ഹരാക്കത്ത് അൽ-മുഖാവമാ അൽ-ഇസ്ലാമിയ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ചുരുക്കെഴുത്താണ് ഹമാസ്. 1970 കളിൽ ഈജിപ്തിലാരംഭിച്ച മുസ്ലിം ബ്രദർഹുഡ് എന്ന തീവ്ര ഇസ്ലാമിക സംഘടന വെസ്റ്റ്ബാങ്കിലും ഗാസയിലും ചില സമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അക്രമരഹിത പ്രവർത്തനങ്ങളിൽ ഒതുങ്ങിയിരുന്ന അവർ 1987ലെ ഇന്റിഫദായുടെ അവസരത്തിലാണ് ഹമാസ് രൂപീകരിക്കുന്നത്. മുസ്ലിം ബ്രദർഹുഡിലെ അംഗങ്ങളും പിഎൽഒയിലെ തീവ്രചിന്താഗതിക്കാരുമായിരുന്നു തുടക്കക്കാർ. പി. എൽ. ഒ യുടെ മതേതര നിലപാടിനോടുള്ള എതിർപ്പ്, പലസ്തീന്റെ ഒരു ചെറിയ ഭാഗംപോലും വിട്ടുകൊടുക്കുകയില്ലെന്ന ദൃഢനിശ്ചയം, ഭീകരപ്രവർത്തനമുൾപ്പെടെ പലസ്തീന്റെ വിമോചനത്തിനായി അക്രമപ്രവർത്തനങ്ങൾ നടത്താമെന്ന നിലപാട് – ഇവയൊക്കെയാണ് ഹമാസിന്റെ ആശയങ്ങൾ. അവരുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളായി പറയപ്പെടുന്നത് മതം, സാമൂഹ്യപ്രവർത്തനം, ഇസ്രയേലിനോടുള്ള യുദ്ധം എന്നിവയാണ്. ക്രൂരതയുടെ മനുഷ്യരൂപങ്ങൾ, എതിരാളികളോട് യാതൊരു പരിഗണനയും പ്രകടിപ്പിക്കാത്ത കഠിന ഹൃദയരായ ഒരു കൂട്ടം കാപാലിർ എന്നീ വിശേഷണങ്ങളാകും ഹമാസ് തീവ്രവാദികൾക്ക് കൂടുതൽ ഇണങ്ങുക. ഹമാസിന്റെ സഹ സ്ഥാപകനായ ഷെയ്ഖ് ഹസൻ യൂസഫിന്റെ മകനും മുൻ ഹമാസ് പോരാളിയും ഇപ്പോൾ കത്തോലിക്കാ വിശ്വാസിയുമായ മൊസാബ് ഹസൻ യൂസഫ് അടുത്തിടെ നടത്തിയ ചില പ്രതികരണങ്ങൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരി വയ്ക്കുന്നുണ്ട്. മൊസാബിന്റെ അഭിപ്രായത്തിൽ അഴിമതി, ക്രൂരത, അധികാരക്കൊതി, അധികാര ദുർവിനിയോഗം എന്നിവയാണ് ഹമാസിന്റെ പ്രത്യക്ഷ അടയാളങ്ങൾ.
കൊലപാതകികളും ക്രിമിനലുകളുമായ അവർ ഗാസയെ രക്ഷിക്കാനെന്ന പേരിൽ, നിരപരാധികളായ പലസ്തീൻ ജനതയിൽ കടുത്ത ഇസ്രായേൽ വിരുദ്ധത കുത്തിവെച്ചു അവരെ യുദ്ധത്തിൽ ബലിയാടാക്കുകയാണ് ചെയ്യുന്നത് . അവരെ ഉപയോഗിച്ച് തങ്ങളുടെ ഭീകര പ്രവർത്തനം നടത്തുകയാണവർ. ഗാസയെ അടിച്ചമർത്തി വച്ചിരിക്കുന്ന അവർ പലസ്തീൻ ജനതയെ മനുഷ്യ കവചങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ആശുപത്രികൾ പോലും തങ്ങളുടെ ആയുധ സംഭരണ ശാലകളായും രോഗികളെ ആക്രമണത്തിനുള്ള മറയായും ഉപയോഗിക്കുകയാണ്. അക്രമത്തിലൂടെ ഇസ്രയേലിനെ ഇല്ലാതാക്കി പലസ്തീൻ രാജ്യ നിർമ്മിതിയെന്ന ഉട്ടോപ്യൻ സ്വപ്നത്തിലാണവർ അഭിരമിക്കുന്നത്. ഇപ്പോൾ നടക്കുന്നതുൾപ്പടെ ഇസ്രയേലും പലസ്തീനും തമ്മിലുണ്ടായിട്ടുള്ള മുഴുവൻ സംഘർഷങ്ങളിലും മരിച്ചു വീണിട്ടുള്ള ആളുകളുടെ മുഴുവൻ രക്തത്തിനുത്തരവാദി ഹമാസ് മാത്രമാണ്. ഇപ്പോഴത്തെ ഈ യുദ്ധം തന്നെയാണ് സമാധാനത്തിലേക്കുള്ള വഴിയെന്നും ഈ യുദ്ധത്തിൽ ഹമാസിനെ തകർത്താൽ മാത്രമേ പശ്ചിമേഷ്യയിൽ
സമാധാനമുണ്ടാവുകയുള്ളുവെന്നും മൊസാബ് തറപ്പിച്ചു പറയുന്നുണ്ട്.
ആരംഭം മുതൽക്കെ അക്രമാസക്തമായ സമരമുറകൾ അവലംബിച്ച ഹമാസ് ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെയും സാധാരണക്കാരെയും കണ്ണടച്ചാക്രമിക്കുകയാണ്. മതാധിഷ്ഠിത രാജ്യം സ്ഥാപിക്കാൻ താത്പര്യമില്ലാതിരുന്ന പി. എൽ. ഒ യോടും ഇതര പലസ്തീനിയൻ സംഘടനകളോടും ശത്രുത പുലർത്തിയിരുന്ന അവർ രാഷ്ട്രീയ കാര്യങ്ങൾക്കും ഫണ്ട് ശേഖരണത്തിനുമായി ജോർദാനിലെ അമ്മാനിൽ 1996- ൽ ഓഫീസ് സ്ഥാപിച്ചു. ഹമാസിന്റെ സായുധവിഭാഗമായി ‘ഇസ് അൽദിൻ അൽഖസം’ സേനയെയും സംഘടിപ്പിച്ചു. 2012 മുതൽ ഖത്തറിലെ ദോഹയിലാണ് ഹമാസ് ആസ്ഥാനം.കടുത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ഹമാസിന്റെ നേതൃനിര ജീവിക്കുന്നതാകട്ടെ സമ്പന്നമായ അറബ് രാജ്യങ്ങളിലും.
ഹമാസ് ചാർട്ടർ എന്നാണ് ഹമാസിന്റെ ഭരണഘടന അറിയപ്പെടുന്നത്. 1998 ഓഗസ്റ്റ് 18 -ന് പ്രസിദ്ധീകരിച്ച ചാർട്ടറിൽ സംഘടനയുടെ സ്വഭാവം, നിലപാടുകൾ, ലക്ഷ്യം എന്നിവയൊക്കെ വിശദീകരിക്കുന്നുണ്ട്. 2017 മേയ് ഒന്നിന് ദോഹയിൽ വച്ച് ഹമാസ് നേതാവ് ഖാലീദ് മഷാൽ പരിഷ്കരിച്ച പുതിയൊരു ചാർട്ടറും പുറത്തിറക്കി. ആദ്യത്തെ ചാർട്ടർ അനുസരിച്ച് ദൈവത്തെ ഭയപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുടെ മുമ്പിൽ ജിഹാദിന്റെ കൊടി ഉയർത്തുന്നവരുമായ മുസ്ലിംകളാണ് ഹമാസിന്റെ അംഗങ്ങൾ.
