Follow Us On

03

July

2022

Sunday

കുറ്റിക്കലച്ചനെ കല്ലെറിയുന്നവർ അറിയാത്ത കാര്യം

കുറ്റിക്കലച്ചനെ കല്ലെറിയുന്നവർ അറിയാത്ത കാര്യം

കഴിഞ്ഞ നാളുകളിലൊന്നിൽ സന്ദർശിക്കുവാനിടയായ കോഴിക്കോട് നഗരത്തിലുള്ള ഒരു കാരുണ്യഭവനം. ക്രിസ്തുദാസി സന്യാസിനീ സമൂഹം നടത്തിവരുന്ന അവിടെ നൂറോളം വൃദ്ധരും രോഗികളുമായവർ സംരക്ഷിക്കപ്പെടുന്നുണ്ട്. പത്തുവർഷത്തെ പ്രവർത്തന ചരിത്രത്തിൽ, അവിടെ കടന്നുവന്നിട്ടുള്ളത് അഞ്ഞൂറിൽപരം ആത്മാക്കളാണ്.
അന്ന് ഉച്ചഭക്ഷണവേളയിൽ, തീർത്തും അവശരായ ചിലർക്ക് സന്യാസിനിമാർ ഭക്ഷണം വാരിക്കൊടുക്കുമ്പോൾ അവർക്കിടയിൽ ഒരു സ്ത്രീയെ ശ്രദ്ധിക്കുവാനിടയായി. അവരുടെ ശോഷിച്ച വലതുകരം തോൾ മുതൽ മുകളിലേയ്ക്ക് മടങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു. ആ കരം ചലിപ്പിക്കുവാൻ പോലും അവൾക്ക് കഴിയുമായിരുന്നില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ അവരെക്കുറിച്ച് അറിഞ്ഞത് ദൈന്യമായ ചില കാര്യങ്ങളാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് തന്നെയുള്ള സർക്കാർ മാനസികരോഗാശുപത്രിയിൽ നിന്ന് ആ കന്യാസ്ത്രീകൾക്ക് ലഭിച്ചതാണ് ആ സ്ത്രീയെ. ഈ ഭവനത്തിന്റെ സുപ്പീരിയറായ സിസ്റ്റർ ഒരിക്കൽ ആ ആശുപത്രി സന്ദർശിച്ചപ്പോൾ, കരങ്ങൾ രണ്ടും മുകളിലേയ്ക്കാക്കി ഒരു ഡയപ്പർ മാത്രം ധരിപ്പിച്ച് കട്ടിലിൽ ബന്ധിച്ചിരുന്ന ആ സ്ത്രീയെ കാണുകയും, ഹോസ്പിറ്റൽ അധികാരികളോട് അപേക്ഷിച്ച് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.
ശബ്ദിക്കുവാനോ സ്വയം ചലിക്കുവാനോ പോലുമാവാത്ത ഒരു മനുഷ്യസ്ത്രീയെ പ്രശസ്തമായ ആ ആശുപത്രിയിലെ ജീവനക്കാർ കൈകാര്യം ചെയ്ത രീതിയുടെ ഫലമായാണ് അവരുടെ കരങ്ങൾ ഉപയോഗശൂന്യമായി തീർന്നത്. ഇത്തരത്തിൽ ഇന്ന് കേരളത്തിലും പുറത്തും സന്യാസസമൂഹങ്ങളും, സഭാനേതൃത്വവും, അൽമായരും നടത്തിവരുന്ന കാരുണ്യഭവനങ്ങളുടെ ഉള്ളറകളിൽ ഉറങ്ങുന്ന കണ്ണീർകഥകൾ അനവധിയാണ്.
ഇത്തരം ഭവനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും എന്താണെന്ന് മനസിലാക്കാൻ മേൽപ്പറഞ്ഞ ഒരനുഭവം മാത്രം മതി. സർക്കാർ സംവിധാനങ്ങൾ അനേക കോടികൾ ചെലവഴിച്ച് നിരവധി സ്ഥാപനങ്ങൾ കെട്ടിയുയർത്തിയിരിക്കുന്നുവെങ്കിലും, വിരലിലെണ്ണാവുന്നവയൊഴികെയുള്ളവയുടെ പ്രവർത്തനങ്ങൾ പലപ്പോഴും മനുഷ്യസ്‌നേഹത്തിന്റെ സ്പർശം പോലും ഇല്ലാത്തവയാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
ഇന്ന് തിരുസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന കേരളത്തിലുള്ള നൂറുകണക്കിനായ അഗതി മന്ദിരങ്ങളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വൃദ്ധരും രോഗികളുമായ നിരാശ്രയരുടെ എണ്ണം പതിനായിരക്കണക്കിനാണ്. അതിൽ ഏറിയ പങ്കും മാനസികരോഗികൾ ആണ് എന്നതാണ് വാസ്തവം.
