Follow Us On

20

October

2020

Tuesday

മദറിന്റെ നന്മ കാണാത്തവർ ആദ്യം ചെയ്യേണ്ടത് മദറിനെ അറിഞ്ഞവരെ കേൾക്കുക

മദറിന്റെ നന്മ കാണാത്തവർ ആദ്യം ചെയ്യേണ്ടത് മദറിനെ അറിഞ്ഞവരെ കേൾക്കുക

കപിൽദേവും അരവിന്ദ് കേജ്രിവാളും പറഞ്ഞതിന്റെ പൊരുൾ
മദർ തെരേസയുടെ വിശുദ്ധ പദവിയെ ലോകം അത്യാഹ്ലാദപൂർവ്വമാണ് സ്വീകരിച്ചത്. അമ്മയെ കൊൽക്കത്തയുടെ വിശുദ്ധ തെരേസയായി മാർപാപ്പ നാമകരണം ചെയ്ത സെപ്തംബർ നാലിന് ലോകമെങ്ങുമുളള ലക്ഷക്കണക്കിന് ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ മെയിൻസ്റ്റോറികൾ മദറിനെക്കുറിച്ചായിരുന്നു. അഗതികളുടെ അമ്മയെ വിശ്വം അത്രമേൽ ആദരിച്ചു എന്നതിന് തെളിവായിരുന്നു അത്. എന്നാൽ അപൂർവ്വമായി ചിലയിടങ്ങളിൽ നിന്ന് അമ്മക്കെതിരെ ഒളിയമ്പുകളും പുറപ്പെട്ടു. അത് ജീവിതമത്രയും പ്രയത്‌നിച്ച ഭാരതത്തിൽ നിന്നുമായിരുന്നു എന്നതാണ് വേദനാജനകമായ അനുഭവം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം മദറിനെതിരെ ഒരു പേജാണ് വാക്കുകൾ നിരത്തിയത്.
അമ്മയുടെ നന്മകളൊന്നും അവർ കാണാതെപോയി. ജനഹൃദയങ്ങളിൽ നന്മനിറച്ച മദറിനെ കഠിനമായി ഇതിലൂടെ അപമാനിക്കാമെന്ന് അവർ കരുതിയിരിക്കണം. എന്നാൽ ആ ദിവസങ്ങളിൽ തന്നെ മദറിനെ പിന്തുണച്ച് എത്തിയവരെല്ലാം പ്രമുഖ അക്രൈസ്തവരായിരുന്നു. മുൻ ക്രിക്കറ്റ് താരം കപിൽ ദേവ് തന്റെയൊരനുഭവം പങ്കുവച്ചത് ശ്രദ്ധേയമായി.
കപിൽദേവിന്റെ വിവാഹശേഷം 14 വർഷമായി അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. കുഞ്ഞില്ലാത്തതിന്റെ ദുഃഖം അവരുടെ ഹൃദയത്തെ വല്ലാതെ വേട്ടയാടി. 1995-ൽ കപിലും ഭാര്യ റോമിയും കൂടി കൊൽക്കത്ത സന്ദർശിക്കുന്ന അവസരത്തിൽ മദറിനെ കാണാനിടയായി. കുഞ്ഞില്ലാത്ത ഇവരുടെ വിഷമം സംസാരത്തിനിടയിൽ ചർച്ചയായി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മദർ സ്‌നേഹവാത്സല്യത്തോടെ പറഞ്ഞു. ‘പേടിക്കേണ്ട, ദൈവം കാരുണ്യവാനാണ്. ദൈവം നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും.’ ഇവർ വിചാരിച്ചത് മദറിന്റെ ഓർഫനേജിൽനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാനാണ് മദർ സൂചിപ്പിക്കുന്നതെന്നാണ്.
കുറച്ചുമാസങ്ങൾക്കുശേഷം മദർ, കപിൽദേവിന്റെ ഒരു സുഹൃത്തിനോട്, ‘കപിലിന്റെ ഭാര്യ റോമിക്ക് എന്തെങ്കിലും വിശേഷമുണ്ടോ?’ എന്ന് ചോദിക്കുകയുണ്ടായി. ഇക്കാര്യം സുഹൃത്ത്, കപിലിനോട് ചോദിച്ചപ്പോൾ റോമി അഞ്ചുമാസം ഗർഭവതിയായിരുന്നു. റോമി ഗർഭവതിയായി എന്നുള്ള വസ്തുത മദറിനെ ദൈവം അറിയിച്ചതിനാലാണ് ഇക്കാര്യം അന്വേഷിക്കാനിടയായതെന്ന് കപിൽദേവ് ഉറച്ച് വിശ്വസിക്കുന്നു. മദറിന്റെ അനുഗ്രഹമാണ് ദൈവം അവർക്ക് നൽകിയ മകൾ അമിയ എന്നും കപിൽദേവ് ഏറ്റു പറയുന്നു.
മദറിനെ പുച്ഛിച്ച് തള്ളിയവർക്കുള്ള ഏറ്റവും വലിയ മറുപടിയായിരുന്നു കപിലിന്റെ ഈ ഉറച്ച സാക്ഷ്യം. എല്ലാ തിരക്കുകളും മാറ്റിവച്ച് മദറിന്റെ നാമകരണത്തിന് വത്തിക്കാനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അനുഭവം കൂടി കേൾക്കാം.
ജംഷഡ്പൂറിലുള്ള ടാറ്റാ സ്റ്റീൽ കമ്പനിയിലെ എൻഞ്ചിനിയറായി അരവിന്ദ് ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് 24 വയസ്. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്ന ചിന്ത അരവിന്ദിനുണ്ടായിരുന്നു. ആ നാളുകളിൽ അദ്ദേഹം ജംഷഡ്പൂറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയി. മദറിനെ ചെന്നുകണ്ടു. ”എനിക്ക് അമ്മയൊടൊപ്പം ജോലി ചെയ്യണം.” കേജ്രിവാളിന്റെ ആഗ്രഹം അതായിരുന്നു.
‘കാളിഘട്ടിലേക്ക് പോവുക. അവിടെ ജോലിയുണ്ട്.’
മദർ അരവിന്ദിനോട് പറഞ്ഞു. അക്കാലത്ത് കൊൽക്കത്ത വൈരുധ്യങ്ങളുടെ നാടായിരുന്നു. ഒരു വശത്ത് കൊടിയ ദാരിദ്ര്യം. മറുവശത്ത് സമ്പത്തിന്റെ ധാരാളിത്തം. തെരുവോരങ്ങളിൽ നിന്നും രോഗികളെയും അനാഥരാക്കപ്പെട്ടവരെയും കേജ്രിവാളും സംഘവും കാളിഘട്ടിലെ മദറിന്റെ ആശ്രമത്തിലെത്തിച്ചു. അങ്ങനെ കുറേമാസങ്ങൾ. കെജ്രിവാൾ ആ കാലം ഓർമ്മിക്കുന്നു. ‘എന്തു കാര്യം ചെയ്യുന്നതിനും ഞങ്ങൾ സന്നദ്ധരായിരുന്നു. അന്തേവാസികളുടെ കിടക്ക ഒരുക്കുന്നതിൽ തുടങ്ങി മലമൂത്ര വിസർജനം മറവു ചെയ്യുന്നതുവരെ. ഞങ്ങൾ അവരെ കുളിപ്പിച്ചു. അവരുടെ വസ്ത്രങ്ങൾ കഴുകി, ഭക്ഷണം പാകം ചെയ്തു. ഇതെല്ലാം വളരെ ആത്മസംതൃപ്തി നൽകുന്ന കാര്യങ്ങളായിരുന്നു.
മദറിനൊപ്പമുള്ള ആശ്രമ ജീവിതം ഒരു സാമൂഹ്യ അവബോധമായിരുന്നില്ല. മറിച്ച് ആഴമേറിയ ആത്മീയ അനുഭവമായിരുന്നുവെന്നും കേജ്രിവാൾ സാക്ഷ്യപ്പെടുത്തുന്നു.