ഖലീഫ ഒമർ പ്രഖ്യാപിച്ചതനുസരിച്ച് പലസ്തീൻ പ്രദേശം മുസ്ലിം തലമുറകൾക്കുവേണ്ടിയുള്ള വഖഫ് വസ്തുവാണെന്ന ബോധ്യത്തിൽനിന്നാണ് (ചാർട്ടർ ഖണ്ഡിക 11) ലോകാവസാനം വരെ പലസ്തീൻ ഇസ്ലാമിന്റേത് മാത്രമാണെന്ന ചിന്തയുണ്ടാകുന്നത്. മാറ്റാർക്കും അവിടെ അധികാരമില്ല. അവിടെയുള്ള മുസ്ലിം ഇതര താമസക്കാർക്ക് മണ്ണിന്റെ ഫലം അനുഭവിക്കാമെങ്കിലും യഥാർഥ ഉടമസ്ഥർ മുസ്ലിംകളാണ്. യഹൂദർ വേദപുസ്തകം ഉള്ളവരാണെങ്കിലും ദൈവകല്പനകൾ ലംഘിച്ചവരായതിനാൽ പലസ്തീൻ മണ്ണിന് അർഹതയില്ലാത്തവരാണ്. ഇങ്ങനെ പോകുന്നു ചാർട്ടറിലെ യഹൂദവിരോധം.
ജന്മനാട് വീണ്ടെടുക്കാനുള്ള യുദ്ധമായിട്ടാണ് ഹമാസ് ഭീകരതയെ ചിത്രീകരിക്കുന്നതെന്നതിനാലാണ് പ്രവാസി പലസ്തീനികൾ ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നത്. മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമെന്ന നിലയിൽ ഹമാസിനെ ഒരു അന്തർദേശീയ ഭീകരപ്രസ്ഥാനമായിട്ടാണ് കാണേണ്ടത്. പിറവികൊണ്ട ഈജിപ്തിൽ പോലും മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചിരിക്കുകയാണ്. എങ്കിലും മതപരമായി മാത്രം കാര്യങ്ങളെ കാണുന്ന ഒരു ഇസ്ലാം വിശ്വാസിക്ക് പലസ്തീൻ ഒരു വൈകാരിക പ്രശ്നം തന്നെയാണ്. 2017ൽ ഹമാസ് പ്രസിദ്ധീകരിച്ച നയരേഖയിൽ, 1967 ജൂൺ നാലാം തീയതിയിലെ അതിർത്തികളോടുകൂടി പലസ്തീൻ രാജ്യത്തോടുള്ള സമ്മതം എടുത്തു പറഞ്ഞിട്ടുണ്ട്. തലസ്ഥാനമായി ജറുസലെമും അഭയാർഥികൾക്കു തിരിച്ചുവരാനും വസ്തുവകകൾ വീണ്ടെടുക്കാൻ അവസരവുമുണ്ടാകണം. അതെ സമയം ഇസ്രയേലിനെ അംഗീകരിക്കാൻ സാധ്യവുമല്ല.
