ടൊറെവീജ(സ്പെയിൻ): ടൊറെവീജയിലെ ഒരു ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ തിരികെ നൽകി മോഷ്ടാക്കൾ. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരത്തെത്തുടർന്നാണ് മോഷ്ടാക്കൾ തിരിച്ചു കൊടുത്തതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് വെളിപ്പെടുത്തിയത്.
നവംബർ 5 ഞായറാഴ്ച പുലർച്ചെയാണ് ടൊറെവീജയിലെ ക്വിറോൺ ഹോസ്പിറ്റലിലെ ചാപ്പലില്‍ അതിക്രമിച്ചു കയറിയ മോഷ്ട്ടാക്കള്‍ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയും, അൾത്താരയിലെ കുരിശും, പ്രാർത്ഥനാ പുസ്തകങ്ങളും അടക്കം നിരവധി വിശുദ്ധ വസ്തുക്കള്‍ അവിടെ നിന്ന് കടത്തിക്കൊണ്ടു പോയത്. ഇതേത്തുടർന്ന്, വിശുദ്ധ കുർബാനയോട് അനാദരവു ഉണ്ടായതിനാല്‍ പാപ പരിഹാര പ്രാർത്ഥന നടത്താൻ രൂപതാധ്യക്ഷന്‍, ഇടവകകളോടും സന്യാസ സമൂഹങ്ങളോടും, വിശ്വാസികളോടും ആഹ്വാനം ചെയ്തിരുന്നു.
ദൈവ നിന്ദാപരമായ പ്രവർത്തി ചെയ്തവരുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥനയ്ക്ക് മറുപടി ലഭിച്ചുവെന്നും, അത് ചെയ്തവർ കുമ്പസാരിച്ചുവെന്നും ബിഷപ്പ് ജോസ് പറഞ്ഞു. മോഷ്ടിച്ച എല്ലാം അവർ തിരിച്ചെത്തിച്ചെന്ന് പറഞ്ഞ ബിഷപ്പ്, കുമ്പസാരത്തിന്റെ കൗദാശിക സ്വഭാവം പരിഗണിച്ച് അവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *