Follow Us On

24

October

2020

Saturday

വിജയത്തിന്റെ കഥകൾ

വിജയത്തിന്റെ കഥകൾ

ആത്മവിശ്വാസം ഒരുവനെ സർഗ്ഗാത്മകചിന്തകളിലേക്ക് ഉയർത്തുന്നതും വിജയബോധം വളർത്തുന്നതുമായ ശക്തിസ്രോതസ്സാണ്. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും ഒരുവന് ശക്തിയും ധൈര്യവും വിജയവും നല്കുന്നത് ആത്മവിശ്വാസമാണ്. നമ്മുടെ ചിന്തയാണ് നമ്മെ നയിക്കുന്നത്. വിജയകരമായ ജീവിതത്തിന് വസ്തുനിഷ്ഠമായ ചിന്താസമ്പ്രദായം ആവശ്യമാണ്. പലപ്പോഴും നമ്മുടെ ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ. നല്ല നല്ല വികാരവിചാരങ്ങളും, ചിന്തകളും, ഭാവനകളും, ജീവിതത്തെക്കുറിച്ച് പോസിറ്റീവായ മനോഭാവവും ഒരുവന് ആത്മവിശ്വാസം നല്കും. പരാജയഭീതിയും, അപകർഷതാബോധവും, സംശയവും, നിരാശതയും, തന്നിൽത്തന്നെയുള്ള ആത്മവിശ്വാസക്കുറവും ജീവിതത്തെ അതിന്റെ പടുകുഴിയിലേയ്ക്കും നിരാശതയിലേക്കും നയിക്കും.
പലപ്പോഴും പലരും പറയാറുളളതാണ്, ”ഞാൻ നന്നായി പഠിച്ചു, പക്ഷേ പരീക്ഷയിൽ ഒന്നും എഴുതുവാൻ സാധിച്ചില്ല”അല്ലെങ്കിൽ ”ഞാൻ നന്നായി ഒരുങ്ങിയാണ് ഇന്റർവ്യൂവിന് പോയത്”. പക്ഷേ എനിക്ക് ഒന്നും പറയുവാൻ സാധിച്ചില്ല, അവിടെ ചെന്നപ്പോൾ ഞാൻ മറന്നുപോയി, വിറയ്ക്കുന്നു, നാവും ചുണ്ടും ഉണങ്ങുന്ന ശബ്ദം പുറത്തേയ്ക്കുവരുന്നില്ല…” ”ഇരുപതും മുപ്പതും കുട്ടികളുള്ള ക്ലാസിൽ എനിക്ക് എഴുന്നേറ്റ് നിന്ന് ഒരു സംശയം ചോദിക്കാൻ പോലും സാധിക്കുന്നില്ല. എന്റെ മുഖം ചുമക്കുന്നു, വിയർക്കുന്നു….”ഒരു ചെറിയ സമൂഹത്തിൽപ്പോലും എഴുന്നേറ്റുനിന്ന് എനിക്ക് രണ്ടു വാക്ക് സംസാരിക്കുവാൻ സാധിക്കുന്നില്ല.” ഇങ്ങനെയുള്ള പരാതികളും, പ്രശ്‌നങ്ങളുമായി കഴിയുന്നവരല്ലേ നമ്മിൽ പലരും. ആരോടും ഒന്നും തുറന്നു പറയുവാൻ സാധിക്കാതെ ഹൃദയത്തിൽ എല്ലാം കൂട്ടിക്കൂട്ടി വച്ച് അവസാനം ജീവിതത്തിൽ ഒന്നും നേടുവാൻ സാധിക്കാതെ പരാജിതനായി നിരാശയോടെ കഴിയുന്നവർ നമ്മുടെ സമൂഹത്തിലില്ലേ? എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനകാരണം? നമുക്ക് നമ്മളിൽ തന്നെ വിശ്വാസമില്ലെങ്കിൽ എങ്ങനെ മറ്റുള്ളവർ നമ്മിൽ വിശ്വസിക്കും? ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കണമെങ്കിൽ ആത്മവിശ്വാസം വേണം. അതുകൊണ്ടാണ് എമേഴ്‌സൺ പറഞ്ഞത് ”ആത്മവിശ്വാസമാണ് ധീരതയുടെ കാതൽ”എന്ന്.
എന്താണ് ആത്മവിശ്വാസം? സ്വന്തം കഴിവുകളിൽ, തന്നോടുതന്നെയുള്ള പൂർണ്ണവിശ്വാസമാണത്. ”മനക്കരുത്തിന്റെ ഉറവിടവും വിജയത്തിന്റെ രഹസ്യവും ആത്മഹർഷത്തിന്റെ ഖനിയുമാണ് ആത്മവിശ്വാസം”. ജീവിതവിജയത്തിന്റെ മൂലക്കല്ലാണ് ആത്മവിശ്വാസം. ഒരുവന് എത്രമാത്രം കഴിവുണ്ടെങ്കിലും കായികബലമുണ്ടെങ്കിലും എത്രമാത്രം ബലവാനാണെങ്കിലും എത്രമാത്രം ബുദ്ധിമാനാണെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ പരാജയം ഉറപ്പാണ്.