നോബൽ സമ്മാനം നേടിയ ആദ്യവിശുദ്ധയെന്ന പദവി അലങ്കരിക്കുന്ന മദർ തെരേസയുടെ പക്കലേക്ക് ലോകനേതാക്കളെല്ലാം എല്ലാക്കാലവും പാഞ്ഞടുത്തിരുന്നു. സമ്പന്ന രാഷ്ട്രങ്ങളിലും ദരിദ്രരാജ്യങ്ങളിലും മുതലാളിത്ത വ്യവസ്ഥിതിയിലും കമ്യൂണിസ്റ്റ് സർവാധിപത്യ ഭരണകൂടങ്ങളിലും ഏകാധിപത്യ ഗവൺമെന്റിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലുമെല്ലാം സുവിശേഷത്തിന്റെ സ്‌നേഹാഗ്നിയുമായി മദർ പടർന്നുകയറി. മറ്റൊരു ക്രിസ്ത്യാനിക്കും ചെയ്യാൻ കഴിയാത്ത മഹത്കാര്യങ്ങളാണ് മദർ ചെയ്തത്.
പരസ്‌നേഹം ദൈവസ്‌നേഹത്തിന്റെ സാക്ഷ്യമാണെന്ന് മദർ ജീവിതത്തിലൂടെ തെളിയിച്ചു. എല്ലാ മനുഷ്യനിലും ദൈവമുഖം ദർശിച്ചറിയാൻ കഴിയുമ്പോഴാണ് പരസ്‌നേഹം ക്രിസ്തീയമാകുന്നതെന്ന് മദർ പഠിപ്പിച്ചു. ആർക്ക് എഴുതിതള്ളാൻ കഴിയും ഈ വാക്കും, ഇതിന് ചേർന്ന പ്രവൃത്തിയും?
വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നത്
സെന്റ് ആൽസലം, സെന്റ് ബൊനോവെന്തുരാ, തോമസ് അക്വീനാസ് തുടങ്ങിയ വിശുദ്ധരുടെയെല്ലാം ജീവിതത്തെ സ്വാധീനിച്ച വിശുദ്ധനാണ് സെന്റ് അഗസ്റ്റിൻ. അതുകൊണ്ടാകണം ദൈവശാസ്ത്രജ്ഞരിൽ ഗുരുസ്ഥാനീയനായി അനേകർ സെന്റ് അഗസ്റ്റിനെ കാണുന്നത്. ക്രൈസ്തവ സഭയിൽ ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന കൃതിയാണ് അഗസ്റ്റിന്റെ ‘കുമ്പസാരം’.
പാപബോധവും അനുതാപവും കൊണ്ട് നിർഭരമാണ് കുമ്പസാരം. പാപംമൂലം ഉണ്ടായ വീഴ്ചയും അനുതാപംകൊണ്ടുള്ള വീണ്ടെടുപ്പുമാണ് കുമ്പസാരത്തിന്റെ ഉളളടക്കം. ക്രിസ്തുവർഷം 354 ൽ ആണ് അഗസ്റ്റിന്റെ ജനനം. വടക്കേ ആഫ്രിക്കയിലെ ടാഗാസ് തേയാണ് ജന്മസ്ഥലം. ഇന്ന് ഈ പ്രദേശം അൾജീരിയായിൽ ആണ്.
ഭൗതിക ചിന്താഗതിക്കാരനും റോമാക്കാരനും ആയ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാൽ അമ്മ മോനിക്കയാവട്ടെ ഉത്തമ ക്രിസ്തീയ വിശ്വാസം നെഞ്ചിലേറ്റിയ സ്ത്രീയും. വിശുദ്ധയായ അമ്മ മകനെ വിശുദ്ധ ജീവിതത്തിലേക്ക് നോക്കാനാണ് പഠിപ്പിച്ചത്. എന്നാൽ മാതാവിന്റെ സ്‌നേഹപൂർണമായ ശാസനകളൊന്നും അഗസ്റ്റിൻ ആദ്യകാലങ്ങളിൽ സ്വീകരിച്ചില്ല. പാപജീവിതത്തിലൂടെ തന്നെ ജീവിതം തുടർന്നു.