അവരിൽ പലരും, സ്വന്തം നാടോ വീടോ പേര് പോലുമോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കഴിയുന്നവരാണ്. അടുത്ത കാലങ്ങളായി മതസ്പർദ്ധ വളർത്തുവാൻ കിണഞ്ഞ് പരിശ്രമിക്കുന്നവരും, കത്തോലിക്കാസഭയെയും വിവിധ ക്രൈസ്തവസമൂഹങ്ങളെയും അടച്ചാക്ഷേപിക്കുക മാത്രം ചെയ്യുന്നവരും, ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു ഭവനം നേരിട്ട് നിരീക്ഷിക്കുവാൻ തയ്യാറായാൽ തങ്ങളുടെ ആരോപണങ്ങൾ പിൻവലിക്കുമെന്ന് തീർച്ച.
എന്നാൽ, യാഥാർത്ഥ്യമെന്തെന്ന് ഗ്രഹിക്കുവാൻ ശ്രമിക്കാതെ, ദുരാരോപണങ്ങൾ ചൊരിയുക മാത്രം ചെയ്യുകയും, ഒരു വലിയ സമൂഹമദ്ധ്യത്തിൽ ഇത്തരം കാരുണ്യപ്രവൃത്തികളെ അടക്കം തെറ്റായ വ്യാഖ്യാനങ്ങളോടെ അവതരിപ്പിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം നിഗൂഡമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അർത്ഥരഹിതമായ ഒരാരോപണവും അതേത്തുടർന്നുണ്ടായ വാഗ്വാദങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്ന ചില വസ്തുതകളുണ്ട്.
2011 ഫെബ്രുവരി ഒന്നിന് ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായ പീഡനത്തിന് ഇരയാവുകയും, കൊല്ലപ്പെടുകയും ചെയ്ത സൗമ്യ എന്ന പെൺകുട്ടി ഇന്നും മലയാളി ഹൃദയങ്ങളിൽ ഉണങ്ങാത്ത ഒരു മുറിവാണ്. ആ വേദനയ്ക്ക് ആനുപാതികമായ രോഷത്തോടെയാണ് എന്നും കുറ്റവാളിയായ ഗോവിന്ദചാമിയെക്കുറിച്ച് നാം സംസാരിച്ചിട്ടുള്ളത്. വിചാരണക്കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി തുടർന്ന് സുപ്രീംകോടതിയിൽ അപ്പീലിന് പോകുന്ന വിവരമടക്കം വാർത്താപ്രാധാന്യം നേടിയിരുന്നു.
പലവിധത്തിലുള്ള വ്യാഖ്യാനങ്ങളും, ഗോവിന്ദചാമിയുടെ അധോലോകബന്ധത്തെക്കുറിച്ചുള്ള ചർച്ചകളും ഏറെ നാളുകളായി അരങ്ങുവാഴുന്നു. കഴിഞ്ഞ ദിവസം, സുപ്രീംകോടതി പ്രതിയുടെ വധശിക്ഷ റദ്ദാക്കിയതോടെ അനേകർ സമൂഹമാധ്യമങ്ങളിലും മറ്റ് ചർച്ചാവേദികളിലും സജീവമായി രംഗത്ത് വരികയുണ്ടായി. ഒട്ടേറെ ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും വിമർശനങ്ങളും ഉയർന്നു. പരമോന്നത കോടതിയെ പോലും മുഖമടച്ച് വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത അനേകർ വൈകാരികമായ ഭാഷയിലാണ് പ്രസ്തുത വിഷയത്തെ കൈകാര്യം ചെയ്തത്. മലയാളികളുടെ രീതികളനുസരിച്ച് അസ്വാഭാവികമെന്ന് അവയൊന്നും വിലയിരുത്താനാവില്ല. എന്നാൽ, ഒടുവിൽ ഉയർന്ന ഒരു ആരോപണം തികച്ചും യുക്തിക്ക് നിരക്കാത്തതും അവാസ്തവവുമെങ്കിലും അതും വലിയ ചർച്ചകൾക്ക് കാരണമായി.
