുണ്യജന്മങ്ങളാണ് അവതാരങ്ങള്‍. അവര്‍ അപൂര്‍വമാണ്; കാലത്തിന്റെ ഭാഗ്യമാണ്. അടുത്ത നാളില്‍ ദിവംഗതനായ മോണ്‍. മാത്യു എം. ചാലില്‍ അച്ചനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആദ്യം ഉണരുന്ന വികാരമാണിത്.
കണ്ണൂരിലെ ചെമ്പേരിയില്‍ ജനിച്ച് തലശേരി അതിരൂപതയില്‍ വൈദികനായിത്തീര്‍ന്ന അദ്ദേഹം 85 വര്‍ഷത്തെ തന്റെ കര്‍മജീവിതത്തില്‍ അറുപതു വര്‍ഷവും പുരോഹിതനായിരുന്നു. ഒരിക്കലും കെടാത്ത നിലവിളക്കാണ് ചാലിലച്ചന്‍. ഇനിയും കത്തണം, ഇനിയും ശോഭിക്കണമെന്ന മോഹം അവസാനശ്വാസംവരെ ജീവിതത്തില്‍ സൂക്ഷിച്ച് അദ്ദേഹം പൊടുന്നനവെ അണഞ്ഞുപോയി. പക്ഷേ അദ്ദേഹം അവശേഷിപ്പിച്ച പ്രകാശം അനേകം കാലത്തേക്ക് മലബാറിനെ ഉജ്വലിപ്പിക്കും.

വളരെ ആദരവോടും സ്‌നേഹത്തോടുംകൂടി ഞാന്‍ അദ്ദേഹത്തെ മനസില്‍കൊണ്ടുനടന്നിരുന്നു. അദ്ദേഹത്തിന് പ്രത്യേക വാത്സല്യം എന്നോടുള്ളതായി എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് ഇപ്പോള്‍ അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന വൃദ്ധവൈദികരുടെ ഭവനമായ ശാന്തിഭവനില്‍ ഉച്ചയ്ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാ സഹവാസികളും വിശ്രമത്തിനായി മുറിയിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. പതുക്കെ ഭക്ഷണം കഴിച്ചതിനാല്‍ ഒരു മേശയ്ക്കടുത്ത് അദ്ദേഹം തനിയെ ഇരിക്കുകയായിരുന്നു. അടുത്തുചെന്ന് കൈപിടിച്ച് സുഖാന്വേഷണങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹം ആകാംക്ഷയോടെ ഞാന്‍ ഇപ്പോള്‍ ആയിരിക്കുന്ന കണ്ണൂര്‍ ഹോളി ഫാമിലി ദൈവാലയത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചു. പുതുതായി നിര്‍മിക്കുന്ന വൈദികഭവനത്തിന്റെ പണി എന്തായി?… ദൈവാലയത്തിലേക്കുള്ള വഴി വീതി കൂട്ടിക്കിട്ടിയോ എന്നൊക്കെ ചോദ്യങ്ങള്‍.

പുതിയ വഴിക്ക് സ്ഥലം വാങ്ങിച്ചുവെന്ന് പറഞ്ഞപ്പോള്‍ എന്റെ കൈ അമര്‍ത്തി അഭിനന്ദിച്ച് പറഞ്ഞു: ‘മുപ്പതുവര്‍ഷമായ ഒരു തടസം മാറിയെന്ന്.’ അച്ചന് മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ… എന്നൊരു പ്രോത്സാഹനവാക്കും പങ്കുവയ്ക്കാന്‍ മറന്നില്ല. അന്നാണ് ഞങ്ങള്‍ അവസാനം കണ്ടതും സംസാരിച്ചതും. മൂന്നുനാലു മാസങ്ങള്‍ക്കുമുമ്പ് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചു. ”ഈ വഴിക്കെങ്ങാനും വരുന്നുണ്ടോ?” എനിക്ക് മനസിലായി ഈ ചോദ്യത്തിന്റെ അര്‍ത്ഥം എന്നെ ഒന്ന് കാണണമെന്നാണ്. അധികം വൈകാതെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി.