പക്ഷേ അമ്മയെ അവഗണിച്ച നാളുകളിലും അമ്മയുടെ ദുഃഖപൂർണമായ മുഖം അവന്റെ മുമ്പിലുണ്ടായിരുന്നു. അതേക്കുറിച്ച് അഗസ്റ്റിൻ കുമ്പസാരം എന്ന കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. അമ്മയെ അവഗണിച്ചത് തനിക്ക് തീരാത്ത വ്യാധിയായിത്തീർന്നുവെന്ന് അഗസ്റ്റിൻ പറയുന്നു. അമ്മയുടെ തീരാത്ത പ്രാർത്ഥനയും കാത്തിരിപ്പുമാണ് മുപ്പത്തിരണ്ടാമത്തെ വയസിൽ വിശ്വാസജീവിതത്തിലേക്ക് മടങ്ങിവരാൻ അഗസ്റ്റിന് പ്രേരണയായത്.
പിന്നീട് അഗസ്റ്റിന്റെ ജീവിതം ദൈവസ്‌നേഹത്തിന്റെ ആഴമളക്കുന്നതിനുളള അളവുകോലായി മാറി. ദൈവം തിന്മ സൃഷ്ടിച്ചിട്ടില്ല. നന്മയുടെ അഭാവമാണ് തിന്മ. മനുഷ്യൻ സർവനന്മയായ ദൈവത്തെ തള്ളിക്കളയുമ്പോൾ അവിടെ തിന്മയും പാപവും ഉണ്ടാകുന്നു. ഈ സമുന്നത തത്വം പിന്നാലെ വന്ന ദൈവശാസ്ത്രജ്ഞന്മാരോട് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അക്കാലത്ത് സഭയിലേക്കും പടർന്നുതുടങ്ങിയ പ്ലേറ്റോനിസത്തെ അദേഹം ശക്തമായി എതിർത്തു. ഈ ലോകത്തിലെ വസ്തുക്കളും വസ്തുതകളുമൊന്നും യാഥാർത്ഥ്യമല്ല, അവയെല്ലാം വെറും നിഴൽ മാത്രമാണ് എന്നായിരുന്നു പ്ലേറ്റോനിസം പഠിപ്പിച്ചത്. യേശുവും അവിടുത്തെ പ്രബോധനവും യാഥാർത്ഥ്യത്തിന്റെ നിഴൽ ആണെന്നുള്ള അബദ്ധവാദവും ഇതൊടൊപ്പം പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഈ വാദങ്ങളെ അദേഹം ശക്തമായി എതിർത്തു. അദേഹത്തിന്റെ അഭിപ്രായങ്ങളെയൊന്നും ആർക്കും ഖണ്ഡിക്കാനായില്ല. കാരണം വിശുദ്ധ അഗസ്റ്റിന്റെ വിശ്വാസം അത്രമേൽ ആഴമുള്ളതായിരുന്നു.
‘ഓ ദൈവമേ, അങ്ങിൽ യഥാർത്ഥമായി വിശ്വസിക്കുന്നവൻ ഈ ലോകത്തെ പൂർണമായി ജയിച്ചിരിക്കുന്നുവെന്ന്’ അദ്ദേഹം കുമ്പസാരത്തിൽ ഏറ്റു പറയുന്നുണ്ട്. കത്തോലിക്കാ സഭയിൽ എത്രയേറെ മല്പ്പാന്മാരും വേദപാരംഗതരുമുണ്ടെങ്കിലും അവരുടെയെല്ലാം ഗുരുസ്ഥാനീയനായി സെന്റ് അഗസ്റ്റിൻ എന്നും നിലനിൽക്കുക തന്നെ ചെയ്യും.
