Follow Us On

20

October

2020

Tuesday

ഒരു ളോഹയിൽ എന്തിരിക്കുന്നു?

ഒരു ളോഹയിൽ എന്തിരിക്കുന്നു?

വൈദിക-സന്യാസജീവിതം ഉപേക്ഷിച്ചുപോന്നവരെ ‘കുപ്പായമൂരിയവർ’ എന്നാണ് സാധാരണ ജനം വിശേഷിപ്പിക്കാറുള്ളത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടവരെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുന്ന ‘കുപ്പായം’ സമർപ്പിത ജീവിതത്തിന്റെ ശ്രേഷ്ഠമായ അടയാളമായി സമൂഹമനസ്സിൽ സ്ഥാനം പിടിച്ചുപോയി. പക്ഷേ കുപ്പായമില്ലാത്ത സമർപ്പിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ‘കുപ്പായമൂരിയവർ’ എന്ന പ്രയോഗത്തിനിനി അർത്ഥമില്ലാതാകും. കുപ്പായമിടാത്ത വൈദികരും കുപ്പായം മാറിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകളും സാധാരണ വിശ്വാസികളുടെ ഇടയിൽ ഒരു സംസാര വിഷയമായി മാറിയിട്ടുണ്ട്.
യൂറോപ്പിൽ പോലും വൈദികരെ തിരിച്ചറിയാൻ തക്കവിധം അവർ ‘റോമൻ കോളറുകൾ’ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ യാക്കോബായ-ഓർത്തഡോക്‌സ്, മാർത്തോമ്മാ സഭകളിലെ വൈദികരും എപ്പോഴും കുപ്പായം ധരിച്ചാണ് യാത്രചെയ്യാറുള്ളത്. പിന്നെന്തുകൊണ്ട് ജനങ്ങളിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വസ്ത്രധാരണം കത്തോലിക്കാ വൈദികർ സ്വീകരിച്ചിരിക്കുന്നു എന്നതാണ് പലരുടെയും ചോദ്യം. ഇതിന് ധാരാളം മറുപടികളുണ്ട്. പഴയകാലത്ത് വൈദികന് ഇന്നത്തേതുപോലുള്ള ദീർഘയാത്രകൾ അപൂർവ്വങ്ങളായിരുന്നു. ഇന്നത്തെ തിരക്കുപിടിച്ച, നിരന്തരമായ യാത്രകളിൽ വെള്ളക്കുപ്പായം വളരെ പെട്ടെന്ന് ചെളിപിടിക്കും. ഒരു ദിവസത്തേക്ക് പോലും ഒരു കുപ്പായം തികയില്ല. അതിനാൽ നിരവധി ജോടി ഡ്രസ്സുകൾ ആവശ്യമായി വരും. മാത്രമല്ല ഇതൊക്കെ എല്ലാദിവസവും അലക്കി തേയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് യാത്രകളിൽ പാന്റും ഷർട്ടും ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം.
മറ്റൊരു കാരണമായി പറയുന്നത് സമൂഹത്തിന്റെ വൈദികരോടുള്ള മനോഭാവമാണ്. കുപ്പായമിട്ടു സമൂഹത്തിലേക്കിറങ്ങിയാൽ എല്ലാവരുടേയും നോട്ടപ്പുള്ളിയായി മാറും. ആരോടെങ്കിലും ഒന്നു മിണ്ടിയാൽ പോലും സംശയത്തോടെയേ ജനം നോക്കുകയുള്ളൂ. ബസ്സുകളിലൊക്കെ യാത്ര ചെയ്യുമ്പോൾ വേദനിപ്പിക്കുന്ന കമന്റുകൾ, കുത്തുവാക്കുകൾ ഇവയൊക്കെ പിന്നിൽ നിന്നും പലപ്പോഴും കേൾക്കേണ്ടിവരും. പ്രായം ചെന്ന ഒരു വൈദികൻ പറഞ്ഞതോർക്കുന്നു ’60 കളിൽ കേരളത്തെ പിടിച്ചു കുലുക്കിയ മറിയക്കുട്ടി കൊലക്കേസിന്റെ വിചാരണ നടക്കുന്ന നാളുകളിൽ പല യാത്രകളിലും മനസ്സു തകർന്നിട്ടുണ്ട്. ബസ്സ്റ്റാന്റുകളിൽ നിൽക്കുമ്പോഴും ബസ്സിൽ യാത്ര ചെയ്യുമ്പോഴും ‘മറിയക്കുട്ടി’ എന്ന വിളി പലപ്പോഴും പുറകിൽ നിന്നു കേൾക്കാം.’ മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ബനഡിക്ടച്ചൻ നിഷ്‌ക്കളങ്കനായിരുന്നു. എങ്കിലും അച്ചനോടൊപ്പം നൂറുകണക്കിനു വൈദികരും ജനമദ്ധ്യത്തിൽ അവഹേളിക്കപ്പെട്ടു. ഇത്തരത്തിലുള്ള കമന്റുകളിൽ നിന്നു രക്ഷപ്പെടാൻ സാധാരണ ജനത്തിന്റെ ഡ്രസ്സ് സഹായിക്കും.
ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ സിസ്റ്റേഴ്‌സിപ്പോൾ ചു രിദാർ ധരിച്ചുകൊണ്ടാണ് യാത്ര ചെയ്യാറുളളത്. കാരണം കന്യാസ്ത്രീ വേഷത്തിൽ സഞ്ചരിച്ചാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. പീഡനങ്ങളും മാനഹാനിയും ചിലപ്പോൾ സംഭവിക്കാം. റെയിൽവേസ്റ്റേഷനിലെ റിസർവേഷൻ ചാർട്ടുനോക്കി, കന്യാസ്ത്രീകൾ ഉണ്ടോയെന്ന് പരിശോധിച്ച് അവിടെ തന്നെ കയറി സിസ്റ്റേഴ്‌സിനെ അപമാനിക്കുകയും അസഹ്യപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉത്തരേന്ത്യയുടെ പല ഭാഗത്തും സംഭവിച്ചിട്ടുണ്ട്. അതിനാൽ സിസ്റ്റർ, ഫാദർ തുടങ്ങിയ പദങ്ങളൊക്കെ പലരും ഉപേക്ഷിച്ചു. സുരക്ഷിതത്വത്തിനുവേണ്ടി. ളോഹയുമായി ബന്ധപ്പെട്ട മറ്റൊരു ചിന്തയിതാണ്. നമ്മുടെ വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും കുപ്പായങ്ങൾക്ക് വൈദേശിക ഛായയാണുള്ളത്. ഭാരതത്തിന്റെ സംസ്‌കാരത്തിൽ നിന്നും അത് വേറിട്ട് നില്ക്കുന്നു. അതിനാൽ ജനങ്ങളോട് അടുക്കുന്നതിനും ചിലപ്പോൾ തടസ്സമാകാം. ജനങ്ങളോട് താദാത്മ്യപ്പെടാൻ, അവരോട് അലിഞ്ഞുചേരാൻ ഭാരതീയ രീതിയിലുള്ള വസ്ത്രധാരണമാണ് ഉചിതമായിട്ടുള്ളത്. ഈ കാഴ്ചപ്പാടനുസരിച്ച് പല സന്യാസിനീ സമൂഹങ്ങളും കുപ്പായം മാറ്റി സാരി ഔദ്യോഗിക വ സ്ത്രമായി സ്വീകരിച്ചു കഴിഞ്ഞു. കാവി വസ്ത്രം ധരിക്കു ന്ന വൈദികരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു.
ചൈനയിലെ രഹസ്യസഭകളിലുള്ള പട്ടക്കാർക്ക് ളോഹകളൊന്നുമില്ല. മാത്രമല്ല, കത്തോലിക്കാ സഭയിലെ വൈദികർ ബ്രഹ്മചാരികളായിരിക്കണമെന്ന നിയമംപോലും അവിടെ പാലിക്കാനാവില്ല. കാരണം അവിവാഹിതരായി ജീവിക്കുന്നവർ പെട്ടെന്ന് രഹസ്യപ്പോലീസിന്റെ പിടിയിൽ പ്പെടും. അതിനാൽ സമൂഹത്തിനു മുന്നിൽ സാധാരണക്കാരെപ്പോലെ, വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നവരായിരിക്കും ഈ രഹസ്യസഭകളിലെ വൈദികർ.
മേൽപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ ളോഹയും കുപ്പായവും ഒഴിവാക്കുന്നതിന് സാധൂകരണം നല്കുന്ന വസ്തുതകളാണ്. എങ്കിലും സാധാരണ വിശ്വാസികളുടെ ഇടയിൽ ഇതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വേറൊന്നാണ്. വൈദികർ കുപ്പായമിടാതെ നടക്കുന്നത് തോന്നിയതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനാണെന്ന് ആരോപിക്കുന്ന നിരവധിപേരെ കണ്ടിട്ടുണ്ട്. അതിന് ഉപോൽബലകമായി അവർ പറയുന്നത് പാന്റും ഷർട്ടും ധരിച്ച് എവിടെയോ ഒരച്ചൻ മാറ്റിനിയും സെക്കന്റ് ഷോയും കാണാൻ പോയ കാര്യവും ഐസ്‌ക്രീം പാർലറിൽ ആരോടോ ഒന്നിച്ച് ഐസ്‌ക്രീം കഴിച്ച കാര്യവും മറ്റുമാണ്. എവിടെയെങ്കിലും ഒന്നോ രണ്ടോ അച്ചന്മാർ അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടാകാം. പക്ഷേ അതിന്റെ പേരിൽ കുപ്പായമിടാതെ നടക്കുന്ന വൈദികരൊക്കെ ‘ദുഷ്ടലാക്കോടെ’ നടക്കുന്നവരാണെന്ന് ആരോപിക്കുന്നത് ‘മഹാപാപം’ തന്നെയാണ്.
പക്ഷെ നാം വളരെ വേദനയോടെയും എന്നാൽ ഗൗരവത്തോടെയും കാണേണ്ട മറ്റൊരു കാര്യമുണ്ട്. ഒരു വൈദികന്റെ കുപ്പായത്തെ ആദരവോടെ വീക്ഷിച്ചുവന്ന സമൂഹമാണ് നമ്മുടേത്. ഓഫീസിലോ, റോഡിലോ, ബസ്സിനകത്തോ, ളോഹയിട്ടുകാണുന്നവരെ, എല്ലാ ജാതിമതസ്ഥരും പൊതുവേ മാനിച്ചിരുന്നു. പക്ഷേ ഇന്ന് ആ ളോഹ ധരിക്കുന്നതിൽ ജാള്യത തോന്നുന്ന അവസ്ഥ എങ്ങനെ സംജാതമായി എന്ന കാര്യം നാം ചിന്താവിഷയമാക്കേണ്ടിയിരിക്കുന്നു.
മദർ തെരേസയുടെ സഹോദരിമാർ നീല ബോർഡറുള്ള സാരിയാണ് ധരിക്കുന്നത്. അവർ ചെല്ലുന്നിടത്തൊക്കെ അത് സ്‌നേഹവും ആദരവും നേടികൊടുക്കുന്നു. ആ സാരി അവരെ വേർതിരിച്ചറിയാൻ സഹായിക്കുന്നു എന്നത് ജനങ്ങളുമായി താദാത്മ്യപ്പെടാൻ തടസ്സമല്ല പ്രത്യുത സഹായകമാണ്. കുപ്പായം മാറ്റി സാരിയാക്കിയാലും പാന്റും ഷർട്ടും ആക്കിയാലും നമ്മുടെ ജീവിതമാണ് പ്രധാനം. അതാണ് നാം ധരിക്കുന്ന വസ്ത്രത്തിന് മഹത്വം പകരുന്നത്.
ഈ സഭാ പശ്ചാത്തലത്തിലും എവിടെയും എപ്പോഴും ളോഹയിട്ടു നടക്കുന്ന, ളോഹയിൽ അഭിമാനം കൊള്ളുന്ന ധാരാളം വൈദികരുണ്ട്. അവരിലൊരാൾ പറഞ്ഞതിങ്ങനെയാണ്. ”ഞാനിത് കുറെ കഷ്ടപ്പെട്ട് നേടിയതാ, വീട്ടുകാരും നാട്ടുകാരും ഞാൻ സെമിനാരിയിൽ പോകുന്നതിനെ എതിർത്തിരുന്നു. അപ്പന് സഹായമായി വീട്ടിൽ നിൽക്കാൻ എല്ലാവരും പറഞ്ഞു.
പക്ഷേ എന്റെ വലിയൊരു ആഗ്രഹമായിരുന്നു പുരോഹിതനാകണമെന്നത്. എന്നെ സെമിനാരിയിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ വീട്ടുകാർ പലവിധത്തിലും പരിശ്രമിച്ചു. അനേകവർഷം ഉള്ളുരുകി പ്രാർത്ഥിച്ചിട്ടാ എനിക്കീ കുപ്പായമിടാൻ യോഗമുണ്ടായത്. ഞാനിത് പെട്ടിയിൽ പൊതുഞ്ഞു വെയ്ക്കില്ല. ഈ കുപ്പായത്തിന്റെ വില എനിക്കറിയാം.’