ചെമ്പേരി എഞ്ചിനീയറിങ്ങ് കോളജില്‍നിന്ന് കോട്ടയം ദീപികയിലേക്ക് സ്ഥലംമാറുന്ന വേളയില്‍ അദ്ദേഹം മദര്‍ഹോമില്‍ ഒരാഴ്ചത്തെ ധ്യാനം കൂടാന്‍ വന്നു. സാധാരണ ജനത്തിന്റെ കൂടെ മുഴുവന്‍ ശുശ്രൂഷകളിലും പങ്കുചേര്‍ന്ന അദ്ദേഹം നല്ല ഭംഗിയായി ധ്യാനത്തില്‍ മുഴുകി. അവസാന ദിവസം കുറെ സമയമെടുത്ത് മനസിന്റെ ആശങ്കകളും അസ്വസ്ഥതകളും സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു നല്ല കൗണ്‍സലിങ്ങിനുശേഷം ഒരു മുഴുവന്‍ കുമ്പസാരവും നടത്തി. അതിനുശേഷം മൂന്നുനാലു മാസത്തെ ഇടവേളകളില്‍ എന്നെ ഇങ്ങനെ വിളിച്ച് സംസാരവും പ്രാര്‍ത്ഥനയും കുമ്പസാരവും അദ്ദേഹം നടത്താറുണ്ട്. അഭിമാനത്തോടും സന്തോഷത്തോടുംകൂടി ഞാന്‍ അദ്ദേഹത്തിന്റെ ശിരസില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വളരെ ആശ്വാസവും അനുഭവപരവുമായ ഈ പ്രാര്‍ത്ഥനാനിമിഷങ്ങള്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. കര്‍ത്താവിന്റെ മഹത്വത്തിനുവേണ്ടി സാധാരണ ജീവിതത്തിന്റെ പ്രവര്‍ത്തനമേഖലകളില്‍ സ്വയം സമര്‍പ്പിച്ച വിശുദ്ധ മനുഷ്യന്റെ അരികില്‍ കഥകേട്ട് ഇരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അദ്ദേഹം എത്രയോ നിഷ്‌കളങ്കനാണ്, സത്യസന്ധനാണ്, നിഷ്‌കാമനാണ്.

ആദ്യം നടന്നവര്‍
ആരും ഒരിക്കലും നടന്നിട്ടില്ലാത്ത വഴികളിലൂടെ ആദ്യം നടന്ന സുകൃതജന്മമാണ് ചാലിലച്ചന്‍. പുതിയ ദേശങ്ങളില്‍ എത്തി പള്ളികള്‍ സ്ഥാപിച്ച മിഷനറിയുടെ തീക്ഷ്ണത ഈ സുകൃതത്തിന്റെ പ്രകടനപരതയാണ്. 1965 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ എന്ന സ്ഥലത്തുള്ള ഏക ഇടവകയുടെ വികാരിയായിരിക്കുമ്പോള്‍ തുടങ്ങിയ ഈ പരിശ്രമത്തിലൂടെ കാസര്‍ഗോഡ് ജില്ലയില്‍ നാല്‍പതില്‍പരം ഇടവകകള്‍ക്ക് തുടക്കംകുറിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലബാറിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഉയര്‍ന്നു പറക്കാന്‍ എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ചരിത്രത്തെതന്നെ മാറ്റിയെഴുതി. ചെമ്പേരിയിലെ വിമല്‍ജ്യോതി കോളജ് ഇന്ന് കേരളത്തിലെതന്നെ മികച്ച സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു. മഹാഭൂരിപക്ഷംപേരും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടും പുതിയ വഴി വെട്ടിത്തുറന്ന് ഒറ്റയ്ക്ക് നടക്കുന്നവനെപ്പോലെ അദ്ദേഹം മുന്നേറി. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത മരുഭൂമിയുടെ മുന്‍പില്‍ നടന്ന കാനന്‍ദേശത്ത് കണ്ണ് നട്ട് മോശ പുനര്‍ജനിക്കുകയായിരുന്നു.