ദൈവം നേരിൽ വന്നപ്പോൾ
ഒരാൾ ദൈവത്തിന് മുമ്പിൽ നിലവിളിക്കുകയായിരുന്നു. ”ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ. ഞാൻ വലിയ വിഷമത്തിലൂടെ കടന്നുപോകുന്നു. എന്റെ അയൽവാസിയേക്കാൾ നല്ലൊരുവീടും വിലപിടിച്ച കാറും ജോലിയിൽ പ്രമോഷനും നൽകി എന്നെ സഹായിക്കണമേ..”അയാളുടെ പ്രാർത്ഥന കേട്ട് ദൈവം അയാൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
”കുഞ്ഞേ, നിന്റെ പ്രാർത്ഥന ഞാൻ കേട്ടു. ഞാൻ ചില കാഴ്ചകൾ ആദ്യം നിനക്ക് കാട്ടിത്തരാം. അതു കണ്ടിട്ട് നീ നിന്റെ ആവശ്യങ്ങൾ ഒരിക്കൽക്കൂടി എന്നോട് പറഞ്ഞാൽ ഞാനത് സാധിച്ചു തരുന്നതാണ്..”
അയാൾക്ക് സന്തോഷമായി. ദൈവം ജാലകത്തിന് പുറത്തേക്ക് വിരൽ ചൂണ്ടി. അവിടെ വീടില്ലാതെ നരകിക്കുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെയാണ് അയാൾ കണ്ടത്. അവർ ഘോരമായി പെയ്യുന്ന മഴയോടും മഞ്ഞിനോടും കഠിനമായി പോരാടുന്നു. അവരുടെ കുഞ്ഞുങ്ങൾ തലയിൽ ചെറിയൊരു തുണി വിരിച്ച് മരച്ചുവട്ടിൽ മഴയോട് പോരാടുന്നു. ആ കാഴ്ച കണ്ടിരിക്കുമ്പോൾ അയാൾ തന്റെ അതീവ സുരക്ഷിതമായ വീടിനെക്കുറിച്ചോർത്തു. താൻ എത്രയോ മഹാഭാഗ്യവാനാണെന്ന് അവന്റെ മനസ് മന്ത്രിച്ചു.
പിന്നീട് ദൈവം അവന് മറ്റൊരു കാഴ്ച കാട്ടിക്കൊടുത്തു. അത് ദൈവാലയത്തിൽ പോലും പോകാൻ പറ്റാതെ വിഷമിക്കുന്നവരായിരുന്നു. പള്ളിയിലേക്ക് പോകുന്നവരെ ഭീകരന്മാർ വഴിയിൽവെച്ച് കൊലപ്പെടുത്തുന്നു. ക്രിസ്ത്യാനിയായിട്ടും അത് പുറമേ ഏറ്റു പറയാൻ പറ്റാതെ ക്ലേശിക്കുന്നവർ. എന്നിട്ടും ദൈവസ്‌നേഹത്തെപ്രതി കിലോമീറ്ററുകൾ താണ്ടി ദൈവാലയത്തിൽ എത്തുന്ന ആയിരങ്ങൾ.
ആ കാഴ്ച കണ്ടിരിക്കുമ്പോൾ തന്റെ വീടിനടുത്തുള്ള ദൈവാലയത്തെക്കുറിച്ച് അവൻ ഓർത്തു. മരണഭയമില്ലാതെ പള്ളിയിൽ പോകാൻ കഴിയുന്നതിനേക്കാൾ മഹത്തായത് എന്താണുള്ളത്? ക്രിസ്ത്യാനിയാണ് താനെന്ന് എവിടെയും തനിക്കിന്ന് തുറന്ന് പറയാം. ഒരു ക്രിസ്ത്യാനിയെ എത്രയോ ആദരവോടെയാണ് സമൂഹം കാണുന്നത്. അപ്പോൾ താനെത്രയോ മഹാ ഭാഗ്യവാനാണ്. അയാൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.
ദുരിതവും പട്ടിണിയും കണ്ണീരും നിറഞ്ഞ അനേകം ദേശങ്ങൾ ദൈവം പിന്നീട് അയാൾക്ക് കാട്ടിക്കൊടുത്തു. യുദ്ധക്കെടുതിയും കലാപത്തിന്റെ രൂക്ഷതയിലും വിഷമിക്കുന്ന വരെ അദേഹം കണ്ടു. പരാതി പറയാനോ അക്ഷരം വായിക്കാനോ പോലും കഴിയാതെ ക്ലേശിക്കുന്നവരെയും. എല്ലാം കാട്ടിക്കൊടുത്ത ശേഷം ദൈവം അയാളോട് ചോദിച്ചു.