ഇസ്രയേലിനെ തുടച്ചുനീക്കുക എന്ന പ്രഖ്യാപിതലക്ഷ്യം പിന്തുടരുന്ന ഹമാസ് ഒരിക്കലും സമാധാനചർച്ചകളിൽ വിശ്വസിക്കുന്നില്ല. പി. എൽ. ഒ യും ഇസ്രയേലും തമ്മിൽ 1993 -ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി തിരസ്കരിച്ച ഹമാസ് കൂടുതൽ അക്രമങ്ങളിലേക്കും ബോംബ് സ്ഫോടനങ്ങളിലേക്കും തിരിയുകയാനുണ്ടായത്. 2005ൽ ഇസ്രയേൽ ഗാസയിൽനിന്നു പിൻവാങ്ങിയത്തിനു പിന്നാലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഹമാസും പങ്കാളികളായി. തെരഞ്ഞെടുപ്പിൽ ഹമാസിനാണ് ഭൂരിപക്ഷം കിട്ടിയതെങ്കിലും ഹമാസും ഫത്താ പാർട്ടിയും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് നിലവിൽ വന്നത്. എന്നാൽ, ഇരുകൂട്ടരും തമ്മിലുള്ള സയുധസംഘർഷങ്ങൾ രൂക്ഷമായതോടെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മന്ത്രിസഭ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ ഗാസയുടെ നിയന്ത്രണം ഹമാസിന്റെയും വെസ്റ്റ് ബാങ്കിന്റെ ഭരണം ഫത്തായുടെയും കീഴിലായി. തുടർന്ന് ഇതേവരെ ഗാസയിൽ തെരഞ്ഞെടുപ്പു നടത്താൻ ഹമാസ് തയാറായിട്ടില്ല. ഹമാസിന്റെ മുഖ്യ വരുമാനസ്രോതസ് ഇറാനായിരുന്നു. പ്രതിവർഷം 20 കോടി ഡോളർ ഇറാൻ ഹമാസിനു നൽകിയിരുന്നു. എന്നാൽ 2012 മുതൽ ഇറാന്റെ ധനസഹായം കുറഞ്ഞു.ഈ ഘട്ടത്തിൽ ഖത്തർ നൽകുന്ന സഹായധനമാണ് ഹമാസിനു തുണയാകുന്നത്. സമാധാനത്തിന്റെ മൂടുപടമണിഞ്ഞ ഖത്തർ രഹസ്യമായും പരസ്യമായും ഹമാസിനെ പിന്തുണയ്ക്കുന്നു.
ഹമാസ് അധികാരമേറ്റതോടെ ഇസ്രയേൽ ഗാസയെ ശത്രുവായി പ്രഖ്യാപിച്ചു. 2007 മുതൽ തുടരുന്ന ഈ സംഘർഷം 2014 -ൽ അതിന്റെ ഉച്ചസ്ഥായിലെത്തി. മൂന്ന് യഹൂദ ബാലന്മാരെ തട്ടിക്കൊണ്ടുപോയ ഹമാസ് അവരെ വധിച്ചതിനെത്തുടർന്ന് ഗാസയിൽ കടന്നുകയറിയ ഇസ്രയേൽ സൈന്യം ഹമാസിന്റെ ടണലുകൾ തകർക്കുകയും അനേകം ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു. 2018 -ൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇസ്രയേലിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച പട്ടങ്ങളും ബലൂണുകളും പറത്തിവിട്ടുകൊണ്ടായിരുന്നു തുടക്കം. 2021 മേയിൽ വീണ്ടും സംഘർഷം ആവർത്തിച്ചു. പതിനൊന്നു ദിവസമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത് . 2022-ൽ ഭീകരരെ തേടി ഇസ്രയേൽ സേന ഗാസയിലും വെസ്റ്റ് ബാങ്കിലും എത്തിയെങ്കിലും ഹമാസ് കാര്യമായ ചെറുത്തുനില്പിനു് ശ്രമിച്ചില്ല. വലിയ ലക്ഷ്യങ്ങളുമായി അവർ കാത്തിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ.