ഗോവിന്ദചാമിക്ക് പിന്നിൽ പ്രവർത്തിക്കുന്നതും അയാൾക്ക് വേണ്ടി പണം ചെലവഴിക്കുന്നതും ഒരു ക്രിസ്ത്യൻ സംഘടനയാണെന്ന ദുരാരോപണം ആയിരുന്നു അത്. തികച്ചും ദൗർഭാഗ്യകരവും മാധ്യമധർമത്തിന് ഒരിക്കലും നിരക്കാത്തതും തികഞ്ഞ കുറ്റകൃത്യം എന്ന് തന്നെ വിലയിരുത്താവുന്നതുമായ പ്രസ്തുത പ്രചരണത്തിന് പിന്നിലെ ആശയം തേജസ് എന്ന പത്രത്തിന്റെ ലേഖകന്റെ ഭാവനാസൃഷ്ടിയായിരുന്നു. തികഞ്ഞ അസംബന്ധമെന്ന് റിപ്പോർട്ടിംഗിന്റെ ശൈലിയിൽ നിന്ന് തന്നെ വ്യക്തമാകുമായിരുന്നിട്ടും ഓൺലൈൻ ഉൾപ്പെടെയുള്ള മറ്റ് ചില മുഖ്യധാരാമാധ്യമങ്ങൾ ഈ വിഷയത്തെ ഏറ്റുപിടിച്ചത്, ഇന്നത്തെ മാധ്യമരംഗം നേരിടുന്ന വലിയ അപചയത്തിന്റെ സൂചനയാണ് എന്ന് പറയാതെ വയ്യ.
കേരളസമൂഹത്തിന് മുഴുവൻ പ്രിയങ്കരനും ബഹുമാന്യനുമായ ജോർജ്ജ് കുറ്റിക്കൽ അച്ചനും, അദ്ദേഹം രൂപം നൽകിയ അകാശപ്പറവകളുടെ കൂട്ടുകാർ എന്ന പ്രസ്ഥാനവുമാണ് അനാവശ്യമായ ദുരാരോപണത്തെ നേരിട്ടത്. ഇന്ന് കേരളത്തിൽ മാത്രമല്ല, ലോകസമൂഹത്തിൽ തന്നെ, പ്രവർത്തനശൈലികൾ കൊണ്ടും കാരുണ്യപ്രവൃത്തികൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ ഒരു പുരോഹിതശ്രേഷ്ഠനാണ് കുറ്റിക്കലച്ചൻ എന്നതിനാൽ തന്നെ, ഈ വിഷയം കൂടുതൽ ഗൗരവമുള്ളതായി മാറുന്നു.
ഏറെ വർഷങ്ങൾക്ക് മുമ്പ്, രാജസ്ഥാനിലെ ഭരത്പൂറിലുള്ള പക്ഷി സങ്കേതത്തിൽ വച്ചാണ് അച്ചനു ദൈവം ഒരു വലിയ വിളി നൽകുന്നത്. അവിടെ സന്ദർശനവേളയിൽ ദേശാടനപക്ഷികളെ നിരീക്ഷിക്കുകയും, വർഷം തോറുമുള്ള അവയുടെ വരവും പോക്കും കൃത്യമായി വിലയിരുത്തുകയും ചെയ്യുന്ന പക്ഷിനിരീക്ഷകരെ അച്ചൻ കണ്ടു. ആരും ചിന്തിക്കാനില്ലാത്ത, എവിടെയും കണക്കുകൾ സൂക്ഷിക്കപ്പെടാത്ത ഭാരതത്തിന്റെ തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന അനേകായിരങ്ങളെക്കുറിച്ചാണ് അച്ചൻ അപ്പോൾ ചിന്തിച്ചത്. അന്നുമുതൽ അച്ചൻ അവർക്കുവേണ്ടി തെരുവിലേയ്ക്കിറങ്ങി. ആകാശപ്പറവകളുടെ കൂട്ടുകാർ എന്ന മഹത്തായ പ്രസ്ഥാനം അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.
ഭാരതത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ആകാശപ്പറവകളുടെ ഇരുനൂറിലേറെ ആശ്രമങ്ങളിലായി ഇന്നോളം പുനരധിവസിക്കപ്പെട്ടിട്ടുള്ള തെരുവിന്റെ മക്കൾ പതിനാറായിരത്തോളമാണ്. ഇവരിൽ ഭൂരിപക്ഷവും മാനസികരോഗികളും, മറ്റ് കഠിനരോഗാവസ്ഥകളിൽ ഉള്ളവരുമാണ്. ഒരുപക്ഷെ, തെരുവിലലയുന്ന അനാഥരും വൃദ്ധരും രോഗികളുമായവർക്ക് വേണ്ടിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരധിവാസപദ്ധതിയാവണം ഇത്.
ഈ മഹത്തായ പദ്ധതിക്കായി അച്ചന്റെ മൂലധനം ഹൃദയം നിറയെ ഉള്ള സ്‌നേഹവും ദിവ്യകാരുണ്യത്തോടുള്ള അഗാധമായ അടുപ്പവും മാത്രമാണ്. ചെലവുകൾക്കാവശ്യമുള്ളതെല്ലാം അതാത് സമയങ്ങളിൽ നല്ല മനസുകളായ അനേകരിലൂടെ ദൈവം ക്രമീകരിക്കുന്നു. അച്ചന്റെ വഴികളും പ്രവർത്തനതീക്ഷണതയും തിരിച്ചറിഞ്ഞ് അദ്ദേഹത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുവാൻ സന്നദ്ധരായ അനേകർ ഭാരതമെമ്പാടുമുണ്ട്.
