Follow Us On

24

October

2020

Saturday

പ്രകാശം പരത്തുന്ന നന്മവിളക്കുകൾ

പ്രകാശം പരത്തുന്ന നന്മവിളക്കുകൾ

വക്കീലും വാദവും
ഒരിടത്ത് അസംതൃപ്തനും ദുരാഗ്രഹിയുമായ വക്കീൽ ജീവിച്ചിരുന്നു. പ്രതികളോട് വലിയ തുക കൈക്കൂലി വാങ്ങി അവർക്കുവേണ്ടി അയാൾ വാദിക്കും. അയാളുടെ തന്ത്രപരമായ വാദം മൂലം ഏതു കുറ്റവാളിയും നിരപരാധിയായിത്തീരുമായിരുന്നു. ഇതിനായി കോടതിയിൽ എന്തു കാപട്യം കാട്ടാനും അയാൾ തയ്യാറായി. ഈ വക്കീലിന്റെയടുത്ത് സമ്പന്നർ മാത്രമാണ് എത്തിയിരുന്നത്. ഒരിക്കൽ ഒരു ജന്മി വക്കീലിനെ കാണാനെത്തി.
”എന്റെ വീടിനടുത്തുളള ഗോപാലകുറുപ്പിന്റെ സ്ഥലം ഞാൻ വിലക്ക് വാങ്ങി. ഇതുവരെ അതിന്റെ വില കൊടുത്തിട്ടില്ല. അതു കൊടുക്കാതെ എനിക്ക് കുറുപ്പിനെ പറ്റിക്കാൻ എന്താണു മാർഗം?” ജന്മി ചോദിച്ചു.
മഹാസമ്പന്നനായതിനാൽ ഇയാളിൽ നിന്നും നല്ലൊരു തുക തട്ടിയെടുക്കാമെന്ന് വക്കീൽ കണക്കുകൂട്ടി.
”ആ സ്ഥലത്തിന് എന്തു വിലയുണ്ട്?”
”മൊത്തം പത്തുലക്ഷം രൂപ.”ജന്മി പറഞ്ഞു.
”അഞ്ച് ലക്ഷം രൂപ എനിക്ക് തരാമെങ്കിൽ ഞാൻ ആ സ്ഥലം താങ്കൾക്ക് സ്വന്തമാക്കാനുളള വഴി പറയാം.”
ജന്മിക്ക് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. അയാൾക്ക് നൂറ് വട്ടം സമ്മതം. ഒരു ബധിരനും മൂകനുമായി കോടതിയിൽ നടിക്കണമെന്ന് വക്കീൽ, ജന്മിക്ക് നിർദ്ദേശം നൽകി. അങ്ങനെ വാദിയും പ്രതിയും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾ കുറുപ്പ് തന്റെ പരാതി കോടതിയിൽ നിരത്തി. എന്നാൽ ജന്മി ‘ഗ്വാ………ഗ്വ’എന്ന ശബ്ദം മാത്രമേ കേൾപ്പിച്ചുളളൂ. ഇടയ്ക്കിടയ്ക്ക് അയാൾ മുതലക്കണ്ണീർ ഒഴുക്കുകയും വക്കീൽ പറഞ്ഞതുപോലെ വിഡ്ഢിയെപ്പോലെ അഭിനയിക്കുകയും ചെയ്തു.
അതോടെ കോടതി ജന്മിയെ നിരപരാധിയായി വിധിച്ചു. ജന്മിക്കെതിരെ അന്യായആരോപണം നൽകിയെന്ന കാരണത്താൽ കുറുപ്പിനെ ശിക്ഷിക്കുകയും ചെയ്തു. കോടതി പിരിഞ്ഞശേഷം വക്കീൽ ജന്മിയുടെ അടുത്തെത്തി.
”തന്റെ അഭിനയം കലക്കി കേട്ടോ.”വക്കീൽ അഭിനന്ദിച്ചു.
‘ഗ്വാ…. ഗ്വാ….’ ജന്മി ചിരിച്ചു.
”ങാ….അതൊക്കെ കോടതിയിൽ. എനിക്ക് വക്കീൽ ഫീസ് തരൂ. അഞ്ച് ലക്ഷം രൂപ…”
”ഗ്വാ..ഗ്വാ.” ജന്മി അതേസ്വരം പിന്നേയും പുറപ്പെടുവിച്ചു.
”എടോ, ഞാനല്ലേ ഈ സൂത്രം പറഞ്ഞത്. എനിക്കു തരാമെന്നു പറഞ്ഞ പണം തരൂ.” വക്കീൽ ചൂടായി.
”ഗ്വാ………ഗ്വാ”’ജന്മിയുടെ വായിൽ അതു മാത്രമേയുളളൂ.
അമ്പരന്നു നിന്നുപോയ വക്കീലിന്റെ അടുത്തു നിന്ന് ജന്മി ഓടി രക്ഷപ്പെട്ടു. ഇനി ഇതിനായി കോടതിയിൽ പോയിട്ടും കാര്യമൊന്നുമില്ലല്ലോ. വക്കീൽ വഴിയിൽ തളർന്നിരുന്നു പോയി.
മറ്റുള്ളവരെ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വഞ്ചിക്കാൻ ശ്രമിക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ ഇതുപോലെ തന്നെ വഞ്ചിക്കപ്പെടും. ഇപ്പോഴുള്ള അവസ്ഥയിൽ സംതൃപ്തി ലഭിക്കാത്തവന് നാളെ, കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയിലും യഥാർത്ഥ സംതൃപ്തി ലഭിക്കണമെന്നില്ല. ഇക്കാര്യം തിരിച്ചറിയാത്തതുകൊണ്ടാണ് ഭൗതിക സമ്പത്ത് വെട്ടിപ്പിടിക്കാൻ ചിലരൊക്കെ എല്ലാകുത്സിതമാർഗങ്ങളും സ്വീകരിക്കുന്നത്. എന്നാൽ അവരുടെ തകർച്ചയാവട്ടെ അതീവ ദയനീയമായിത്തീരുകയും ചെയ്യും.
വളരെ പ്രശസ്തനായിരുന്നു അൽഫോൻസ് എന്ന വക്കീൽ. അഭിഭാഷകവൃത്തിയുടെ അഞ്ചുവർഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വാദിച്ച കേസുകളെല്ലാം വിജയിച്ചു. അതോടെ ‘പരാജയഭീതി തീരെയില്ലാത്ത അഭിഭാഷകൻ’ എന്ന് അദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. അതോടെ അഹന്ത അവന്റെ തലയിൽക്കയറി. ആ സമയത്താണ് സമ്പന്നരായ രണ്ടുപേർ തമ്മിലുള്ള വസ്തുതർക്കം അൽഫോൻസിന്റെ അടുത്തെത്തിയത്. ലക്ഷക്കണക്കിന് വിലവരുന്ന വസ്തുക്കളിന്മേലാണ് കേസ്. വിജയം ഉറപ്പ്. ഏറെ അഹങ്കാരത്തോടെയാണ് അദ്ദേഹം കോടതിയിലേക്ക് പോയത്. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. തുടക്കത്തിലേ അദ്ദേഹത്തിന് പാളി. അൽഫോൻസ് ശ്രദ്ധിക്കാത്ത പ്രധാന വാദമുഖം എതിരാളിയായ വക്കീൽ അവതരിപ്പിച്ചു. അതോടെ കോടതി അൽഫോൻസിനെ കൈവിട്ടു. ജീവിതത്തിൽ ആദ്യമായി ഉണ്ടായ തോൽവി, ആ ഉദ്യോഗം വേണ്ടെന്നുവയ്ക്കാൻ അയാളെ നിർബന്ധിച്ചു. അവിടെനിന്ന് അയാൾ നേരെ പോയത് ദൈവാലയത്തിലേക്കാണ്. ദൈവഹിതത്തിന് അന്നയാൾ വിധേയപ്പെട്ടു. തനിക്കൊരു വൈദികനാകണമെന്ന് അയാൾ ആഗ്രഹിച്ചു. 1726-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അൽഫോൻസ് 1871-ൽ തിരുസഭയുടെ വേദപാരംഗതനെന്ന പദവിക്ക് അർഹനായിത്തീർന്ന വി.അൽഫോൻസ് ലിഗോരിയായി മാറി.
ഇതാണ് ദ്രവ്യാഗ്രഹത്തിൽ നിന്നും വിമുക്തി േനടുമ്പോഴുണ്ടാകുന്ന പുരോഗതി. അതായത് ജഡത്തെ തൃപ്തിപ്പെടുത്തുംതോറും പുതിയ അതൃപ്തികൾ ആസക്തികളായി നമ്മിൽ രൂപം കൊള്ളുമെന്ന് തീർച്ച. ഓരോ ആസക്തിയും പിന്നീട് അതിലും വലിയ അസംതൃപ്തിയിലേക്കായിരിക്കും നമ്മെ തള്ളിവിടുന്നത്. ഈ സത്യം നാം തിരിച്ചറിയുന്നിടത്താണ് അൽഫോൻസിനെപ്പോലെയുള്ള വിശുദ്ധിയിലേക്ക് നാം പ്രവേശിക്കുന്നത്.
രണ്ട് സ്‌നേഹിതർ
ജോണിയെന്നും ജോസെന്നും പേരുള്ള രണ്ട് ആത്മാർത്ഥ സ്‌നേഹിതർ ഉണ്ടായിരുന്നു. രണ്ട് പേരും സാധാരണക്കാർ. ചെറിയ ജോലിയെടുത്ത് ജീവിക്കുന്നവർ. ഒരിക്കൽ ജോണിക്ക് അടിയന്തിരമായി കുറച്ച് പണം ആവശ്യമായി വന്നു. അവൻ ഉടനെ കൂട്ടുകാരൻ ജോസിനെ വിളിച്ച് കാര്യം പറഞ്ഞു. ഒരുമണിക്കൂറിനുളളിൽ പണമെത്തിക്കാമെന്ന് അവൻ ഉറപ്പുനൽകി.
ജോണി കാത്തിരുന്നു. എന്നാൽ ഒരുമണിക്കൂറല്ല രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കൂട്ടുകാരനെത്തിയില്ല. മൊബൈൽ ഫോണിൽ സുഹൃത്തിനെ വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കേൾക്കുന്നത്. അതോടെ ജോണിയുടെ മനസ് തകർന്നു. തന്റെ സ്‌നേഹിതൻ കബളിപ്പിച്ചു എന്ന തോന്നൽ ജോണിക്കുണ്ടായി.
”പണത്തിന് അടിയന്തിരമായ സാഹചര്യമുണ്ടായതുകൊണ്ട് ഞാൻ ചോദിച്ചതാണ്. ഇതിന്റെ പേരിൽ നീയെന്നോടിങ്ങനെ കാട്ടിയത് ശരിയായില്ല. ” ജോണി ദേഷ്യത്തോടെ തന്റെ ഫോണിൽ ജോസിനുളള എസ്.എം.എസ് സന്ദേശം കുറിച്ചു. അത് അയക്കാൻ തുടങ്ങുംമുമ്പ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ജോസിന്റെ വിളിയെത്തി. ”എടാ.. നീയെന്നോട് ക്ഷമിക്കണം. ഞാനിപ്പോൾ ടൗണിലെ കടയിൽ നിന്നാണ് വിളിക്കുന്നത്. നിനക്ക് വേണ്ട പണം എന്റെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ എന്റെ ഫോൺവിറ്റു. അതിന്റെ പണവുമായി ഞാൻ ഉടൻ വരാം.. സമയത്ത് വരാൻ പറ്റാത്തതിൽ നിനക്കെന്നോട് വിഷമം തോന്നരുതേ..” ഫോൺ കട്ടായി.
മറുപടി പറയാനാവാതെ ജോണി പൊട്ടിക്കരഞ്ഞുപോയി. സ്‌നേഹിതന് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമുണ്ടോ? നല്ല സൗഹൃദങ്ങളുടെ ആഴം ആർക്കും അളക്കാനാവില്ല. കാരണം അത്രമേൽ ഹൃദയങ്ങളിലത് ചൂഴ്ന്ന് നിൽക്കുന്നു.
കുഞ്ഞുങ്ങളിലെ ദൈവസ്‌നേഹാനുഭവം
സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധയായി ഇനി ഉയർത്തപ്പെടാൻ സാധ്യതയുള്ളത് നെനോലിനയെന്ന് വിളിക്കപ്പെടുന്ന അന്റോണിയറ്റ മെയോയെന്ന ആറര വയസുകാരിയായിരിക്കും.
റോമിലെ സമ്പന്നകുടുംബത്തിൽ മിഷേലയുടെയും മരിയായുടെയും ഇളയ മകളായി 1930 ഡിസംബർ 15 നാണ് മെയോ ജനിച്ചത്. ഭക്തിസാന്ദ്രമായ വീട്ടിൽ സന്തോഷം പ്രസരിപ്പിച്ച് പൂമ്പാറ്റയെപ്പോലവൾ പറന്നുനടന്നു. അഞ്ചുവയസുള്ളപ്പോൾ കളികൾക്കിടയിൽ വീണു പരിക്കേറ്റ കാലുമായി പരിശോധനക്കെത്തിയപ്പോൾ ഡോക്ടർമാർ വിഷാദത്തോടെ മറ്റൊരു ദുഃഖവാർത്തയും കൂടി അവളെ അറിയിച്ചു. എല്ലുകളെ ബാധിക്കുന്ന കാൻസർ അവസാനഘട്ടത്തിലാണ്. ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുകളയേണ്ടി വരും. മാതാപിതാക്കൾ അതുകേട്ട് ഞെട്ടി. പക്ഷേ പരിഭവങ്ങളില്ലാതെ പുഞ്ചിരിയോടെയാണ് അവളത് സ്വീകരിച്ചത്. ശാരീരികവേദനകളെ കുരിശിന്റെ രക്ഷാകരമൂല്യത്തോടുകൂടി അവൾ ചേർത്തുവച്ചു. ഒരു കാൽ മുറിച്ചു മാറ്റിയപ്പോഴും നെനോലിനയുടെ സന്തോഷം നഷ്ടമായില്ല. വെപ്പുകാലുറപ്പിച്ച് സഹനമധ്യത്തിലും അവൾ കളിക്കാനിറങ്ങി.
വേദനയുടെ നാളുകളിൽ അവൾ ഈശോയോട് കൂടുതൽ കൂട്ടുകൂടി. തന്റെ വിശ്വാസവും വേദനകളും ലയിപ്പിച്ച് അവൾ ഈശോയ്ക്കും മാതാവിനും പരിശുദ്ധ ത്രിത്വത്തിനുമൊക്കെയായി 162 എഴുത്തുകൾ എഴുതി. 19 ധ്യാനചിന്തകളും അവളുടേതായുണ്ട്. അവയിലെല്ലാം ഒരു കുഞ്ഞിന്റെ നിഷ്‌കളങ്ക സ്‌നേഹവും ഒരു മിസ്റ്റിക്കിന്റെ വിശ്വാസദീപ്തിയും പ്രകടമാണ്. കാലു മുറിച്ചു മാറ്റിയതിനുശേഷം 1936 ഒക്‌ടോബറിൽ ഈശോയ്ക്ക് എഴുതിയ എഴുത്തിൽ അവൾ ഇങ്ങനെ പ്രാർത്ഥിച്ചു. ”വിശുദ്ധി നേടേണ്ട ആത്മാക്കൾക്കുവേണ്ടി സഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി അവർ രക്ഷ പ്രാപിക്കുമല്ലോ.” ആറര വയസുള്ള ഒരു വിശുദ്ധയുടെ ദൈവസ്‌നേഹാനുഭവമാണ് ഈ വാക്കുകളിൽ നാം കാണുന്നത്.