2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിനുള്ള തയാറെടുപ്പിലായിരുന്നു അവർ. അന്നത്തെ അപ്രതീക്ഷിത ആക്രമണത്തിൽ ഏറ്റവും കുറഞ്ഞത് 1,400
ഇസ്രായേലികളാണുണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ഇസ്രയേൽ വിരുദ്ധതയും മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയും വെളിപ്പെട്ട ദിവസമായിരുന്നു അത്. കരയും
കടലും ആകാശവും വഴി ഇരച്ചുകയറിയ ഭീകരർ സാധാരണക്കാരെ അവരുടെ വീടുകളിൽ വച്ചു തന്നെ കൊന്നു കലിതീർത്തു. സംഗീതപരിപാടിയിൽ പങ്കെടുത്തിരുന്നവരെ അതീവ നികൃഷ്ടമായി കൊന്നൊടുക്കി. നിരവധി പേർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. പെൺകുട്ടികളെയും യുവതികളെയുമൊക്കെ മാനഭംഗപ്പെടുത്തി. ഗർഭിണികളുടെ ഉദരം പിളർന്ന് ഗർഭസ്ഥ ശിശുക്കളെവരെ വന്യമൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിൽ കൊലപ്പെടുത്തി. അതിക്രൂരമായ പൈശാചികമായ ആനന്ദത്തോടെയാണ് രക്തമൊലിപ്പിച്ചു നിലവിളിക്കുന്നവരെ വാഹനത്തിൽ തള്ളിക്കയറ്റിയതും മർദിച്ചതും.കുഞ്ഞുങ്ങളെയും വൃദ്ധരെയും പോലും അവർ വെറുതേ വിട്ടില്ല.അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ചത് അവരുടെ മാനവവിരുദ്ധതയുടെ അടയാളമായി ലോകം കണ്ടു. താൻ ഇതൊക്കെ ചെയ്തെന്ന് മാതാപിതാക്കളെ വിളിച്ചറിയിക്കുന്ന ഒരു യുവ ഭീകരൻ ദൈവനാമം ഉച്ചത്തിൽ വിളിക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞുങ്ങളുൾപ്പെടെ 250ലേറെപേരെ തട്ടിക്കൊണ്ടു പോയി ഹമാസ് വിലപേശിക്കൊണ്ടിരിക്കുകയാണ്. ഹമാസിനെ തുടച്ചുനീക്കാതെ ഈ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഈ കൊടുംക്രൂരതകളിലൂടെ ഇസ്രായേലിനെയും യഹൂദരെയും തുടച്ചുനീക്കാമെന്നും അങ്ങനെ പലസ്തീനെ വിമോചിപ്പിക്കാമെന്നും ഹമാസ് കരുതുന്നു. ഗാസയുടെ ക്ഷേമത്തിനായി വിവിധ രാജ്യങ്ങൾ നല്കുന്ന സഹായധനം ആയുധ ശേഖരണത്തിനും ടണൽ നിർമാണത്തിനുമാണ് ഹമാസ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിനു തീവ്രവാദികൾക്ക് മാസങ്ങളോളം ജീവിക്കാനാവശ്യമായ വെള്ളവും ആഹാരപദാർഥങ്ങളും ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനവും ഇത്തരം ടണലുകളിൽ ശേഖരിച്ചിട്ടുണ്ട്. ഗാസയിലുള്ള നാമമാത്രമായ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യവും ഹമാസ് പലതരത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ സംഘർഷങ്ങളെ തുടർന്ന് ഉടലെടുത്തിട്ടുള്ള പുതിയൊരു പ്രശ്നം യൂറോപ്പിലും അമേരിക്കയിലും വർധിച്ചുകൊണ്ടിരിക്കുന്ന യഹൂദ വിരോധമാണ് (ആന്റി സെമിറ്റിസം). ഇസ്രയേലിനും യഹൂദർക്കും എതിരേയുള്ള മുദ്രാവാക്യങ്ങളുമായി പല സ്ഥലങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. യഹൂദവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്ന വിദ്യാർഥികളെ നാടുകടത്താൻ അമേരിക്കയിലും ജർമനിയിലുമുള്ള യൂണിവേഴ്സിറ്റികൾ നടപടി തുടങ്ങിയിരിക്കുന്നു. യഹൂദരുടെ സഹനങ്ങൾക്കു കാരണം അവർ തന്നെയാണെന്ന വാദമാണ് ആന്റിസെമിറ്റിസത്തിന്റെ അടിസ്ഥാനം. ഇസ്രയേലിന്റെ ചരിത്രമോ സംഭാവനകളോ അറിയാത്തവരോ അറിയില്ലെന്നു നടിക്കുന്നവരോ ആണ് ഈ വാദങ്ങൾക്കു പിന്നിൽ. മതപരമായ അവകാശവാദങ്ങൾ മാറ്റിവച്ചുകൊണ്ട് ഇസ്രയേലിന്റെ ഭാഗം കേൾക്കാൻ തയാറായാൽ മാത്രമേ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കൂ. പലസ്തീനെ ഇസ്രയേൽ കീഴടക്കുകയായിരുന്നു എന്നു പറയുന്നതു ശരിയല്ല. പിതൃഭൂമിയിലേക്കുള്ള ഒരു ജനതയുടെ തിരിച്ചുവരവായിരുന്നു അത്.
