Follow Us On

03

July

2022

Sunday

നല്ല കുഞ്ഞുങ്ങളെ ലഭിക്കാനുള്ള വഴികൾ

നല്ല കുഞ്ഞുങ്ങളെ ലഭിക്കാനുള്ള വഴികൾ

കുഞ്ഞുങ്ങൾ നല്ലവരാകുന്നത് ജനിച്ചുകഴിഞ്ഞാണോ? ജനിക്കുന്നതിനുമുമ്പാണോ? അധികമാളുകളും ധരിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെ നന്നായി വളർത്തിയാൽ കുഞ്ഞുങ്ങൾ നല്ലവരാകും എന്നാണ്. എന്നാൽ കുഞ്ഞുങ്ങൾ നല്ലവരാകുകയോ ആകാതിരിക്കുകയോ ചെയ്യുന്നത് ലോകത്തിലേക്കു അവർ ജനിച്ചുവീഴുന്നതിനുമുമ്പുള്ള അവസ്ഥ ആശ്രയിച്ചാണ്.
കുഞ്ഞുങ്ങൾക്കു ജന്മം കൊടുക്കുന്നതിനുമുമ്പുള്ള ദമ്പതികളുടെ പശ്ചാത്തലമാണ് പ്രധാനം. കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന നിമിഷങ്ങളും ഉദരത്തിൽ സംവഹിക്കപ്പെടുന്ന ഒമ്പതുമാസങ്ങളുമാണ് അവരുടെ സ്വഭാവത്തെയും ഭാവിയെയും നിർണ്ണയിക്കുന്നത്. കുഞ്ഞുങ്ങൾ പിറന്നു വീഴുമ്പോൾത്തന്നെ 75 ശതമാനവും സ്വഭാവപരിശീലനം നടന്നുകഴിഞ്ഞു എന്നാണ് മന:ശാസ്ത്രത്തിന്റെ വെളിപ്പെടുത്തലുകൾ പറഞ്ഞുതരുന്നത്. കുഞ്ഞുങ്ങൾക്കു ജന്മം കൊടുക്കുന്ന നിമിഷങ്ങളിലെ മാതാപിതാക്കളുടെ ആത്മീയ മാനസികഭാവങ്ങൾ കുഞ്ഞുങ്ങളിലേക്ക് പറിച്ചുമാറ്റപ്പെടുന്നു.
കറകളഞ്ഞസ്‌നേഹത്തിന്റെയും ആത്മീയതയുടെയും പ്രാർത്ഥനയുടെയും പിൻബലത്തിലാണ് കുഞ്ഞുങ്ങൾ ജനിക്കേണ്ടത്. മദ്യത്തിന്റെയും കാമാസക്തിയുടെയും വിദ്വേഷത്തിന്റെയും അതിപ്രസരത്തിലാണ് കുഞ്ഞുങ്ങൾ ജനിക്കുന്നതെങ്കിൽ ആസക്തികളുടെയും നിഷേധാത്മക മനോഭാവങ്ങളുടെയും ഉല്പന്നമായിരിക്കും പിറക്കുന്ന ശിശു.
ഈശോ പറഞ്ഞു: ”മാംസത്തിൽ നിന്നു ജനിക്കുന്നത് മാംസമാണ്; ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും” (യോഹ 3:6). ഇന്ന് അനേകം കുഞ്ഞുങ്ങൾ മൃഗങ്ങളെപ്പോലെ മാംസത്തിൽനിന്നുമാത്രമാണ് ജനിക്കുന്നത്. യഥാർത്ഥത്തിൽ കുഞ്ഞുങ്ങൾ ജനിക്കേണ്ടത് ആത്മാവിന്റെ അഭിഷേകത്തിലാണ്. വിവാഹരാത്രിയിൽ തോബിയാസ് സാറായോടൊപ്പം മണവറയിൽ തനിച്ചായപ്പോൾ ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാർത്ഥിച്ചു: ”കർത്താവേ, ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌ക്കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമെ.
ഇവളോടൊത്ത് വാർദ്ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും” (തോബി. 8:7). നിഷ്‌കളങ്കസ്‌നേഹത്തിലും പ്രാർത്ഥനാചൈതന്യത്തിലും ആത്മാഭിഷേകത്തിലുമാണ് തോബിയാസും സാറായും കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതെന്ന് വ്യക്തമാണ്. ആസക്തികളുടെ പൂർത്തീകരണത്തിൽ എന്നതിനെക്കാൾ നിർമ്മലമായ സ്‌നേഹത്തിന്റെ പ്രകാശനത്തിൽ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവിടെ നല്ല വ്യക്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും അടിത്തറ പാകിക്കഴിഞ്ഞു.
ഒരിക്കൽ ദമ്പതികൾ പറഞ്ഞു: ”ഞങ്ങൾക്ക് മൂന്നു കുട്ടികളുണ്ട്. ആദ്യ രണ്ടുകുട്ടികൾ ജനിച്ചശേഷം നവീകരണധ്യാനമെല്ലാം കൂടി പ്രാർത്ഥിച്ച് ഒരുങ്ങിയാണ് മൂന്നാമത്തെ കുട്ടിക്കു ജന്മം നല്കിയത്. ആ കുട്ടി ആദ്യത്തെ രണ്ടു കുട്ടികളെക്കാൾ സ്വഭാവത്തിലും ആത്മീയതയിലുമെല്ലാം വളരെ വ്യത്യസ്തനാണ്; ഉൽക്കൃഷ്ടനാണ്.” ഇത് അനേകരുടെ അനുഭവമാണ്. ഇന്ന് വിവാഹ ഒരുക്ക കോഴ്‌സുകൾ നടക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ബൗദ്ധികമായ പഠനസെമിനാറായി ചുരുങ്ങുകയാണ്.