കടുത്ത വേദനയിലും പുഞ്ചിരിച്ചുകൊണ്ട് അവൾ കൂടെയുള്ളവരെ സന്തോഷിപ്പിച്ചു. സഹനങ്ങൾ ക്രൂശിന് തുല്യമായി അവൾ കണക്കാക്കി. അത് പാപികളുടെ മാനസാന്തരത്തിന് സമർപ്പിച്ചു. ”ഈ വേദനകൾ ലഭിച്ചതിനെയോർത്ത് സന്തോഷമുണ്ട്. കാരണം ഇവയിലൂടെ ഞാൻ ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളായി. വേദന വസ്ത്രംപോലെയാണ്. എത്ര ശക്തമാകുന്നുവോ അത്രയും വിലയുള്ളതാവും.” അവൾ പപ്പയോടു പറഞ്ഞ വാക്കുകളിൽ കുരിശിന്റെ അർത്ഥമാണ് വെളിവാകുന്നത്.
ഈശോയുടെ സ്‌നേഹവുമായി തന്റെ സ്‌നേഹത്തെ അവൾ ചേർത്തുവച്ചു. 1937 ജൂലൈ മൂന്നിന് നെനോലിന ഏഴാം ജന്മദിനത്തിന് ഏതാനും മാസം മുമ്പ് സ്വർഗത്തിലേക്ക് വിളിക്കപ്പെട്ടു. 2007 ഡിസംബർ 18 ന് അവളുടെ വിശുദ്ധിയെ അംഗീകരിച്ച് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അവളെ ധന്യഗണത്തിലേക്കുയർത്തി.
നമ്മുടെ കുഞ്ഞുങ്ങളെ ഇതേ ദൈവസ്‌നേഹാനുഭവത്തിലേക്ക് വളർത്താൻ നമുക്ക് കഴിയുന്നുണ്ടോ? അവർക്ക് വേദനയും സന്തോഷത്തിന്റെയും നാളുകളിൽ അതെല്ലാം ദൈവം നൽകിയതെന്ന ബോധ്യം നൽകാൻ നമുക്ക് കഴിയുന്നുണ്ടോ? മെയോ ഇനിയെങ്കിലും നമ്മുടെ കുഞ്ഞു മനസുകളിൽ വളരട്ടെ.
ആഭരണത്തിനായി ഇല്ലാതാകുന്ന ജീവിതം
ഫ്രഞ്ചു കഥാകൃത്തായ മൊപ്പസാങ്1 ”ഡയമെണ്ട് നെക്‌ളെസ്” എന്ന ശീർഷകത്തിൽ എഴുതിയൊരു കഥയുണ്ട്. ഈ കഥ ഇന്നത്തെ ലോകത്തിന് ആരെങ്കിലും വായിച്ചു കൊടുത്തിരുന്നെങ്കിൽ…..കഥയുടെ ചുരുക്കം ഇങ്ങനെയാണ്.
പാവപ്പെട്ട പെൺകുട്ടിയായിരുന്നു മെറ്റിൽഡാ. അവളുടെ ഭർത്താവു ളൂയിസെൽ വിദ്യാഭ്യാസവകുപ്പിലെ സാധാരണ ക്ലർക്ക്. ഒരിക്കൽ അവിടത്തെ വിശിഷ്ടവിരുന്നിൽ പങ്കെടുക്കാൻ മെറ്റിൽഡായ്ക്ക് ക്ഷണം ലഭിച്ചു. വിരുന്നിനു പോകാൻ പറ്റിയ വേഷമില്ലെന്ന് മെറ്റിൽഡ വിലപിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ ധാരാളം വസ്ത്രങ്ങൾ അവൾക്കുണ്ടായിരുന്നു. അവളുടെ കണ്ണീർ കണ്ട് ഭർത്താവ് തന്റെ വരുമാനം മുഴുവനെടുത്ത് ഡ്രസ്സു വാങ്ങാൻ അവൾക്ക് കൊടുത്തു.