ഇസ്രയേലിന്റെ എതിർപ്പ് പലസ്തീനികളോടല്ല, ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഹമാസിനോടാണെന്ന് തിരിച്ചറിയണം. ഹമാസ് പലസ്തീനികളെ പ്രതിനിധാനം ചെയ്യുന്നില്ല. യഹൂദരും ഇസ്രയേലിലെ അറബികളും തമ്മിലുള്ള ബന്ധം മനസിലാക്കാത്തവരാണ് ഇസ്രയേലിൽ അറബ് വംശജരോട് വിവേചനം ഉണ്ടെന്നു പ്രചരിപ്പിക്കുന്നത്. ഇസ്രയേലിൽ നിലവിലുള്ള ജനാധിപത്യമോ സമത്വമോ സഹവർത്തിത്വമോ പരിചയമില്ലാത്തവരാണവർ. ഇസ്രയേലി – അറബ് ദേശീയതകൾ തമ്മിലുള്ള തർക്കം വംശീയപ്രശ്നമായി വഴിതിരിച്ചുവിടാനുള്ള ശ്രമമാണത്.
ഇസ്രയേലിനെ നശിപ്പിച്ചതിനുശേഷം മറ്റു മതസ്ഥരെയാണ് ഹമാസ് ലക്ഷ്യംവയ്ക്കുന്നത് . ഹമാസിന്റെ സഹസ്ഥാപകരിൽ ഒരാളായ മഹ്മൂദ് അൽ സഹർ കഴിഞ്ഞ ദിവസം പറഞ്ഞത്, ഭൂമി മുഴുവൻ ഇസ്ലാമിക നിയമത്തിനു കീഴിൽ കൊണ്ടുവരുമെന്നും അവിടെ യഹൂദരും ക്രിസ്ത്യാനികളും ഉണ്ടാകില്ലെന്നുമാണ്. ഹമാസിന്റെ മറ്റൊരു നേതാവായ യൂനിസ് അൽ അസ്തൽ പറഞ്ഞതായി ഒരു ഓസ്ട്രിയൻ പത്രം റിപ്പോർട്ട് ചെയ്തത് അതേപോലെ ഭീഷണമായ കാര്യങ്ങളാണ്. ജറുസലെം മുതൽ റോം വരെ വ്യാപിക്കുന്ന ഒരു തീവ്ര ഇസ്ലാമിക കാലിഫേറ്റ് ഉടൻ നിലവിൽ വരുമത്രെ. ലോകത്തിലെ തലസ്ഥാന നഗരങ്ങളെല്ലാം ഹമാസ് കീഴടക്കും. റോം തകരാൻ അധികനാളുകളില്ലത്രെ!
Leave a Comment
Your email address will not be published. Required fields are marked with *