”ഇനി കുഞ്ഞേ, നിന്റെ ആവശ്യം എന്നോട് പറയൂ..”
അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. വിങ്ങിവിതുമ്പി നിന്ന അയാളെ ആശ്വസിപ്പിച്ച് ദൈവം അപ്രത്യക്ഷനായി. നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങൾക്കുവേണം എന്നും ദൈവത്തോട് നന്ദി പറയാൻ.
യേശു വരുമ്പോൾ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടും
ക്രിസ്റ്റീൻ പ്രവർത്തനങ്ങളിലൂടെ കേരളമെങ്ങും അറിയപ്പെടുന്ന സന്തോഷ് ടി.യൂടെ സാക്ഷ്യം ശ്രദ്ധേയമാണ്. ഇന്ന് ക്രിസ്തുവിന് വേണ്ടി ലോകമെങ്ങും ഓടി നടക്കുകയാണ് അദ്ദേഹം. തന്റെ ജീവിതം ദൈവം ഏറ്റെടുത്തത് എങ്ങനെയെന്ന് സന്തോഷ് പറയുന്നത് കേട്ടാലും.
”എന്റെ ചെറുപ്പത്തിൽ ദൈവത്തെ അറിയാതെയാണ് ഞാൻ വളർന്നത്. കാരണം എന്റെ പപ്പ പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ മുന്നണി പ്രവർത്തകനായിരുന്നു. മക്കളായ ഞങ്ങൾ മൂന്നുപേരും ആ രാഷ്ട്രീയ ചായ്‌വിലാണ് വളർന്നത്. രാഷ്ട്രീയത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ ആ രംഗത്ത് നിന്ന് മാറി ഷട്ടിൽ ബാറ്റ്മിന്റൺ രംഗത്തേക്ക് കടന്നു. അങ്ങനെ ഞങ്ങൾ ഷട്ടിൽ കുടുംബം എന്ന് കോട്ടയത്തും പരിസരങ്ങളിലും അറിയപ്പെടാൻ തുടങ്ങി. കളിയിൽ സംസ്ഥാന ദേശീയ തലങ്ങളിൽ വരെ വിജയം നേടി.
ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ കണ്ടിരിക്കുമ്പോഴാണ് കുടുംബത്തിൽ തകർച്ചകൾ, രോഗപീഡകൾ, സ്‌പോർട്‌സ് രംഗത്ത് അപ്രതീക്ഷിതമായ തോൽവി, ദാരിദ്ര്യം ഇവയെല്ലാം കടന്നുവരുന്നത്. ഈ സാഹചര്യത്തിൽ പപ്പക്ക് ചില സ്‌നേഹിതന്മാരുടെ ഉപദേശം കിട്ടി. നിങ്ങൾക്ക് ഇത്ര നല്ല കളിക്കാരായ മൂന്നു മക്കൾ ഉള്ളതിൽ അസൂയ ഉള്ളവർ നിങ്ങൾക്കെതിരെ മന്ത്രവാദവും കൂടോത്രവുമൊക്കെ ചെയ്യുന്നതാണിത്. ഈ ഉപദേശത്തിന്റെ വെളിച്ചത്തിൽ മന്ത്രവാദത്തിൽ നിന്നും രക്ഷപെടാനുള്ള വഴി തേടി ആ വഴികളിലൂടെ തന്നെ പപ്പ പോയി. എന്നാൽ വീണ്ടും രോഗപീഡകൾ ആ നാളുകളിൽ വർദ്ധിക്കുകയാണ് ചെയ്തത്. പാതാളത്തോളം താഴ്ത്തപ്പെടുന്ന അനുഭവം. കുടുംബം ഒട്ടും തന്നെ മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥ.
ആത്മഹത്യ മാത്രമാണ് ഇനിയുള്ള ഏക പോംവഴി എന്ന് ചിന്തിച്ചിരുന്ന അവസരത്തിലാണ് സ്‌നേഹിതൻ വഴി മഞ്ഞുമ്മൽ സി.ആർ.സി. ധ്യനമന്ദിരത്തിലേക്ക് പപ്പയും മമ്മിയും സഹോദരിയും കൂടി കരിസ്മാറ്റിക്ക് ധ്യാനത്തിന് പോകുന്നത്. ധ്യാനം കഴിഞ്ഞ് യേശുവിനെ സ്വീകരിച്ച് മാതാപിതാക്കൾ പുതിയ സൃഷ്ടിയായി മടങ്ങിവന്നു. മാതാപിതാക്കളുടെ കയ്യിൽ വീട്ടിൽ വെയ്ക്കാനുള്ളൊരു വചനവും ഉണ്ടായിരുന്നു. ‘ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും.'(ജോഷ്വാ 24:15)’ ഈ വചനം ഭിത്തിയിൽ പതിപ്പിച്ചിട്ട് മാതാപിതാക്കൾ പ്രാർത്ഥന തുടങ്ങി. പക്ഷേ ഞാനും എന്റെ ചേട്ടനും പ്രാർത്ഥനയിൽ പങ്കെടുക്കില്ലായിരുന്നു. അപ്പോൾ പപ്പ ഞങ്ങൾക്ക് ഈശോ തന്ന വാഗ്ദാനമാണ് ഈ വചനം എന്ന് പറഞ്ഞ് പ്രാർത്ഥിക്കുമായിരുന്നു.
മാതാപിതാക്കൾ ധ്യാനം കൂടി ഒരു വർഷം കഴിഞ്ഞപ്പോൾ ചേട്ടനും പിറ്റേ വർഷം ഞാനും നവീകരണാനുഭവത്തിൽ വന്നു. 1985 മുതൽ ഞങ്ങൾ കുടുംബമായി ഒരുമിച്ച് ദൈവവേല ചെയ്യുന്നു.” യേശുവിന്റെ രക്ഷ കുടുംബത്തിൽ പ്രവേശിക്കുമ്പോൾ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുന്നു. യേശുവിന്റെ സാന്നിധ്യം വരുമ്പോൾ കുടുംബത്തിലെ ഭൗതിക ആവശ്യവും പരിഹരിക്കപ്പെടുന്നു. കാനായിലെ കല്യാണ വീട്ടിൽ യേശുവും മാതാവും സന്നിഹിതരായിരുന്നു. വിരുന്ന് സൽക്കാര സമയത്ത് കുടുംബത്തിന് വേണ്ടി പരിശുദ്ധ അമ്മ ഇടപെട്ടു. ഈശോയെ വിവരം അറിയിക്കുന്നു. ഈശോയ്ക്ക് അത്ഭുതം പ്രവർത്തിക്കാൻ സമയമാകാതിരുന്നിട്ടും അമ്മ പറഞ്ഞത് അനുസരിച്ച് കുടുംബത്തിലെ ഭൗതിക ആവശ്യം നടത്തികൊടുക്കുന്നു. (യോഹ 2:1) നാം യേശുവിനെ അന്വേഷിച്ച് എവിടെയും പോകേണ്ട. നമ്മുടെ ഹൃദയകവാടത്തിൽ അവൻ മുട്ടിക്കൊണ്ടിരിക്കുന്നു, ഇതാ ഞാൻ വാതിക്കൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്ന് തന്നാൽ ഞാൻ അവനോടൊത്ത് വസിക്കുകയും അവനെ അനുഗ്രഹിക്കുകയുംചെയ്യും. (വെളി. 3:20)
ഇക്കാലത്തെ അപ്പനും മോളും
വളരെയേറെ ഒരുങ്ങി നടക്കുന്ന മകൾ അപ്പനോട്
”ഡാഡീ… ഞാൻ ബ്യൂട്ടിപാർലർ വരെ പോയിട്ട് വരാം.”
മകളുടെ വാക്കുകേട്ട് അപ്പൻ അമ്പരന്നു.”നീ ഇന്നലെ വരെ എന്നെ പപ്പാ എന്നാണല്ലോ വിളിച്ചത്?”
മകൾ: ”അങ്ങനെ വിളിച്ചാലേ ചുണ്ടിലെ ലിപ്സ്റ്റിക് ഇളകിപ്പോകും. അതാ…”

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?