Follow Us On

05

December

2023

Tuesday

മിസിസാഗ സീറോ മലബാർ രൂപതയ്ക്ക് പിറന്നാൾ സമ്മാനം; ഡീക്കൻ ഫ്രാൻസിസ് സാമുവേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക്

മിസിസാഗ സീറോ മലബാർ രൂപതയ്ക്ക് പിറന്നാൾ സമ്മാനം; ഡീക്കൻ ഫ്രാൻസിസ് സാമുവേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക്

മിസിസാഗ: കാനഡയിലെ സീറോ മലബാർ സമൂഹത്തിനിത് ആഹ്ലാദത്തിന്റെ ദിനങ്ങൾ. രാജ്യത്തെ പ്രഥമ സീറോ മലബാർ രൂപതയായ മിസിസാഗ രൂപത അതിന്റെ ഒൻപതാം സ്ഥാപന വാർഷികം ആഘോഷിക്കുമ്പോൾ കാനഡയിൽ നിന്നുള്ള ആദ്യത്തെ സീറോ മലബാർ വൈദികനായി ഡീക്കൻ ഫ്രാൻസിസ് സാമുവേൽ അക്കരപ്പറ്റിയാക്കൽ അഭിഷിക്തനാകുന്നു. നവംബർ 18 കനേഡിയൻ സമയം രാവിലെ 9.30ന് (2.30 PM GMT/ 8.00 PM IST/ NOV. 19- 1.30 AM AEDT) ടൊറോന്റോയിലെ സ്‌കാർബറോ സെന്റ് തോമസ് ഫൊറോനോ ദേവാലയത്തിൽ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിയുടെ മുഖ്യ കാർമികത്വത്തിലാണ് പൗരോഹിത്യ സ്വീകരണ തിരുക്കർമം. വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര, ഫൊറോനാ വികാരി ഫാ. ബൈജു ചക്കേരി, ഫാ. അജിത്ത് തച്ചോത്ത് തുടങ്ങിയവർ സഹകാർമികരാകും. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടർ ഫാ. സ്‌കറിയ കന്യാകോണിൽ ആർച്ച്ഡീക്കനായിരിക്കും. തുടർന്ന് നവ വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കും.

അക്കരപ്പറ്റിയാക്കൽ ജോസഫ്- പൗളിൻ ദമ്പതിമാരുടെ മകനായി 1995 ൽ ഇന്ത്യയിൽ ജനിച്ച ഡീക്കൻ ഫ്രാൻസിസ് തന്റെ പ്രാഥമിക വിദ്യാഭാസം നേടിയത് ബ്രൂണെയിൽ നിന്നാണ്. തുടർന്ന് 2011ൽ മാതാപിതാക്കൾക്കൊപ്പം കാനഡയിലെത്തിയ അദ്ദേഹം സെനറ്റർ ഒ’ കോണർ കാത്തലിക് ഹൈസ്‌കൂൾ, ടൊറോന്റോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വൈദികാർത്ഥിയായി. റോമിലെ മരിയ മാതേർ എക്ലേസിയായ്‌ കോളേജ് സെമിനാരിയിൽ ഫിലോസഫി പഠനവും കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയിൽ തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന് കേരളത്തിലെ വിവിധ സീറോ മലബാർ ഇടവകകളിൽ അജപാന പരിശീലനം നിർവഹിച്ചു.

മിസിസാഗ കേന്ദ്രീകരിച്ച് 2015 ഓഗസ്റ്റ് ആറിന് അപ്പസ്‌തോലിക് എക്‌സാർക്കേറ്റ് രൂപീകരിച്ച ഫ്രാൻസിസ് പാപ്പ, 2018 ഡിസംബർ 22നാണ് മിസിസാഗയെയെ രൂപതയായി ഉയർത്തിയത്. ഭാരതത്തിന് വെളിയിൽ സ്ഥാപിതമായ, സീറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്. കാനഡ മുഴുവൻ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയിൽ 18 ഇടവകകളും 29 മിഷനുകളും വിശുദ്ധ കുർബാന കേന്ദ്രങ്ങളുമുണ്ട്. 30000ൽപ്പരം വിശ്വാസീസമൂഹത്തിന് അജപാലന ശുശ്രൂഷ ലഭ്യമാക്കാൻ 25വൈദികരും സന്യാസിനികളും രൂപതയിൽ സേവനം ചെയ്യുന്നു.

പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ ‘ശാലോം അമേരിക്ക’ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ, ശാലോം മീഡിയ കാനഡയുടെ ഫേസ്ബുക്ക് പേജ്, മൈ ശാലോം യൂ ട്യൂബ് ചാനൽ എന്നിവിടങ്ങളിലും ലഭ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?