ഡ്രസ് വാങ്ങിയപ്പോൾ ആ ഡ്രസിന് ‘മാച്ചു’ ചെയ്യുന്ന ആഭരണങ്ങളില്ലെന്നതായി അവളുടെ സങ്കടം. ആഭരണം വാങ്ങാനുള്ള പണവുമില്ല. അവസാനം സ്ഥലത്തെ ഏറ്റവും വലിയ ധനികയായ മാഡം ഫോർസ്റ്റിയറിൽ നിന്നും തിളങ്ങുന്ന രത്‌നമാല അവൾ കടം ചോദിച്ചു. അവൾ അത് സന്തോഷപൂർവ്വം നൽകുകയും ചെയ്തു. വിരുന്നിനെത്തിയപ്പോൾ മെറ്റിൽഡാ മറ്റേതൊരു വനിതയെയുംകാൾ ശ്രദ്ധ നേടി. എല്ലാവരും അവളെ ശ്രദ്ധിച്ചു. എല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വലിയൊരു ദുരന്തമെത്തിയത്. മെറ്റിൽഡയുടെ കഴുത്തിൽ കിടന്ന അമൂല്യമായ മാല കാണാനില്ല! എവിടെയോ അത് നഷ്ടപ്പെട്ടു. നെക്ലെസ് തിരിച്ചു കൊടുത്തേ തീരൂ. ഒടുവിൽ ഉണ്ടായിരുന്ന സമ്പത്തുമുഴുവൻ വിറ്റ് വലിയ തുക കടവും വാങ്ങി അതുപോലൊരു മാല വാങ്ങി മാഡം ഫോർസ്റ്റിയറെ മെറ്റിൽഡ ഏല്പിക്കുന്നു. പക്ഷേ അതൊന്ന് എടുത്തു നോക്കുകപോലും ചെയ്യാതെ ഫോർസ്റ്റിയർ അത് മേശപ്പുറത്തേക്ക് അലക്ഷ്യമായി ഇടുകയാണു ചെയ്തത്. അവർ പ്രഭ്വിയായതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് മെറ്റിൽഡയും ഭർത്താവും കരുതി. വന്നുപോയ കടം വീട്ടാൻ മെറ്റിൽഡായ്ക്കും ഭർത്താവിനും രാപകലില്ലാതെ പിന്നെയും പത്തുകൊല്ലത്തോളം പട്ടിണികിടന്നു ജോലി ചെയ്യേണ്ടി വന്നു…!
അങ്ങനെ സുന്ദരിയായ മെറ്റിൽഡാ മാനസികമായും ശാരീരികമായും തളർന്ന് അകാലവാർദ്ധക്യം പ്രാപിച്ചു. ക്ഷീണം മൂലം അവൾ പടു കിളവിയായി. ഒരിക്കൽ മാഡം ഫോർസ്റ്റിയർ തന്നെ മെറ്റിൽഡായോടു അവളുടെ ക്ഷീണത്തിന്റെ കാരണമെന്തെന്ന് തിരക്കി. അപ്പോഴാണ് മെറ്റിൽഡാ നടന്ന കഥ മുഴുവൻ വിവരിക്കുന്നത്. അതുകേട്ട മാഡം ദുഃഖത്തോടെ പറയുകയാണ്: ”കഷ്ടമായിപ്പോയല്ലോ; എന്റേത് വില കുറഞ്ഞ വെറുമൊരു മുക്കുപണ്ടം മാത്രമായിരുന്നുവെന്ന് ”
അതുകൊണ്ട് മെറ്റിൽഡാ മാല കടം ചോദിച്ചപ്പോൾ കൊടുക്കാൻ മാഡം ഫോർസ്റ്റിയറിനു യാതൊരു മടിയുമില്ലയായിരുന്നു. തിരിച്ചു കൊടുത്തപ്പോഴും അതു തന്റേതു തന്നെയോ എന്നു നോക്കുവാൻപോലും അവർ മെനക്കെട്ടില്ല. ഇന്നത്തെ ലോകത്തിന്റെ കാഴ്ചപ്പാട് നോക്കൂ. തീപിടിച്ച വിലകൊടുത്ത് വാങ്ങി ആഭരണങ്ങൾ ധരിക്കുന്നതാണ് മെച്ചമെന്ന് ലോകം കരുതുന്നു
