വികാരത്തെ ആളിക്കത്തിക്കുകയും വികാരത്തെ വിറ്റു കാശാക്കുകയുമാണ് പല വാർത്താമാധ്യമങ്ങളും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നത്തെ അച്ചടി ദൃശ്യ മാധ്യമങ്ങളിൽ പലതും ഈ ശൈലിയാണ് അവലംബിച്ചിരിക്കുന്നത്.
ദിനപത്രങ്ങൾ: ശക്തമായ ബഹുജനസമ്പർക്ക മാധ്യമം
ഈ ഇന്റർനെറ്റ് യുഗത്തിലും ദിനപത്രങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്വാധീനശക്തിയാണുള്ളത്. ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ ആവിർഭാവത്തോടെ ദിനപത്രങ്ങൾക്കും മറ്റ് അച്ചടി പ്രസിദ്ധീകരണങ്ങൾക്കും ‘മരണമണി’ മുഴങ്ങുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ അടിസ്ഥാനമില്ലാത്തതാണെന്ന് നമ്മുടെ സമൂഹത്തിലെ ശക്തമായ പത്രസാന്നിധ്യം തെളിയിക്കുന്നുണ്ട്.
ഇലക്‌ട്രോണിക് മാധ്യമങ്ങൾ ക്ഷണികസ്വഭാവമുള്ളവയാണ്. അ തിലെ കാഴ്ചയോ കേൾവിയോ നമുക്കുവേണ്ടി നിന്നുതരില്ല. എന്നാൽ പത്രത്തിന് സ്ഥിരതയുണ്ട്. അതിലെ വിവരങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ച് സംശയനിവൃത്തി വരുത്തുകയും ആവർത്തിച്ചു വായിക്കുകയും ചെയ്യാം.
വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായനക്കാർക്ക് ആഴത്തിൽ മനസിലാക്കാൻ പത്രങ്ങൾ കൂടിയേ തീരൂ. വാർത്തകൾ അറിയുന്നതിനെക്കാൾ ഉപരിയായി അവയെ ക്രിയാത്മകമായി അപഗ്രഥിക്കാനാണ് പത്രങ്ങൾ സഹായിക്കുന്നത്. പലപ്പോഴും ഉപരിപ്ലവമായ അവതരണശൈലിയാണ് ഇലക്‌ട്രോണിക് മാധ്യമങ്ങളും ചാനലുകളും നടത്തുന്നത്. അതുകൊണ്ടാണ് പത്രങ്ങൾക്ക് ഒരു റഫറൻസ് മൂല്യം ഉണ്ടെന്നു പറയുന്നത്.
വി. പത്താം പീയൂസ് മാർപാപ്പയുടെ മാധ്യമങ്ങളെക്കുറിച്ചുള്ള ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമാണ്: ദൈവാലയങ്ങളും സ്‌കൂളുകളും ഇതര സ്ഥാപനങ്ങളും സ്ഥാപിക്കുന്നതോടൊപ്പം തന്നെ ശക്തമായ ഒരു കത്തോലിക്കാ മാധ്യമവും ആവശ്യമാണെന്നാണല്ലോ പരി. പിതാവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവാചകശബ്ദത്തിന് സമകാലികകേരള സമൂഹത്തിൽ ഏറെ അർത്ഥങ്ങളുണ്ട.് മാധ്യമരംഗത്ത് സഭ തളർന്നപ്പോഴാണ് ഛിദ്രശക്തികൾ സഭയെ ആക്രമിക്കുവാൻ ശക്തമായി കച്ച കെട്ടിയിറങ്ങിയത്.
ദിനപത്രങ്ങൾ: പ്രതികരണത്തിന്റെ ഈറ്റില്ലം
ദിനപത്രങ്ങൾ ശക്തമായ പ്രതികരണത്തിന്റെ വേദികളാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം 2006 ൽ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം സഭയുടെ പീഡനത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.