കോഴ്‌സിനു പുറമേ ദമ്പതികൾ ധ്യാനമന്ദിരത്തിൽപോയി അഞ്ചുദിവസം ദൈവവചനം കേട്ട് നവീകരണത്തിന്റേയും വിശുദ്ധീകരണത്തിന്റെയും അഭിഷേകത്തിന്റെയും അനുഭവത്തിൽ, പ്രാർത്ഥനയുടെ ചൈതന്യത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുകയാണ് നല്ല തലമുറയ്ക്ക് രൂപം കൊടുക്കാൻ വേണ്ടി ചെയ്യാവുന്ന ഏറ്റം വലിയകാര്യം. അങ്ങനെ ജന്മം കൊള്ളുന്ന കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകാൻ സാധ്യത കുറവാണ്. പ്രായമായതിനുശേഷമുള്ള പരിശീലനം കതിരിന്മേൽ വളം വയ്ക്കുന്നതിനു തുല്യമാണ്.
കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന നിമിഷങ്ങൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗർഭകാലത്തിലെ പരിശീലനവും പരിപോഷണവും. ഗർഭസ്ഥശിശുക്കൾക്ക് തീവ്രപരിചരണം കൊടുത്താൽ പിറക്കുന്നത് വിശുദ്ധരും മഹാന്മാരും ആയിരിക്കുമെന്നതിൽ സംശയം വേണ്ട. മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മ നിഷേധാത്മക വികാരവിചാരങ്ങളിലും സംസാരത്തിലും പ്രവൃത്തിയിലും നിന്ന് വിമുക്ത ആയിരിക്കണം. കാരണം അമ്മയുടെ ഭയം, വെറുപ്പ്, ആകുലതകൾ, അസ്വസ്ഥതകൾ എല്ലാം ഗർഭസ്ഥശിശു അതേപടി ഒപ്പിയെടുക്കും.
ഗർഭകാലത്ത് ഭർതൃഭവനത്തിലെ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ”ഈ കുഞ്ഞു ഇപ്പോൾ വേണ്ടായിരുന്നു. ഈ ശിശു അലസിപ്പോയിരുന്നെങ്കിൽ” എന്നാഗ്രഹിച്ച ഒരു അമ്മയുടെ മകൾ ഉദരത്തിലായിരുന്നപ്പോഴെ അമ്മയുടെ നിഷേധാത്മക വികാരങ്ങൾ ഏറ്റുവാങ്ങി. അതു പരിത്യക്തതാബോധമായും അമ്മയോടുള്ള അകാരണമായ വെറുപ്പായും പ്രായമായപ്പോൾ മകളിൽ പ്രത്യക്ഷപ്പെട്ടു.
ആന്തരികസൗഖ്യ ധ്യാനത്തിലൂടെയും തുടർച്ചയായ പ്രാർത്ഥനയിലൂടെയുമാണ് മകളുടെ നിഷേധാത്മകതയുടെ മുറിവുകൾ സൗഖ്യപ്പെട്ടത്. വിശുദ്ധിയുള്ള ഒരു കുഞ്ഞിനെ സ്വപ്‌നം കണ്ടുകൊണ്ട് ഭയദു:ഖക്രോധവികാരങ്ങളിൽ നിന്നു വിമുക്തമായ കാലഘട്ടമായിരിക്കണം ഒരു ഗർഭിണിയുടേത്. ഗർഭകാലത്ത് ദൈവവചനം ഗർഭസ്ഥശിശു കേൾക്കെ വായിക്കുകയും പ്രാർത്ഥനകൾ ഹൃദയത്തിലും ഉച്ചത്തിലും ചൊല്ലുകയും ചെയ്യുന്ന ഗർഭിണി തന്റെ കുഞ്ഞിനു സംരക്ഷണവലയം തീർക്കുകയും ആത്മീയഭക്ഷണം കൊടുക്കുകയും കുഞ്ഞിന്റെ ഇളം മനസിൽ മൂല്യങ്ങളുടെ വിത്തു വിതയ്ക്കുകയുമാണ് ചെയ്യുന്നത്. ഭർത്താവിനോടൊപ്പം ഗർഭിണി തന്റെ ഉദരത്തിനുമുകളിൽ കുരിശുവരയ്ക്കുകയും പരിശുദ്ധാത്മാവു നിറയാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നത് അഭിഷേകത്തിൽ കുഞ്ഞുവളരാൻ കാരണമാകും.
പരിശുദ്ധ മറിയത്തിന്റെ സാന്നിദ്ധ്യവും വചനങ്ങളും എലിസബത്തിലും ഉദരസ്ഥശിശുവിലും പരിശുദ്ധാത്മാവുനിറയാൻ കാരണമായതുപോലെ കൂദാശാജീവിതവും സ്തുതിപ്പുകളും പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ഗർഭസ്ഥശിശുവിനെ ദൈവാത്മാവുനിറയാൻ സഹായിക്കും. ഇങ്ങനെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിൽ കുഞ്ഞുങ്ങൾ ജനിക്കാൻ വേദി ഒരുക്കുക എന്നതാണ് ഇന്നത്തെ യുവതീയുവാക്കളുടെ ധർമ്മം.
ഡോ. കുര്യൻ മറ്റം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?