ആത്മവിശ്വാസത്തെ തളർത്തുന്ന ഒരു ഘടകമാണ് ഭീതിയും സംശയവും. ഭീതിയും സംശയവും ഉള്ളവർക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുക എളുപ്പമല്ല. സംശയപ്രകൃതരിൽ ആത്മവിശ്വാസം കുറയുന്നു. ഇങ്ങനെയുള്ളവർക്ക് എല്ലാ കാര്യങ്ങളിലും സംശയം, എല്ലാവരെയും സംശയം, ഇത്തരക്കാർക്ക് മറ്റാരിലും വിശ്വാസമർപ്പിക്കുവാനും സാധ്യമല്ല. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനോ, നമ്മുടെ ഉള്ളിലുള്ള വിഷമതകളും ബുദ്ധിമുട്ടുകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനോ സാധിക്കാതെ പോകുന്നു. ഇവർ ജീവിതത്തിൽ അപകർഷാബോധമുള്ളവരും സന്തോഷമില്ലാത്തവരുമായിത്തീരുന്നു. ഇത് മാറ്റിയെടുക്കുന്നതിനുള്ള മാർഗ്ഗം ദൈവത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക എന്നതാണ്. ദൈവത്തിലുള്ള വിശ്വാസം നമുക്ക് ധൈര്യവും ആത്മവിശ്വാസവും പകരും.
പരാജയഭീതി ഒരുവന്റെ ആത്മവിശ്വാസത്തെ തളർത്തുന്നു. പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നമ്മുടെ പരാജയങ്ങളിൽ നാം നിരാശരാകാതെ ‘എനിക്ക് വിജയിക്കുവാൻ സാധിക്കും’ എന്ന വിശ്വാസം ഹൃദയത്തിൽ ഉണ്ടാക്കുക. പരാജയങ്ങളുടെ നടുവിലൂടെ, പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആത്മവിശ്വാസത്തിലൂടെ വിജയിച്ച എബ്രഹാം ലിങ്കൻ നമുക്ക് മാതൃകയാണ്.
അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ മുറിയിൽ എല്ലാവർക്കും കാണുവാൻ കഴിയുന്നതരത്തിൽ പരാജയങ്ങളുടെ ഒരു നീണ്ട പട്ടിക കാണാമായിരുന്നു. ”ബിസിനസ്സിൽ പരാജയം – 1831, തെരഞ്ഞെടുപ്പിന് നിന്ന് തോറ്റു – 1832, ബിസ്സിനസ്സിൽ വീണ്ടും പരാജയം – 1834, ജീവിതസഖിയുടെ മരണം – 1835, രോഗം – 1836, സ്പീക്കർ സ്ഥാനത്ത് നിന്നു തോറ്റു – 1838, തെരഞ്ഞെടുപ്പിന് തോറ്റു – 1840, അമേരിക്കൻ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മൂന്ന് പ്രാവശ്യം തോറ്റു. 1843,1846,1848, സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റു – 1856, സെനറ്റിലേക്ക് നിന്ന് വീണ്ടും തോറ്റു – 1858, അമേരിക്കൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു – 1860.” പരാജയങ്ങളുടെ നീണ്ട ലിസ്റ്റിൽ നിന്നും അവസാനം വിജയിക്കുന്നു. പരാജയങ്ങൾ ഉണ്ടാകുമ്പോൾ നിരാശരാകാതെ ആത്മവിശ്വാസത്തോടെ മുന്നേറുക, വിജയം ഉറപ്പാണ്.
മനുഷ്യന്റെ അടിസ്ഥാനവ്യക്തിസ്വഭാവങ്ങളെ മാറ്റുവാൻ സാധിച്ചില്ലെങ്കിലും നമ്മിലുള്ള പല ദുശ്ശീലങ്ങളും പരാജയഭീതിയും ഭീരുത്വവും അപകർഷതാബോധവും സംശയമന:സ്ഥിതിയും മാറ്റിയെടുക്കുവാൻ സാധിക്കും. അതിന് ആദ്യം നാം നമ്മിൽ തന്നെ വിശ്വസിക്കണം. നമ്മുടെ കഴിവുകളിൽ നാം ബോധവാന്മാരും ബോധവതികളുമാകണം. ദൈവം ഓരോരുത്തർക്കും പല തരത്തിലുള്ള താലന്തുകളാണ് നല്കിയിരിക്കുന്നത്. എന്റെ കഴിവുകൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. നമ്മുടെ കഴിവുകളെ നാം മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യപ്പെടുത്തി നിരാശരാകാതെ, അസൂയാലുക്കളാകാതെ നമ്മുടെ കഴിവുകളെ കണ്ടെത്തി വളർത്തുക.
ആത്മവിശ്വാസം വളർത്താനുള്ള അഞ്ച് മാർഗ്ഗങ്ങൾ
ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ നമുക്ക് എല്ലാം നഷ്ടമാകും. ജീവിതം പരാജയത്തിലും നിരാശതയിലും കഴിച്ചുകൂട്ടേണ്ടിവരും. അതിനാൽ ആത്മവിശ്വാസം വളർത്തുവാനുള്ള മാർഗ്ഗങ്ങൾ നോക്കാം. ആത്മവിശ്വാസമാണ് വിജയത്തിന്റെ താക്കോൽ.
(1) ദൈവത്തിൽ ആശ്രയിക്കുക
ദൈവം സ്‌നേഹിക്കുന്നു എന്ന അചഞ്ചലമായ വിശ്വാസം നമ്മിൽ ഉണ്ടാക്കുക. നമ്മെ സ്‌നേഹിക്കുന്ന ദൈവം, നന്മമാത്രം ആഗ്രഹിക്കുന്ന ദൈവം നമുക്ക് ധൈര്യം നല്കുന്നു. ദൈവമാണ് നമുക്ക് ജന്മം നല്കിയതും കഴിവുകൾ നല്കിയതും. ദൈവം അറിയാതെ നമ്മിൽ ഒന്നും സംഭവിക്കുന്നില്ല. ആ ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക.
നമുക്ക് ആത്മവിശ്വാസവും, ധൈര്യവും നല്കുന്ന തിരുവചനങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ നിന്നും വായിച്ചു മന:പാഠമാക്കി പല പ്രാവശ്യം ആവർത്തിക്കുക.” എന്നെ ധൈര്യപ്പെടുത്തുന്ന ഈശോയിൽ എനിക്ക് എന്തും ചെയ്യുവാൻ സാധിക്കും” (ഫിലി. 4:13) ”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമ. 8:28). നമ്മുടെ പരാജയങ്ങളിൽ, ആത്മവിശ്വാസക്കുറവിൽ വിശുദ്ധ പൗലോസ് ശ്ലീഹായെപ്പോലെ നമുക്കും പറയുവാൻ സാധിക്കണം. ”ഞാനല്ല ജീവിക്കുന്നത്, എന്നിൽ ക്രിസ്തുവാണ് ജീവിക്കുന്നത്”. എന്നിൽ ജീവിക്കുന്ന ക്രിസ്തു എനിക്ക് ആത്മവിശ്വാസവും ധൈര്യവും നല്കും. ആ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുക.
(2) ആത്മവിശ്വാസം വളർത്തുന്ന ചിന്തകൾകൊണ്ട് ഹൃദയത്തെ നിറയ്ക്കുക
നമ്മുടെ ചിന്തകൾ നമ്മെ നിയന്ത്രിക്കുന്നു. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കുമനുസരിച്ചാണ് നമ്മുടെ മനസ്സിൽ സുരക്ഷിതത്വബോധവും, അരക്ഷിതത്വബോധവും വളരുന്നത്. നമ്മുടെ മനസ്സിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്ന ചിന്തകളെ ആശ്രയിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസം. പരാജയത്തെപ്പറ്റിയും ഭയത്തെപ്പറ്റിയും ചിന്തിച്ചാൽ പരാജയമായിരിക്കും ഫലം. എനിക്ക് വിജയിക്കുവാൻ സാധിക്കും എന്ന ചിന്ത വിജയത്തിൽ എത്തിക്കും. ആത്മവിശ്വാസമുള്ള ചിന്തകൾക്കൊണ്ട് ഹൃദയത്തെ നിറയ്ക്കുക. ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക. വിജയങ്ങളും പരാജയങ്ങളും ഡയറിയിൽ കുറിച്ചിടുക.
(3) സ്വന്തം കഴിവുകളിൽ ബോധ്യമുള്ളവരാവുക
ആത്മവിശ്വാസം വളർത്താനുള്ള മറ്റൊരു മാർഗ്ഗമാണ് നാം നമ്മുടെ തന്നെ കഴിവുകളെക്കുറിച്ച് ബോധവാന്മാരും ബോധവതികളുമാവുക എന്നത്. ദൈവം നമുക്ക് നല്കിയ കഴിവുകൾ കണ്ടുപിടിച്ച് വളർത്തുക.
(4) താരതമ്യം ചെയ്യാതിരിക്കുക
ദൈവം ഓരോരുത്തർക്കും ഓരോ കഴിവുകളാണ് നല്കിയിരിക്കുന്നത്. നമ്മുടെ കഴിവുകളെയും ഇല്ലായ്മകളെയും നാം മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. താരതമ്യപഠനം നിരാശതയിലേക്കും അപകർഷാബോധത്തിലേക്കും അസൂയയിലേക്കും നയിക്കും.
(5) കഴിവിനനുസരിച്ച് പ്രയത്‌നിക്കുക
നമ്മുടെ താലന്തുകളെ മണ്ണിൽ കുഴിച്ചുമൂടാതെ വളർത്തുവാൻ ശ്രമിക്കുക. ‘താൻ പാതി ദൈവം പാതി’ എന്നാണല്ലോ ചൊല്ല്. നമ്മുടെ കഴിവനുസരിച്ച് അദ്ധ്വാനിക്കുക, ദൈവത്തിൽ ആശ്രയിക്കുക.
ബ്ര. ബിജു പറമ്പകത്ത്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?