സ്വാശ്രയനിയമം, ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പ്രസ്തുത നിയമത്തിൽ തെറ്റായ അവതരിപ്പിച്ച കാര്യങ്ങൾ, ‘വിദ്യാഭ്യാസ കച്ചവടം’ എന്ന ലേബലൊട്ടിച്ച് കത്തോലിക്കാ സഭയെ ഇതര സമുദായങ്ങളുടെയിടയിൽ നിക്ഷിപ്തതാൽപര്യക്കാർ അവതരിപ്പിക്കാൻ ശ്രമിച്ചത്, പാഠപുസ്തകങ്ങളിലൂടെയുള്ള നിരീശ്വരത്വം, മതത്തെയും മതാധ്യക്ഷന്മാരെയും അവഹേളിക്കൽ, ജീവനുനേരെയുള്ള കടന്നുകയറ്റമെന്ന നിലയിൽ ദയാവധം, ആത്മഹത്യ എന്നിവ നിയമവിധേയമാക്കാനും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പിഴ കൊടുക്കാനും കേരള നിയമപരിഷ്‌കരണ കമ്മീഷൻ സർക്കാരിന് ശുപാർശ ചെയ്തത്, സർക്കാരുമായി കരാറിലേർപ്പെടാത്ത സഭയുടെ സ്വപ്നങ്ങളെ തകർക്കാനും പീഡിപ്പിക്കാനും സർവകലാശാലകൾ വഴി കുത്സിതശ്രമം നടത്തിയത്… തുടങ്ങിയവ സഭയ്ക്കുനേരെയും സമൂഹത്തിൽ നിലവിലിരിക്കുന്ന മൂല്യങ്ങൾക്കെതിരെയുമുള്ള അധികാരവർഗത്തിന്റെ കടന്നുകയറ്റമായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ധാർമികശക്തിയും സാമൂഹ്യഏജൻസിയുമായ കത്തോലിക്കാസഭയുടെ വായ് മൂടിക്കെട്ടുക എന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി മാധ്യമചാനലുകളെയും സമകാലിക കേരള സമൂഹത്തിൽ കാണാൻ കഴിയും.
ദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും മാസികകളും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. അനുദിനവും അനുനിമിഷവും അരങ്ങേറുന്ന വാർത്തകളെയും സംഭവങ്ങളെയും വസ്തുനിഷ്ഠമായി അവതരിപ്പിക്കുക എന്നതാണ് ഒരു യഥാർത്ഥ ദിനപത്രം ചെയ്യേണ്ടത്. ദിനപത്രങ്ങൾ തമ്മിലും കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങളുണ്ട്. ഉദാഹരണമായി, ഗർഭഛിദ്രം മാരകമായ ഒരു തിന്മയായി കരുതുന്ന ഒരു ദിനപത്രം ജീവന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശ്രദ്ധിക്കുന്നത്.
ഗർഭഛിദ്രത്തെ ഒരു തിന്മയായി കാണാത്ത ദിനപത്രത്തെ സംബന്ധിച്ചിടത്തോളം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു വാർത്തയേ അല്ലാതാകുന്നു. ഉടനടിയുള്ള പ്രതികരണമാണ് ദിനപത്രത്തിന്റെ പ്രത്യേകത. ഒരു തെറ്റായ സംഭവമോ ആശയമോ സമൂഹത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഒരാഴ്ച കഴിഞ്ഞോ ഒരു മാസം കഴിഞ്ഞോ പ്രതികരിക്കുന്നതിൽ യാതൊരർത്ഥവുമില്ല. ഇവിടെയാണ് ദിനപത്രങ്ങളുടെ സ്വാധീനവും പ്രാധാന്യവും ഏറെ ശ്രദ്ധേയമാകുന്നത്. ദിനപത്രങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കാനും മനസിലാക്കാനുമാണ് ആഴ്ചപ്പതിപ്പുകളും മാസികകളും ശ്രമിക്കുന്നത്.
മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക, സ്വാതന്ത്ര്യസമരം, ദളിത് വിദ്യാഭ്യാസം, കാർഷിക അവകാശ പ്രക്ഷോഭം, വിമോചനസമരം, അടിയന്തരാവസ്ഥ തുടങ്ങിയവയുടെ കാലഘട്ടത്തിൽ സമൂഹത്തിന് ഗണനീയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ധാർമ്മികമൂല്യങ്ങളുടെയും കാവലാളായ പത്രങ്ങൾ
പത്രങ്ങൾ ജനാധിപത്യത്തിന്റെ കാവൽസൂക്ഷിപ്പുകാരാണെന്ന് പൊതുവെ പറയാറുണ്ടല്ലോ. എന്നാൽ ജനാധിപത്യത്തിന്റെ മാത്രമല്ല ധാർമ്മികമൂല്യങ്ങളുടെയും കാവൽ സൂക്ഷിപ്പുകാരായി പത്രങ്ങൾ മാറേണ്ടതുണ്ട്. ഇന്നു പല പത്രങ്ങളും ചാനലുകളും മത്സരിക്കുന്നത് സെൻസേഷണലിസവും ഗോസിപ്പും കൂട്ടിക്കലർത്തി വാർത്തകളെയും വസ്തുതകളെയും അവതരിപ്പിക്കാനാണ്. അങ്ങനെ വരുമ്പോൾ സത്യം അസത്യമായും അസത്യം സത്യമായും സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ സഭയ്ക്ക് തന്റേതായ പങ്ക് നിർവഹിക്കാനുണ്ട്.
