Follow Us On

22

February

2024

Thursday

വളർച്ചയുടെ പുതിയ പടവിലേക്ക് കാനഡയിലെ സീറോ മലബാർ സഭ; പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഒരുങ്ങി മിസിസാഗ രൂപത

വളർച്ചയുടെ പുതിയ പടവിലേക്ക് കാനഡയിലെ സീറോ മലബാർ സഭ; പ്രഥമ എപ്പാർക്കിയൽ അസംബ്ലിക്ക് ഒരുങ്ങി മിസിസാഗ രൂപത

മിസിസാഗ: കാനഡയിലെ സീറോ മലബാർ സമൂഹത്തിന്റെ ഏകോപനവും തനത് വിശ്വാസപരിപോഷണവും സാധ്യമാക്കുന്ന മിസിസാഗ സീറോ മലബാർ രൂപതയിൽ പ്രഥമ എപ്പിസോപ്പൽ അസംബ്ലി. ബാലാരിഷ്ടതകൾ അതിജീവിച്ച് മിസിസാഗ രൂപത ഒൻപതാം പിറന്നാളിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ എപ്പാർക്കിയൽ അസംബ്ലി രൂപതയുടെ വളർച്ചാ നാൾവഴിയിൽ സുപ്രധാനമാകും. രൂപതാധ്യക്ഷന്റെ അധ്യക്ഷതയിലുള്ള സമഗ്രമായ കൂടിയാലോചനാ സംവിധാനമാണ് എപ്പാർക്കിയൽ അസംബ്ലി.

നവംബർ ഒൻപതു മുതൽ 12വരെ ഒന്റാരിയോയിലെ ഓറഞ്ച് വിൽ ‘വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്ററാ’ണ് അസംബ്ലിക്ക് വേദിയാകുക. രൂപതയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെയും വളർച്ചയെയും പ്രാർത്ഥനാപൂർവം വിലയിരുത്തുക, അജപാലനപരമായ ഭാവിപദ്ധതികൾ രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ‘ദൗത്യമാവുക, സഭയെ പടുത്തുയർത്തുക’ എന്ന ആപ്തവാക്യവുമായി സമ്മേളിക്കുന്ന അസംബ്ലിയിൽ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലിലിനൊപ്പം രൂപതയിലെ വൈദീകരും സന്യസ്തരും ഇടവക, അൽമായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

നവംബർ ഒൻപത് രാത്രി 8.00ന് മാർ ജോസ് കല്ലുവേലിൽ ബൈബിൾ പ്രതിഷ്~ നിർവഹിക്കുന്നതോടെ അസംബ്ലിക്ക് തുടക്കമാകുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നവംബർ 10നാണ് നടക്കുക. കാനഡയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ‘സുവിശേഷവത്കരണത്തിനും വിശ്വാസപരിശീലനത്തിനും വേണ്ടിയുള്ള കമ്മീഷൻ’ പ്രസിഡന്റും ഹാമിൽട്ടൺ ആർച്ച്ബിഷപ്പുമായ ഡോ. ഡഗ്‌ളസ് ക്രോസ്ബിയാണ് ഉദ്ഘാടകൻ.

തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ടൊറന്റോയിലെ യുക്രേനിയൻ രൂപതാധ്യക്ഷൻ ബ്രയൻ ബൈഡ എന്നിവർ ഉൾപ്പെടെയുള്ളവർ വിവിധ ദിനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനത്തിൽ കാനഡയിലെ വത്തിക്കാൻ ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ഇവാൻ തുർക്കോവിച്ച് മുഖ്യാതിഥിയായി പങ്കെടുക്കും.

ദീർഘനാളത്തെ ആത്മീയ, ഭൗതീക ഒരുക്കത്തിനുശേഷമാണ് മിസിസാഗാ രൂപത പ്രഥമ എപ്പാർക്കിയൽ അസംബ്ലിയിലേക്ക് പ്രവേശിക്കുന്നത്. ആവശ്യമായ പ്രാരംഭ ചർച്ചകൾ 2019ൽതന്നെ ഇടവക തലത്തിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ മൂലം പിന്നീട് 2022 ലാണ് തുടർ പ്രവർത്തനങ്ങൾ നടത്തി പഠനരേഖ ഇടവകകളിലേക്ക് അയച്ചത്. പ്രസ്തുത പഠനരേഖയുടെ അടിസ്ഥാനത്തിൽ രൂപത അസംബ്ലിക്ക് മുന്നോടിയായി ഇടവകതല ചർച്ചകളും സഘടിപ്പിച്ചു.

രൂപതയുടെ മുഴുവൻ പ്രാതിനിധ്യവും ഉറപ്പാക്കുംവിധമുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഒരുക്ക ധ്യാനങ്ങളും ബൈബിൾ കൺവെൻഷനും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു. അസംബ്ലിയുടെ വിജയത്തിനായുള്ള വിശേഷാൽ പ്രാർത്ഥനകൾ ദിവ്യബലിയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കുടുംബ പ്രാർത്ഥനകളിൽ ചൊല്ലാനുള്ള പ്രാർത്ഥനാ കാർഡുകളും ലഭ്യമാക്കി.

‘അചഞ്ചലവും തീഷ്ണവുമായ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വലിയ സമൂഹവും അവരുടെ ദൈവാശ്രയവും കഠിനാധ്വാനവുമാണ് രൂപതയുടെ മൂലധനവും വളർച്ചയിലെ ചാലകശക്തിയും. വരുംകാലങ്ങളിൽ ആവശ്യമായ സംവിധാനങ്ങളും അജപാലനപ്രവർത്തനങ്ങളും ക്രമീകരിക്കാൻ ഈ എപ്പാർക്കിയൽ അസംബ്ലി സഹായമാകുമെന്നാണ് വിശ്വാസം,’ ഇതോടനുബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറിൽ മാർ ജോസ് കല്ലുവേലിൽ വ്യക്തമാക്കി.

മിസിസാഗ കേന്ദ്രീകരിച്ച് 2015 ഓഗസ്റ്റ് ആറിന് അപ്പസ്തോലിക് എക്സാർക്കേറ്റ് രൂപീകരിച്ച ഫ്രാൻസിസ് പാപ്പ, 2018 ഡിസംബർ 22നാണ് മിസിസാഗയെയെ രൂപതയായി ഉയർത്തിയത്. ഭാരതത്തിന് വെളിയിൽ സ്ഥാപിതമായ, സീറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്. കാനഡ മുഴുവൻ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയിൽ 18 ഇടവകകളും 29 മിഷനുകളും വിശുദ്ധ കുർബാന കേന്ദ്രങ്ങളുമുണ്ട്. 30000ൽപ്പരം വിശ്വാസീസമൂഹത്തിന് അജപാലന ശുശ്രൂഷ ലഭ്യമാക്കാൻ 25വൈദികരും സന്യാസിനികളും രൂപതയിൽ സേവനം ചെയ്യുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?