തെരുവിൽ കഴിഞ്ഞിരുന്ന പരദേശികളായ മാനസികരോഗികളും വൃദ്ധരും അനാഥരുമാണ് ആകാശപ്പറവകളുടെ ആശ്രമങ്ങളിൽ കടന്നുവന്നിട്ടുള്ളത് എന്നത് തന്നെയാവണം കഴിഞ്ഞ നാളുകളിൽ ഉയർന്ന ദുരാരോപണത്തിന് പ്രചോദനമായത്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണുകയോ പറഞ്ഞറിയുകയെങ്കിലുമോ ചെയ്തിട്ടുള്ള ഒരാൾക്കും, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയാതിരിക്കുവാൻ കഴിയില്ല എന്നതാണ് വാസ്തവം.
എന്നാൽ, കഴിഞ്ഞ ദിവസം കേരളം കണ്ട ചർച്ചയ്ക്ക് രണ്ട് വശങ്ങളുണ്ടായിരുന്നു. ഒരു വിഭാഗം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുൻധാരണകളില്ലാതെ പിന്തുണച്ചപ്പോൾ, ചെറുതല്ലാത്ത മറ്റൊരു വിഭാഗം തങ്ങളുടെ അബദ്ധജഡിലമായ മുൻധാരണകളും, വിഷലിപ്തമായ ഗൂഡലക്ഷ്യങ്ങളും ഉള്ളിൽ സൂക്ഷിച്ചുകൊണ്ട്, അന്ധമായി വിമർശിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ചൊരിയുകയും ചെയ്തു. അവരൊന്നും തന്നെ, കുറ്റിക്കലച്ചനെയോ ആകാശപ്പറവകളെയോ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുപോലും ഉള്ളവരായിരുന്നില്ല. ഒരുപക്ഷെ, പരോക്ഷമായി അവർ സംസാരിച്ചത് അദ്ദേഹത്തിനെതിരെയും ആയിരുന്നില്ല. അത് കുറേകാലമായി നാം കണ്ടുവരുന്ന വിവിധ ക്രൈസ്തവസമൂഹങ്ങൾക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങളുടെ തുടർച്ചയായിരുന്നു.
വിശുദ്ധ മദർ തെരേസ മുതൽ, ആരംഭിക്കുന്ന ഭാരതസഭയുടെ മടിത്തട്ടിലെ കാരുണ്യപ്രവൃത്തികളുടെ ആഴം വളരെ വലുതാണ്. ഒരിക്കലും ഈ സമൂഹത്തിൽനിന്ന് മാറ്റിനിർത്താൻ കഴിയാത്തത്ര വലിയ സ്ഥാനം ഇത്തരം എണ്ണിയാൽ തീരാത്ത വ്യക്തികൾക്കും സമൂഹങ്ങൾക്കും ഭവനങ്ങൾക്കും ഉണ്ടെന്ന തിരിച്ചറിവിൽ നിന്ന് തന്നെ ആരംഭിക്കുന്ന പ്രവർത്തനപദ്ധതികളുടെ ഭാഗമാണ്, ചിലർ നേതൃത്വം നൽകുന്ന അബദ്ധപ്രചരണങ്ങൾ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഘട്ടംഘട്ടമായി ഈ വലിയ സമൂഹത്തിൽ വിഷം കുത്തിവയ്ക്കുന്നതിലൂടെ തങ്ങളുടെ അജണ്ട അത്തരക്കാർ നടപ്പിൽ വരുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യാഥാർഥ്യവും സത്യവും ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ധർമ്മത്തിൽ നിന്നും വ്യതിചലിച്ച്, സെൻസേഷനുകൾ സൃഷ്ടിക്കുവാനുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ വഴിയായി അവരും ഇത്തരം ഗൂഡലക്ഷ്യങ്ങളിൽ പങ്കാളികളാകുന്നു. ഈ സത്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, വസ്തുനിഷ്ടമായി ഇത്തരം കാര്യങ്ങളെ സമീപിക്കുവാൻ നമുക്ക് പരിശ്രമിക്കാം.
വിനോദ് നെല്ലക്കൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?