ഇന്ന് സ്വർണ്ണത്തിന് എത്ര ഉയർന്ന വിലയാണ്. ഓരോ ദിവസവും വില കൂടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ അതിന്റെ ഉപയോഗം കുറയുന്നുണ്ടോ? എങ്ങനെയെങ്കിലും സ്വർണം സമ്പാദിക്കാൻ വ്യഗ്രത വർദ്ധിച്ച് വരുന്നതല്ലേയുള്ളൂ. ഇന്ത്യയിൽ ഒരു കൊല്ലം 800 ടൺ സ്വർണമെങ്കിലും വിൽക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പത്തു ശതമാനവും കേരളത്തിലാണ് വിൽക്കപ്പെടുന്നത്. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളെത്തുമ്പോൾ 20 ശതമാനമായി വിൽപന വർദ്ധിക്കും. ഒരു കിലോ സ്വർണാഭരണത്തിന് 50 ലക്ഷമെന്ന് കണക്കു കൂട്ടിയാൽ 500 കോടി രൂപയോളം വരും ഒരു ടണിന്. ഇങ്ങനെ ചിന്തിച്ചാൽ ഞെട്ടിപ്പിക്കുന്ന തുകയാണ് സ്വർണത്തിനായി നാം നീക്കിവെക്കുന്നതെന്ന് നിശ്ചയം. ഇന്ത്യയിലാകെ 20,00 ടൺ സ്വർണമെങ്കിലും വീടുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് ചില കണക്കുകൾ കാണിക്കുന്നത്. ഇതിൽ എട്ട് ശതമാനമെങ്കിലും മലയാളികളുടെ വീടുകളിലുണ്ടെന്നും പറയുന്നു. 100 ലക്ഷം കോടിയിലേറെ തുകയാണിതെന്ന് ഒരു സാധാരണ കണക്ക്.
എങ്ങനെ കൂട്ടിയാൽ പോലും അതിഭീമമായ ഈ തുക പൂഴ്ത്തിവെച്ചിട്ടാണ് മലയാളി ഉറങ്ങുന്നതെന്നത് നമ്മെ ആശ്ചര്യപ്പെടുത്തട്ടെ! കലാപങ്ങളും കവർച്ചകളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മെറ്റിൽഡയെപ്പോലെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ട് അകാല വാർദ്ധക്യത്തിലേക്ക് പോകുന്നതാണോ യുക്തമെന്ന് ചിന്തിക്കണം.
മന്ത്രിയുടെ ഉത്തരവ്
മുഖത്തെ താടിരോമങ്ങൾ ഷേവ് ചെയ്യാതെ എത്തിയ പോലിസ് കോൺസ്റ്റബിളിനോട് എസ്.ഐ ദേഷ്യപ്പെട്ടു.
”താനെന്താടോ ഷേവ് ചെയ്യാതെ സ്റ്റേഷനിലേക്ക് പോന്നത്.”
പോലീസ്: ”സാർ ഇന്നത്തെ പത്രം വായിച്ചില്ലേ?”
എസ്.ഐ: ”ഇല്ല… ഇന്നത്തെ പത്രം വായിച്ചില്ല. ഷേവ് ചെയ്യാതെ വരണമെന്ന് അതിൽ എഴുതിയിട്ടുണ്ടോ?”
പോലീസ്: ”അങ്ങനെ തെളിച്ച് എഴുതിയിട്ടില്ല. എങ്കിലും ബ്ലേഡുമായി ബന്ധം പുലർത്തുന്ന എല്ലാ പോലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.”
ജയ്‌മോൻ കുമരകം
@ആൾക്കൂട്ടത്തിൽ തനിയെ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?