പുതിയ വഴികള്‍ തേടുന്നവരെ അദ്ദേഹം ഹൃദയപൂര്‍വം പ്രോത്സാഹിപ്പിച്ചു. മദര്‍ ഹോം എന്ന സ്വപ്‌നത്തെ നെഞ്ചിലേറ്റിയ കാലത്ത് അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. പലരോടും എനിക്കുവേണ്ടി സംസാരിച്ചു, വാദിച്ചു. കാരണം, നടന്നവനേ, നടക്കാത്തവന്റെ കാല്‍നൊമ്പരം മനസിലാവൂ. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മദര്‍ഹോമില്‍നിന്ന് പടിയിറങ്ങിയപ്പോള്‍ എന്റെ അടുത്തുവന്ന് എന്നെ മുറുകെ കെട്ടിപ്പുണര്‍ന്നതിന്റെ ചൂട് ഒരിക്കലും മറയില്ല.

ഒന്നാമനാകാന്‍ കഴിവും യോഗ്യതയുമുണ്ടായിട്ടും രണ്ടാം നിരയിലേക്ക് തള്ളിമാറ്റപ്പെടുന്ന ചില ജന്മങ്ങള്‍ നമുക്ക് പരിചിതമാണ്. എല്ലാം ദൈവഹിതമായി സ്വീകരിക്കുവാന്‍ കഴിയുന്നവനാണ് ആത്മീയ മനുഷ്യന്‍. ചുണ്ടിനും കപ്പിനുമിടയില്‍ ഔന്നത്യങ്ങള്‍ വഴിമാറുമ്പോള്‍ പഴിചാരാതെ, പിറുപിറുക്കാതെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന മനസിന്റെ നിസംഗത അദ്ദേഹം സൂക്ഷിച്ചു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ് ഏറ്റവും മികച്ചവരെന്ന പൊതുമൊഴി ജനഹൃദയങ്ങളിലെ ഇദ്ദേഹത്തിന്റെ സാന്നിധ്യം തിരുത്തിക്കുറിക്കും. സ്ഥാനങ്ങളോട് മാത്രമല്ല, ഭൗതികമായ എല്ലാ നേട്ടങ്ങളോടും അദ്ദേഹം പുലര്‍ത്തിയ നിസംഗത അത്ഭുതകരമാണ്. വികാരി ജനറാള്‍, മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജര്‍, കോടികള്‍ മറിയുന്ന എഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകമാനേജര്‍, ഒരു പത്രത്തിന്റെ അധികാരി തുടങ്ങിയ നാണയക്കിലുക്കങ്ങളുടെ പ്രകാശവലയത്തില്‍ ജീവിച്ചന്‍ അവസാന നാളുകളില്‍ സ്വന്തം അക്കൗണ്ടില്‍ ആയിരങ്ങള്‍പോലുമില്ലാതെയാണ് തിരിച്ചു നടന്നതെന്നത് അത്ഭുതപ്പെടുത്തണം.

സന്യാസി സൂക്ഷിക്കേണ്ട ദാരിദ്ര്യവും വിരക്തിയും ലാളിത്യവും നഷ്ടപ്പെടുത്തുവാന്‍ അദ്ദേഹം തയാറായില്ല. കരളില്‍ വസിക്കുന്ന കര്‍ത്താവിന്റെ മൂല്യം മറ്റൊന്നിനും ഇല്ല എന്നു തിരിച്ചറിയുന്നവനല്ലേ ദൈവഭക്തന്‍. ചാലിലച്ചാ, അങ്ങ് വ്യത്യസ്തനായിരുന്നു….ചിരിയിലും ചിന്തയിലും വ്യത്യസ്തന്‍! ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്നവന്‍. ഞങ്ങളെ ഉണര്‍ത്തിയവന്‍. ഒരു സമര്‍പ്പിതന്‍ എങ്ങനെ ആവണമെന്ന ഉദാഹരണമായി അങ്ങ് നിലകൊള്ളുന്നു… ഇത്തരമൊരു ജന്മം ഈ മണ്ണില്‍ ഇനി എന്നാണ് പിറവിയെടുക്കുക?

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?