കുപ്പായമിടാതെ പുറത്തിറങ്ങുകയില്ലാത്ത മറ്റൊരു വൈദികൻ പറഞ്ഞു. ”ഈ ളോഹ എനിക്ക് പല വിധത്തിലും സുരക്ഷിതത്വം നല്കുന്നു. ഞാൻ കർത്താവിന്റെ അഭിഷിക്തനാണ് എന്ന കാര്യം അതെന്നെ നിരന്തരം ഓർമ്മിപ്പിക്കുകയാണ്. അതിനാൽ എന്റെ വാക്കുകളും പെരുമാറ്റങ്ങളും എന്റെ ജീവിതാന്തസ്സിന് ചേർന്നവിധം ക്രമീകരിക്കാൻ അതെന്നെ നിർബന്ധിക്കും. എനിക്ക് ളോഹ വെറുമൊരു വസ്ത്രമല്ല. അതെന്റെ സമർപ്പണത്തിന്റെയും ഞാൻ ദൈവത്തിന്റെ മാത്രം സ്വന്തമാണെന്ന വസ്തുതയുടെയും അടയാളമാണ്. ക്രിസ്തുവിന്റെ പ്രതിനിധിയായി സമൂഹത്തിൽ പ്രത്യക്ഷപ്പെടുക അഭിമാനവും സന്തോഷവും നല്കുന്ന ഒരു കാര്യമാണ്. എന്നെ അയച്ചവനായ ദൈവം എന്റെ കൂടെയുണ്ട്. അവിടുന്ന് എനിക്കുവേണ്ടി പൊരുതും, സംരക്ഷിക്കും എന്ന ചിന്തയും എന്നെ ആത്മധൈര്യവും ക്രിയാശേഷിയുള്ളവനുമാക്കുന്നു.
അക്രൈസ്തവർ ഭൂരിപക്ഷമുള്ള ഒരു നഗരത്തിൽ ശുശ്രൂഷ ചെയ്യുന്ന വൈദികൻ പറഞ്ഞതിങ്ങനെയാണ്. ”ളോഹ എനിക്ക് വിജാതീയരുടെ ഇടയിൽ ആദരവ് നേടിത്തരുന്നു ണ്ട്. എതു മതസ്ഥരായാലും ദൈവീകതയെ ആദരിക്കാൻ കഴിയുന്ന ആത്മീയ മനസ്സിന്റെ ഉടമകളാണ് ഭൂരിപക്ഷം ഭാരതീയരും. ചുരുക്കം ചില സന്ദർഭങ്ങളിലേ അനാദരവ് അനുഭവപ്പെട്ടിട്ടുള്ളൂ. അത് എന്റെ വിശുദ്ധീകരണത്തിനായി ദൈവം അനുവദിച്ചതാണെന്ന് ഞാൻ കരുതുന്നു. മാത്രമല്ല അനാദരവ് കാണിച്ച വ്യക്തികൾക്കുവേണ്ടി കൂടുതൽ മദ്ധ്യസ്ഥ പ്രാർത്ഥന നടത്താനും അത് പ്രേരകമായി.”
സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത് വൈദികർ എപ്പോഴും ളോഹയിട്ടു നടക്കണമെന്നാണ്. എങ്കിലും നീണ്ടയാത്രകളിലും മോശമായ കാലാവസ്ഥകളിലും മതപരമായ സംഘർഷങ്ങളും പീഡനങ്ങളും നിലനില്ക്കുന്ന സാഹചര്യങ്ങളിലും സാധാരണ വസ്ത്രങ്ങൾ ധരിക്കുന്നത് സൗകര്യപ്രദവും വിവേകപൂർണ്ണവുമാണ്. അത് വിമർശനവിധേയമാകുന്നത് ഉചിതമല്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ പൊതുജനമദ്ധ്യത്തിൽ താനൊരു വൈദികനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള മനോഭാവങ്ങൾ നാം വിമർശനവിധേയമാക്കേണ്ടിയിരിക്കുന്നു. സ്വന്തം ദൈവവിളിയിൽ അഭിമാനം കൊള്ളാൻ കഴിയാത്തവർ ദൈവത്തി നും ദൈവജനത്തിനും, ഭാരമായി തീരും എന്നത് ഉറപ്പാണ്.
ബെന്നി പുന്നത്തറ 

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?