രണ്ടു വർഷങ്ങൾക്കുമുമ്പ് പാഠപുസ്തകത്തിലൂടെ നിരീശ്വരത്വം പ്രചരിപ്പിക്കാൻ കേരള സർക്കാർ ശ്രമിച്ചപ്പോൾ പൊതുസമൂഹത്തിന് അതിനെക്കുറിച്ചുള്ള മുന്നറിയിപ്പു നൽകിയത് ദീപിക ദിനപത്രമായിരുന്നു. കേരള നിയമപരിഷ്‌കരണ കമ്മീഷൻ ഒരു വർഷം മുമ്പ് ജീവനെതിരായുള്ള അപകടകരമായ നിയമനിർമ്മാണത്തിനു ശ്രമിച്ചപ്പോഴും അതിനെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ഉണർത്തിയത് ദീപികയായിരുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും വാർത്തകൾ ചമയ്ക്കാനും ‘കവർ സ്റ്റോറികൾ’ തയാറാക്കാനും പത്രങ്ങൾ ഇന്നു മത്സരിക്കുകയാണ്. എന്നാൽ ദുരന്തത്തെക്കുറിച്ചുള്ള സൂചനകൾ നൽകാനോ സാമൂഹ്യമനഃസാക്ഷിയെ ഉണർത്താനോ പത്രങ്ങൾ പലപ്പോഴും തയാറാകുന്നില്ല എന്നതാണ് സത്യം.
രണ്ടു മാസത്തിനു മുമ്പ് നടന്ന മദ്യദുരന്തത്തിന് രണ്ടു ദിവസം മുമ്പ് ദീപിക എഡിറ്റോറിയൽ എഴുതിയത് സർക്കാരിന്റെ മദ്യനയത്തെ സംബന്ധിച്ച ഇരട്ടത്താപ്പിനെക്കുറിച്ചായിരുന്നു. ഇവിടെയാണ് ദിനപത്രങ്ങളുടെ യഥാർത്ഥദൗത്യം കാണാൻ സാധിക്കുന്നത്. പത്രങ്ങൾ ജനാധിപത്യത്തിന്റെ കാവൽസൂക്ഷിപ്പുകാരെ ധാർമ്മികതയുടെയും കാവലാളായിരിക്കേണ്ടതാണ്. ജനാധിപത്യം നന്മയുടെ ആധിപത്യം ആണെന്ന് ഉറപ്പിക്കാൻ പത്രങ്ങൾക്ക് സാധിക്കണം.
കത്തോലിക്കാസഭയുടെ മാധ്യമധർമ്മം
കത്തോലിക്കാസഭയുടെ മാധ്യമധർമ്മം എന്താണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാക്കുകളിൽ വ്യക്തമാണ്: ”സഭയുടെ സന്താനങ്ങൾ ഉദാസീനരായി രക്ഷയുടെ വചനം തടസപ്പെടുത്തുകയോ താമസിപ്പിക്കുകയോ ചെയ്യുന്നെങ്കിൽ അത് അത്യന്തം അപലപനീയമാണ്…. സത്യം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും മനുഷ്യസമുദായത്തിന് ക്രിസ്തീയരൂപം പകരാനും വേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാപത്രങ്ങൾ, മാസികകൾ, സിനിമ-റേഡിയോ-ടെലിവിഷൻ പരിപാടികൾ, പ്രക്ഷേപണകേന്ദ്രങ്ങൾ എന്നിവയെ സഹായിക്കാനും സംരക്ഷിക്കാനും അവർക്ക് കടമയുണ്ട്” (സാമൂഹ്യമാധ്യമങ്ങൾ, നമ്പർ-17).
ഓരോ പത്രവും ഓരോ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. പത്രം എന്നത് വെറുമൊരു കടലാസു കഷണമല്ല; വാർത്തകൾ വായിച്ചു തള്ളിക്കളയേണ്ട ഒരു സാധനവുമല്ല. പത്രം യഥാർത്ഥ നീതിയെയും ധാർമ്മികമൂല്യങ്ങളെയും സർവോപരി സത്യത്തെയും മുറുകെ പിടിക്കേണ്ട ഒരു സംവിധാനമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പത്രരംഗത്ത് പലപ്പോഴും ഇത്തരം കാര്യങ്ങൾ അവഗണിക്കപ്പെടുന്നു എന്നത് ഒരു ദുഃഖസത്യമാണ്.
മാധ്യമരംഗത്ത് സഭാംഗങ്ങൾ പലപ്പോഴും പുലർത്തുന്ന ഉദാസീനതയും ലാഘവ മനോഭാവവും തിരിച്ചടികളുണ്ടാക്കും. ഒരു പത്രം എന്നത് സമൂഹത്തിലെ ശക്തമായ ജിഹ്വയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് ശക്തമായ ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തേണ്ടതുണ്ട്.
ഫാ. ജോസഫ് കളത്തിൽ
Leave a Comment
Your email address will not be published. Required fields are marked with *